വേണ്ടത് ബി.ജെ.പി സര്‍ക്കാരിനെതിരായ കര്‍ഷക ഐക്യം; 'ആത്മഹത്യയല്ല, ഒന്നിച്ചു പോരാടൂ' എന്ന മുദ്രാവാക്യമുയര്‍ത്തി പോരാടണം: വിജൂ കൃഷ്ണന്‍
national news
വേണ്ടത് ബി.ജെ.പി സര്‍ക്കാരിനെതിരായ കര്‍ഷക ഐക്യം; 'ആത്മഹത്യയല്ല, ഒന്നിച്ചു പോരാടൂ' എന്ന മുദ്രാവാക്യമുയര്‍ത്തി പോരാടണം: വിജൂ കൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd December 2022, 1:47 pm

തിരുവനന്തപുരം: ആശയരംഗത്തും സംഘടനാരംഗത്തും 35ാം അഖിലേന്ത്യ സമ്മേളനം പകര്‍ന്നു നല്‍കിയ പുത്തന്‍ കരുത്തുമായി അഖിലേന്ത്യ കിസാന്‍സഭ വീണ്ടും കര്‍ഷക പോരാട്ടങ്ങളുടെ നേതൃത്വത്തിലേക്ക് ഇറങ്ങുകയാണെന്ന് അഖിലേന്ത്യാ കിസാന്‍സഭ ജനറല്‍ സെക്രട്ടറി വിജൂ കൃഷ്ണന്‍.

കര്‍ഷകദിനപ്പിറ്റേന്ന് ഹരിയാനയിലെ കര്‍ണാലില്‍ സംയുക്ത കിസാന്‍മോര്‍ച്ച യോഗം ചേര്‍ന്ന്, കാര്‍ഷികവിളകള്‍ക്ക് മിനിമം താങ്ങുവില നിയമപരമാക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ പോരാട്ടങ്ങള്‍ക്ക് രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

‘ആത്മഹത്യയല്ല, ഒന്നിച്ചു പോരാടൂ’ എന്ന മുദ്രാവാക്യം ഉയര്‍ത്തി കോര്‍പറേറ്റുകള്‍ക്കും ബി.ജെ.പി സര്‍ക്കാരിനുമെതിരെ ശക്തമായ കര്‍ഷക ഐക്യം സംഘടിപ്പിക്കേണ്ട സമയമാണിത്. അതിനുവേണ്ടിയുള്ള പ്രതിജ്ഞ പുതുക്കലാണ് കര്‍ഷകദിനത്തില്‍ ഓരോ പോരാളിയുടെയും കടമയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃശൂരില്‍ നടന്ന കിസാന്‍സഭയുടെ അഖിലേന്ത്യ സമ്മേളനത്തിലെ ചര്‍ച്ചകളും തീരുമാനങ്ങളും ഈ പോരാട്ടങ്ങള്‍ക്ക് കൂടുതല്‍ മിഴിവും തിളക്കവും നല്‍കും. കര്‍ഷകര്‍ക്ക് പുറമെ പണിയെടുക്കുന്നവരുടെയും മറ്റ് ബഹുജനങ്ങളുടെയും ബൃഹത്തായ ഐക്യപോരാട്ടനിര കെട്ടിപ്പടുത്തുകൊണ്ടുമാത്രമേ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനാകൂവെന്ന തിരിച്ചറിവ് ബലപ്പെടുത്തിയാണ് സമ്മേളനം സമാപിച്ചതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു.

ബി.ജെ.പി സര്‍ക്കാരിനും സര്‍ക്കാര്‍ ഊര്‍ജിതമായി നടപ്പാക്കുന്ന നവ ഉദാര സാമ്പത്തിക നയങ്ങള്‍ക്കും ഇന്ത്യയുടെ മതനിരപേക്ഷത തകര്‍ക്കുന്ന വലതുപക്ഷ ഹിന്ദുത്വ ഫാസിസ്റ്റ് നയങ്ങള്‍ക്കും എതിരെ ഒറ്റയ്ക്കും യോജിച്ചതുമായ നിരന്തരമായ പ്രക്ഷോഭം ഉയരണമെന്നും സമ്മേളനം തീരുമാനിച്ചിട്ടുണ്ട് ആ പോരാട്ടങ്ങളായിരിക്കും ഇനി ഇന്ത്യ ദര്‍ശിക്കുക.

മാര്‍ച്ച് അഞ്ചിന് കിസാന്‍സഭ, സി.ഐ.ടി.യു, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ കര്‍ഷകരും മഹിളകളും തൊഴിലാളികളും പാര്‍ലമെന്റിലേക്ക് നടത്തുന്ന മാര്‍ച്ച് ആദ്യ മുന്നറിയിപ്പാകും.
സത്യത്തില്‍ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരും പ്രധാനമന്ത്രി മോദിയും പറഞ്ഞതെല്ലാം വിഴുങ്ങി കര്‍ഷകരെ മുച്ചൂടും വഞ്ചിക്കുകയാണ്. രണ്ടാം യു.പി.എ സര്‍ക്കാര്‍ വരുത്തിവെച്ച കാര്‍ഷിക പ്രതിസന്ധിയെ മുതലെടുത്താണ് ബി.ജെ.പി അധികാരത്തലെത്തിയത്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും ഉല്‍പ്പാദനച്ചെലവിന്റെ ഒന്നര ഇരട്ടിയെങ്കിലും മിനിമം താങ്ങുവില, കുറഞ്ഞ നിരക്കില്‍ വായ്പ തുടങ്ങിയവയായിരുന്നു വാഗ്ദാനം. എന്നാല്‍, കഴിഞ്ഞ എട്ടുവര്‍ഷം വാഗ്ദാനലംഘനത്തിന്റെ പരമ്പരയായിരുന്നു. കാര്‍ഷികവരുമാനം കുത്തനെ ഇടിഞ്ഞു. കൃഷിച്ചെലവ് ഗണ്യമായി വര്‍ധിച്ചു. ഉല്‍പ്പന്നങ്ങളുടെ വില ഇടിഞ്ഞു. വിള ഇന്‍ഷുറന്‍സ്, കുറഞ്ഞ നിരക്കില്‍ വായ്പ, കുറഞ്ഞ ചെലവില്‍ ഉല്‍പ്പാദനസാമഗ്രികളുടെ ലഭ്യത… ഒരു വാഗ്ദാനംപോലും നിറവേറ്റിയില്ലെന്നും അദ്ദേഹം പറഞ്ഞു.

2019 അടിസ്ഥാനപ്പെടുത്തി 2021 സെപ്തംബറില്‍ ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് പ്രസിദ്ധീകരിച്ച കണക്കുപ്രകാരം കര്‍ഷകരുടെ ശരാശരി ദിവസവരുമാനം 27 രൂപ മാത്രമാണ്.

മാസശരാശരി കേവലം 816.5 രൂപയും. ഒരു കുടുംബമാകട്ടെ, വിവിധ വിളകളില്‍നിന്ന് ശരാശരി 3798 രൂപയാണ് സമ്പാദിക്കുന്നത്. കോവിഡില്‍ തോന്നിയപോലെ രാജ്യം അടച്ചിട്ടപ്പോള്‍ കര്‍ഷകരുടെയും തൊഴിലാളികളുടെയും വരുമാനത്തില്‍ ഭീമമായ ഇടിവുണ്ടായി. അമ്പത് ശതമാനം കര്‍ഷക കുടുംബങ്ങള്‍ക്കും കുറഞ്ഞത് ശരാശരി 74,121 രൂപയുടെ കടമുള്ളതായി ഏറ്റവും പുതിയ സര്‍വേഫലം സൂചിപ്പിക്കുന്നു.

സബ് കാ സാഥ് സബ് കാ വികാസ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ കേന്ദ്രം ഉയര്‍ത്തുമ്പോള്‍, കഴിഞ്ഞ എട്ട് വര്‍ഷത്തില്‍ ലക്ഷം കര്‍ഷകര്‍ ജീവനൊടുക്കിയതായാണ് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക്. 1995-2014ല്‍ ഇത് 2,96,438 മാത്രമായിരുന്നു. പട്ടയം ലഭിക്കാത്ത ദളിത് കര്‍ഷകര്‍, സ്ത്രീത്തൊഴിലാളികള്‍, ഭൂരഹിത കര്‍ഷകത്തൊഴിലാളികള്‍… ഇവരുടെയൊന്നും ആത്മഹത്യ ഔദ്യോഗിക രേഖകളില്‍ കര്‍ഷക ആത്മഹത്യ അല്ല. ഗുജറാത്ത്, ഛത്തീസ്ഗഢ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലൊന്നും കര്‍ഷക ആത്മഹത്യ ഇല്ലെന്നാണ് അവകാശവാദം. എന്നാല്‍, പഞ്ചാബിലെ ആറു ജില്ലയില്‍മാത്രം 2010- 18ല്‍ 16,594 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി സര്‍വേകളില്‍ വ്യക്തമായിട്ടുണ്ടെന്നും വിജൂ കൃഷ്ണന്‍ പറഞ്ഞു.

പ്രതിവര്‍ഷം 900ല്‍ കൂടുതല്‍ ആത്മഹത്യയില്‍ കൂടുതലുണ്ടാകുന്നുണ്ട്. എന്‍.സി.ആര്‍.ബി കണക്കുപ്രകാരം സംസ്ഥാനത്തെ പ്രതിവര്‍ഷ ശരാശരി ആത്മഹത്യ 200 മാത്രം. കര്‍ഷക ആത്മഹത്യയേ ഇല്ലെന്നു വാദിക്കുന്ന പശ്ചിമ ബംഗാളില്‍, പശ്ചിമ മേദിനിപുര്‍ ജില്ലയില്‍ മാത്രം 2021ല്‍ 122 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി വിവരാവകാശരേഖ പറയുന്നു.

ഇതിലും കഷ്ടമാണ് ദിവസക്കൂലിക്കാരായ തൊഴിലാളികളുടെ സ്ഥിതി. 2014 മുതല്‍
21വരെ 2,35,799 ദിവസവേതന തൊഴിലാളികള്‍ ആത്മഹത്യ ചെയ്തു. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുംകൂടി ചേരുമ്പോള്‍ ഇത് 3,25,000 ആകും. കൃഷിക്കാരും തൊഴിലാളികളും ഉള്‍പ്പെടെ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവര്‍ 2017- 18ല്‍ 42.5 ശതമാനം ആയിരുന്നെങ്കില്‍ 2019-20ല്‍ അത് 45.6 ശതമാനമായി. മഹാമാരിക്കാലത്ത് ഇതിലും കൂടിയിട്ടുണ്ടാകുമെന്നും വിജൂ കൃഷ്ണന്‍ പറഞ്ഞു.

നോട്ട് നിരോധനത്തെ തുടര്‍ന്നാണ് നഗരങ്ങളില്‍നിന്ന് ഗ്രാമങ്ങളിലേക്ക് സര്‍വവും നഷ്ടപ്പെട്ടവരുടെ വന്‍തോതിലുള്ള തിരിച്ചുപോക്കിന് തുടക്കമായത്. ഈ തൊഴില്‍നഷ്ടമാണ് മഹാമാരിക്കാലത്ത് കാര്‍ഷികവൃത്തിയോടുള്ള ആഭിമുഖ്യത്തിനും കാരണം. കൊവിഡ് ഭീഷണി കുറഞ്ഞിട്ടും എം.എസ്.എം.ഇകളിലേക്ക് ഉള്‍പ്പെടെ ഈ തൊഴിലാളികളെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമം നടക്കുന്നില്ല. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം കുറയ്ക്കുന്നതും തൊഴില്‍ദിനങ്ങള്‍ കൂട്ടാത്തതും ഗ്രാമീണ കര്‍ഷകത്തൊഴിലാളികളുടെ പ്രതിസന്ധി രൂക്ഷമാക്കുന്നു.

ഇന്നത്തെ ദരിദ്രകര്‍ഷകന്‍ നാളത്തെ കുടിയേറ്റത്തൊഴിലാളിയായി നഗരങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും പോകേണ്ടിവരുന്ന അവസ്ഥയാണ് ഇപ്പോള്‍. അവിടെ അവര്‍ മതിയായ കൂലിയോ അവകാശങ്ങളോ ഇല്ലാതെ വലിയ ചൂഷണങ്ങള്‍ക്ക് ഇരയാകുന്നു. ഈ കണക്കുകള്‍ കണക്കിലെടുത്താണ് അതിശക്തമായ പോരാട്ടത്തിലേക്ക് ഇറങ്ങാന്‍ കിസാന്‍സഭാ സമ്മേളനം തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: All India Kisan Sabha General Secretary Viju Krishnan’s Responds after 35th All India Conference