ന്യൂദല്‍ഹി: വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം കര്‍ഷകരുടെ വിജയമെന്ന് അഖിലേന്ത്യ കിസാന്‍ സഭ.
നിയമങ്ങള്‍ മാത്രമല്ല കര്‍ഷകരോടുള്ള നയങ്ങളും മാറണമെന്നുംപ്രശ്‌നങ്ങള്‍ക്ക് പൂര്‍ണമായ പരിഹാരം വേണമെന്നും അഖിലേന്ത്യാ കിസാന്‍ സഭ അറിയിച്ചു.
അതേസമയം കിസാന്‍ മോര്‍ച്ച ഇന്ന് യോഗം ചേരുന്നുണ്ട്. സമരം പിന്‍വലിക്കുന്ന കാര്യത്തില്‍ ഉള്‍പ്പെടെ യോഗം തീരുമാനമെടുക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ഗുരു നാനാക്ക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു പ്രഖ്യാപനം.
അടുത്ത മാസം ചേരുന്ന കാബിനറ്റ് യോഗത്തില്‍ ഔദ്യോഗികമായി തീരുമാനം കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വ്യാപകമായി എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ മൂന്ന് നിയമങ്ങളും പിന്‍വലിക്കുകയാണെന്നും നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തിലാണ് തീരുമാനമെന്നും മോദി പറഞ്ഞു.
താങ്ങുവില അടക്കം തീരുമാനിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കും.കര്‍ഷകര്‍ സമരം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
പഞ്ചാബ്, ഹരിയാന തുടങ്ങീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ നിയമങ്ങള്‍ക്കെതിരായ സമരം തുടരുന്നതിനിടെയാണ് പിന്‍വലിക്കല്‍ പ്രഖ്യാപനം. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിലേറയായി കര്‍ഷകര്‍ സമരത്തിലാണ്.
2020 നവംബര്‍ 26നായിരുന്നു കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ സമരമാരംഭിച്ചത്. ഇക്കഴിഞ്ഞ ജനുവരി 22നായിരുന്നു കേന്ദ്രസര്‍ക്കാര്‍ അവസാനമായി കര്‍ഷകരുമായി ചര്‍ച്ച നടത്തിയിരുന്നത്.
സമരം ഒരു വര്‍ഷം തികയ്ക്കുന്നതിന് തൊട്ടുമുമ്പാണ് ഇപ്പോള്‍ പിന്‍വലിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കര്‍ഷക സമരം ഒരു വര്‍ഷം തികയ്ക്കുന്ന നവംബര്‍ 26 വരെയാണ് സര്‍ക്കാരിന് സമയം കൊടുത്തിരിക്കുന്നതെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് പറഞ്ഞിരുന്നു.