| Monday, 17th June 2019, 8:07 am

ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി; മമതയുമായി ഇന്ന് ചര്‍ച്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐ.എം.എ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി.

ഡോക്ടര്‍മാര്‍ക്ക് എതിരായ അക്രമണങ്ങള്‍ തടയുന്നതിന് അടിയന്തര ഇടപെടല്‍ വേണമെന്നും സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ടാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ദേശിയ പണിമുടക്ക്. അതേസമയം, എയിംസ് റസിഡന്റ് ഡോക്ടര്‍മാര്‍ പണിമുടക്കില്‍ നിന്ന് പിന്മാറി.

ജൂണ്‍ പത്തുമുതല്‍ ബംഗാളിലെ ഡോക്ടര്‍മാര്‍ തുടങ്ങിയ സമരം ഒത്തുതീര്‍ക്കാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തും. ചര്‍ച്ചയ്ക്കുള്ള മുഖ്യമന്ത്രിയുടെ ക്ഷണം ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തണമെന്ന ഡോക്ടര്‍മാരുടെ ആവശ്യം സര്‍ക്കാര്‍ തള്ളിയതായാണ് സൂചന.

രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം പരിഗണിക്കുന്നതിനാലാണ് എയിംസ് റസിഡന്റ് ഡോക്ടര്‍സ് അസോസിയേഷന്‍ പണിമുടക്കില്‍ നിന്നും പിന്മാറിയാതെന്ന് അറിയിച്ചു. പ്രശ്‌നം പരിഹരിക്കപ്പെടാതെ തുടരുകയാണെങ്കില്‍ സമരരംഗത്തേക്കിറങ്ങുമെന്നും അസോസിയേഷന്‍ പറഞ്ഞു.

അതേസമയം, അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി സംസ്ഥാനത്ത് ഡോക്ടര്‍മാരുടെ പണിമുടക്ക് തുടങ്ങി. 24 മണിക്കൂറാണ് സമരം. സ്വകാര്യ ആശുപത്രികളില്‍ ഒ.പി പ്രവര്‍ത്തിക്കില്ല.

ഐ.സി.യു, ലേബര്‍ റൂം, അത്യാഹിത വിഭാഗങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ രാവിലെ എട്ട് മണി മുതല്‍ 10 വരെ ഒ.പി മുടങ്ങും. മെഡിക്കല്‍ കോളേജുകളില്‍ 10 മുതല്‍ 11 വരെ ഡോക്ടര്‍മാര്‍ പണിമുടക്കും. ആര്‍.സി.സിയില്‍ സമരം ഉണ്ടാകില്ല. ദന്ത ആശുപത്രികളും അടച്ചിടും. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വാകാര്യ പ്രാക്ടീസും ഉണ്ടാകില്ല.

കൊല്‍ക്കത്ത എന്‍.ആര്‍.എസ് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ മര്‍ദ്ദിച്ചതോടെയാണ് ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. തുടര്‍ന്ന് സമരം രാജ്യവ്യാപക പ്രതിഷേധമായി മാറുകയായിരുന്നു.

റസിഡന്റ് ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി ഡോക്ടര്‍മാര്‍ രാജി വയ്ക്കുകയും ചെയ്തതോടെ ബംഗാളിലെ ആരോഗ്യമേഖല വലിയ പ്രതിസന്ധിയിലാണ്.

300 ലേറെ ഡോക്ടര്‍മാരാണ് ആറ് ദിവസത്തിനുള്ളില്‍ രാജിവെച്ചത്. അഭിമാന പ്രശ്‌നമായി കാണരുതെന്നും ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കി പ്രശ്‌നം പരിഹരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. വര്‍ഷവര്‍ധന്‍ മമതയോട് ആവശ്യപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more