| Thursday, 24th October 2024, 1:35 pm

യു.പി ഉപതെരഞ്ഞെടുപ്പിൽ സൈക്കിൾ ചിഹ്നത്തിൽ മത്സരിക്കാനൊരുങ്ങി ഇന്ത്യാ സഖ്യ നേതാക്കൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: വരാനിരിക്കുന്ന ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പുകളിൽ ഇന്ത്യാ സഖ്യ സ്ഥാനാർത്ഥികൾ തൻ്റെ പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിളിൽ മത്സരിക്കുമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ഒന്നാണെന്നും തങ്ങൾ ഒറ്റക്കെട്ടായി വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ഒറ്റക്കെട്ടാണ്, ഒരു വലിയ വിജയത്തിനായി ഞങ്ങൾ തോളോട് തോൾ ചേർന്ന് നിൽക്കുന്നു. ഈ ഉപതെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യം വിജയത്തിൻ്റെ പുതിയ അധ്യായം രചിക്കാൻ പോകുകയാണ്. ഞങ്ങളുടെ സഹകരണവും പിന്തുണയും കൊണ്ട്, ഒമ്പത് അസംബ്ലി സീറ്റുകളിലും ഇന്ത്യാ സഖ്യത്തിലെ ഓരോ പ്രവർത്തകനും വിജയിക്കുക തന്നെ ചെയ്യും,’ യാദവ് എക്‌സിലെ പോസ്റ്റിൽ പറഞ്ഞു.

രാജ്യത്തിൻ്റെ ഭരണഘടന, സമാധാനം, പിന്നാക്കക്കാർ, ദളിത്, ന്യൂനപക്ഷങ്ങൾ എന്നിവരുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് വരുന്ന തെരഞ്ഞെടുപ്പിൽ തങ്ങൾ പോരാടുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കഠേഹാരി (അംബേദ്കർ നഗർ), കർഹാൽ (മെയിൻപുരി), മീരാപൂർ (മുസാഫർനഗർ), ഗാസിയാബാദ്, മജ്‌വാൻ (മിർസാപൂർ), സിസാമൗ (കാൻപൂർ സിറ്റി), ഖൈർ (അലിഗഡ്), ഫുൽപൂർ (പ്രയാഗ്‌രാജ്), കുന്ദർക്കി (മൊറാദാബാദ്) എന്നിങ്ങനെ ഒമ്പത് സീറ്റുകളിലേക്കാണ് നവംബർ 13ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

പത്ത് നിയമസഭാ സീറ്റുകളിൽ അയോധ്യയിലെമിൽകിപൂർ ഉൾപ്പടെ അഞ്ചെണ്ണം കോൺഗ്രസ് ആദ്യം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഗാസിയാബാദ്, ഖൈർ (അലിഗഡ്) എന്നീ രണ്ട് സീറ്റുകളിൽ മത്സരിക്കാൻ കോൺഗ്രസ് സമ്മതിച്ചതായി എസ്.പി കഴിഞ്ഞയാഴ്ച പറഞ്ഞു, ബാക്കിയുള്ളവ പിന്നീട് എസ്.പിക്ക് വിട്ടുകൊടുക്കുകയായിരുന്നു.

മിൽകിപൂർ ഒഴിവാക്കി ഒമ്പത് സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 25 ആണ്. കർഹാൽ, സിസാമൗ, ഫുൽപൂർ, മിൽകിപൂർ, കതേഹാരി, മജഹവാൻ, മീരാപൂർ എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളെ എസ്.പി നേരത്തെ പ്രഖ്യാപിച്ചിരുന്നു. വോട്ടെണ്ണൽ നവംബർ 23ന് നടക്കും

Content Highlight: All INDIA bloc candidates to fight UP bypolls on ‘cycle’ symbol

We use cookies to give you the best possible experience. Learn more