മോദിയെ അപകീര്‍ത്തിപ്പെടുത്തി; ഗൂഗിളിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഓള്‍ ഇന്ത്യ ബാര്‍ അസോസിയേഷന്‍
natioanl news
മോദിയെ അപകീര്‍ത്തിപ്പെടുത്തി; ഗൂഗിളിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഓള്‍ ഇന്ത്യ ബാര്‍ അസോസിയേഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd March 2024, 9:10 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫാസിസ്റ്റ് ആണെന്ന് പറഞ്ഞുകൊണ്ടുള്ള വിവരങ്ങള്‍ പുറപ്പെടുവിച്ചതില്‍ ഗൂഗിളിനെതിരെ ഓള്‍ ഇന്ത്യ ബാര്‍ അസോസിയേഷന്‍. സ്ഥാപനത്തിനത്തിനെതിരെ കര്‍ശനമായ ശിക്ഷാ നടപടി സ്വീകരിക്കണമെന്ന് ഓള്‍ ഇന്ത്യ ബാര്‍ അസോസിയേഷന്‍ (എ.ഐ.ബി.എ) ആവശ്യപ്പെട്ടു.

ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തില്‍ വിവിധ സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 500 (അപകീര്‍ത്തിപ്പെടുത്തല്‍), 505 (പൊതുസമൂഹത്തിന്റെ വിനാശത്തിന് കാരണമാകുന്ന പ്രസ്താവനകള്‍) തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഗൂഗിളിനെതിരെ കേസ് എടുക്കണമെന്നാണ് സംഘടനയുടെ ആവശ്യം.

ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ ജെമിനി പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ വിവരങ്ങള്‍ നല്‍കിയെന്ന് എ.ഐ.ബി.എയുടെ ചെയര്‍മാനും മുതിര്‍ന്ന അഭിഭാഷകനുമായ ആദിഷ് സി. അഗര്‍വാല പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് ഉണ്ടാവാനിടയുള്ള അനന്തരഫലങ്ങളില്‍ നിന്ന് ജെമിനിയുടെ സ്ഥാപക ഉടമയായ ഗൂഗിളിന് രക്ഷപ്പെടാന്‍ കഴിയില്ലെന്നും ഒന്നിലധികം വിഷയങ്ങള്‍ പഠിക്കുകയും അവയെ വ്യത്യസ്ത രീതിയില്‍ വ്യാഖ്യാനിക്കുകയും ചെയ്യുന്ന രീതി ഗൂഗിളിന്റെ നിയന്ത്രണത്തിലുള്ള പ്രോഗ്രാമര്‍ രൂപകല്‍പ്പന ചെയ്തതാണെന്നും സംഘടന പറയുന്നു.

നരേന്ദ്ര മോദിക്ക് ലഭിക്കുന്ന ബഹുമാനം തകര്‍ക്കാന്‍ വേണ്ടി ഇത്തരം കാര്യങ്ങള്‍ മനഃപൂര്‍വം ചെയ്യുന്നതാണെന്നും ഇതിനുപിന്നിലുള്ളവരെ വെടിവെച്ച് കൊല്ലണമെന്നും ആദിഷ് പറഞ്ഞു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഫാസിസ്റ്റുകളുടെ ചില സ്വഭാവ സവിശേഷതകള്‍ നരേന്ദ്ര മോദിക്കുണ്ടെന്നും അത്തരം ആശയങ്ങള്‍ക്ക് സമാനമായ നയങ്ങള്‍ ഇന്ത്യയില്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും അവയുടെ അടിസ്ഥാനത്തില്‍ മോദിയെ ഫാസിസ്റ്റ് എന്ന് വിശേഷിപ്പിക്കാവുന്നതാണെന്നും ഗൂഗിള്‍ എ.ഐ പറഞ്ഞിരുന്നു.

വിയോജിപ്പിനെതിരെയുള്ള അടിച്ചമര്‍ത്തല്‍, ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള എതിര്‍ നയങ്ങള്‍, കടുത്ത ദേശീയതയും ഹിന്ദു സ്വത്വത്തിന് ഊന്നലും, ബലപ്രയോഗം തുടങ്ങിയവയാണ് മോദി നടപ്പിലാക്കിയ ഫാസിസ്റ്റ് ആശയങ്ങളെന്നാണ് ജെമിനി പ്രതികരിച്ചത്. ഒരു മാധ്യമപ്രവര്‍ത്തകന്‍ ജെമിനിയോട് ഉന്നയിച്ച ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ഈ പരാമര്‍ശം.

ഇതിനെതിരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

Content Highlight: All India Bar Association says to take strict action against Google