Advertisement
national news
ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് അടക്കമള്ള ആവശ്യങ്ങള്‍; ഇന്ന് ബി.എ.എം.സി.ഇ.എഫ് ഭാരത് ബന്ദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 May 25, 02:19 am
Wednesday, 25th May 2022, 7:49 am

ന്യൂദല്‍ഹി: പിന്നാക്ക വിഭാഗങ്ങളുടെ(ഒ.ബി.സി) ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് നടത്താത്ത കേന്ദ്ര നടപടയില്‍ പ്രതിഷേധിച്ച് ഓള്‍ ഇന്ത്യ ബാക്ക്‌വേര്‍ഡ് ആന്‍ഡ് മൈനോറിറ്റി കമ്മ്യൂണിറ്റീസ് എംപ്ലോയീസ് ഫെഡറേഷന്‍ (ബി.എ.എം.സി.ഇ.എഫ്) ബുധനാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. ബുധനാഴ്ച പൊതുഗതാഗതവും കടകമ്പോളങ്ങളും അടച്ചിടണമെന്ന് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

ബന്ദിന് ബി.എ.എം.സി.ഇ.എഫിന് പുറമെ ബഹുജന്‍ മുക്തി പാര്‍ട്ടിയുടെ പിന്തുണയുമുണ്ട്. ആക്ടിംഗ് സംസ്ഥാന പ്രസിഡന്റ് ഡി.പി. സിംഗ് ബന്ദ് വിജയിപ്പിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ബധനാഴ്ചത്തെ ബന്ദിന് ബഹുജന്‍ ക്രാന്തി മോര്‍ച്ചയുടെ ദേശീയ കണ്‍വീനര്‍ വാമന്‍ മെശ്രാമും പിന്തുണ പ്രഖ്യാപിച്ചു.

ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് എന്ന ആവശ്യത്തിന് പുറമേ, തെരഞ്ഞെടുപ്പ് സമയത്തെ ഇ.വി.എം ഉപയോഗം, സ്വകാര്യ മേഖലകളില്‍ എസ്.സി/ എസ്.ടി/ ഒ.ബി.സിക്ക് സംവരണം നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഫെഡറേഷന്‍ ഉന്നയിക്കുന്നുണ്ട്.

കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കാന്‍ നിയമം ഉണ്ടാക്കണം, പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നിവയ്‌ക്കെതിരായ പ്രതിഷേധം. പഴയ പെന്‍ഷന്‍ പദ്ധതി പുനഃരാരംഭിക്കുക, പരിസ്ഥിതി സംരക്ഷണക്കത്തിന്റെ പേരില്‍ ആദിവാസികളെ കുടിയിറക്കരുത്, വാക്‌സിനേഷന് നിര്‍ബന്ധിക്കരുത്, ലോക്ക്ഡൗണ്‍ കാലത്ത് രഹസ്യമായി തൊഴിലാളികള്‍ക്കെതിരെ ഉണ്ടാക്കിയ തൊഴില്‍ നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം എന്നീ മുദ്രാവാക്യങ്ങളും ബന്ദില്‍ ഉയര്‍ത്തുന്നുണ്ട്.