| Tuesday, 9th May 2017, 10:48 am

'എനിക്ക് നീതി വേണം, പ്രതികാരം ചെയ്യേണ്ട. എന്റെ പെണ്‍മക്കള്‍ സുരക്ഷിതമായ ഇന്ത്യയില്‍ വളരണം.'; ബില്‍ക്കിസ് ബാനു പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദില്ലി: “എനിക്ക് നീതിയാണ് വേണ്ടത്, പ്രതികാരം ചെയ്യേണ്ട. എന്റെ പെണ്‍മക്കള്‍ സുരക്ഷിതമായ ഇന്ത്യയില്‍ വളരണം.” ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളിലൊരാളായ ബില്‍ക്കീസ് ബാനുവിന്റെ വാക്കുകളാണിത്. ഇന്നലെ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

2002ലെ കലാപകാലത്താണ് കൂട്ടബലാത്സംഗം നടന്നതെങ്കിലും 2004ലാണ് ബില്‍ക്കീസിനെ ബലാത്സംഗം ചെയ്ത 12 പേരെ അറസ്റ്റ് ചെയ്യുന്നത്. ബില്‍ക്കീസിന്റെ മകളെയും അവര്‍ തല നിലത്തടിച്ച് കൊന്നിരുന്നു. കേസിന്റെ വിശദാംശങ്ങള്‍ മറച്ചുപിടിക്കുന്നതില്‍ പൊലീസുകാരും കുറ്റക്കാരാണെന്ന് പിന്നീട് കണ്ടെത്തി. ബില്‍ക്കീസിന്റെ ഹര്‍ജി പ്രകാരം അങ്ങനെ സുപ്രിം കോടതി കേസ് മുംബൈ ഹൈക്കോടതിയുടെ പരിഗണനയിലേക്ക് മാറ്റുകയായിരുന്നു

അന്ന് കൂടെയുണ്ടായിരുന്ന ബന്ധുക്കളെ കൊല്ലുകയും ബില്‍ക്കീസിനെ ഹിന്ദു തീവ്രവാദികള്‍ ബലാത്സംഗം ചെയ്യുകയുമായിരുന്നു . ബില്‍ക്കീസിന്റെ കൂട്ടബലാത്സംഗക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് മാത്രം വിധിച്ചപ്പോള്‍ അത് രാജ്യത്തെ തന്നെ ഞെട്ടിച്ച വിധി പ്രഖ്യാപനമായി.

കഴിഞ്ഞ വര്‍ഷങ്ങളില്‍ പേടി കാരണം തങ്ങള്‍ ഇരുപത്തഞ്ചോളം വീടുകളില്‍ മാറിത്താമസിച്ചെന്ന് ബില്‍ക്കീസ് പറയുന്നു. 2008ല്‍ കുറ്റം ചെയ്തവരെ ട്രയല്‍ കോടതി കുറ്റവാളികളായി പ്രഖ്യാപിച്ചിട്ടും അവര്‍ക്ക് പരോള്‍ നല്‍കിയ ഗുജറാത്ത് ഗവണ്‍മെന്റിന്റെ തീരുമാനത്തെ ബാനു ചോദ്യം ചെയ്തു.

“അവര്‍ പരോളില്‍ ഇറങ്ങുമ്പോഴെല്ലാം ഭയമായിരുന്നു. അവര്‍ യോഗങ്ങള്‍ ചേരുകയും ഞങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസിലൊന്നും ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നില്ല. അവര്‍ തന്നെ കുറ്റക്കാരാണല്ലോ. കുറ്റം ചെയ്ത പൊലീസുകാരെ ശിക്ഷിച്ച ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ട്.”


Also Read: ‘ലളിത് മോദി ലീക്ക്‌സ്’: ധോണിയ്ക്ക് ശ്രീനിവാസന്റെ ഇന്ത്യ സിമന്റസ് നല്‍കിയ ഓഫര്‍ ലെറ്റര്‍ പുറത്ത് വിട്ട് ലളിത് മോദി; വിരല്‍ ചൂണ്ടുന്നത് വാതുവെപ്പിലേക്കും കള്ളപ്പണത്തിലേക്കും?


എല്ലാ സമുദായങ്ങളിലെയും ബലാത്സംഗത്തെ അതിജീവിച്ചവര്‍ക്ക് നീതി ലഭിക്കണമെന്ന് ബില്‍ക്കീസ് ബാനുവിന്റെ ഭര്‍ത്താവ് യാക്കൂബ് പറഞ്ഞു. തങ്ങളുടെ പരമ്പരാഗത വ്യാപാരം പശുവളര്‍ത്തലും വില്‍ക്കലുമാണെന്നും ഇപ്പോള്‍ തങ്ങളെ ഇറച്ചിവെട്ടുകാരായി മാത്രമാണ് കാണുന്നതെന്നും യാക്കൂബ് പറഞ്ഞു. ജോലി ചെയ്യുമ്പോള്‍ ആക്രമിക്കപ്പെടും എന്ന് ഭയക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more