ന്യൂദല്‍ഹി: ഹാത്രാസില്‍ ദളിത്‌പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ യു.പി പൊലീസിനേയും മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനേയും രൂക്ഷമായി വിമര്‍ശിച്ച് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.
പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന പൊലീസിന്റെ വാദവും പിന്നീട് ബന്ധുക്കളുടെ അനുവാദമില്ലാതെ പെണ്‍കുട്ടിയുടെ മൃതദേഹം ബലമായിക്കൊണ്ടുപോയി സംസ്‌ക്കരിച്ച നടപടിയേയും അദ്ദേഹം വിമര്‍ശിച്ചു.
പെണ്‍കുട്ടിയുടെ വീട്ടില്‍ പോകാന്‍ രാഷ്ട്രീയ നേതാക്കളെയും മാധ്യമങ്ങളേയും പൊലീസ് അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയാണെന്നും അവരുടെ ഫോണുകള്‍ കണ്ടുകെട്ടിയെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
”എല്ലാം നടക്കുന്നത് മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രകാരമാണ്. ഇതാണോ ജനാധിപത്യം? ഇതാണോ നിയമ വാഴ്ച” അദ്ദേഹം ചോദിച്ചു.
യു.പിയിലെ ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ലെന്ന് കുടുംബാംഗം പറഞ്ഞിരുന്നു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് തങ്ങളുടെ വായടയ്ക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് കുടുംബം ആരോപിച്ചുിരുന്നു.
ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ചൊവ്വാഴ്ച ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
ഹാത്രാസില്‍ ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയായി ദളിത് പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്.
ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗാസിയബാദിലെ ഒരു കൂട്ടം അഭിഭാഷകരും ഇതിനിടെ രംഗത്തെത്തിയിട്ടുണ്ട്. യോഗി ആദിത്യനാഥ് സര്‍ക്കാരിനെ പിരിച്ച് വിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ് അഭിഭാഷകരുടെ ആവശ്യം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: All happening on the orders of the CM. Democracy? Rule of law? Prashat Bushan against up police