| Monday, 2nd January 2023, 7:54 am

എല്ലാം പണത്തിന് വേണ്ടി; റൊണാൾഡോയുടെ അൽ നസർ സൈനിങിനെക്കുറിച്ച് മുൻ യുണൈറ്റഡ് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഒടുവിൽ ആരാധകർ കാത്തിരുന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിരിക്കുകയാണ്. സാക്ഷാൽ റൊണാൾഡോ ഇനി സൗദി അറേബ്യൻ മണ്ണിൽ കളിക്കും. അൽ നസർ ക്ലബ്ബുമായി 200 മില്യൺ യൂറോയുടെ കരാറിലാണ് താരം ഒപ്പ് വെച്ചിരിക്കുന്നത്.

2025 വരെ താരത്തിന് ക്ലബ്ബുമായി കരാർ ഉണ്ടാകും. ആരാധകരെ മുഴുവൻ ഞെട്ടിച്ചുകൊണ്ടാണ് താരത്തിന്റെ സൗദിയിലേക്കുള്ള കൂടുമാറ്റം. യൂറോപ്പിൽ എവിടെയെങ്കിലുമാകും താരം കളിക്കുക എന്നായിരുന്നു ആരാധക പ്രതീക്ഷ.

എന്നാൽ റൊണാൾഡോയുടെ അൽ നസർ പ്രവേശനത്തെ പറ്റി തന്റെ അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധ നിര താരമായിരുന്ന വെസ് ബ്രൗൺ.

യുണൈറ്റഡിൽ തുടർന്നിരുന്നെങ്കിൽ റൊണാൾഡോക്ക് യുണൈറ്റഡ് ഇതിഹാസങ്ങളിൽ ഒരാളായി ഓൾഡ് ട്രഫോഡിൽ വെച്ച് കരിയർ അവസാനിപ്പിക്കാമായിരുന്നെന്നും, റൊണാൾഡോയുടെ സൗദി ഡീൽ പണത്തിന് വേണ്ടിയാണെന്നുമാണ് ബ്രൗൺ അഭിപ്രായപ്പെട്ടത്.

“സമ്മറിൽ അദ്ദേഹം യുണൈറ്റഡിൽ നിന്നും പോകാൻ ആഗ്രഹിച്ചിരുന്നു. ഇവിടെ അദ്ദേഹത്തിന് വേണ്ടത് ഒന്നുമില്ലായിരുന്നു. പക്ഷെ ഏതൊക്കെ ക്ലബ്ബുകളായിരുന്നു റോണോയുടെ ലക്ഷ്യമെന്ന് എനിക്കറിയില്ലായിരുന്നു,’ ബ്രൗൺ പറഞ്ഞു.

‘ആത്യന്തികമായി റോണോയുടെ ഈ സൈനിങ്‌ പണത്തിന് വേണ്ടിയുള്ളതാണ്. ഇത് കുറച്ച് വ്യത്യസ്തമായ വാർത്തയായിപ്പോയി. തീർച്ചയായും വ്യത്യസ്തമായ അനുഭവമായിരിക്കും അൽ നസറിൽ അദ്ദേഹത്തെ കാത്തിരിക്കുന്നത് എന്നെനിക്ക് തോന്നുന്നു,’ അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ റൊണാൾഡോ എന്നും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസങ്ങളിൽ ഒരാളായിരിക്കും എന്നും വെസ് ബ്രൗൺ പറഞ്ഞു.
അതേസമയം റൊണാൾഡോക്ക് അൽ നാസറിൽ ഉടൻ കളിക്കാൻ സാധിക്കില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Wes Brown

മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്ന സമയത്ത് താരം ഒരു ആരാധകനോട് മോശമായി പെരുമാറിയിരുന്നു. എവർട്ടണ് എതിരായ മത്സരത്തിലായിരുന്നു സംഭവം. 14കാരനായ ആരാധകനോട് റോണോ മോശമായി പെരുമാറുകയും ഫോൺ തട്ടി മാറ്റുകയും ചെയ്തിരുന്നു.

ഇതിൽ അന്വേഷണം ആരംഭിച്ച ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ റോണോ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും റൊണാൾഡോക്ക് 50000 പൗണ്ട് പിഴയും 2 മത്സരങ്ങളിൽ നിന്ന് വിലക്കും ഏർപ്പെടുത്തിയിരുന്നു.

താരം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും പുറത്ത് വന്നിരുന്നു. എന്നാലും ഇനി കളിക്കുന്ന ഏത് ലീഗിലെയും ആദ്യ രണ്ട് മത്സരങ്ങൾക്ക് ഈ വിലക്ക് ബാധകമാകും.

ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷന്റെ റൂൾ മൂന്ന് അനുസരിച്ചാണ് ഈ വിലക്ക് ബാധകമാവുക.

Content Highlights:All for money; Former United player on Ronaldo’s Al Nassr signing

We use cookies to give you the best possible experience. Learn more