ജി20 ഉച്ചകോടി; ദല്‍ഹിയില്‍ സ്വിഗി, സൊമാറ്റോ, ആമസോണ്‍ ഡെലിവറികള്‍ക്ക് വിലക്ക്
national news
ജി20 ഉച്ചകോടി; ദല്‍ഹിയില്‍ സ്വിഗി, സൊമാറ്റോ, ആമസോണ്‍ ഡെലിവറികള്‍ക്ക് വിലക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th September 2023, 1:05 pm

ന്യൂദല്‍ഹി: ജി20 ഉച്ചകോടി നടക്കുന്ന പശ്ചാത്തലത്തില്‍ ദല്‍ഹിയില്‍ ഓണ്‍ലൈണ്‍ ഫുഡ് ഡെലിവറികള്‍ക്കും ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് സേവനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി ദല്‍ഹി പൊലീസ്. സെപ്റ്റംബര്‍ എട്ട് മുതല്‍ 10 വരെയാണ് ഓണ്‍ലൈന്‍ ഡെലിവറികള്‍ക്കും വാണിജ്യ സേവനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

തലസ്ഥാനത്തെ ക്ലൗഡ് കിച്ചണുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, ഫുഡ് ഡെലിവറി, കൊമേഴ്ഷ്യല്‍ ഡെലിവറി സേവനങ്ങള്‍ എന്നിവ മൂന്ന് ദിവസത്തേക്ക് അടച്ചിടുമെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

സുരക്ഷാ, ഗതാഗത സംവിധാനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് വിലക്ക്. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ചില മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിടുമെന്നും ദല്‍ഹി പൊലീസ് അറിയിച്ചു. ഉച്ചകോടിയുടെ പ്രധാന വേദിയായ ഭാരത് മണ്ഡപത്തിന് സമീപത്തുള്ള മെട്രോ സ്‌റ്റേഷന്‍ പൂര്‍ണമായും അടഞ്ഞുകിടക്കും.

‘സെപ്റ്റംബര്‍ എട്ട് മുതല്‍ ജി20 അവസാനിക്കുന്നത് വരെയുള്ള ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് ക്ലൗഡ് കിച്ചണും ഫുഡ് ഡെലിവറി സേവനങ്ങളും അനുവദിക്കാനാവില്ല. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയ ഇന്റര്‍നെറ്റ് ഡെലിവറി കമ്പനികള്‍ക്കും നിയന്ത്രിത മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദമില്ല. ഡെലിവറി എക്‌സിക്യൂട്ടീവുകള്‍ക്ക് മരുന്നുകളും അവശ്യവസ്തുക്കളും എടുക്കാം,’ സ്‌പെഷ്യല്‍ പൊലീസ് കമ്മീഷണര്‍ (ട്രാഫിക്) എസ്.എസ് യാദവ്
പറഞ്ഞു.

നഗരത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന പ്രചാരണങ്ങള്‍ തെറ്റാണെന്നും ദല്‍ഹി പൊലീസ് പറഞ്ഞു. പരിഭ്രാന്തരാകേണ്ടതില്ലെന്നും ട്രാഫിക് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്താല്‍ മതിയെന്നും ദല്‍ഹി പൊലീസ് ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, ജി20 ഉച്ചകോടി കണക്കിലെടുത്ത് ദേശീയ തലസ്ഥാനത്തെ എല്ലാ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളും സെപ്റ്റംബര്‍ എട്ട് മുതല്‍ 10 വരെ അടച്ചിടും.

Content Highlights: All  food delivery commercial delivery services will be shut for three days due to G20