ഗുസ്തി താരങ്ങള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കും; ഇന്റേര്‍ണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി രൂപീകരിക്കും: അനുരാഗ് താക്കൂര്‍
national news
ഗുസ്തി താരങ്ങള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കും; ഇന്റേര്‍ണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി രൂപീകരിക്കും: അനുരാഗ് താക്കൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th June 2023, 7:48 pm

ന്യൂദല്‍ഹി: മുന്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ അന്വേഷണം ജൂണ്‍ 15ന് പൂര്‍ത്തിയാക്കുമെന്നും കുറ്റപ്പത്രം സമര്‍പ്പിക്കുമെന്നും കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍. അന്വേഷണം അതിനകം പൂര്‍ത്തീകരിക്കുമെന്ന് താരങ്ങള്‍ക്ക് ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു.

‘ഗുസ്തി താരങ്ങളുമായി ആറ് മണിക്കൂര്‍ ചര്‍ച്ച നടത്തി. അന്വേഷണം ജൂണ്‍ 15നകം പൂര്‍ത്തിയാക്കുമെന്നും കുറ്റപ്പത്രം സമര്‍പ്പിക്കുമെന്നും താരങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ജൂണ്‍ 30ന് ഡബ്ലിയു.എഫ്.ഐ തെരഞ്ഞെടുപ്പ് നടത്തും,’ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ഗുസ്തി താരങ്ങള്‍ക്കെതിരായ എല്ലാ എഫ്.ഐ.ആറുകളും തിരിച്ചെടുക്കുമെന്നും ജൂണ്‍ 15 വരെ താരങ്ങള്‍ പ്രതിഷേധങ്ങളൊന്നും നടത്തില്ലെന്നും താക്കൂര്‍ കൂട്ടിച്ചേര്‍ത്തു.

‘ഒരു വനിത മേധാവിയായ ഇന്റേര്‍ണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി രൂപീകരിക്കും. ഗുസ്തി താരങ്ങള്‍ക്കെതിരായ എല്ലാ എഫ്.ഐ.ആറുകളും പിന്‍വലിക്കും. ബ്രിജ് ഭൂഷണെ വീണ്ടും തെരഞ്ഞെടുക്കരുതെന്ന് താരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജൂണ്‍ 15ന് മുന്‍പ് താരങ്ങള്‍ പ്രതിഷേധങ്ങളൊന്നും നടത്തില്ല,’ താക്കൂര്‍ പറഞ്ഞു.

അതേസമയം, ലൈംഗികാരോപണ വിധേയനായ ബ്രിജ് ഭൂഷണെതിരായ കുറ്റപത്രം ജൂണ്‍ 15നകം സമര്‍പ്പിക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സമരം തല്‍ക്കാലം മാറ്റിവെക്കുന്നതായി ഗുസ്തി താരങ്ങള്‍ അറിയിച്ചു. കേന്ദ്ര കായിക വകുപ്പ് മന്ത്രി അനുരാഗ് താക്കൂറുമായി നടത്തിയ ചര്‍ച്ചക്ക് പിന്നാലെയാണ് ഈ തീരുമാനമെന്നും ഗുസ്തി താരം ബജ്‌റംഗ് പൂനിയ പറഞ്ഞു.

ജൂണ്‍ 15നകം പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കണമെന്ന ആവശ്യം താരങ്ങള്‍ മുന്നോട്ട് വെച്ചെന്നും അതുവരെ സമരം നടത്തരുതെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് തല്‍ക്കാലം പിന്മാറുന്നതെന്നും പൂനിയ മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്ര കായികമന്ത്രിയുമായി ചില വിഷയങ്ങളില്‍ ഞങ്ങള്‍ ചര്‍ച്ച നടത്തിയെന്നും ജൂണ്‍ 15നകം പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കണമെന്ന ആവശ്യം താരങ്ങള്‍ മുന്നോട്ട് വെച്ചുവെന്നും ബജ്‌റംഗ് പൂനിയ പറഞ്ഞു. വനിതാ ഗുസ്തി താരങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: All FIR against wrestlers should be taken back:  Anurag thakur