|

രണ്ട് മാസം ബാക്കി, കേരളത്തിലെ ബിഗ് സൈസ് സ്‌ക്രീനുകള്‍ ഇപ്പോഴേ ലോക്ക് ചെയ്ത് എമ്പുരാന്‍, ലിയോ വീഴുമോ എന്ന് മാത്രമേ ഇനി അറിയാനുള്ളൂ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് എമ്പുരാന്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ തുടര്‍ഭാഗമാണ് എമ്പുരാന്‍. കഴിഞ്ഞദിവസം എമ്പുരാന്റെ ആദ്യ ഗ്ലിംപ്‌സ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഇതോടെ ചിത്രത്തിന്റെ ഹൈപ്പ് പതിന്മടങ്ങായി ഉയരുകയും ചെയ്തു.

മലയാളസിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമായാണ് എമ്പുരാന്‍ ഒരുങ്ങുന്നത്. ആറ് രാജ്യങ്ങളിലായി 150 ദിവസത്തോളം നീണ്ടുനിന്ന ഷൂട്ടായിരുന്നു എമ്പുരാന്റേത്. നിരവധി ആര്‍ട്ടിസ്റ്റുകള്‍ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. ഇപ്പോഴിതാ റിലീസിന് രണ്ട് മാസം ബാക്കിയുള്ളപ്പോള്‍ വന്‍ വരവേല്പിനായി ഇപ്പോഴേ ആരാധകര്‍ ഒരുങ്ങിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരളത്തിലെ ഏറ്റവും വലിയ തിയേറ്ററുകളെല്ലാം എമ്പുരാനെ വരവേല്ക്കുന്നു എന്ന പോസ്റ്റുകള്‍ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. ഇതിന് പുറമെ ആദ്യഷോയുടെ ടിക്കറ്റുകളെല്ലാം ഇപ്പോള്‍ തന്നെ വിറ്റഴിഞ്ഞതും വലിയ വാര്‍ത്തയായി. കിങ് സൈസ് തിയേറ്ററുകളായ തിരുവനന്തപുരം ഏരീസ്‌പ്ലെക്‌സ്, തൃശൂര്‍ രാഗം, കോഴിക്കോട് അപ്‌സര എന്നീ തിയേറ്ററുകളില്‍ എമ്പുരാന്‍ ഉറപ്പായും പ്രദര്‍ശിപ്പിക്കുമെന്ന് ഉറപ്പായി.

തൃശൂര്‍ രാഗത്തില്‍ ബുക്കിങ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ എല്ലാ ടിക്കറ്റും ഫാന്‍സ് യൂണിറ്റ് സ്വന്തമാക്കുകയും ചെയ്തു. കേരളത്തില്‍ മാത്രം 650 സ്‌ക്രീനുകളില്‍ എമ്പുരാന്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് കരുതുന്നത്. ഫാന്‍സിന് മാത്രമായി അതിരാവിലെ ഷോകള്‍ ഉണ്ടാകുമെന്നും കരുതുന്നുണ്ട്. ഒരു മലയാളസിനിമയുടെ ഏറ്റവും വലിയ റിലീസാകും എമ്പുരാന്‍ എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.

എല്ലാം ഒത്തുവന്നാല്‍ 2023ല്‍ ലിയോ കേരളത്തില്‍ നിന്ന് നേടിയ ആദ്യദിന കളക്ഷന്‍ എമ്പുരാന്‍ തകര്‍ക്കാന്‍ സാധ്യത കല്പിക്കുന്നുണ്ട്. 12 കോടിയാണ് ലിയോ ആദ്യദിനം കേരള ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. രണ്ടാം സ്ഥാനത്തുള്ളത് കെ.ജി.എഫ് 2വാണ്. 7.68 കോടിയാണ് കെ.ജി.എഫ് 2വിന്റെ ഓപ്പണിങ് കളക്ഷന്‍. അന്യഭാഷാചിത്രങ്ങള്‍ മാത്രം കൈയടക്കിവെച്ചിരിക്കുന്ന ഈ റെക്കോഡ് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ തന്റെ പേരിലാക്കുമെന്നാണ് കരുതുന്നത്.

മോഹന്‍ലാലിന് പുറമെ ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, പൃഥ്വിരാജ്, സായ്കുമാര്‍, ഇന്ദ്രജിത്, സുരാജ് വെഞ്ഞാറമൂട് തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരും സുബാസ്‌കരനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മാര്‍ച്ച് 27ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: All fans ready to get grand entry for Empuraan in Kerala Box Office