എല്ലാ കണ്ണുകളും റഫയിലേക്ക്; ഫലസ്തീന് വേണ്ടി മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സെലിബ്രിറ്റികളും
Entertainment
എല്ലാ കണ്ണുകളും റഫയിലേക്ക്; ഫലസ്തീന് വേണ്ടി മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സെലിബ്രിറ്റികളും
വി. ജസ്‌ന
Wednesday, 29th May 2024, 8:23 am

ലോകത്ത് യൂത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരുന്ന ഒരു ആപ്പാണ് ടിക് ടോക്. അമേരിക്കയില്‍ ഒരു സമയത്ത് ഈ പ്ലാറ്റ്‌ഫോമില്‍ വ്യാപകമായ രീതിയില്‍ ഫലസ്തീന്‍ അനുകൂല ഹാഷ് ടാഗുകള്‍ ട്രെന്‍ഡിങ്ങായിരുന്നു. വൈകാതെ തന്നെ അമേരിക്ക ടിക് ടോക് ബാന്‍ ചെയ്യുകയും ചെയ്തു.

ഇപ്പോള്‍ ഇന്ത്യയില്‍ ഇന്‍സ്റ്റഗ്രാമിലും എക്സിലും ഏറ്റവും കൂടുതല്‍ കാണുന്നത് ഒരു എ.ഐ ജനറേറ്റഡ് ഇമേജാണ്. എല്ലാവരുടെയും ശ്രദ്ധ റഫയിലേക്ക് എന്നാവശ്യപ്പെട്ട് കൊണ്ട് ‘ഓള്‍ ഐസ് ഓണ്‍ റഫ’ എന്നെഴുതിയ അഭയാര്‍ത്ഥി കൂടാര ക്യാമ്പുകളുടെ ചിത്രമാണ് ഇത്.

1.4 മില്യണിലധികം ഫലസ്തീനികള്‍ അഭയം തേടുന്ന റഫയില്‍ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയെ സൂചിപ്പിക്കുകയാണ് ഈ വാക്യം. ലോകാരോഗ്യ സംഘടനയുടെ ഓഫീസ് ഡയറക്ടര്‍ റിക്ക് പീപ്പര്‍കോണില്‍ നിന്നാണ് ഓള്‍ ഐസ് ഓണ്‍ റഫ എന്ന വാക്കുകള്‍ ഉണ്ടാകുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടയിലാണ് ഈ വാക്കുകള്‍ കുറിച്ച ചിത്രം ട്രെന്‍ഡിങ്ങായത്. ഇത്രനാള്‍ ഫലസ്തീനിന് വേണ്ടി സംസാരിക്കാത്ത ആളുകള്‍ പോലും ഈ ക്യാമ്പയിനിന്റെ ഭാഗമാകുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 24 മണിക്കൂറിനുള്ളില്‍ 10 മില്യണിലധികം ആളുകളാണ് ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്. ഒപ്പം എക്‌സില്‍ ഇതേ ഹാഷ് ടാഗ് ട്രെന്‍ഡിങ്ങുമാണ്. മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി ഇന്ത്യന്‍ സെലിബ്രിറ്റികളും പോസ്റ്റുകള്‍ പങ്കുവെച്ചിട്ടുണ്ട്.

നിമിഷ സജയന്‍, കീര്‍ത്തി സുരേഷ്, രാജേഷ് മാധവന്‍, ബേസില്‍ ജോസഫ്, നൈല ഉഷ, ഭാവന, ദുല്‍ഖര്‍ സല്‍മാന്‍, പാര്‍വതി, നിഖില വിമല്‍, കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, സുപ്രിയ മേനോന്‍, റിമ കല്ലുങ്കല്‍, അന്ന ബെന്‍, നിരഞ്ജന, തന്‍വി റാം, മണികണ്ഠന്‍ ആചാരി, മീര നന്ദന്‍, മൃദുല, അനുമോള്‍, രമ്യ നമ്പീശന്‍, ഷെയിന്‍ നിഗം, അനാര്‍ക്കലി, ഗൗരി കിഷന്‍, അനുപമ, ഷറഫുദ്ധീന്‍, അശ്വതി ശ്രീകാന്ത്, റോഷ്ന റോയ്, മഖ്ബൂല്‍ സല്‍മാന്‍, നീരജ് മാധവ്, ആഷിഖ് അബു തുടങ്ങിയ നിരവധി മലയാളി താരങ്ങളും പ്രകാശ് രാജ്, വരുണ്‍ ധവാന്‍, അറ്റ്ലി, വിജയ് വര്‍മ, തൃപ്തി ദിമ്രി, ഹിന ഖാന്‍, സാമന്ത, സ്വര ഭാസ്‌കര്‍, ദിയ മിര്‍സ, ഗൗഹര്‍ ഖാന്‍, ഫാത്തിമ സന ഷെയ്ഖ്, രാധിക ആപ്തെ, ആമി ജാക്സണ്‍, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, കരീന കപൂര്‍, രശ്മിക മന്ദാന, സൊനാക്ഷി സിന്‍ഹ, റിച്ച ഛദ്ദ, ഹണി സിങ്ങ്, നോറ ഫത്തേഹി, ദിയ മിര്‍സ, സോനം കപൂര്‍ തുടങ്ങി മറ്റു സെലിബ്രിറ്റികളും സ്പോര്‍ട്സ് താരങ്ങളും ഇതിന്റെ ഭാഗമായിട്ടുണ്ട്.

റഫയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 45 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതിന് പിന്നാലെ ഫലസ്തീനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ഈ പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്.

അതേസമയം, രോഹിത് ശര്‍മയുടെ പങ്കാളി ഋതിക സജ്ദെ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഈ പോസ്റ്റ് പങ്കുവെച്ചതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വലതുപക്ഷ ആക്രമണത്തിന് അവര്‍ ഇരയായി. ഇന്ത്യന്‍ വിഷയങ്ങളില്‍ സംസാരിക്കാതെ ഫലസ്തീനിന് വേണ്ടി ശബ്ദമുയര്‍ത്തി എന്നതാണ് അവര്‍ക്ക് എതിരെ വലതുപക്ഷ പ്രൊഫൈലുകള്‍ ഉയര്‍ത്തുന്ന ആരോപണം. സോഷ്യല്‍ മീഡിയയിലെ ഓണ്‍ലൈന്‍ അറ്റാക്കുകള്‍ സഹിക്കാതെ ഋതികക്ക് തന്റെ പോസ്റ്റുകളും സ്റ്റോറികളും ഡിലീറ്റ് ചെയ്യേണ്ടി വന്നു.

ഇന്ത്യയിലെ സോഷ്യല്‍ മീഡിയയില്‍ ഓള്‍ ഐസ് ഓണ്‍ റഫ എന്ന ഹാഷ് ടാഗ് വ്യാപകമായതിന് പിന്നാലെ ഇതിനെ എതിര്‍ത്ത് കൊണ്ടും നിരവധി ക്യാമ്പയിനുകള്‍ നടക്കുന്നുണ്ട്. ഒപ്പം ഫലസ്തീന്‍ പത്രപ്രവര്‍ത്തകര്‍ പോസ്റ്റ് ചെയ്ത റഫയില്‍ നിന്നുള്ള വീഡിയോകളും മറ്റും സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

ഒരുപക്ഷേ, ഫലസ്തീനിന് ഇത് വരെ ലഭിച്ചതില്‍ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പിന്തുണക്ക് തന്നെയാണ് കഴിഞ്ഞ മണിക്കൂറുകള്‍ക്കിടയില്‍ ലോകം സാക്ഷ്യം വഹിച്ചത്.

Content Highlight: All Eyes On Rafah, Indian Celebrities Express Solidarity With Palestinians

വി. ജസ്‌ന
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ