മലപ്പുറം: മുന്നിയൂര്‍ കോഴികളിയാട്ട ഉത്സവത്തില്‍ ശ്രദ്ധേയമായി ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പോസ്റ്റര്‍. മലപ്പുറം ജില്ലയിലെ മുന്നിയൂര്‍ ഉത്സവ നഗരിയിലാണ് ഉത്സവത്തോടനുബന്ധിച്ച് നടന്ന വരവാഘോഷത്തില്‍ ഫലസ്തീന് പിന്തുണയര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റര്‍ ഉയര്‍ന്നത്. ഓള്‍ ഐ ഓണ്‍ ഫലസ്തീന്‍ എന്ന ട്രെന്‍ഡിങ് ആയ പോസ്റ്റര്‍ ആണ് ആഘോഷകര്‍ ഉയര്‍ത്തിയത്.
ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതോടൊപ്പം തന്നെ നര്‍ത്തകന്‍ ആര്‍.എല്‍.വി രാമകൃഷ്ണന് ഐക്യ ദാര്‍ഢ്യം പ്രകടിപ്പിക്കുന്ന പോസ്റ്ററും ചിത്രത്തില്‍ കാണാം.
സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച ഈ ഫോട്ടോക്ക് നിരവധി കമന്റുകളാണ് വരുന്നത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യനെ വേര്‍തിരിക്കുന്ന ഈ കെട്ട കാലത്ത് ഇത്തരത്തിലുള്ള കാര്യങ്ങള്‍ ശുഭ പ്രതീക്ഷ നല്‍കുന്നതാണെന്നും ആളുകള്‍ പറയുന്നു.
കളിയാട്ടകാവ് എന്നും ഇങ്ങനെയാണെന്നും, മനുഷ്യനെ മനസിലാക്കുന്നവര്‍ ഇനിയും അവശേഷിക്കുന്നുണ്ടെന്നും ചിലര്‍ പറഞ്ഞപ്പോള്‍, മറ്റു ചിലര്‍ ആഘോഷങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കപ്പുറത്ത് മനുഷ്യന്‍ നിലപാടുകള്‍ വിളിച്ചു പറയുകയാണെന്നും ഫേസ്ബുക്കില്‍ കുറിച്ചു.
വി.ഐ.പി വാളക്കുണ്ട് വരവ് കമ്മിറ്റിയാണ് പോസ്റ്ററിന് പിന്നില്‍. ഓരോ കാലത്തും ഈ ദേശക്കാര്‍ ഇത്തരത്തിലുള്ള പ്രതിഷേധമാര്‍ഗങ്ങള്‍ തെരഞ്ഞെടുത്തിരുന്നുവെന്നതും ശ്രദ്ധേയമാണ്. ലിനി സിസ്റ്റര്‍,ആദ്യത്തെ ട്രാന്‍സ് ജെന്റര്‍ അഭിഭാഷക പത്മ ലക്ഷ്മി, വിസ്മയ തുടങ്ങി
ഒരുപാട് മനുഷ്യരെ ഓര്‍ത്തുകൊണ്ടാണ് കഴിഞ്ഞ കാലങ്ങളിലെ പൊയ്ക്കുതിരകളെ അവര്‍ ഉയര്‍ത്തിപ്പിടിച്ചത്.
നിറത്തിന്റെ പേരില്‍ വിവേചനവും കളിയാക്കലുകളും നേരിട്ട ആര്‍.എല്‍.വി രാമകൃഷ്ണന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് കലാകാരന് ഒരൊറ്റ നിറമെയുള്ളു അത് കലയുടെതാണ് എന്ന മുദ്രാവാക്യമാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. കൂടെ ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്ററും കൂടി ഉയരുമ്പോള്‍ അത് അതിര്‍വരമ്പുകള്‍ ഭേദിച്ച് കൊണ്ടുള്ള രാഷ്ട്രീയം ഉറക്കെ പറയലായി.
കേരളത്തിലെ മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയില്‍ മുന്നിയൂര്‍ ഗ്രാമത്തിലാണ് കളിയാട്ട കാവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തില്‍ നിത്യപൂജയില്ല. വൃശ്ചികമാസത്തില്‍ 41 ദിവസം ഈ ക്ഷേത്രം തുറക്കും. ഇടവ മാസത്തില്‍ 17 ദിവസം കൂടി ക്ഷേത്രം തുറന്നിരിക്കും. ഈ കാലയളവില്‍ 12 ദിവസമാണ് വാര്‍ഷിക ഉത്സവം നടക്കുക.
Content Highlight: All eyes on palestin: munniyoor kaliyattakkav fest