മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ മുറുകവേ ഇന്ന് നടക്കുന്ന നിയമസഭാ കക്ഷി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.
യോഗത്തില്‍ പങ്കെടുക്കാന്‍ അമിത് ഷാ എത്തില്ലെന്നാണ് റിപ്പോര്‍ട്ട്. യോഗത്തിന് അമിത് ഷാ നേരിട്ടെത്തുമെന്നും യോഗശേഷം ഉദ്ധവ് താക്കറെയുമായി ചര്‍ച്ച നടത്തുമെന്നും നേരത്തെ ബി.ജെ.പി ഓഫീസ് അറിയിച്ചിരുന്നെങ്കിലും അമിത് ഷാ വരില്ലെന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം. നാല് സ്വതന്ത്ര എം.എല്‍.എമാരുടെ പിന്തുണകൂടി ഉറപ്പിച്ച സേന പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് അമിത് ഷാ യാത്ര റദ്ദാക്കുന്നത്
ഇന്ന് നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ പാര്‍ട്ടി യോഗത്തിന്റെ കേന്ദ്ര നിരീക്ഷകരായി കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമര്‍, പാര്‍ട്ടി വൈസ് പ്രസിഡന്റ് അവിനാശ് റായ് ഖന്ന എന്നിവരെ ബി.ജെ.പി ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. നിലവിലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ ബി.ജെ.പി നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കാനുള്ള സേനയുടെ ആവശ്യത്തിന് വഴങ്ങില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് യോഗത്തെ അറിയിക്കും. ഇല്ലാത്ത വാഗ്ദാനത്തിന്റെ പേരില്‍ കള്ളപ്രചാരണം നടത്തി മുഖ്യമന്ത്രിയാവാമെന്ന് ആരും കരുതേണ്ടെന്നും ഫഡ്‌നാവിസ് പറഞ്ഞു.
അതേസമയം ആദിത്യ താക്കറെയെ രണ്ടര വര്‍ഷം മുഖ്യമന്ത്രിയാക്കുമെന്ന് ഉറപ്പ് തരാതെ ഇനി ചര്‍ച്ച വേണ്ടെന്നാണ് ശിവസേനയുടെ നിലപാട്.
ഇന്നലെ ശിവസേന-ബി.ജെ.പി ചര്‍ച്ച തീരുമാനിച്ചിരുന്നെങ്കിലും രാവിലെ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രസാദ് ലാഡ് ഉദ്ധവ് താക്കറെയെ സന്ദര്‍ശിച്ചതിന് പിന്നാലെ ചര്‍ച്ച റദ്ദാക്കുകയായിരുന്നു.
മുഖ്യമന്ത്രി സ്ഥാനം വിട്ടുതരാനാവില്ലെന്ന ഫഡ്‌നാവിസിന്റെ നിലപാട് കൂടിക്കാഴ്ചയില്‍ ഉദ്ദവ് താക്കറെയ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഇനി ചര്‍ച്ചക്കില്ലെന്ന നിലപാട് ശിവസേന എടുത്തത്.
അതേസമയം മറുവശത്ത് എന്‍.സി.പി പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരുടെ ഒരു പ്രധാന യോഗം വിളിച്ചുചേര്‍ത്ത് സംസ്ഥാനത്തിന്റെ നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യുന്നുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കോണ്‍ഗ്രസിനെക്കാള്‍ ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തില്‍ പ്രധാന പ്രതിപക്ഷമാകുമ്പോള്‍ നിയമസഭയില്‍ ആരാണ് പാര്‍ട്ടിയെ നയിക്കേണ്ടതെന്നതുള്‍പ്പെടെ യോഗത്തില്‍ ചര്‍ച്ചയാകും.
അതേസമയം ദേവേന്ദ്ര ഫഡ്നാവിസ് വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ സത്യപ്രതിജ്ഞ ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കപ്പെട്ട ശേഷം, സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് ഗവര്‍ണറെ സമീപിക്കാനാണ് ബി.ജെ.പി നീക്കമെന്നും സൂചനയുണ്ട്.