കഴിഞ്ഞ വര്‍ഷമുണ്ടായത് എക്കാലത്തെയും മികച്ച ലാഭം; എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ എല്ലാ ജീവനക്കാര്‍ക്കും ആറ് മാസത്തെ ബോണസ് നല്‍കും
World News
കഴിഞ്ഞ വര്‍ഷമുണ്ടായത് എക്കാലത്തെയും മികച്ച ലാഭം; എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ എല്ലാ ജീവനക്കാര്‍ക്കും ആറ് മാസത്തെ ബോണസ് നല്‍കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th May 2023, 7:02 pm

ദുബായ്: എക്കാലത്തേയും ഉയര്‍ന്ന ലാഭമാണ് എമിറേറ്റ്സ് എയര്‍ലൈന്‍സിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേടാനായതെന്ന് കമ്പനിയുടെ ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സായീദ് അല്‍ മക്തൂം. ഇതിന്റെ ഭാഗമായി മെയ് മാസത്തെ സാലറിയോടൊപ്പം കമ്പനിയിലെ എല്ലാ ജീവനക്കാര്‍ക്കും 24 ആഴ്ചയിലെ(ആറ് മാസം) ബോണസ് വിതരണം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

വ്യാഴാഴ്ചയാണ് കമ്പനിയുടെ 2022-2023 വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തിറക്കിയത്. 10.9 ബില്യണ്‍ ദിര്‍ഹമാണ് (3.0 ബില്യണ്‍ യു.എസ് ഡോളര്‍) കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി നേടിയ ലാഭം. ഇതിന് മുമ്പ് കമ്പനിക്കുണ്ടായ നഷ്ടത്തില്‍ നിന്ന് കരകയറാന്‍ ഈ ലാഭം സഹായിക്കുമെന്നും അല്‍ മക്തൂം പ്രസ്താവനയില്‍ അറിയിച്ചു.

 

 

‘സാമ്പത്തികമായിട്ട് ഈ വര്‍ഷം വലിയ നേട്ടമാണ് കമ്പനിക്ക് നേടാന്‍ സാധിച്ചത്. ഇത് തെളിയിക്കുന്നത് ഞങ്ങളുടെ ബിസിനസ് മോഡലിന്റെ കരുത്താണ്. നഷ്ടത്തില്‍ നിന്ന് പാഠം പഠിച്ച് മുന്നോട്ട് പോയതിന്റെ റിസള്‍ട്ടാണിത്. ഞങ്ങളുടെ ജീവനക്കാരുടെ കഠിനധ്വാനവും ഒരുമയുമാണ് ഞങ്ങളുടെ വിജയം,’ അല്‍ മക്തൂം പ്രസ്താവനയില്‍ പറഞ്ഞു. എല്ലാ ജീവനക്കാരെയും അഭിനന്ദനമറിയിച്ച് കമ്പനി മെയില്‍ അയക്കുകയും ചെയ്തിട്ടുണ്ട്.

 

‘നിങ്ങള്‍ 24 ആഴ്ചയിലെ ബോണസിന് അര്‍ഹരാണ്. ഇത് നിങ്ങളുടെ മെയ് മാസത്തെ സാലറിയോടൊപ്പം കൂട്ടിച്ചേര്‍ക്കും. ഈ പണം നിങ്ങള്‍ക്ക് നിക്ഷേപിക്കാം, അല്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ട്മുള്ള പോലെ ചെലവഴിക്കാം. കാരണം ഇത് നിങ്ങളുടെ കഠിനധ്വാനത്തിന്റെ പ്രതിഫലമാണ്,’ ജീവനക്കാര്‍ക്ക് അയച്ച മെയിലില്‍ അല്‍ മക്തൂം പറഞ്ഞു.