| Friday, 12th April 2019, 4:47 pm

ഇലക്ട്രിക് എസ്യുവികളുമായി വിപണി പിടിക്കാനൊരുങ്ങി എംജി മോട്ടോഴ്സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇലക്ട്രിക് എസ്യുവിയുമായി എംജി മോട്ടര്‍ എത്തുന്നു. ആദ്യ എസ്യുവിയായ ഹെക്ടറിന് പിന്നാലെ ഈ വര്‍ഷം അവസാനമായിരിക്കും
ഇലക്ട്രിക് എസ്യുവി ഇ ഇസഡ്എസ് എംജി പുറത്തിറക്കുന്നത്. ഇ ഇസഡ് എസിന്റെ ഗ്ലോബല്‍ ലോഞ്ചില്‍ വച്ചായിരുന്നു ഇന്ത്യന്‍ പദ്ധതികള്‍ കമ്പനി പ്രഖ്യാപിച്ചത്. ആദ്യം ഇന്ത്യയിലും തുടര്‍ന്ന് യുകെയിലും തായ്‌ലന്‍ഡിലും
ജര്‍മനിയിലുമടക്കമുള്ള രാജ്യാന്തര വിപണിയില്‍ പുതിയ ഇലക്ട്രിക് എസ് യുവികള്‍ പുറത്തിറക്കുമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം അവസാനം ചൈനീസ് മോട്ടോര്‍ഷോയില്‍ വച്ചായിരുന്നു ഇ ഇസഡ്എസിനെ ആദ്യം പ്രദര്‍ശിപ്പിച്ചത്. ചൈനീസ് വിപണിയിലുള്ള ഇസഡ്എസിന്റെ ഇലക്ട്രിക് പതിപ്പാണ് ഇ ഇസഡ്എസ്. ഹെക്ടറിലുടെ ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുന്ന ഐസ്മാര്‍ട്ട് ടെക്നോളജി ഇലക്ട്രിക് എസ്യുവിയിലുമുണ്ടാകും. 150 എച്ച്പി കരുത്തുള്ള ഇലക്ട്രിക് മോട്ടറാണ് വാഹനത്തിന് കരുത്തു പകരുക.
അടുത്ത വര്‍ഷം ഡിസംബറില്‍ ഇലക്ട്രിക് എസ്യുവിയെ ഇന്ത്യന്‍ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് എംജി കമ്പനി.

പൂജ്യത്തില്‍ നിന്ന് 50 കിലോമീറ്റര്‍ വേഗം 3.1 സെക്കന്റില്‍ ആര്‍ജിക്കാനുള്ള കഴിവ് പുതിയ ഇലക്ട്രിക് എസ് യുവിയ്ക്ക് ഉണ്ടാകും. ഒറ്റ ചാര്‍ജില്‍ 335 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും എന്നതും ഈ എസ്യുവിയുടെ പ്രത്യേകതയാണ്.
കൂടാതെ 60 കിലോമീറ്റര്‍ വേഗ പരിധിയില്‍ സഞ്ചരിച്ചാല്‍ 428 കിലോമീറ്റര്‍ വരെ ചാര്‍ജ് നില്‍ക്കും എന്നാണ് കമ്പനി അവകാപ്പെടുന്നത്. അരമണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 80 ശതമാനം വരെ ചാര്‍ജാകുന്ന ഫാസ്റ്റ് ചാര്‍ജിങ് ടെക്നോളജിയും വാഹനത്തിലുണ്ടാകുംകുമെന്നാണ് അറിയുന്നത്. വിലകുറയ്ക്കാനായി ഘടകങ്ങളായി ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ അസംബിളിള്‍ ചെയ്ത് വില്‍ക്കാനാണ് കമ്പനി പദ്ധതി. ജനറല്‍ മോട്ടോഴ്‌സില്‍ നിന്നു സ്വന്തമാക്കിയ ഗുജറാത്തിലെ ഹലോല്‍ ശാലയില്‍ നിന്നാണ് എംജി വാഹനങ്ങള്‍ പുറത്തിറക്കുക.

We use cookies to give you the best possible experience. Learn more