| Friday, 9th April 2021, 6:31 pm

കൊവിഡ് വ്യാപനം രൂക്ഷം; ദല്‍ഹിയില്‍ അനിശ്ചിതകാലത്തേക്ക് സ്‌കൂളുകള്‍ അടച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് വ്യാപനം തുടരുന്നതിനിടെ ദല്‍ഹിയിലെ സ്‌കൂളുകള്‍ അടച്ച് സര്‍ക്കാര്‍. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ സ്‌കൂളുകള്‍ തുറക്കില്ലെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചത്.

വ്യാഴാഴ്ച മാത്രം ദല്‍ഹിയില്‍ 7500 ലധികം പേര്‍ക്കാണ് രോഗം ബാധിച്ചത്. നിലവില്‍ 6,98,005 പേര്‍ക്കാണ് രാജ്യതലസ്ഥാനത്ത് രോഗം ബാധിച്ചിരിക്കുന്നത്.

നേരത്തെ കൊവിഡ് അടച്ചുപൂട്ടലുകള്‍ക്ക് ശേഷം 10,12 ക്ലാസുകള്‍ ഈ വര്‍ഷം ജനുവരി മുതല്‍ ആരംഭിച്ചിരുന്നു. ഫെബ്രുവരിയോടെ 9,11 ക്ലാസുകളും ആരംഭിച്ചു.

നേരത്തെ ഹിമാചല്‍ പ്രദേശും സ്‌കൂളുകള്‍ അടച്ചിരുന്നു. ഏപ്രില്‍ 21 വരെയാണ് ഹിമാചലില്‍ സ്‌കൂളുകളും കോളേജുകളും അടച്ചിടുന്നത്.

കൊവിഡിന്റെ രണ്ടാം വരവില്‍ രാജ്യം വലിയ വെല്ലുവിളി നേരിടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുഖ്യമന്ത്രിമാരുമായി നടത്തിയ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ചില സംസ്ഥാനങ്ങളിലെ സാഹചര്യം ഏറെ ആശങ്കയുണ്ടാക്കുന്നുവെന്നും കൊവിഡ് നിയന്ത്രണത്തില്‍ ചില സംസ്ഥാനങ്ങള്‍ക്ക് വലിയ വീഴ്ച പറ്റിയെന്നും മോദി പറഞ്ഞു. രാജ്യം നേരിട്ടതില്‍വെച്ച് ഏറ്റവും മോശം സാഹചര്യമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രോഗികളില്‍ ലക്ഷണങ്ങള്‍ കാണാത്തത് രണ്ടാം തരംഗത്തില്‍ വലിയ വെല്ലുവിളിയാണെന്നും യുദ്ധകാലാടിസ്ഥാനത്തില്‍ നിയന്ത്രണ നടപടികള്‍ തുടങ്ങണമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ഒരിക്കല്‍ കൂടി രാജ്യവ്യാപക ലോക്ക് ഡൗണ്‍ പരിഹാരമാകില്ലെന്നും ലോക്ക് ഡൗണ്‍ സാമ്പത്തിക മേഖലക്ക് ഇനി താങ്ങാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ആദ്യഘട്ടത്തെ അപേക്ഷിച്ച് കുത്തനെയുള്ള കുതിപ്പാണ് കൊവിഡിന്റെ രണ്ടാം ഘട്ടത്തില്‍ രാജ്യത്ത് കാണുന്നത്. പല സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ കൊവിഡ് 19 കേസുകള്‍ വെറും രണ്ട് മാസത്തിനുള്ളില്‍ 13 മടങ്ങായാണ് ഉയര്‍ന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: All Delhi schools shut till further notice due to rising Covid-19 cases

Latest Stories

We use cookies to give you the best possible experience. Learn more