തൂത്തുക്കുടിയില്‍ പിടിയിലായ കപ്പലിലെ എല്ലാ ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തു
India
തൂത്തുക്കുടിയില്‍ പിടിയിലായ കപ്പലിലെ എല്ലാ ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th October 2013, 11:16 am

[]തമിഴ്‌നാട്: തൂത്തുക്കുടിയില്‍ പിടിയിലായ യു.എസ് കപ്പലിലെ എല്ലാ ഉദ്യോഗസ്ഥരെയും തമിഴ്‌നാട് പോലീസ് ക്യൂ ബ്രാഞ്ച് അറസ്റ്റ് ചെയ്തു.

യു.എസിലെ അഡ്‌വാന്‍ഫോര്‍ട്ട് കമ്പനിയുടെ ഉടമസ്ഥതയിലുള്ള സീമാന്‍ ഗാര്‍ഡ്  ഓഹിയോയിലെ 35 ഉദ്യോഗസ്ഥരെയാണ് അറസ്റ്റ് ചെയ്തത്.

നിയമാനുസൃതമല്ലാത്ത ആയുധശേഖരം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒക്ടോബര്‍ 12 നാണ് കപ്പല്‍ പിടിച്ചെടുത്തത്.

സംഭവത്തെ സംബന്ധിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട് തമിഴ്‌നാട് പോലീസ് കേന്ദ്ര സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.

തൂത്തുക്കുടി തുറമുഖത്തിന് 15 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് വെസ്റ്റ് ആഫ്രിക്കന്‍ രാജ്യം സിയേറാ ലിയോണിന്റെ  പതാക പറത്തി പോവുകയായിരുന്ന യു.സ് കപ്പല്‍ തമിഴ്‌നാട് പോലീസ് പിടിച്ചെടുത്തത്.

കൈത്തോക്കുകളും ബുള്ളറ്റുകളും മറ്റു ഉപകരണങ്ങളും കണ്ടെത്തിയ സാഹചര്യത്തില്‍ വിവിധ സുരക്ഷ ഏജന്‍സികളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കപ്പലിലെ അംഗങ്ങളെ ചോദ്യം ചെയ്യുന്നുണ്ട്.

കപ്പലിലെ നിന്നു കണ്ടെത്തിയ ആയുധങ്ങള്‍ കപ്പലുകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനാണെന്നാണ് ഉദ്യോഗസ്ഥരുടെ വാദം എന്നാണ് മറൈന്‍ പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

കപ്പലിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ തിങ്കളാഴ്ച്ച മറൈന്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കപ്പലിലെ ഉദ്യോഗസ്ഥര്‍ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും അവര്‍ ഹാജരാക്കിയ പേപ്പറുകളില്‍ നിന്നും വ്യത്യസ്തമായാണ് പലതും പറയുന്നതെന്നുമാണ് പോലീസിന്‍െ വാദം.

25 സുരക്ഷാ ഉദ്യോഗസഥരും 6 ബ്രിട്ടീഷ്‌കാരും 14 എസ്‌റ്റോണിയക്കാരും 4 ഇന്ത്യക്കാരും ഒരു ഉക്രേനിയക്കാരനുമടങ്ങുന്ന സംഘമാണ് കപ്പലില്‍  ഉണ്ടായിരുന്നത്. മതിയായ രേഖകളില്ലാതെ 1500 ലിറ്റര്‍ കൈവശം വച്ചതിനും ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.