വിവാദങ്ങളെല്ലാം നല്ലതിനാണെന്ന് വിചാരിച്ചാല്‍ മതിയെന്ന് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2018 സിനിമയുടെ ഒ.ടി.ടി റിലീസിന് സോണി ലിവുമായി കരാര്‍ ഉറപ്പിച്ചിട്ടുണ്ടെന്നും അവര്‍ പ്ലാന്‍ ചെയ്ത തീയതിയില്‍ തന്നെ റിലീസ് ഉണ്ടാകുമെന്നും ജൂഡ് പറഞ്ഞു.
‘വിവാദങ്ങള്‍ കഴിഞ്ഞ അധ്യായമാണ്. അതെല്ലാം നല്ലതിനാണെന്ന് വിചാരിച്ചാല്‍ മതി. സിനിമയുടെ പാന്‍ ഇന്ത്യന്‍ റിലീസ് ഉടനുണ്ടാകും. എല്ലാ ഭാഷകളിലെയും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടില്ല. കിട്ടിക്കഴിഞ്ഞാല്‍ ഉടനുണ്ടാകും. ഇപ്പോള്‍ ഇറങ്ങിയതാണ് എക്‌സ്റ്റന്റഡ് വേര്‍ഷന്‍. ആകപ്പാടെ മൂന്ന് സീനാണ് കട്ട് ചെയ്ത് കളഞ്ഞത്. ഒന്ന് എന്റെ സീനായിരുന്നു. മൂന്ന് കുഞ്ഞു സീനുകളാണ് കട്ട് ചെയ്ത് കളഞ്ഞിട്ടുള്ളത്.
ഇത് തന്നെയാണ് ഡയറക്ടര്‍ കട്ടും, പ്രൊഡ്യൂസര്‍ കട്ടും, നമ്മുടെ കട്ടും. ഒ.ടി.ടി റിലീസ് സോണി ലിവുമായി സംസാരിച്ച് ഉറപ്പിച്ചതാണ്. അവര്‍ പടം വാങ്ങിയതാണ്. റിലീസ് അവര്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. അന്ന് തന്നെ റിലീസ് ചെയ്യും. നിവിന്റെ സീന്‍ ഷൂട്ട് ചെയ്തിട്ടുണ്ടായിരുന്നില്ല. അത് സ്‌ക്രിപിറ്റില്‍ മാത്രമേ ഉണ്ടായിരുന്നൊള്ളൂ’ ജൂഡ് ആന്തണി ജോസഫ് പറഞ്ഞു.
ആന്റണി വര്‍ഗീസ് പെപ്പെ പണം വാങ്ങിയതിന് ശേഷം സിനിമയില്‍ നിന്നും പിന്‍മാറിയെന്നും, ആ പണം ഉപയോഗിച്ചാണ് പെപ്പെ സഹോദരിയുടെ വിവാഹം നടത്തിയത് എന്നുമുള്ള ജൂഡിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മൂവിവേള്‍ഡ് മീഡിയ എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജൂഡിന്റെ വിവാദ പ്രസ്താവന.
എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ പെപ്പെ സംഭവത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. കൊച്ചിയില്‍ പത്രസമ്മേളനം നടത്തിയായിരുന്നു പെപ്പെ വിശദീകരണം നല്‍കിയത്. പണം തിരികെ നല്‍കിയതാണെന്നും പണം തിരികെ നല്‍കി ഒരു വര്‍ഷത്തിന് ശേഷമാണ് സഹോദരിയുടെ വിവാഹം നടന്നതെന്നും തെളിവുകള്‍ സഹിതം പെപ്പെ വിശദീകരിച്ചതോടെ ജൂഡിനെതിരെ വലിയ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നത്. 2018 സിനിമയുടെ വിജയം മറ്റുള്ളവരെ വ്യക്തിഹത്യ ചെയ്യാന്‍ വേണ്ടിയാണ് ജൂഡ് ഉപയോഗിച്ചത് എന്ന തരത്തിലായിരുന്നു വിമര്‍ശനങ്ങള്‍.
CONTENT HIGHLIGHTS: all controversy is good: Jude Anthony Joseph