ഹിമാചല്‍ പ്രദേശിലെ മുഴുവന്‍ കോണ്‍ഗ്രസ് കമ്മിറ്റികളും പിരിച്ചുവിട്ടു
national news
ഹിമാചല്‍ പ്രദേശിലെ മുഴുവന്‍ കോണ്‍ഗ്രസ് കമ്മിറ്റികളും പിരിച്ചുവിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th November 2024, 8:53 pm

ഷിംല: ഹിമാചല്‍ പ്രദേശിലെ സംസ്ഥാന നേതൃത്വത്തെ പിരിച്ചുവിട്ട് എ.ഐ.സി.സി. സംസ്ഥാനത്തെ മുഴുവന്‍ കോണ്‍ഗ്രസ് കമ്മിറ്റികളും പിരിച്ചുവിട്ടതായി എ.ഐ.സി.സി അറിയിച്ചു. സംസ്ഥാന കോണ്‍ഗ്രസിനെ പുനഃസംഘടിപ്പിക്കാനുള്ള നീക്കമെന്നാണ് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളും ദേശീയ നേതൃത്വം പിരിച്ചുവിട്ടിട്ടുണ്ട്. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയായ കെ.സി. വേണുഗോപാലാണ് കമ്മിറ്റികള്‍ പിരിച്ചുവിടാനുള്ള തീരുമാനം അറിയിച്ചത്.

സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ പ്രതിഭ സിങ് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ അംഗമായതിന് പിന്നാലെയാണ് പിരിച്ചുവിടല്‍. മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ പങ്കാളിയായ പ്രതിഭ 2022ലാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷയായി നിയോഗിക്കപ്പെട്ടത്.

അതേസമയം ഫെബ്രുവരിയില്‍ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഏതാനും കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയുടെ ഹര്‍ഷ് മഹാജന് ക്രോസ് വോട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ഭരണകക്ഷിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഭിഷേക് സിങ്‌വി തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയായിരുന്നു.

തോല്‍വി ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസിനെ സാരമായി ബാധിക്കുകയും ചെയ്തു. ബി.ജെ.പിക്ക് അനുകൂലമായി വോട്ട് ചെയ്തതിന് കോണ്‍ഗ്രസിന്റെ ആറ് എം.എല്‍.എമാര്‍ അയോഗ്യരാക്കപ്പെടുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ആറ് വിമത എം.എല്‍.എമാരും മൂന്ന് സ്വതന്ത്ര എം.എല്‍.എമാരും ബി.ജെ.പിയില്‍ അംഗത്വം എടുക്കുകയും ചെയ്തു. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിന്റെ സാന്നിധ്യത്തിലാണ് ഇവര്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.

ഹിമാചലിലെ 68 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 40 എം.എല്‍.എമാരായിരുന്നു ഉണ്ടായിരുന്നത്. ഇവരില്‍ കൂറുമാറിയ ആറ് എം.എല്‍.എമാരെ അയോഗ്യരാക്കിയതോടെ എണ്ണം 34 ആയി കുറഞ്ഞു. 25 എം.എല്‍.എമാരാണ് ബി.ജെ.പിക്ക് ഉള്ളത്.

എന്നാല്‍ പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം നടത്തുകയും സഭയിലെ അംഗബലം 40ലേക്ക് എത്തിക്കുകയും ചെയ്തിരുന്നു. നിലവില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളാണ് എ.ഐ.സി.സി നടത്തുന്നത്.

Content Highlight: All Congress committees in Himachal Pradesh were dissolved