| Monday, 22nd May 2023, 2:48 pm

രണ്ടല്ല, പരാതിക്കാര്‍ മുഴുവനും നുണ പരിശോധനക്ക് വിധേയമാകും; തത്സമയം സംപ്രേക്ഷണം ചെയ്യണം: ഗുസ്തി താരങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നുണപരിശോധനക്ക് വിധേയയാകാന്‍ തയ്യാറാണെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട്. കഴിഞ്ഞ ദിവസം ബി.ജെ.പി എം.പിയും റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ സിങ്ങ് ഗുസ്തി താരങ്ങള്‍ നുണപരിശോധനക്ക് തയ്യാറാണോയെന്ന് വെല്ലുവിളിച്ചിരുന്നു. അതിന് വാര്‍ത്താസമ്മേളനത്തിലൂടെ മറുപടി പറയുകയായിരുന്നു താരം.

‘അദ്ദേഹം ഫോട്ടിന്റെയും ബജ്‌റംഗ് പൂനിയയുടെയും പേരാണ് പറഞ്ഞത്. എന്നാല്‍ ഞങ്ങള്‍ മാത്രമല്ല, പരാതിയുള്ള എല്ലാ പെണ്‍കുട്ടികളും നുണ പരിശോധനക്ക് തയ്യാറാണെന്ന് ബ്രിജ് ഭൂഷണോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആ ടെസ്റ്റ് തത്സമയം നടത്തണം. ഈ രാജ്യത്തിന്റെ പെണ്‍മക്കളോട് അയാള്‍ ചെയ്ത ക്രൂരത രാജ്യം മുഴുവന്‍ അറിയണം,’ വിനേഷ് ഫോഗട്ട് പറഞ്ഞു.

നേരത്തെ തന്നെ നുണപരിശോധനക്ക് തയ്യാറാണെന്ന് സമ്മതിച്ചിരുന്നെന്ന് ബജ്‌റംഗ് പൂനിയയും പറഞ്ഞു. സുപ്രീം കോടതിയുടെ നേതൃത്വത്തില്‍ ആയിരിക്കണം ടെസ്‌റ്റെന്നും തത്സമയ സംപ്രേക്ഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ഞങ്ങളുടെ കൂട്ടത്തിലെ രണ്ട് പേരോട് നുണപരിശോധനക്ക് വിധേയമാകാനാണ് ബ്രിജ് ഭൂഷണ്‍ പറഞ്ഞത്. എന്നാല്‍ പരാതിക്കാരായ ഏഴ് പേരും ടെസ്റ്റിന് തയ്യാറാണ്. ഞങ്ങള്‍ തയ്യാറാണ്,’ പൂനിയ പറഞ്ഞു.

കഴിഞ്ഞ ദിവസം ഗുസ്തി താരങ്ങളെ വെല്ലുവിളിച്ച് ബ്രിജ് ഭൂഷണ്‍ രംഗത്ത് വന്നിരുന്നു.

‘ഗുസ്തിക്കാരില്‍ നിന്ന് വിനേഷ് ഫോഗട്ടും ബജ്‌റംഗ് പൂനിയയും ടെസ്റ്റിന് തയ്യാറാണെങ്കില്‍ മാധ്യമങ്ങളെ വിളിച്ച് അത് അറിയിക്കുക. അങ്ങനെയാണെങ്കില്‍ ഞാനും ടെസ്റ്റിന് തയ്യാറാകും,’ എന്ന് ഞായറാഴ്ച ബ്രിജ് ഭൂഷണ്‍ ഫേസ്ബുക്കില്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് തിങ്കളാഴ്ച ഗുസ്തി താരങ്ങള്‍ മാധ്യമങ്ങളെ കണ്ടത്.

നിലവില്‍ നിരവധി പേരാണ് ഗുസ്തിക്കാര്‍ക്ക് പിന്തുണയുമായി ജന്തര്‍ മന്തിറില്‍ എത്തുന്നത്. കഴിഞ്ഞ ദിവസം ഹരിയാനയില്‍ നിന്നുള്ള കര്‍ഷകരും പിന്തുണ പ്രഖ്യാപിച്ച് എത്തിയിരുന്നു.

എന്നാല്‍ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാന്‍ ഗുസ്തി താരങ്ങള്‍ സര്‍ക്കാരിന് നല്‍കിയ 15 ദിവസത്തെ സമയം അവസാനിച്ച് കഴിഞ്ഞിരിക്കുന്നു. ഇതു കഴിഞ്ഞതോടെ മെയ് 28ന് നടക്കാന്‍ പോകുന്ന പാര്‍ലമെന്റ് മന്ദിരത്തിന്റെ മുന്നില്‍ പ്രതിഷേധ സൂചകമായി മഹിളാ മഹാപഞ്ചായത്ത് നടത്തുമെന്നും താരങ്ങള്‍ പറഞ്ഞു.

അതേസമയം ലൈംഗികാരോപണക്കേസില്‍ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തതിലുള്ള ഗുസ്തി താരങ്ങളുടെ സമരം ജന്തര്‍ മന്തിറില്‍ നടന്നു കൊണ്ടിരിക്കുകയാണ്.

content highlight: All complainants, not just two, will be subjected to a lie detector test; Should be televised live: Wrestlers

We use cookies to give you the best possible experience. Learn more