ആദ്യം വിദ്യാര്‍ത്ഥികള്‍ ; എല്ലാ കോളേജുകളിലും വിദ്യാര്‍ത്ഥി യൂണിയന്‍ നിര്‍ബന്ധമെന്ന് സര്‍ക്കാര്‍
Kerala
ആദ്യം വിദ്യാര്‍ത്ഥികള്‍ ; എല്ലാ കോളേജുകളിലും വിദ്യാര്‍ത്ഥി യൂണിയന്‍ നിര്‍ബന്ധമെന്ന് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd February 2017, 8:50 am

college
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുന്ന സ്വശ്രയ കോളേജുകള്‍ക്ക് പിടിവീഴുന്നു. എല്ലാ കോളേജുകളിലും അധ്യാപക-രക്ഷാകര്‍തൃ സമിതിയും വിദ്യാര്‍ത്ഥി യൂണിയനും നിര്‍ബന്ധമാക്കാന്‍ മുഖമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വി.സിമാരുടെ യോഗത്തില്‍ തീരുമാനമായി.

വിവിധ സ്വാശ്രയ കോളേജുകളുടെ പ്രവര്‍ത്തനത്തിനെതിരെ പരാതികള്‍ ഉയര്‍ന്ന് വരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി വി.സിമാരുടെ യോഗം വിളിച്ച് ചേര്‍ത്തത്. ഇന്റേണല്‍ മാര്‍ക്ക് ആയുധമാക്കിയാണ് വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുന്നതെന്നാണ് മിക്ക പരാതികളും പറയുന്നത്. അതുകൊണ്ട് ഇന്റേണല്‍ മാര്‍ക്ക് സംവിധാനം പരിഷ്‌കരിക്കുന്നതിന് നാല് വി.സിമാരുടെ സമിതിയെ നിയോഗിക്കും. വിദ്യാഭ്യാസ മന്ത്രിയായിരിക്കും സമിതിയെ തീരുമാനിക്കുക.

പല കോളേജുകളിലും വേണ്ടത്ര പശ്ചാത്തല സൗകര്യമില്ലെന്ന് വിലയിരുത്തിയ യോഗം എല്ലാ കോളേജുകളിലും പി.ടി.എയും കോളേജ് യൂണിയനും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സര്‍വ്വകലാശാലകള്‍ ഉറപ്പ് വരുത്തണമെന്നും നിര്‍ദ്ദേശിച്ചു.

സ്വാശ്രയ കോളേജുകളിലെ അധ്യാപക നിയമനം സര്‍വ്വകലാശാല നിര്‍ദ്ദേശിക്കുന്ന രീതിയില്‍ തന്നെയായിരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സര്‍വ്വകലാശാല അനുശാസിക്കുന്ന യോഗ്യതയുള്ളവരായിരിക്കണം.


Also Read : അജ്ഞാത രോഗം: ഉത്തരേന്ത്യയില്‍ നൂറിലേറെ കുട്ടികളെ കൊലപ്പെടുത്തിയ വില്ലന്‍ ഒരു പഴമെന്നു പഠനം


വിദ്യാര്‍ത്ഥികള്‍ക്കായിരിക്കണം ആദ്യ പരിഗണന. വിദ്യാര്‍ത്ഥി പീഡനത്തിനെതിരെ കൂടുതല്‍ പരാതികള്‍ വരുന്ന സാഹചര്യത്തില്‍ ഈ പരാതികള്‍ സര്‍വ്വകലാശാല നിയോഗിക്കുന്ന സമിതി പരിശോധിക്കുകയും ക്രമക്കേട് കണ്ടെത്തിയാല്‍ വേണ്ട നടപടിയെടുക്കുകയും വേണം.

യോഗത്തില്‍ മന്ത്രിമാരായ സി.രവീന്ദ്രനാഥ്, കെ.കെ.ശൈലജ, വി.എസ്.സുനില്‍ കുമാര്‍. ജെ.മേഴ്‌സിക്കുട്ടിയമ്മ, വിവിധ സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.