| Saturday, 18th August 2018, 2:41 pm

രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടത്ര ബോട്ടുകളില്ല; വേമ്പനാട്ടു കായലിലെ എല്ലാ ബോട്ടുകളും പിടിച്ചെടുക്കാന്‍ മന്ത്രി ജി. സുധാകരന്റെ നിര്‍ദ്ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനായി വേമ്പനാട്ടു കായലിലെ എല്ലാ ബോട്ടുകളും പിടിച്ചെടുക്കാന്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ നിര്‍ദ്ദേശം. പിടിച്ചെടുക്കുന്ന എല്ലാ ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനായി വിനിയോഗിക്കും. മിക്ക ഉടമസ്ഥരും രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ടുകള്‍ വിട്ടുകൊടുക്കാന്‍ തയ്യാറാകാഞ്ഞ സാഹചര്യത്തിലാണ് പിടിച്ചെടുക്കാന്‍ മന്ത്രി നേരിട്ടു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

മുപ്പതു ബോട്ടുകളാണ് നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കലക്ടര്‍ ഇതുവരെ പിടിച്ചെടുത്തിട്ടുള്ളത്. ബോട്ടു വിട്ടുനല്‍കാന്‍ തയ്യാറാകാത്തവരെ അറസ്റ്റു ചെയ്യാനുള്ള മന്ത്രിയുടെ നിര്‍ദ്ദേശവും അടിയന്തിരമായി നടപ്പില്‍ വരുത്തുന്നുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് നാളിത്രയായിട്ടും കൈവശമുള്ള ബോട്ടുകളുടെ മൂന്നില്‍ രണ്ടു ഭാഗമെങ്കിലും വിട്ടു നല്‍കാത്തവരെ അറസ്റ്റു ചെയ്യാനാണ് നിര്‍ദ്ദേശം.

Also Read: കേരളത്തിന് നേരെ മുഖം തിരിച്ച് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും

ബോട്ടു വിട്ടു നല്‍കാത്തവരെ ദുരന്തനിവാരണ നിയമപ്രകാരം അറസ്റ്റു ചെയ്യാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ ഉദ്യോഗസ്ഥരുടെ സംഘത്തെ ചുമതലപ്പെടുത്തുകയും, വീഴ്ച വരുത്തുന്നവരെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. ബോട്ടു വിട്ടു നല്‍കാത്തവരുടെയും ഓടിക്കാന്‍ തയ്യാറാകാത്തവരുടെയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും.

സര്‍ക്കാര്‍ ജലാശയങ്ങളിലുള്ള എല്ലാ ബോട്ടുകളും പിടിച്ചെടുത്ത് രക്ഷാപ്രവര്‍ത്തനത്തിനായി വിനിയോഗിക്കാം. പോര്‍ട്ട് ഓഫീസര്‍മാര്‍ ജില്ലാ കലക്ട്രേറ്റില്‍ അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യുകയും കലക്ട്രേറ്റില്‍ത്തന്നെ ഉണ്ടായിരിക്കുകയും വേണമെന്നും നിര്‍ദ്ദേശമുണ്ട്. ആവശ്യത്തിന് ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് ലഭ്യമാകുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് മന്ത്രിയുടെ നീക്കം.

We use cookies to give you the best possible experience. Learn more