ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചത് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള നീക്കത്തിന് മുന്നോടിയാണെന്നു വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസംഗം. രാജ്യസഭയില്‍ ബില്ലവതരിപ്പിക്കാനായി എഴുന്നേറ്റ അമിത് ഷാ ‘എല്ലാ ബില്ലുകളും കശ്മീരിനെക്കുറിച്ചുള്ളതാണ്’ എന്നു പറഞ്ഞാണ് ബില്‍ അവതരിപ്പിച്ചത്.
പ്രതിപക്ഷപ്രതിഷേധത്തിനിടെ താന്‍ എല്ലാ ചോദ്യത്തിനും ഉത്തരം നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിനിടെയാണ് അദ്ദേഹം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള ബില്‍ അവതരിപ്പിച്ചത്.
അമിത് ഷാ എഴുന്നേല്‍ക്കുന്നതിനു മുന്‍പ് കോണ്‍ഗ്രസ് എം.പി ഗുലാം നബി ആസാദ് ഇടപെട്ടിരുന്നു. താഴ്വര മുഴുവന്‍ ആശങ്കയിലാണെന്ന് അദ്ദേഹം പറഞ്ഞു. ‘മൂന്ന് മുന്‍ മുഖ്യമന്ത്രിമാര്‍ തടങ്കലിലാണ്, പല രാഷ്ട്രീയനേതാക്കളും തടവിലാണ്. യുദ്ധസമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്.’- അദ്ദേഹം പറഞ്ഞു.