കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ താമസിക്കുന്ന, ബംഗ്ലാദേശില്‍ നിന്ന് വന്ന് ഇവിടെ വോട്ടുചെയ്യുന്ന എല്ലാവരും ഇന്ത്യന്‍ പൗരന്‍മാര്‍ തന്നെയായിരിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. അവര്‍ക്കാര്‍ക്കും പുതിയ പൗരത്വത്തിനായി അപേക്ഷിക്കേണ്ടി വരില്ലെന്നും മമതാ പറഞ്ഞു.
‘ബംഗ്ലാദേശില്‍ നിന്ന് വന്ന് ഇവിടെ താമസിക്കുന്നവരും ഇന്ത്യാക്കാരാണ്. അവര്‍ക്ക് പൗരത്വം ലഭിക്കും. നിങ്ങള്‍ ഇനിയും പൗരത്വത്തിന് വേണ്ടി അപേക്ഷിക്കേണ്ടിവരില്ല. നിങ്ങള്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് പ്രധാനമന്ത്രിയേയും മുഖ്യമന്ത്രിയേയും തെരഞ്ഞെടുത്തവരാണ്. എന്നിട്ടവര്‍ പറയുന്നു നിങ്ങള്‍ ഈ രാജ്യത്തെ പൗരന്‍മാരല്ലെന്ന്. അവരെ വിശ്വസിക്കരുത്.’, മമത പറഞ്ഞു.
ബംഗാളില്‍ നിന്ന് ഒരു കുടിയേറ്റക്കാരനെ പോലും പൗരത്വത്തിന്റെ പേരില്‍ നാട് കടത്തില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു. ദല്‍ഹി കലാപം ബംഗാളില്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും മമത പറഞ്ഞു.
നേരത്തെ അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനത്തിനിടെ ഗോലി മാരോ സാലോം കോ മുദ്രാവാക്യമുയര്‍ത്തിയ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകരെ കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ദല്‍ഹി കലാപത്തിനിരയായവര്‍ക്ക് വേണ്ടി രാജ്യവ്യാപകമായി ഫണ്ട് ശേഖരണം നടത്തുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. 10 ലക്ഷം രൂപ നിലവില്‍ ഇതിലേക്ക് വകയിരുത്തിയതായും തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറക് ഒബ്രയാന്‍ പറഞ്ഞിരുന്നു.
ഫണ്ടിലേക്ക് മമത ബാനര്‍ജി അഞ്ച് ലക്ഷം രൂപ നല്‍കി. മമത രചിച്ച പുസ്തകങ്ങളുടെ റോയല്‍റ്റി തുകയാണ് നല്‍കിയത്. പാര്‍ട്ടി എം.പിമാര്‍ ചേര്‍ന്നാണ് അഞ്ച് ലക്ഷം രൂപ നല്‍കിയത്.