ന്യൂദല്‍ഹി: ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട നരോദ ഗാം കൂട്ടക്കൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു. ഗുജറാത്ത് മുന്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ മായ കൊട്‌നാനി, ബജ്‌റംഗ്ദള്‍ നേതാവ് ബാബു ബജ്‌റംഗി തുടങ്ങിയ 68 പ്രതികളെയാണ് വെറുതെവിട്ടത്.
28 വര്‍ഷം ജീവപര്യന്തം തടവിന് ശിക്ഷിച്ച 2012ലെ പ്രത്യേക കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലിലാണ് സ്‌പെഷ്യല്‍ കോടതിയുടെ വിധി.
കൂട്ടക്കൊല നടന്ന് എട്ട് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിചാരണ ആരംഭിച്ചിരുന്നത്. വിചാരണ വേളയില്‍ 18 പേര്‍ മരിക്കുകയും ചെയ്തിരുന്നു. ബാക്കിയുണ്ടായിരുന്ന 68 പ്രതികളെയാണ് കോടതി ഇപ്പോള്‍ വെറുതെ വിട്ടിരിക്കുന്നത്.
വനിത-ശിശുക്ഷേമ മന്ത്രിയായിരിക്കെ മായ കോട്‌നാനിയുടെ നേതൃത്വത്തിലുള്ള അക്രമികള്‍ നരോദ ഗാമില്‍ 11 പേരെ കൂട്ടക്കൊല ചെയ്തുവെന്നായിരുന്നു കേസ്. 13 വര്‍ഷത്തിനിടെ ആറു ജഡ്ജിമാരാണ് കേസില്‍ വാദം കേട്ടിരുന്നത്. 187 സാക്ഷികളെയും 57 ദൃക്‌സാക്ഷികളെയും വിസ്തരിച്ചിരുന്നു.
ഗുജറാത്ത് വംശഹത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട സംഭവമായിരുന്നു നരോദ ഗാമിന് തൊട്ടടുത്ത പ്രദേശമായ നരോദപാട്യയില്‍ അരങ്ങേറിയ കൂട്ടക്കൊല.
Content Highlight: All accused in Naroda Gam massacre case related to Gujarat Genocide acquitted