ഹൈദരാബാദ്: 2007ലെ മക്ക മസ്ജിദ് സ്‌ഫോടനക്കേസിലെ മുഴുവന്‍ കുറ്റാരോപിതരെയും കോടതി വെറുതെവിട്ടു. 10 കുറ്റാരോപിതരില്‍ 5 പേരാണ് വിചാരണ നേരിട്ടത്. എന്‍.ഐ.എ കേസ് തെളിയിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് കോടതി പറഞ്ഞത്.
സ്പെഷ്യല്‍ എന്‍.ഐ.എ കോടതിയാണ് വിധി പ്രസ്താവിച്ചത്. കഴിഞ്ഞ ആഴ്ച വിചാരണ പൂര്‍ത്തിയാക്കിയ കേസില്‍ വിധിപ്രസ്താവന ഇന്നേക്ക് മാറ്റി വയ്ക്കുകയായിരുന്നു.
2007 മെയ് 18 ലാണ് ഹൈദരാബാദിലെ പ്രമുഖ മുസ്ലിം ആരാധനാലയമായ മക്ക മസ്ജിദില്‍ ഹിന്ദുത്വ തീവ്രവാദികള്‍ സ്ഫോടനം നടത്തിയത്. വെള്ളിയാഴ്ച ജുമുഅക്ക് എത്തിയ ഒന്‍പത് പേരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തിന് ശേഷം കേസ് സി.ബി.ഐക്ക് കൈമാറിയിരുന്നു. പിന്നീടാണ് ദേശീയ അന്വേഷണ ഏജന്‍സി കേസ് ഏറ്റെടുത്തത്.
ഹിന്ദുത്വ സംഘടനകളിലുള്‍പ്പെട്ട 10 പേരെ കുറ്റാരോപിതരായി കേസെടുത്തെങ്കിലും അവരില്‍ അഞ്ച് പേര്‍ മാത്രമേ അറസ്റ്റ് ചെയ്യപ്പെടുകയും വിചാരണ നേരിടുകയും ചെയ്തിട്ടുള്ളൂ. സ്വാമി അസീമാനന്ദ എന്ന നബ കുമാര്‍ സര്‍ക്കാര്‍, ദേവേന്ദ്ര ഗുപ്ത, ലോകേഷ് ശര്‍മ, ഭരത് മോഹന്‍ലാല്‍ രതേശ്വര്‍ എന്ന ഭരത് ഭായി, രാജേന്ദ്ര ചൗധരി എന്നിവരെയാണ് അറസ്റ്റ് ചെയ്ത് വിചാരണയ്ക്ക് വിധേയമാക്കിയത്.
കുറ്റാരോപിതരില്‍ സന്ദീപ് വി ദാങ്കെ, രാംചന്ദ്ര കല്‍സങ്ക്ര എന്നീ രണ്ട്പേര്‍ ഒളിവില്‍ പോവുകയും സുനില്‍ ജോഷി എന്നയാള്‍ മരിക്കുകയും ചെയ്തിരുന്നു. രണ്ട് പേര്‍ക്കെതിരെ അന്വേഷണം തുടരുകയാണ്.
കേസില്‍ 226 സാക്ഷികളെ ഹാജരാക്കിയിരുന്നെങ്കിലും ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത് ഉള്‍പ്പടെ 64 പേര്‍ മൊഴിമാറ്റി. 411 തെളിവുകളാണ് ഹാജരാക്കിയത്. അസീമാനന്ദയും ഭരത് മോഹന്‍ലാല്‍ രതേശ്വറും ജാമ്യത്തിലിറങ്ങി. കുറ്റാരോപിതരില്‍ മറ്റു മൂന്നുപേര്‍ സെട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്.
മുസ്ലിം തീവ്രവാദമാണ് സംഭവത്തിന് പിന്നിലെന്നാരോപിച്ച് പൊലീസ് മുസ്ലിം യുവാക്കളെ കുറ്റാരോപിതരാക്കി കേസെടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ എന്‍.ഐ.എ കേസ് ഏറ്റെടുത്തതോടെ ഹിന്ദുത്വ സംഘടനകളാണ് സ്ഫോടനത്തിന് പിന്നിലെന്ന് പുറത്ത് വരികയായിരുന്നു. ഈ സംഘടനകളുടെ പങ്കിനെക്കുറിച്ച് അസീമാനന്ദ കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നെങ്കിലും പിന്നീട് മാറ്റിപ്പറഞ്ഞു.