അഗളി: ആദിവാസി യുവാവിനെ മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ മുഴുവന്‍ കുറ്റാരോപിതരും അറസ്റ്റിലായി. 16 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയതായി പാലക്കാട് എസ്.പി പറഞ്ഞു. ഇവരെ നാളെ രാവിലെ കോടതിയില്‍ ഹാജരാക്കും.
ഇതോടെ ആഗളി പൊലീസ് സ്റ്റേഷനു മുന്നില്‍ ആദിവാസി പ്രവര്‍ത്തകര്‍ നടത്തിയ സമരം അവസാനിപ്പിച്ചു. പ്രതികള്‍ക്ക് ഉചിതമായ ശിക്ഷ നല്‍കിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് പറഞ്ഞാണ് സമരം അവസാനിപ്പിച്ചത്.
മധുവിനെ കാണിച്ചുകൊടുത്ത വനം വകുപ്പ് ജീവനക്കാര്‍ക്കെതിരെ അന്വേഷിച്ച് വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പു മന്ത്രി കെ. രാജു പറഞ്ഞു. മധുവിനെ മര്‍ദ്ദിച്ചവരെ വനത്തിലേക്ക് പ്രവേശിപ്പിച്ചതും മധുവിന്റെ താമസസ്ഥലം അക്രമികള്‍ക്ക് കാണിച്ച് കൊടുത്തതും വനം വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ഇന്ന് ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ മധുവിന്റെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. വ്യാഴാഴ്ച രാത്രിയാണ് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ നാട്ടുകാരില്‍ ചിലര്‍ മോഷണക്കുറ്റം ആരോപിച്ച് ക്രൂരമായി തല്ലിച്ചതച്ചത്. കടകളില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.
ഉടുത്തിരുന്ന കൈലി മുണ്ട് അഴിച്ച് കൈയ്യില്‍ കെട്ടിയ ശേഷമായിരുന്നു നാട്ടുകാരുടെ മര്‍ദ്ദനം. പിന്നീട് മുക്കാലിയില്‍ കൊണ്ടുവരികയും ചെയ്തു. ഏറെ നേരത്തെ മര്‍ദ്ദനത്തിന് ശേഷമാണ് ഇയാളെ പൊലീസിന് കൈമാറിയത്. പൊലീസ് കസ്റ്റഡിയില്‍ നിന്ന് ആശുപത്രിയിലേക്കുള്ള വഴിമധ്യേ മധു മരിക്കുകയായിരുന്നു.
ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തലയ്ക്ക് ഗുരുതരമായ പരുക്കേറ്റിരുന്നെന്നും നെഞ്ചിലും മര്‍ദ്ദനമേറ്റിരുന്നെന്നും വാരിയെല്ലുകള്‍ തകര്‍ന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.
(ചിത്രം: മനോരമ)