കോഴിക്കോട്: കുറ്റ്യാടി മൊകേരി ശ്രീധരന്‍ വധക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട് മറാട് അഡിഷണല്‍ സെഷന്‍സ് കോടതി.
ശ്രീധരന്റെ വീട്ടിലെ ജോലിക്കാരന്‍ ആയിരുന്ന പശ്ചിമ ബംഗാള്‍ സ്വദേശി പരിമള്‍ ഖല്‍ദാന്‍ (52), ശ്രീധരന്റെ ഭാര്യ മൊകേരി വട്ടക്കണ്ടി മീത്തല്‍ ഗിരിജ (43), ഭാര്യമാതാവ് കുണ്ടത്തോട് വലിയ പറമ്പത്ത് ദേവി (67) എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് അഡിഷണല്‍ സെഷന്‍സ് ജഡജ് ആര്‍.ശ്യാം ലാല്‍ വെറുതെ വിട്ടത്.
2017 ജൂലൈ എട്ടിന് മൊകേരി ശ്രീധരന്‍ മരണപ്പെട്ടത്. ഹൃദയാഘാതം മൂലം മരണപ്പെട്ടതെന്ന് കരുതി ബന്ധുക്കള്‍ ബോഡി മറവു ചെയ്തു. മരണത്തില്‍ സംശയമുന്നയിച്ച് നാട്ടുകാര്‍ രംഗത്തെത്തിയതോടെ കുറ്റ്യാടി പോലീസ് കേസെടുത്തു. മറവ് ചെയ്ത ബോഡി പുറത്തെടുത്ത് പോസ്റ്റ് മാര്‍ട്ടം ചെയ്തു.
രാത്രി ഉറക്കഗുളിക നല്‍കി മയക്കി ശ്രീധരനെ ഭാര്യ ഗിരിജയും അമ്മ ദേവിയും പരിമള്‍ ഖല്‍ദാനും ചേര്‍ന്ന് കഴുത്തില്‍ തോര്‍ത്ത് മുണ്ട് ചുറ്റിയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയതോടെ ഓഗസ്റ്റ് മൂന്നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചിരുന്നു.
കേസില്‍ പ്രോസിക്യൂഷന്‍ 38 സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചു. ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കാവുന്ന ഐ.പി.സി 302 പ്രകാരമായിരുന്നു കേസ്. ഈ കേസിലാണ് പ്രതികളെ വെറുതെ വിട്ട് കോടത് ഇന്ന് വിധി പ്രസ്താവിച്ചത്.
ഒന്നാം പ്രതിയ്ക്ക് വേണ്ടി അഡ്വക്കറ്റ് എം. മുഹമ്മദ് ഫിര്‍ദൗസും രണ്ടും മൂന്നും പ്രതികള്‍ക്ക് വേണ്ടി അഡ്വക്കറ്റ് കൃഷ്ണ മോഹനും ഹാജരായി.
Content highlight: All accused acquitted in Mokeri Sreedharan murder case