സുന്ദര്‍ പിച്ചൈ, സത്യ നാദല്ലെ, അരവിന്ദ് കൃഷ്ണ, ശാന്തനു നാരായണ്‍, രഘു രഘുറാം ഇവരില്‍ മിനിമം രണ്ട് പേരുടെ പേരെങ്കിലും നിങ്ങളെല്ലാവരും കേട്ടിട്ടുണ്ടാവാം. ലോകത്തെ ടെക്‌നോളജി ഭീമന്മാരായ ഗൂഗിള്‍, മൈക്രോ സോഫ്റ്റ്, ഐ.ബി.എം, അഡോബ്, വി.എം. വെയര്‍ എന്നീ കമ്പനികളുടെ തലപ്പത്തുള്ള ഇന്ത്യക്കാരാണിത്. ഈ കൂട്ടത്തിലേക്ക് കഴിഞ്ഞ ദിവസം കടന്നുവന്നയാളാണ് പരാഗ് അഗര്‍വാള്‍.
ട്വിറ്റര്‍ സി.ഇ.ഒ സ്ഥാനത്ത് നിന്നും ജാക്ക് ഡോര്‍സി പടിയിറങ്ങുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഒപ്പം ഇനി ആ സ്ഥാനത്തേക്ക് വരാന്‍ പോകുന്നത് ആരാണെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് പരാഗ് അഗര്‍വാള്‍ എന്ന പേര് ഇന്നലെ മുതല്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. പരാഗിനെ കുറിച്ച് ഇപ്പോഴാണ് ലോകം ചര്‍ച്ച ചെയ്യുന്നതെങ്കിലും ടെക് ലോകത്ത് പരാഗ് അഗര്‍വാള്‍ എന്ന പേര് നേരത്തെ തന്നെ ഇടം പിടിച്ചിരുന്നു.
ആരാണ് പരാഗ് അഗര്‍വാള്‍? മുംബൈ സ്വദേശിയും ബോംബെ ഐ.ഐ.ടി മുന്‍ വിദ്യാര്‍ത്ഥിയുമായ പരാഗ് ട്വിറ്ററില്‍ ചേര്‍ന്ന് പത്ത് വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ തലപ്പത്തേക്ക് എത്തിയതെങ്ങനെ? പരാഗ് അഗര്‍വാളിന്റെ വരവ് കേന്ദ്ര സര്‍ക്കാരും ട്വിറ്ററും തമ്മിലുള്ള പ്രശ്‌നങ്ങളെ എങ്ങനെയായിരിക്കും ബാധിക്കുക?
മുംബൈയിലാണ് പരാഗ് അഗര്‍വാള്‍ ജനിച്ചതും വളര്‍ന്നതും. ചെറുപ്പം മുതല്‍ പഠനത്തില്‍ മികവ് പുലര്‍ത്തിയ പരാഗ് അറ്റോമിക് എനര്‍ജി സെന്‍ട്രല്‍ സ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം നടത്തിയത്. അച്ഛന്‍ അറ്റോമിക് എനര്‍ജി വിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. അമ്മ അധ്യാപികയും.
സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ബോംബെ ഐ.ഐ.ടിയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കി. പിന്നീട് ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടിയാണ് പരാഗ് അമേരിക്കയിലെത്തുന്നത്. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലായിരുന്നു പിന്നീടുള്ള ഗവേഷണവും പഠനവുമൊക്കെ.
മൈക്രോ സോഫ്റ്റ്, എ.ടി. ആന്റ് ടി, യാഹൂ എന്നിവിടങ്ങളില്‍ ജോലി ചെയ്ത ശേഷം 2011ലാണ് പരാഗ് ട്വിറ്ററിലെത്തുന്നത്. പിന്നീട്, വിവിധ പ്രോജക്ടുകളില്‍ വര്‍ക്ക് ചെയ്തും പല പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയും പടി പടിയായി ട്വിറ്ററിന്റെ ഉന്നത സ്ഥാനങ്ങളിലേക്ക് പരാഗ് കടന്നുവരികയായിരുന്നു.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ ട്വിറ്ററിലെ ടോപ് എഞ്ചിനീയര്‍മാരുടെ കൂട്ടത്തിലേക്ക് പരാഗ് എത്തി. കമ്പനിയുടെ ആദ്യ Distinguished Engineer എന്നാണ് ട്വിറ്റര്‍ പുറത്തുവിട്ട കുറിപ്പില്‍ പരാഗിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ട്വിറ്ററിന്റെ പുതിയ പ്രൊഡക്ടുകളുടെയും സാങ്കേതികവിദ്യകളുടെയും മേല്‍നോട്ടം വഹിക്കുന്ന ടീമിലും പരാഗ് ഭാഗമായിരുന്നു.
2016-2017 കാലഘട്ടത്തില്‍ ട്വിറ്ററിലേക്ക് ജനങ്ങളെ തിരിച്ചുകൊണ്ടുവരുന്നതില്‍ വലിയ പങ്കായിരുന്നു പരാഗ് വഹിച്ചത്. ഇത് കരിയറില്‍ അടുത്ത നേട്ടത്തിലേക്ക് എത്താന്‍ പരാഗിന് നിര്‍ണായകമായി. 2017ല്‍ ചീഫ് ടെക്‌നോളജി ഓഫീസര്‍ സ്ഥാനത്തേക്ക് അദ്ദേഹം കടന്നുവന്നു.
കണ്‍സ്യൂമര്‍ – റെവന്യു – ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ എന്നിവയിലെല്ലാം കൊഹസീവ് മെഷീന്‍ ലേണിംഗും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അപ്രോച്ചും കൊണ്ടുവരിക എന്ന ചുമതലയായിരുന്നു ട്വിറ്റര്‍ അന്ന് പരാഗിനെ ഏല്‍പ്പിച്ചത്.
2019ല്‍ ജാക്ക് ഡോര്‍സി വികേന്ദ്രീകൃതമായിട്ടുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം എന്ന നിലയില്‍ ബ്ലൂസ്‌കൈ എന്ന പദ്ധതിക്ക് രൂപം കൊടുത്തപ്പോള്‍ അതിന്റെ ചുമതലയും പരാഗിനായിരുന്നു.
കാര്യങ്ങളെ പ്രായോഗികതലത്തില്‍ മനസിലാക്കുന്ന വളരെ പ്രാഗ്മാറ്റിക്കായ എഞ്ചിനീയറെന്നാണ് പരാഗിനെ കുറിച്ചു ട്വിറ്ററിലെ സഹപ്രവര്‍ത്തകന്‍ ന്യൂയോര്‍ക്ക് ടൈംസിനോട് അഭിപ്രായപ്പെട്ടത്. ജാക്ക് ഡോര്‍സിയെ പോലെ ഇന്റര്‍നെറ്റിന് മേലുള്ള അധികാരവും നിയന്ത്രണങ്ങളും യൂസേഴ്‌സിന് തന്നെയായിരിക്കണം എന്ന തിയറി തന്നെയാണ് പരാഗും മുന്നോട്ടുവെക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
not sure anyone has heard but,
I resigned from Twitter pic.twitter.com/G5tUkSSxkl
— jack⚡️ (@jack) November 29, 2021
പരാഗിനെ സി.ഇ.ഒയായി തെരഞ്ഞെടുത്തുകൊണ്ട് ജാക്ക് ഡോര്‍സി എഴുതിയ ട്വീറ്റില്‍ പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. സി.ഇ.ഒ സ്ഥാനത്തേക്ക് താന്‍ കുറെ നാളായി മനസില്‍ കണ്ടിരുന്നത് പരാഗിനെയായിരുന്നു എന്നാണ് ജാക്ക് ഡോര്‍സി പറഞ്ഞത്. കമ്പനിയെ കുറിച്ച്
ആഴത്തില്‍ മനസിലാക്കിയിട്ടുള്ള, ആവശ്യങ്ങളെല്ലാം കൃത്യമായി അറിയുന്നയാളാണ് പരാഗെന്നും ട്വിറ്റര്‍ അടുത്ത കാലത്തെടുത്ത എല്ലാ നിര്‍ണായക തീരുമാനങ്ങളിലും പരാഗും ഭാഗമായിരുന്നുവെന്നും ജാക്ക് ഡോര്‍സി പറയുന്നു. എല്ലാ സാധ്യതകളും പരിശോധിച്ച ശേഷം ഏകകണ്‌ഠേനെയാണ് പരാഗിനെ ബോര്‍ഡ് തെരഞ്ഞെടുത്തത്. സി.ഇ.ഒയായി എത്തുന്ന പരാഗില്‍ തനിക്ക് പരിപൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ജാക്ക് ഡോര്‍സി കൂട്ടിച്ചേര്‍ക്കുന്നു.
സുന്ദര്‍ പിച്ചൈയെയോ സത്യ നാദല്ലെയോ പോലെ ഒരുപാട് വിവരങ്ങളൊന്നും പരാഗിനെ കുറിച്ച് ഇപ്പോള്‍ പുറത്തുവന്നിട്ടില്ല. ട്വിറ്ററിന്റെ ഭാഗത്ത് നിന്നും വന്ന വിവരങ്ങളാണ് അദ്ദേഹത്തെ കുറിച്ച് ഇപ്പോള്‍ പ്രധാനമായും ലഭ്യമായിട്ടുള്ളത്. സി.ഇ.ഒ ആയ ശേഷം കമ്പനിയിലെ തൊഴിലാളികള്‍ക്ക് അയച്ച ഇ-മെയ്‌ലില്‍ ഇക്കാര്യം പരാഗ് പരാമര്‍ശിച്ചിട്ടുണ്ട്.
നിങ്ങളില്‍ ചിലര്‍ക്ക് എന്നെ നന്നായിട്ടറിയാം, ചിലര്‍ക്ക് തീരെ അറിയില്ല. എന്തായാലും നമുക്ക് കൂടുതല്‍ കാര്യങ്ങള്‍ പരസ്പരം മനസിലാക്കാം. നേരിട്ടുള്ള, തുറന്ന സംഭാഷണങ്ങള്‍ നടത്തി നമുക്കൊരുമിച്ച് മുന്നോട്ടുപോകാം എന്നാണ് പരാഗിന്റെ വാക്കുകള്‍. എന്തായാലും അദ്ദേഹത്തിന്റെ ചില പഴയ ട്വീറ്റുകളും മറ്റും ഇപ്പോള്‍ ചര്‍ച്ചയാകാന്‍ തുടങ്ങിയിട്ടുണ്ട്.
പരാഗ് അഗര്‍വാളിന്റെ വരവും ഇന്ത്യയും എന്നുള്ളതാണ് ചര്‍ച്ചയിലുള്ള അടുത്ത വിഷയം. പരാഗിന്റെ മുന്‍ നിലപാടുകളെ കുറിച്ച് കാര്യമായ വിവരങ്ങളൊന്നുമില്ലാത്തതിനാലും ട്വിറ്റര്‍ സി.ഇ.ഒ എന്ന നിലയിലുള്ള പുതിയ തീരുമാനങ്ങളൊന്നും വരാത്തതിനാലും ഇപ്പോള്‍ വലിയ വിലയിരുത്തലുകള്‍ സാധ്യമല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ട്വിറ്ററും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍, സമൂഹമാധ്യമങ്ങള്‍ക്ക് കേന്ദ്രം ഏര്‍പ്പെടുത്താനൊരുങ്ങുന്ന നിയന്ത്രണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പരാഗിന്റെ തീരുമാനങ്ങളെങ്ങനെയായിരിക്കും എന്ന കാര്യത്തിലും ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. യൂസേഴ്‌സിനായിരിക്കണം പ്ലാറ്റ്‌ഫോമിന്റെ നിയന്ത്രണം എന്ന നിലപാടാണ് പരാഗ് തന്റെ തീരുമാനങ്ങളില്‍ പിന്തുടരുന്നതെങ്കില്‍ നിയന്ത്രണങ്ങളോട് സമ്മതം മൂളുന്ന സമീപനമായിരിക്കില്ലെന്നും ചില നിരീക്ഷണങ്ങള്‍ ഉയരുന്നുണ്ട്.
എന്നാല്‍ അമേരിക്കയിലോ മറ്റു രാജ്യങ്ങളിലോ ഉള്ളതു പോലെ പോലും സര്‍ക്കാരിനെതിരെ അത്ര കടുത്ത തീരുമാനങ്ങളൊന്നും ഇന്ത്യയില്‍ ഒരു സോഷ്യല്‍ മീഡിയയും സ്വീകരിക്കാറില്ലെന്നും അതുകൊണ്ട് തന്നെ പരാഗ് അഗര്‍വാളിന്റെ വരവ് വലിയ മാറ്റങ്ങളൊന്നും സൃഷ്ടിക്കില്ലെന്നുമാണ് മറുപക്ഷം. എന്തായാലും ട്വിറ്ററിനെ നയിക്കാനെത്തിയ പരാഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ലോകം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: All about Twitter new CEO Parag Agrawal