| Wednesday, 15th July 2020, 4:42 pm

അറിയണം, രാജകുടുംബത്തിനെതിരെ നിയമപോരാട്ടം നടത്തിയ സുന്ദരരാജന്‍ ആരായിരുന്നുവെന്ന്

രോഷ്‌നി രാജന്‍.എ

പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടസ്ഥാവകാശ തര്‍ക്കങ്ങള്‍ക്കൊടുവില്‍ വന്ന സുപ്രീംകോടതി വിധി ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ക്ഷേത്രം പൊതുസ്വത്തായി തുടരുമെന്നും എന്നാല്‍ അതിന്റെ നടത്തിപ്പില്‍ മുന്‍ രാജകുടുംബത്തിനും അവകാശമുണ്ടെന്നുമാണ് കോടതി വിധിയുടെ അന്തസത്ത. പത്മനാഭസ്വാമി ക്ഷേത്രവും അവിടുത്തെ നിധിശേഖരവും അതിന്‍മേലുള്ള പൊതു അവകാശങ്ങളുമെല്ലാം വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന മറ്റൊരു പേരുണ്ട്. സുന്ദരരാജന്‍. ക്ഷേത്രത്തിലെ നിധി ശേഖരം രാജകുടുംബം കടത്തിക്കൊണ്ടു പോകുന്നുവെന്നും സ്വത്തുക്കളുടെ ഉടമസ്ഥാവകാശം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അറിയിച്ച് നിയമപോരാട്ടം നടത്തിയ ടി.പി സുന്ദരരാജന്‍.

യഥാര്‍ത്ഥത്തില്‍ ആരായിരുന്നു സുന്ദരരാജന്‍? രാജകുടുംബവുമായി ബന്ധപ്പെട്ട് സുന്ദരരാജന്‍ ഉന്നയിച്ച ആരോപണങ്ങള്‍ എന്തെല്ലാമായിരുന്നു. ഡൂള്‍ എക്സ്പ്ലെയ്നര്‍ പരിശോധിക്കുന്നു..

1941 ഏപ്രില്‍ 20ന് തമിഴ്നാട്ടില്‍ ശേഷലക്ഷ്മിയുടെയും പദ്മനാഭ അയ്യങ്കാറിന്റെയും മകനായാണ് ടി.പി സുന്ദരരാജന്‍ ജനിക്കുന്നത്. ചെറുപ്രായത്തില്‍ തന്നെ സംസ്‌കൃതവും തമിഴും മലയാളവും ഇംഗ്ലീഷുമെല്ലാം പഠിച്ചു. ജനിച്ചത് തമിഴ്നാട്ടിലാണെങ്കിലും പഠിച്ചതും വളര്‍ന്നതുമെല്ലാം തിരുവനന്തപുരത്തായിരുന്നു. തികഞ്ഞ ഭക്തന്‍, മികച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍, പൊലീസ് ഓഫീസര്‍, രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതന്‍, പ്രമുഖ അഭിഭാഷകന്‍, എല്ലാത്തിലുമുപരി ഇന്ദിരാഗാന്ധിയുടെ വിശ്വസ്ഥന്‍. ഇങ്ങനെ വിശേഷണങ്ങള്‍ ഏറെയുണ്ട് ടി.പി സുന്ദരരാജന്.

1963 ല്‍ സുന്ദരരാജന്‍ ഐ.എ.എസ് നേടി. തുടര്‍ന്ന് അഞ്ച് വര്‍ഷം ഇന്ത്യന്‍ പൊലീസ് ഓഫീസര്‍ തസ്തികയില്‍ പ്രവര്‍ത്തിച്ചു. ശേഷം ഇന്റലിജന്‍സ് ബ്യൂറോയില്‍. ഐ.ബിയില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച അദ്ദേഹം കുറഞ്ഞ സമയം കൊണ്ടുതന്നെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഐ.ബി സംഘത്തിലെ പ്രധാനിയായിമാറി.

രക്ഷിതാക്കള്‍ക്ക് പ്രായമേറി വന്നപ്പോള്‍ അവരോടൊപ്പം ചെലവഴിക്കാനും പ്രമേഹം ബാധിച്ച് കാഴ്ച നഷ്ടപ്പെട്ട തന്റെ അച്ഛനെ പത്മനാഭസ്വാമിക്ഷേത്രത്തില്‍ ദര്‍ശനത്തിന് കൊണ്ടുപോവാനുമായി എക്കാലവും പൂര്‍ണഭക്തനായിരുന്ന സുന്ദരരാജന്‍ ജോലി തന്നെ രാജിവെച്ചു.
പില്‍ക്കാലത്ത് സുപ്രീംകോടതിയില്‍ അഭിഭാഷകനായും പ്രാക്ടീസ് ചെയ്തു. അതും പാതിവഴിയില്‍ ഉപേക്ഷിച്ച് പൂര്‍ണ്ണസമയവും ഭക്തിയുടെ പാതയിലേക്ക് തിരിഞ്ഞു.പ്രസിദ്ധമായ നളിനി നെറ്റോ ലൈംഗികാക്രമണക്കേസില്‍ പ്രതിയായ നീലലോഹിതദാസ് നടാറിനെതിരെ കോടതിയില്‍ വാദിച്ച അഭിഭാഷക പാനലില്‍ ടി.പി സുന്ദരരാജനുമുണ്ടായിരുന്നു.

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം മോഷണം പോകുന്നുണ്ടെന്ന് ആരോപിച്ച് കേരള ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സുന്ദരരാജന്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. തിരുവിതാംകൂറിലെ അവസാന മഹാരാജാവായ ചിത്തിര തിരുന്നാള്‍ ബാലരാമ വര്‍മ്മ മരണപ്പെട്ടപ്പോള്‍ പദ്മനാഭ സ്വാമി ക്ഷേത്രഭരണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാതെ രാജാവിന്റെ സഹോദരനായ ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡ വര്‍മയെ ക്ഷേത്ര ഭരണം ഏല്‍പ്പിച്ചത് നിയമ വിരുദ്ധമാണെന്നും ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണം മോഷണം പോകുന്നുണ്ട് എന്നും ആരോപിച്ചാണ് സുന്ദരരാജന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഗുരുവായൂര്‍ മാതൃകയില്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന് ഭരണ സംവിധാനമുണ്ടാക്കണം, ക്ഷേത്രം സംരക്ഷിത സ്മാരകം ആക്കാന്‍ കേന്ദ്ര പുരാവസ്തു വകുപ്പിന് നിര്‍ദേശം നല്‍കണം എന്നിങ്ങനെയെല്ലാമായിരുന്നു സുന്ദരരാജന്റെ ആവശ്യങ്ങള്‍.

സംസ്ഥാന സര്‍ക്കാര്‍ ക്ഷേത്രം ഏറ്റെടുക്കാന്‍ തയ്യാറാകാത്തത് നിയമവിരുദ്ധമാണെന്ന് സുന്ദരരാജന്‍ ആരോപിച്ചു. നിലവറകളിലെ നിധിശേഖരം കൃത്യമായി തിട്ടപ്പെടുത്തണമെന്നും അദ്ദേഹം കോടതിയില്‍ ആവശ്യമുന്നയിച്ചു. ക്ഷേത്രം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി, സര്‍ക്കാരിന്റെ അഭിപ്രായം തേടിയത് സുന്ദരരാജന്റെ പരാതിയിന്മേലാണ്.

ക്ഷേത്രഭരണം നിലവില്‍ നല്ല നിലയില്‍ നടക്കുന്നതിനാല്‍ അതില്‍ ഇടെപെടേണ്ടതില്ല എന്നാണ് അന്ന് ഭരണത്തിലിരുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ കോടതിക്ക് മറുപടി നല്‍കിയത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് നിയമപരമോ നീതിയുക്തമോ അല്ലെന്നും സുന്ദരരാജന്റെ പരാതിയില്‍ കാമ്പുണ്ടെന്നും കോടതി വിമര്‍ശിച്ചു.

സുന്ദരാജന്റെ മരണത്തിന് മുമ്പ് തന്നെ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം നിയമാനുസൃത ട്രസ്റ്റോ ഭരണ സമിതിയോ ഉണ്ടാക്കി സംസ്ഥാന സര്‍ക്കാര്‍ മൂന്ന് മാസത്തിനകം ഏറ്റെടുക്കണം എന്ന് 2011 ജനുവരി 31ന് ഹൈക്കോടതി വിധിച്ചു. അവസാന രാജാവായ ചിത്തിര തിരുനാളിന് ശേഷം ക്ഷേത്രത്തിന്റെ അവകാശം അനന്തരാവകാശികള്‍ക്ക് കിട്ടില്ലെന്നും അവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നും കോടതി വ്യക്തമാക്കി. ഗുരുവായൂര്‍ ദേവസ്വത്തിന്റെ മാതൃകയില്‍ സമിതിയോ ട്രസ്റ്റോ ഉണ്ടാക്കണമെന്ന സുന്ദരരാജന്റെ ആവശ്യവും കോടതി അംഗീകരിച്ചു.

എന്നാല്‍ ഹൈക്കോടതി വിധിക്കെതിരെ 2011 ഏപ്രിലില്‍ തിരുവിതാംകൂര്‍ രാജ കുടുംബത്തിന് വേണ്ടി ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ബി നിലവറ തുറക്കുന്നത് സംബന്ധിച്ച് വലിയ തര്‍ക്കങ്ങള്‍ രൂപപ്പെട്ടപ്പോള്‍ നിലവറ തുറക്കേണ്ടതില്ലെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. എന്നാല്‍ സുപ്രധാനവും സമ്പന്നവുമായ ക്ഷേത്രത്തിന്റെ സ്വത്തുക്കള്‍ ശരിയായ വിധത്തില്‍ അല്ല രാജകുടുംബം പരിപാലിച്ചിരുന്നത് എന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുണ്ടായി. അതിന്റെ ഭാഗമായാണ് ഇപ്പോഴും ക്ഷേത്രഭരണം നിര്‍വ്വഹിക്കുന്ന അഞ്ചംഗ ഭരണസമിതിയെ സുപ്രീംകോടതി നിയമിക്കുന്നത്.

ഇപ്പോള്‍ ക്ഷേത്രത്തിന്റെ നടത്തിപ്പില്‍ രാജകുടുംബത്തിന് അവകാശം ഉണ്ടെന്ന് പറയുമ്പോഴും പത്മനാഭസ്വാമി ക്ഷേത്രം ഒരു പൊതുക്ഷേത്രമായിത്തന്നെ നില്‍ക്കേണ്ടതുണ്ടെന്നാണ് സുപ്രീംകോടതിയുടെ വിധി വന്നിരിക്കുന്നത്. അതായത് ടി.പി സുന്ദരരാജന്റെ ആവശ്യങ്ങളെ കോടതി പരിഗണിച്ചിട്ടുണ്ടെന്നും ഈ വിധി അദ്ദേഹത്തിന്റെ വിജയവുമാണെന്നാണ് നിരവധിപേര്‍ അഭിപ്രായപ്പെടുന്നത്. രാജകുടുംബത്തിന്റെ അധികാരപ്രയോഗങ്ങള്‍ക്കു മുന്നില്‍ നീതിപരമായ ആവശ്യങ്ങള്‍ ഉന്നയിച്ച ഉന്നത ഉദ്യോഗസ്ഥനായിരുന്ന ഒരു ഭക്തന്‍ വിജയിച്ചിരിക്കുന്നുവെന്നാണ് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ പറയുന്നത്.

പനിയും തുടരെ തുടരെയുണ്ടായ ഹൃദയസംബന്ധമായ അസുഖവും കാരണം 2011 ജൂലൈ 17നാണ് സുന്ദരരാജന്‍ മരണപ്പെടുന്നത്.

ഭക്ഷണവും വെള്ളവുമില്ലാതെ വ്രതാനുഷ്ടാനം നടത്തിവന്നത് സുന്ദരരാജന്റെ ആരോഗ്യത്തെ വലിയ രീതിയില്‍ ബാധിച്ചിരുന്നുവെന്നാണ് അന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറ തുറന്ന് നിധിശേഖരം അളന്നു തിട്ടപ്പെടുത്തണമെന്ന ആവശ്യം മുന്നോട്ട് വെച്ച സുന്ദരരാജന് ദൈവകോപം ഉണ്ടായിട്ടുണ്ടെന്നും അതിനാല്‍ സര്‍പ്പത്തിന്റെ കടിയേറ്റാണ് സുന്ദരരാജന്‍ കൊല്ലപ്പെട്ടതെന്നുമാണ് ആ സമയത്ത് ചില ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രോഷ്‌നി രാജന്‍.എ

മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.

We use cookies to give you the best possible experience. Learn more