| Friday, 27th August 2021, 9:51 pm

ടിപ്പുസുല്‍ത്താന്‍ സ്വഭാവഹത്യയുടെ രക്തസാക്ഷി

ഡോ. പി.കെ. സുകുമാരന്‍

‘ഒരു ദിവസം സിംഹത്തെ പോലെ ജീവിക്കുന്നതാണ് നൂറ് കൊല്ലം കുറുക്കനെ പോലെ ജീവിക്കുന്നതിനേക്കാള്‍ മഹത്തരമായിട്ടുള്ളത്.’ സുല്‍ത്താന്‍ ഫത്തേ അലി ടിപ്പുവിന്റെ പ്രശസ്തമായ വാക്കുകളാണിവ. ടിപ്പു വീരമൃത്യു വരിക്കുന്നതിന് ഏതാനും മിനിട്ടുകള്‍ മുമ്പ് പറഞ്ഞ വാക്കുകളാണിവ.

1750-നവമ്പര്‍ 20 ന് ഭൂജാതനായ അദ്ദേഹം ബ്രിട്ടീഷ് പട്ടാളവുമായി പോരാടി 1799- മെയ് 4 ന് വീരമൃത്യു മരിക്കുന്നത് വരെ ശരിക്കും സിംഹമായി തന്നെയാണ് ജീവിച്ചത്. മൈസൂറിലെ വ്യാഘ്രം എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. അദ്ദേഹമൊരു പണ്ഡിതനും യോദ്ധാവും കവിയും ഗ്രന്ഥകാരനും വ്യവസായ സംരംഭകനും വായനാശീലനും ആയിരുന്നു. തന്റെ ജനങ്ങള്‍ക്ക് സേവനം അര്‍പ്പിക്കുന്നതിനായി അദ്ദേഹം അഹോരാത്രം കഠിനാദ്ധ്വാനം ചെയ്തു. പുരോഗമന വീക്ഷണമുണ്ടായിരുന്ന ടിപ്പു ഫ്രഞ്ചുവിപ്ലവത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് ‘സിറ്റിസണ്‍’ എന്ന സ്ഥാനം വരിച്ചിരുന്നു. മനുഷ്യസ്‌നേഹിയായ അദ്ദേഹം വിവാഹം കഴിക്കാന്‍ പണമില്ലാത്ത യുവതികളുടെ കുടുംബത്തിന് സര്‍ക്കാറില്‍ നിന്ന് സഹായധനം നല്‍കിയിരുന്നു.

തന്റെ രാജ്യത്ത് നിരവധി റോഡുകളും ജലാശയങ്ങളും അണക്കെട്ടുകളും ഉണ്ടാക്കുകയും തുറമുഖങ്ങള്‍ ഉണ്ടാക്കുകയും വിദേശ വ്യപാരം വികസിപ്പിക്കുകയും പാശ്ചാത്യ സാങ്കേതിക വിദ്യ ഉപയോഗിച്ച് വാച്ച് ഫാക്ടറി ആരംഭിക്കുകയും വാണിജ്യവിളകളടക്കം കാര്‍ഷികമേഖലയ വളര്‍ത്തുകയും ചെയ്ത വികസന നായകനുമായിരുന്നു ടിപ്പു സുല്‍ത്താന്‍.
ഇന്ത്യന്‍ മണ്ണില്‍ ബ്രിട്ടീഷുകാര്‍ കാലുറപ്പിക്കുന്നു എന്ന് വ്യക്തമായതോടെ ധീരദേശാഭിമാനിയായ ടിപ്പു ഏത് വിധേനയും ബ്രിട്ടീഷുകാരെ ഇവിടെ നിന്ന് തുരത്തണമെന്ന് ദൃഢവ്രതമെടുത്തു.

അദ്ദേഹം തന്റെ പട്ടാളത്തില്‍ പുതിയ സാങ്കേതികവിദ്യ പ്രയോഗിക്കുകയുണ്ടായി. റോക്കറ്റ് പട്ടാള ആക്രമണത്തിന് ലോകത്ത് ആദ്യമായി ഉപയോഗിക്കുകയും അതുപയോഗിച്ച് ബ്രിട്ടീഷ് പട്ടാളത്തെ ഒന്നും രണ്ടും മൈസൂര്‍ യുദ്ധങ്ങളില്‍ വിജയകരമായി നേരിടുവാനും അദ്ദേഹത്തിന് കഴിഞ്ഞു. നാലാം മൈസൂര്‍ യുദ്ധത്തില്‍ ടിപ്പു കൊല്ലപ്പെടുകയും തുടര്‍ന്ന് ഇംഗ്ലീഷുകാര്‍ ഈ റോക്കറ്റുകള്‍ പിടിച്ചെടുക്കുകയും ഇംഗ്ലണ്ടില്‍ അവ പരിഷ്‌കരിച്ച് ഉപയോഗിക്കുകയും ചെയ്തു. നമ്മുടെ മുന്‍ രാഷ്ട്രപതിയും ബഹിരാകാശഗവേഷകനുമായ എ.പി.ജെ അബ്ദുള്‍കലാം അമേരിക്ക സന്ദര്‍ശിച്ചതിനെ പറ്റി തന്റെ ‘വിങ്ങ്‌സ് ഓഫ് ഫയര്‍’ എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നു:

‘എന്റെ യാത്രയുടെ അവസാനം ഞാന്‍ പോയത് കിഴക്കന്‍ തീരത്തുള്ള വെര്‍ജീനിയയിലെ വാലോപ്‌സ് ദ്വീപിലേക്കാണ്. അവിടെയാണ് നാസയുടെ റോക്കറ്റ് പദ്ധതിയുടെ കേന്ദ്രം. അവിടത്തെ സ്വീകരണമുറിയില്‍ പ്രാധാന്യത്തോടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഒരു ചിത്രം എന്റെ ശ്രദ്ധയില്‍ പെട്ടു. ഒരു യുദ്ധരംഗമാണ് അതില്‍ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ റോക്കറ്റുകള്‍ പായുന്നത് വ്യക്തമായി കാണാം. നമ്മുടെ നാട് ആ മഹാനായ ഭാരതപുത്രനെ മറന്നുവെങ്കിലും അങ്ങകലെ ഏഴാം കടലിനക്കരെ നാസയുടെ കെട്ടിടത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള പെയിന്‍ടിങ്ങില്‍ ടിപ്പുസുല്‍ത്താന്റെ പട്ടാളം റോക്കറ്റ് ഉപയോഗിച്ച് വിജയകരമായി ബ്രിട്ടീഷ് പട്ടാളത്തിനെതിരെ റോക്കറ്റുകള്‍ ഉപയോഗിക്കുന്നത് ചിത്രീകരിച്ചിരിക്കുന്നതും ഒരു ഇന്ത്യക്കാരനെ മഹാനായി ചിത്രീകരിച്ചതും കണ്ടപ്പോള്‍ എനിക്ക് സന്തോഷം തോന്നി’ (Wings of Fire – Dr. A.P.J. Abdul Kalam with Arun Tiwari)
മനുഷ്യന്റെ സാമൂഹ്യചരിത്രത്തില്‍ നാഴികക്കല്ലുകളായി മാറിയ ഏതാശയവും ഒരിക്കലും സാധാരണ ചിന്തയില്‍ നിന്നും വരുന്നതല്ല.

ജീനിയസ്സുകള്‍ അഞ്ചോ പത്തോ നൂറ്റാണ്ടുകള്‍ക്കിടയില്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ്വ പ്രതിഭാസങ്ങളാണ്. നാല്‍പത്തിയൊമ്പതാം വയസ്സില്‍ വധിക്കപ്പെട്ട ടിപ്പു പിതാവിനെ പോലെ എണ്‍പത് വയസ്സുവരെ ജീവിച്ചിരുന്നെങ്കില്‍ മൈസൂറില്‍ ഒരു വ്യവസായ വിപ്ലവം സംഭവിക്കുമായിരുന്നോ? കൊള്ളിമീന്‍ പോലെ മാഞ്ഞുപോയ ഷേര്‍ഷയെ മറക്കാന്‍ കൂട്ടാക്കാത്ത ഇന്ത്യാ ചരിത്രത്തിന് ടിപ്പുവും അനശ്വരനായിരിക്കും. (Great Men of India)Quoted by M.H.K page 333 In the chapter on administrative system. In pages 333-353 the organisation of departments were given in detail)

ഹൈദരലിയും ടിപ്പുവും അതികഠിനമായി വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. 1757-ല്‍ പാലക്കാട് രാജാവിന്റെ ക്ഷണപ്രകാരം സാമൂതിരിക്കെതിരെ ഹൈദരലി പട നയിച്ചിരുന്നു. ആ യുദ്ധത്തിലെ സന്ധി പ്രകാരമുള്ള കാര്യങ്ങള്‍ പിന്നീട് സാമൂതിരി ലംഘിക്കുകയായിരുന്നു. അതിന് മുമ്പ് മുസ്ലീങ്ങളും അവിടത്തെ നായന്മാരും തമ്മില്‍ പലപ്പോഴും സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്. ഹൈദറിന്റെ ആക്രമണകാലം മുസ്ലീങ്ങള്‍ പകരം വീട്ടാനുള്ള അവസരമായി എടുത്തിരുന്നു. ടിപ്പു അതിനെയെല്ലാം അടിച്ചമര്‍ത്തി നിക്ഷ്പക്ഷമായാണ് ഭരിച്ചിരുന്നത്.

മതപരിവര്‍ത്തനത്തെ ടിപ്പു പ്രോത്സാഹിപ്പിച്ചിരുന്നു എന്നത് സത്യമാണ്. നായര്‍ പടയാളികള്‍ അവര്‍ണ്ണരെ വഴിയില്‍ കണ്ട് അയിത്തമായാല്‍ ഉടനെ വധിക്കാം എന്നീ ക്രൂരനിയമങ്ങളും ഒരു നിയന്ത്രണമില്ലാതെ നമ്പൂതിരിമായും നായന്മാരും നായര്‍ സ്ത്രീകളുമായി സംബന്ധം ചെയ്യുന്നതും ടിപ്പു വിലക്കി. ഇവ കൂടാതെ ഭൂമിയുടെ യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് നല്‍കി നികുതി നിശ്ചയിക്കുന്ന സെറ്റില്‍മെന്റ് നടപ്പാക്കിയത് കര്‍ഷകര്‍ക്ക് പ്രോത്സാഹജനകമാവുകയും കൃഷി അഭിവൃദ്ധിപ്പെടുകയുമാണുണ്ടായത്.

എന്നാല്‍ ജാതിജന്യകുത്തകാവകാശങ്ങള്‍ നഷ്ടപ്പെട്ട സവര്‍ണ്ണര്‍ക്ക് സുല്‍ത്താന്മാര്‍ കഠിനശത്രുക്കളായി. അവരുടെ പ്രചരണം തെറ്റായ ചരിത്രമായി മാറുകയാണുണ്ടായത്. അപ്രകാരമാണ് സുല്‍ത്താന്മാര്‍ മതഭ്രാന്തന്മാരും മര്‍ദ്ദകരുമായത്. ചരിത്രം എപ്പോഴും പ്രബലരുടെ കൂടെയാണല്ലൊ പോകാറുള്ളത്. ഹിന്ദുരാജ്യങ്ങളിലെ പട്ടാളക്കാരെല്ലാം സവര്‍ണ്ണര്‍ മാത്രമാണ്. അപ്പോള്‍ ആ പട്ടാളത്തെ നേരിടുമ്പോള്‍ പട്ടാളക്കാരായ സവര്‍ണ്ണരായിരിക്കുമല്ലൊ സ്വാഭാവികമായും കൊല്ലപ്പെടുന്നത്. ഇപ്രകാരം മലബാറില്‍ ആക്രമണമുണ്ടായപ്പോള്‍ പട്ടാളക്കാരായ നിരവധി നായന്മാര്‍ മരിച്ചിരുന്നു എന്നതും സത്യമാണ്.

നിരവധി പരിഷ്‌കാരങ്ങള്‍

ടിപ്പു നിരവധി ഭരണപരമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയിരുന്നു. പുതിയ നാണയ സമ്പ്രദായം, മൗലൂദി ചാന്ദ്രകലണ്ടര്‍ (Mauludi lunisolar calendar), വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനുള്ള പുതിയ നടപടികള്‍, ഫ്രഞ്ച് സഹകരണത്തോടെ വാച്ച് ഫാക്ടറി, ദേശരക്ഷയില്‍ പുതിയ വ്യതിയാനമായ ഇരുമ്പുകവചമുള്ള റോക്കറ്റുകള്‍ എന്നിവ അവയില്‍ പെടുന്നു. ബ്രിട്ടീഷുകാര്‍ വല്ലാതെ ഭയപ്പെട്ടിരുന്ന ആ റോക്കറ്റുകള്‍ ഒന്നും രണ്ടും മൈസൂര്‍ യുദ്ധങ്ങളില്‍ അവരുടെ മുന്നേറ്റത്തെ ഫലപ്രദമായി തടയുവാന്‍ കഴിഞ്ഞിരുന്നു.

എപ്രകാരം യുദ്ധം ചെയ്യണമെന്നും അതിനുള്ള ആവേശവും ടിപ്പുവിന് പകര്‍ന്നു നല്‍കിയത് മുഹമ്മദ് ഫലക് അലിയായിരുന്നു. പട്ടാള യുദ്ധതന്ത്രങ്ങള്‍ പരിശീലിപ്പിച്ചത് ഫ്രഞ്ച് ഓഫീസറായിരുന്നു. ടിപ്പുവിന്റെ നേതൃത്വത്തില്‍ മിലിട്ടറി സയന്‍സ് പഠിക്കാനുതകുന്ന സംവിധാനമണ്ടായിരുന്നു. അത് ഇന്ത്യയിലെ രാജാക്കന്മാര്‍ക്ക് മാതൃകയായിരുന്നു. ചരിത്രകാരനായിരുന്ന ഡോ. ദുലാരി ഖുരേഷി യുടെ അഭിപ്രായത്തില്‍ ടിപ്പു വളരെ ശക്തനായ പോരാളിയായതിനാല്‍ യുദ്ധരംഗത്ത് എവിടെയും പ്രത്യക്ഷപ്പെടാന്‍ കഴിവുള്ള വ്യക്തിയായിരുന്നു എന്നാണ്. പല രംഗത്തും ഒരേ സമയം യുദ്ധം ചെയ്യുന്നത് പോലെ തോന്നിക്കും വിധം ചടുലത അദ്ദേഹത്തിനുണ്ടായിരുന്നു.

1991 നവംബര്‍ മുപ്പതിന് സംഘടിപ്പിച്ച ടിപ്പു സുല്‍ത്താന്‍ ഷഹീദ് മെമ്മോറിയല്‍ ലക്ചറില്‍ ബംഗളൂരില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം പറഞ്ഞത് ‘ടിപ്പു ലോകത്തെ ആദ്യത്തെ യുദ്ധത്തിന് ഉപയോഗിക്കുന്ന റോക്കറ്റ് കണ്ടു പിടിച്ച് ഉപയോഗിച്ച മഹാനായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് റോക്കറ്റുകള്‍ ശ്രീരംഗപട്ടണത്തുനിന്ന് ബ്രിട്ടീഷുകാര്‍ കണ്ടെടുത്തിരുന്നു. അവ ലണ്ടനിലെ റോയല്‍ മിലിട്ടറി മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വച്ചിട്ടുണ്ട്.’

1780-ല്‍ ബ്രിട്ടീഷുകാര്‍ ഓരോ പ്രദേശങ്ങള്‍ പടിച്ചടക്കുവാന്‍ ആരംഭിച്ചിരുന്നു. സുല്‍ത്താന്റെ കീഴിലുള്ള പ്രദേശങ്ങള്‍ കൈയേറി കീഴടക്കുവാന്‍ അവര്‍ ആരംഭിച്ചു. രണ്ടാം മൈസൂര്‍ യുദ്ധം ഇപ്രകാരമാണ് ആരംഭിച്ചത്. പോള്ളിലൂര്‍ എന്ന സ്ഥലത്ത് വച്ച് നടന്ന യുദ്ധത്തില്‍ ഹൈദര്‍ അലിയുടെ സൈന്യത്തോട് ബ്രിട്ടീഷ് സൈന്യം ദയനീയമായി പരാജയപ്പെട്ടു. അന്ന് മൈസൂര്‍ റോക്കറ്റുകള്‍ ബ്രിട്ടീഷ് സൈന്യത്തിന് വലിയ ആഘാതങ്ങളേല്‍പ്പിച്ചിരുന്നു.

ടിപ്പു സുല്‍ത്താനും പിതാവ് ഹൈദര്‍ അലിയും കൂടി വികസിപ്പിച്ച യുദ്ധതന്ത്രം കാലാള്‍ സൈന്യകേന്ദ്രത്തെ ആക്രമിക്കുവാന്‍ പറ്റിയതായിരുന്നു. ടിപ്പു സുല്‍ത്താന്‍ ‘ഫത്തുള്‍ മുജാഹിദ്ദീന്‍’ എന്ന ഒരു മിലിട്ടറി ഗ്രന്ഥം എഴുതിയിട്ടുണ്ട്. അതില്‍ കുഷൂണ്‍ എന്ന ആര്‍ടില്ലറി ബ്രിഗേഡ് രൂപവത്കരിക്കുവാന്‍ ഇരുനൂറ് റോക്കറ്റ് ധരിച്ചിട്ടുള്ള പട്ടാളക്കാരുണ്ടാകും. ഇപ്രകാരമുള്ളതാണ് ഒരു കുഷൂണ്‍. മൈസൂരിന് ഇപ്രകാരമുള്ള 16-24 കുഷൂണുകളുണ്ടായിരുന്നു. ഈ റോക്കറ്റുകളും പടക്കങ്ങളും ഉല്‍പാദിപ്പിക്കുന്ന കേന്ദ്രമായിരുന്നു തരമണ്ടല്‍ പേട്ട്. ഫ്രഞ്ച് സാങ്കേതികസഹകരണത്തോടെ പുതിയ അളവുതൂക്കങ്ങള്‍ ടിപ്പു ഏര്‍പ്പടുത്തിയിരുന്നു. മൈസൂരിന്റെ സാമ്പത്തിക വളര്‍ച്ച പതിനെട്ടാം നൂറ്റാണ്ടില്‍ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തിയത് ടിപ്പുവിന്റെ ഭരണകാലത്തായിരുന്നു.

ലോകത്തെ ഏറ്റവും ഉയര്‍ന്ന ജീവിത നിലവാരം

ഹൈദരലിയോടൊപ്പം സാമ്പത്തികവളര്‍ച്ചക്ക് ഒരു തീവ്രപരിപാടി ടിപ്പു വിഭാവനം ചെയ്തിരുന്നു. മൈസൂരിന്റെ സമ്പത്തും സര്‍ക്കാര്‍ വരുമാനവും വര്‍ദ്ധിപ്പിക്കുവാന്‍ അദ്ദേഹം പരിപാടിയിട്ടിരുന്നു. (Parthasarathi, Prasannan (2011), Why Europe Grew Rich and Asia Did Not: Global Economic Divergence, 1600-1850, Cambridge University Press, p. 207, ISBN 978-1-139-49889-0) അന്നത്തെ ഇന്ത്യയിലെ ഏറ്റവും വരുമാനമുണ്ടായിരുന്ന ബംഗാള്‍ സുബയുടെ വരുമാനത്തെ മൈസൂര്‍ കടത്തി വെട്ടിയിരുന്നു. ഇത് സാധ്യമായത് ഉയര്‍ന്ന കാര്‍ഷികവരുമാനവും കൂടാതെ തുണി ഉല്‍പാദനത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ചതിനാലുമായിരുന്നു.(9) മൈസൂരിലെ ജനങ്ങളുടെ ശരാശരി വരുമാനം അന്നത്തെ ഉപജീവനവരുമാനത്തിന്റെ അഞ്ചിരട്ടിയായി ഉയര്‍ന്നു. Parthasarathi, Prasannan (2011), Why Europe Grew Rich and Asia Did Not: Global Economic Divergence, 1600-1850, Cambridge University Press, p. 45, ISBN 978-1-139-49889-0)

മൈസൂരിലെ പട്ടുവ്യവസായം ആദ്യമായി ആരംഭിച്ചത് ടിപ്പുവിന്റെ കാലത്തായിരുന്നു. അദ്ദേഹം ഒരു വിദഗ്ധനെ ബംഗാളിലേക്കയക്കുന്നു. അദ്ദേഹം അവിടെ ചെന്ന് സില്‍ക്ക് കൃഷിയും അത് സംസ്‌കരിക്കുന്നതും മനസ്സിലാക്കി മൈസൂരില്‍ തിരിച്ചെത്തി പോളിപോള്‍ടിന്‍ സില്‍ക് (polyvoltine silk) ഉല്‍പാദിപ്പിക്കുന്ന സാങ്കേതിക വിദ്യ അഭ്യസിച്ച് മൈസൂരില്‍ നടപ്പാക്കി. (R.k.datta (2007) Global Silk Industry: A Complete Source Book. APH Publishing. p. 17. ISBN 978-8131300879. Retrieved 22 January 2013.).

ടിപ്പുവിന്റെ കാലത്ത് മൈസൂറില്‍ അന്ന് ലോകത്തെ ഏറ്റവും ജീവിതനിലവാരമുണ്ടായിരുന്ന ബ്രിട്ടനെ കവച്ചു വയ്ക്കുന്ന കൂലിയും ജീവിതനിലവാരവും ഉണ്ടായിരുന്നു. (Parthasarathi, Prasannan (2011), Why Europe Grew Rich and Asia Did Not: Global Economic Divergence, 1600-1850, Cambridge University Press, ISBN 978-1-139-49889-0). അതായത് 1820-ലെ പ്രതിശീര്‍ഷ വരുമാനമനുസരിച്ച് നെതര്‍ലാന്‍ഡ്‌സില്‍ 1838 ഡോളറും ഇംഗലണ്ടില്‍ 1706 ഡോളറുമായിരുന്നപ്പോള്‍ അന്ന് മൈസൂരില്‍ 2000 ഡോളറായിരുന്നു. (Parthasarathi, Prasannan (2011), Why Europe Grew Rich and Asia Did Not: Global Economic Divergence, 1600-1850, Cambridge University Press, p. 45, ISBN 978-1-139-49889-0

Angus Maddison (2007). The World Economy Volume 1: A Millennial Perspective Volume 2: Historical Statistics. Academic Foundation. p. 260. ISBN 9788171886135) ( Parthasarathi, Prasannan (2011), Why Europe Grew Rich and Asia Did
Not: Global Economic Divergence, 1600-1850, Cambridge University Press, p. 45, ISBN 978-1-139-49889-0

വ്യക്തിപരമായി ടിപ്പു ദിവസേന പ്രാര്‍ത്ഥിച്ചിരുന്ന ഈ സ്ഥലത്തെ പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചിരുന്ന മുസ്ലീമായിരുന്നു. ഒരു മുസ്ലീം ഭരണാധികാരിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ ചില നടപടികള്‍ വിവാദങ്ങളുണ്ടാക്കിയിട്ടുണ്ട്. പൊതുബോധത്തിന്നനുസരിച്ചുള്ള കാഴ്ചപ്പാട് ടിപ്പു സഹിഷ്ണുതയുള്ള ഭരണാധികാരിയാണെന്നാണ് കാണിക്കുന്നത്. ടിപ്പു പതിവായി 156 ഹിന്ദു ക്ഷേത്രങ്ങളുലേക്ക് സംഭാവന നടത്തിയിരുന്നു. അതില്‍ സുപ്രസിദ്ധമായ ശ്രീരംഗപട്ടണത്തെ രങ്കനാഥസ്വാമി ക്ഷേത്രവും ഉള്‍പ്പെടുന്നുണ്ട്. (Yadav, Bhupendra (1990). ‘Tipu Sultan: Giving ‘The Devil’ His Due’. Economic and Political Weekly. 25 (52): 2835-2837. JSTOR 4397149.
Binita Mehta (2002). Widows, Pariahs, and Bayadères: India as Spectacle. Bucknell University Press. pp. 110-111. ISBN 9780838754559.
B. N. Pande (1996). Aurangzeb and Tipu Sultan: Evaluation of Their Religious Policies. University of Michigan. ISBN 9788185220383.
A. Subbaraya Chetty ‘Tipu’s endowments to Hindus and Hindu institutions’ in Habib (Ed.) Confronting Coloniali-sm).

ടിപ്പുവിന്റെ ഭരണം

ലോകത്തേറ്റവും പ്രത്യക്ഷമായ ഒരു രാജസര്‍വ്വാധിപത്യമാണ് മൈസൂര്‍ ഭരണം. സിവിലും സൈനികവുമായ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കെല്ലാം ഹൈദരാലിയുടെ മഹാപ്രതിഭയാല്‍ സംജാതമാക്കപ്പെട്ട കൃത്യവും ക്രമവുമുണ്ട്. ജനനം കൊണ്ടു മാത്രമുള്ള മേന്മകള്‍ തീര്‍ത്തും അനുവദിക്കുന്നില്ല. നീതിയും ന്യായവും നിഷ്പക്ഷമായി നടത്തപ്പെടുന്നു. താഴ്ന്ന നിലയില്‍ നിന്ന് ഉയര്‍ന്നു വന്ന പുതിയ ആളുകളുടെ കീഴിലാണ് പ്രാധാന്യമുള്ള വകുപ്പുകളുടെ പ്രവര്‍ത്തനം. തന്മൂലം ഭരണത്തിലുണ്ടാക്കിത്തീര്‍ത്തിട്ടുള്ള ഇന്ത്യചരിത്രത്തില്‍ വേറെ സമാനതകളില്ല. 1790 ജനുവരിയില്‍ സര്‍ ഹെക്ടര്‍ മണ്‍റോ ഇംഗ്ലണ്ടിലേക്ക് തന്റെ അച്ഛനെഴുതിയ കത്തിലെ ഭാഗമാണിത്. ഇംഗ്ലീഷുകാരും മൈസൂര്‍ സുല്‍ത്താന്മാരും കടുത്ത ശത്രുതയിലായിരുന്നപ്പോള്‍ ഒരു ഇംഗ്ലീഷുകാരന്‍ ഇപ്രകാരം എഴുതിയെങ്കില്‍ അത് സത്യമായിരിക്കാനേ തരമുള്ളൂ.

(1ക്ലീഗ് മണ്‍റോ എം.എച്.കെ. പേജ് 332
2 ലെഫ്റ്റനന്റ് മൂര്‍ വിവരണം, മില്‍ & വില്‍സണ്‍ വോള്യം വി,പി. 459)

ലെഫ്റ്റനന്റ് മൂര്‍ന്റെ വിവരണം പിന്തുണച്ചുകൊണ്ട് മേജര്‍ പ്രസ്താവിക്കുന്നത് ഇപ്രകാരമാണ്. ‘രാജ്യം ജനനിബിഡവും ഭൂമി പരമാവധി വിളയിക്കപ്പെട്ടതും ആയി ക്കണ്ടു. കര്‍ക്കശവും നിര്‍ബന്ധിതവുമായ സ്വേച്ഛാധിപതി തന്നെയാണെങ്കിലും എല്ലാ ഭാവിശ്രേയസ്സുകള്‍ക്കും പരമാധാരമായ പ്രജകളെ ദ്രോഹിക്കാതെ അഭിവൃദ്ധിപ്പെടുത്തുന്ന ഭരണനിപുണനായ ഒരു രാജാവിന്റെ നല്ല സ്വേച്ഛാധിപത്യമായിരുന്നു അത്.’ ബ്രിട്ടീഷ് ഭരണം വിവരിക്കുന്ന കൂട്ടത്തില്‍ ടിപ്പുവിന്റെ ഭരണം മില്‍ വിവരിക്കുന്നുണ്ട്. അത് ബ്രിട്ടീഷ് ഡൊമീനിയനുകളേക്കാള്‍ മെച്ചമാണെന്ന് പ്രത്യേകം പറയുന്നുണ്ട്.

ഹൈദരലിയുടെ സൃഷ്ടി

മൈസൂര്‍ ഭരണം ഹൈദരലിയുടെ സൃഷ്ടിയാണ്. പാശ്ചാത്യ സമ്പര്‍ക്കം സാര്‍വത്രികമായിരുന്ന ആ കാലഘട്ടത്തില്‍ വളരെ താഴ്ന്ന നിലയില്‍ നിന്ന് ഉയര്‍ന്നു വന്ന ഹൈദര്‍ ബ്രിട്ടീഷ് ഭരണരീതികള്‍ നല്ലതാണെന്ന് മനസ്സിലാക്കിയിരുന്നു. കാലഹരണപ്പെട്ട ആചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും നിരക്ഷരനെങ്കിലും ഹൈദരലി വെറുത്തിരുന്നു. അദ്ദേഹത്തിന് ഒന്നിലധികം കാര്യങ്ങള്‍ ഒരേ സമയം ചെയ്യുവാന്‍ കഴിഞ്ഞിരുന്നു. ആ കാലത്തെ ഇന്ത്യയില്‍ നികുതി പിരിക്കുന്നതിനപ്പുറമുള്ള ഒരു ഭരണവും ഇന്ത്യയിലുണ്ടായിരുന്നില്ല.

നാട്ടാചാരമനുസരിച്ചുള്ള നീതിന്യായം, ഗ്രാമവ്യവസ്ഥയനുസരിച്ചുള്ള രാഷ്ട്രീയം പൊതുവെ സ്മൃതികളനുസരിച്ചുള്ള ഭരണം ഇവക്കപ്പുറം പോയിരുന്നില്ല. യുദ്ധമില്ലാത്ത സന്ദര്‍ഭങ്ങള്‍ ചുരുക്കമായിരുന്നു. കൈയേറ്റവും തിരിച്ചു പിടിക്കലും വളരെ സാധാരണയായിരുന്നു. ആ പശ്ചാത്തലത്തിലും കാര്യക്ഷമമായ റവന്യുവകുപ്പും സൈനികവകുപ്പും രൂപീകരിക്കുവാന്‍ ഹൈദറിനു കഴിഞ്ഞു. ജീവിതാനുഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുന്നതില്‍ അദ്ദേഹം മിടുക്കനായിരുന്നു. പുതിയ ഉത്തരവാദിത്വങ്ങള്‍ പുതിയ രീതിയില്‍ ചെയ്യുന്നതിന് താഴ്ന്ന നിലവാരത്തില്‍ നിന്ന് വരുന്നവരാണ് നല്ലതെന്ന് അദ്ദേഹം കണ്ടെത്തി. അത്തരക്കാരെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. രാജ്യത്തിന് ഉറപ്പും ഭദ്രതയും വരുത്താന്‍ അദ്ദേഹം ഭദ്രതയുള്ള കാര്‍ഷികമേഖലയെ വളര്‍ത്തിയെടുത്തു. കൃഷിക്കാരുമായി ഗവണ്‍മ്മെന്റ് നേരിട്ടു ബന്ധം സ്ഥാപിച്ചു. കര്‍ഷകരെ ചൂഷണം ചെയ്യുന്ന ഇടപ്രഭുക്കളെ വകവരുത്തി.

1782-ല്‍ ഹൈദര്‍ മരിക്കുമ്പോള്‍ ഈ മികച്ച ഭരണസംവിധാനം ടിപ്പുവിന് പാരമ്പര്യമായി കിട്ടി. തുടര്‍ന്ന് പതിനെട്ടു വര്‍ഷമാണ് ടിപ്പു അധികാരത്തിലിരുന്നത്. അതില്‍ തന്നെ അവസാനത്തെ ഏഴുവര്‍ഷം മാത്രമേ ടിപ്പുവിന് ഭരിക്കാന്‍ സാധ്യമായിരുന്നുള്ളൂ. 1780- മുതല്‍ നാലു കൊല്ലവും തുടര്‍ന്ന് രണ്ടാം മൈസൂര്‍ യുദ്ധത്തില്‍ രണ്ടുകൊല്ലവും ടിപ്പുവിന്റെ ഭരണകാലമായിരുന്നു. നാല് കൊല്ലത്തെ യുദ്ധക്കെടുതികള്‍ ടിപ്പുവിന് കൈകാര്യം ചെയ്യേണ്ടി വന്നിരുന്നു. 1786-ഓടെ സമാധാനം ഇല്ലാതാകുന്നു. 1787-1790 കഴിഞ്ഞതോടെ മൂന്നാം മൈസൂര്‍ യുദ്ധമാണ്. 1792-ല്‍ അതവസാനിക്കുന്നു. പിന്നെ നടന്നത് വലിയ മഹാരാഷ്ട്രയുദ്ധമായിരുന്നു. ആ മൂന്നാം മൈസൂര്‍ യുദ്ധം അവസാനിക്കുമ്പോള്‍ പകുതി രാജ്യവും പണമായി രൂപ മൂന്നുകോടി മുപ്പത് ലക്ഷവും നഷ്ടമായി.

കഠിനാദ്ധ്വാനി

ടിപ്പു വളരെ കഠിനാദ്ധ്വാനിയായിരുന്നു. അതിരാവിലെ എഴുന്നേറ്റ് കുളിയും പ്രാര്‍ത്ഥനയും നിത്യവ്യായാമവും കഴിഞ്ഞ് വസ്ത്രധാരണത്തോടൊപ്പം കീശയില്‍ ഒരു യൂറോപ്യന്‍ ഘടികാരവും ഉണ്ടായിരിക്കും. (As a domestic ruler he bears advantageous comparison with the great princes of the East- James Mill Milll & Wilson Vol 6 page 148)

ആദ്യം വകുപ്പദ്ധക്ഷ്യന്മാരുമായുള്ള സന്ദര്‍ശനമാണ്. ഇത് ഒമ്പത് മണി വരെയായിരിക്കും. തുടര്‍ന്ന് ആദ്യ ഭക്ഷണം. അതിന് കൂടെ എല്ലാ വലിയ ഉദ്യോഗസ്ഥരുമുണ്ടാകും. എല്ലാ എഴുത്തുകുത്തുകളും അതോടെ ചെയ്യും. തുടര്‍ന്ന് എല്ലാ സൈനികരും സിവില്‍ ഉദ്യോഗസ്ഥരുമായുള്ള ദര്‍ബാര്‍ ഹാളിലേക്ക് പോകുന്നു. തപാലുകള്‍ നോക്കി ഹരജികളും ഗവര്‍ണ്ണര്‍മാരുടെ റിപ്പോര്‍ച്ചുകളും നോക്കുന്നു. ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നു. തുടര്‍ന്ന് വകുപ്പദ്ധക്ഷ്യന്മാരുടെ സമര്‍പ്പിക്കുന്ന പേഴ്‌സണല്‍ തുടര്‍ന്ന് നോക്കുന്നു.

പേര്‍ഷ്യന്‍, തെലുങ്ക്, കര്‍ണ്ണാടകം, മറാത്തി എന്നീ ഭാഷകളിലുള്ള എല്ലാ എഴുത്തുകളും സുല്‍ത്താന്‍ തന്നെ പറഞ്ഞു കൊടുക്കുന്നു. മാസാവസാനമാണെങ്കില്‍ കണക്കുപരിശോധനയും അവിടെ നടക്കും. ഉച്ചക്ക് മൂന്നുമണി വരെ ഇത് തുടര്‍ന്ന ശേഷം കിടപ്പറയില്‍ പോയി പ്രാര്‍ത്ഥന കഴിഞ്ഞ് യുദ്ധോപകരണ നിര്‍മ്മാണശാലകള്‍ പരിശോധിക്കുന്നു. പിന്നെ പട്ടാളങ്ങളുടെ പരിശോധനയാണ്. അതുകഴിഞ്ഞ് ഏഴുമണിയോടെ ശ്രീരംഗപട്ടണം തെരുവിലൂടെ കൊട്ടാരത്തിലേക്ക് മടങ്ങുന്നു. തുടര്‍ന്നും വകുപ്പദ്ധ്യക്ഷന്മാരുടെ അടിയന്തരസ്വഭാവമുള്ള സന്ദേശങ്ങളുണ്ടെങ്കില്‍ അതിനുള്ള നിര്‍ദ്ദേശങ്ങളും കത്തുകളും അപ്പോള്‍ തന്നെ കൊടുക്കുന്നു.

രാത്രിയിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥരും കുട്ടികളും ഒരുമിച്ചായിരിക്കും. രാത്രി പത്തുമണിക്ക് തനിയെ കൊട്ടാരത്തിനടുത്ത് കുറെ നേരം ഉലാത്തി പതിനൊന്ന് മണിക്ക് കിടപ്പറയിലെത്തി ഉറങ്ങുന്നത് വരെ എന്തെങ്കിലും പുസ്തകം വായിക്കുന്നു. (He was assidous in his correspondence and had leisure for past time. There can be no doubt about his business habits and his correspondence was registered with great regularity and precision judging from the records found at Seringapatam L G Bowring page 211ഇദ്ദേഹം വളരെക്കാലം മൈസൂര്‍ ചീഫ് കമ്മീഷണറായിരുന്നു.)

(മേജര്‍ ഡിറോം വിവരണം- മില്‍&വില്‍സണ്‍ വോള്യം വി. പി. 459(ഫുട്‌നോട്)
മക്കന്‍സി. ഉദ്ധരണി എം എച്. കെ. പേജ് 270
കേംബ്രിഡ്ജ് ഹിസ്റ്ററി വോള്യം 5 പേജ് 342 )

ഇടത്തട്ടുകാരെ ഒഴിവാക്കുന്നു

മൈസൂര്‍ ഭരണത്തിന്‍ കീഴില്‍ ഇടത്തട്ടുകാര്‍ക്ക് അധികാരം നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ തിരിച്ച് ബ്രിട്ടീഷ് ഭരണം വന്നതോടെ മലബാര്‍ സെറ്റില്‍മെന്റ് പ്രകാരം ആദിമജന്മിക്കാരെ തെരഞ്ഞുപിടിച്ച് പുനഃസ്ഥാപിച്ചതോടെ ഭക്തിപരവശരായ സവര്‍ണ്ണഹിന്ദുക്കള്‍ ബ്രിട്ടീഷുകാരുടെ വലിയ ആരാധകരായി മാറി. ഇതും മലബാര്‍ ലഹളക്ക് ഒരു കാരണമായിട്ടുണ്ടാകാം.

രാജഭരണകാലത്ത് ഷേര്‍ഷായില്‍ നിന്നും ലഭിച്ച് അക്ബര്‍ ചക്രവര്‍ത്തി പ്രയോഗത്തിലാക്കിയ റവന്യു സമ്പ്രദായമാണ് ഇന്ത്യാചരിത്രം കണ്ടതില്‍ വച്ച് ഏറ്റവും മെച്ചമായിരുന്നത്. ഭഗവദ്ഗീതയും ഖുറാനും ഒരേസമയം പഠിക്കുകയും മതനിരപേക്ഷത നടപ്പിലാക്കുകയും ചെയ്തിരുന്ന പ്രത്യേക തരം ദൈവവിശ്വാസം പുലര്‍ത്തുകയും ചെയ്തിരുന്ന ടിപ്പു സുല്‍ത്താന്‍ കൃഷിക്കാരുടെ താല്‍പ്പര്യങ്ങള്‍ ഗൗരവമായി പരിഗണിച്ചിരുന്നു. ‘അദ്ദേഹത്തിന്റെ രാജ്യത്തിലെ കൃഷിക്കാര്‍ സുരക്ഷിതരാണ്. അവരുടെ പ്രയത്‌നങ്ങള്‍ പ്രോത്സാഹിക്കപ്പെടുന്നു. അവര്‍ക്ക് പ്രതിഫലവും ലഭിക്കുന്നു.’ വമ്പിച്ച ജലസേചന നടപടികളാണ് മൈസൂര്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്. അംശം ഉദ്യോഗസ്ഥര്‍ക്ക് അതത് ദേശത്തെ കുളങ്ങളും തോടുകളും ഭദ്രമാക്കി നിര്‍ത്തുന്ന ചുമതല മാത്രമുള്ള വലിയ കീഴുദ്യോഗസ്ഥ വിഭാഗമുണ്ടായിരുന്നു. വേണ്ട സ്ഥലങ്ങളിലെല്ലാം പുതിയ കുളങ്ങളും ചാലുകളും വെട്ടുന്നതിന് എപ്പോഴും മുന്‍ഗണനയുണ്ടായിരുന്നു. എഴുപതടി ഉയരമുള്ള എമ്പാങ്ക്‌മെന്റുകളോടുകൂടിയ കാവേരിനദിയില്‍ കെട്ടിയ അണയും രണ്ടര മൈല്‍ നീളവും പല സ്ഥലങ്ങളിലും നാല്‍പതടി ഉയരവുമുള്ള എമ്പാങ്ക്‌മെന്റുകളോടുകൂടി നിര്‍മ്മിക്കപ്പെട്ട ‘ദറോജ്’ അണക്കെട്ടും ടിപ്പുവിന് ഈ കാര്യത്തിലുള്ള ശുഷ്‌കാന്തിക്ക് തെളിവുകളാണ്.

അഞ്ചുലക്ഷം ഉറുപ്പിക വലിയൊരു തോടുവെട്ടാനായി ഒരു പ്രത്യേകഭണ്ഡാരത്തില്‍ മാറ്റി സൂക്ഷിക്കുന്നതിനു അതില്‍ നിന്ന് വേറെ ഒന്നും എടുക്കാതിരിക്കുന്നതിനും സില്‍ത്താന്‍ നിര്‍ദ്ദേശിച്ച സംഭവം കേണല്‍ വില്‍ക്‌സ് പറയുന്നുണ്ട്. (കേംബ്രിഡ്ജ് ഹിസ്റ്ററി വോള്യം വി. പി. 389. വെല്ലസ്ലിക്ക് പുറമെ ഇന്ത്യ ഗവര്‍ണ്ണര്‍ ജനറലായിരുന്ന ജോണ്‍ഷോര്‍ ഉദ്ധരിച്ചത് എം എച്. കെ. പേജ് 372.)

വാണിജ്യവിളകളിലെ താല്‍പര്യം

അടക്കാമരകൃഷി ലാഭമാണെന്ന് കണ്ട സുല്‍ത്താന്‍ ആ കൃഷി പരീക്ഷിക്കുന്നതിന് ആദ്യത്തെ ആറുകൊല്ലം പൂര്‍ണ്ണനികുതിയിളവും ഏഴാം കൊല്ലം മുതല്‍ സാമാന്യതോതിന്റെ പകുതി നികുതി കറവും പ്രക്യാപിച്ചു. കച്ചവടക്കരാറുകള്‍ സ്വന്തം രാജ്യത്തിന്നനുകൂലമാക്കുവാന്‍ ടിപ്പു ശ്രദ്ധിച്ചിരുന്നു. റോഡുകളുടെ നിര്‍മ്മാണത്തിനും സംരക്ഷണത്തിനും പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. കൃഷി സംരക്ഷണപരിപാടികള്‍ വളരെ വിപുലമായിരുന്നു.

കൃഷിപ്പിഴവുണ്ടായാല്‍ അമീന്‍ദാര്‍മാര്‍ അതുടനെ റിപ്പോര്‍ട്ട് ചെയ്യണം. റിപ്പോര്‍ട്ടും പരാതിയും നോക്കി മിക്കവാറും ആപ്രദേശത്തെ നികുതിയിളവ് കല്‍പ്പിക്കുമായിരുന്നു. കൃഷിയായുധങ്ങള്‍ വാങ്ങാന്‍ പണമില്ലാതെ വരുന്നവര്‍ക്ക് അതിനുള്ള പണം സര്‍ക്കാര്‍ കടം കൊടുക്കുമായിരുന്നു. പ്രാദേശിക റവന്യു ഉദ്യോഗസ്ഥര്‍ കൃഷിക്കാരെക്കൊണ്ട് സ്വന്തം ഭൂമി കൃഷി ചെയ്യിപ്പിക്കുകയാണെങ്കില്‍ ആ വിള മുഴുവനും കണ്ടുകെട്ടും. ഓരോ ജില്ലയിലെയും അധികാരി ഓരോ വര്‍ഷവും എല്ലാ ഇടവും ചുറ്റി സഞ്ചരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബാധ്യസ്ഥനായിരുന്നു. ഓരോ ഗ്രമത്തിലും മൊത്തം വരുമാനത്തിന്റെ ഒരു ശതമാനത്തില്‍ കൂടുതല്‍ വിവാഹം ഉത്സവം എന്നിവക്ക് ചെലവഴിക്കരുതെന്ന് പ്രത്യേകം കല്‍പ്പനയുണ്ടായിരുന്നു.

കച്ചവടക്കമ്പനി

വ്യാപാരക്കരാറുകളില്‍ തുല്യത പുലര്‍ത്തി കിട മത്സരം നില നിര്‍ത്തിയിരുന്നു. ഇംഗ്ലീഷുകാരുടെയും ഫ്രഞ്ചുകാരുടെയും മാതൃകയില്‍ ഒരു കച്ചവടക്കമ്പനി ടിപ്പു സ്ഥാപിച്ചു. അതില്‍ അഞ്ഞൂറ് രൂപയിലധികം നിക്ഷേപിക്കുന്നവര്‍ക്ക് അമ്പത് ശതമാനം സ്ഥിരം ലാഭം പ്രഖ്യാപിച്ചിരുന്നു. പിന്നീടതിന്റെ അവസ്ഥ എപ്രകാരമായിരുന്നു എന്ന് വ്യക്തമല്ല. അതിനു മുമ്പു തന്നെ ഇന്ത്യയിലെ ചില പ്രധാന തുറമുഖകേന്ദ്രങ്ങളിലും ഇന്ത്യക്കു പുറത്തും മൈസൂറിന് ഫാക്ടറികളുണ്ടായിരുന്നു. അവ നന്നായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. കച്ചില്‍ രണ്ടും മുണ്‍ട്രാ, മസ്‌കത്ത്, ജിദ്ദ, ഓര്‍മുസ് എന്നിവിടങ്ങളിലോരോന്നും എന്നിവ അവയില്‍ പ്രധാനപ്പെട്ടവയായിരുന്നു.

വിദേശവാണിജ്യം

വിദേശരാജ്യങ്ങളുമായി കച്ചവടം വികസിപ്പിക്കണം എന്ന് ടിപ്പുവിന് നിര്‍ബന്ധമുണ്ടായിരുന്നു. കടല്‍ക്കൊള്ളക്കാരെ ഭയന്ന് പിന്‍മാറിയിരുന്ന ചൈനീസ് കച്ചവടക്കാര്‍ക്കും അര്‍മീനിയക്കാര്‍ക്കും പ്രത്യേക പരിരക്ഷകള്‍ ടിപ്പു വാഗ്ദാനം ചെയ്തു. ടര്‍ക്കിയിലേക്ക് പോയ പ്രതിനിധി സംഘം അവരടുക്കുന്ന തുറമുഖങ്ങളില്‍ മൈസൂര്‍ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നു.

വിദേശസാങ്കേതികവിദ്യയും സൈനികസഹായവും

പാരീസില്‍ സൈനികസഹായം തേടിപ്പോയവരുടെ മറ്റ് ലക്ഷ്യം സാങ്കേതിക വിദഗ്ദ്ധരെ കടം വാങ്ങലും കൂടിയായിരുന്നു. സുല്‍ത്താന്റെ കത്തില്‍ വിശദമായി ആവശ്യപ്പെട്ടതനുസരിച്ച് ഒരു ഡോക്ടര്‍, ഒരു ശസ്ത്രക്രിയാവിദഗ്ദ്ധന്‍, ഇരുമ്പ് കൊണ്ട് യന്ത്രനിര്‍മ്മാണം ചെയ്യുന്ന വിദഗ്ദ്ധര്‍, ഒരു വാച്ചുണ്ടാക്കുന്ന വിദഗ്ദ്ധന്‍ എന്നിവരെ ആവശ്യപ്പെട്ടിരുന്നു. രാജാവിന്റെ രണ്ട് ഉദ്യാനവിദഗ്ദ്ധരെ അയച്ചുകൊടുത്തുവെന്ന് ഫ്രഞ്ച് കേന്ദ്രങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ശ്രീരംഗപട്ടണത്തും ബാംഗ്ലൂരിലും ചില നിര്‍മ്മാണ കേന്ദ്രങ്ങള്‍ ടിപ്പു ആരംഭിച്ചു പ്രവര്‍ത്തിപ്പിച്ചിരുന്നു. ശ്രീരംഗപട്ടണത്ത് നന്നായി പ്രവര്‍ത്തിക്കുന്ന ഒരു കടലാസ്സ് മില്ലുണ്ടായിരുന്നു. അവിടെയും ചിത്തല്‍, ദുര്‍ഗ്ഗ്, ബാംഗ്ലൂര്‍, ബഡനൂര്‍ എന്നിവിടങ്ങളിലും സ്ഥാപിതമായ ഫാക്ടറികളില്‍ ഘടികാരം ഉള്‍പ്പടെ പലതും നിര്‍മ്മിച്ചതായി തെളിവുണ്ട്. ഇവ താനും തന്റെ ഉദ്യോഗസ്ഥരും ഉപയോഗിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. (ഫ്രാന്‍സില്‍ ചെന്ന ഈ ദൗത്യസംഘത്തെ പറ്റി ടാന്‍ഡെ എന്ന ഫ്രഞ്ചുകാരന്റെ വിവരണം പ്രത്യേകം പ്രസിദ്ധീകൃതമായിരുന്നു. ഇതിലെ ഉദ്ധരിച്ച ഭാഗം എം.എച്. കെയിലെ പേജ് 127 ല്‍ നിന്നാണ്.)

പാശ്ചാത്യരീതികള്‍ പ്രയോഗിച്ച ആദ്യഭരണാധികാരി

‘പാശ്ചാത്യരീതികള്‍ ഭരണകാര്യങ്ങളില്‍ പ്രയോഗിക്കുന്ന ആദ്യത്തെ ഭരണാധികാരിയാണ് ടിപ്പു.’ യൂറോപ്യന്‍ വ്യവസായ വിപ്ലവത്തിന്റെ ആശയസംഹിതയാണ് ടിപ്പുവിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കാണുന്നത്. മനുഷ്യന്റെ സാമൂഹ്യചരിത്രത്തില്‍ നാഴികക്കല്ലുകളായി മാറിയ ഏതാശയവും ഒരിക്കലും സാധാരണ ചിന്തയില്‍ നിന്നും വരുന്നതല്ല. ജീനിയസ്സുകള്‍ അഞ്ചോ പത്തോ നൂറ്റാണ്ടുകള്‍ക്കിടയില്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ്വ പ്രതിഭാസങ്ങളാണ്. നാല്‍പത്തിയൊമ്പതാം വയസ്സില്‍ വധിക്കപ്പെട്ട ടിപ്പു പിതാവിനെ പോലെ എണ്‍പത് വയസ്സുവരെ ജീവിച്ചിരുന്നെങ്കില്‍ മൈസൂറില്‍ ഒരു വ്യവസായ വിപ്ലവം സംഭവിക്കുമായിരുന്നോ? കൊള്ളിമീന്‍ പോലെ മാഞ്ഞുപോയ ഷേര്‍ഷയെ മറക്കാന്‍ കൂട്ടാക്കാത്ത ഇന്ത്യാചരിത്രത്തിന് ടിപ്പുവും അനശ്വരനായിരിക്കും. (Great Men of India)Quoted by M.H.K page 333 In the chapter on administrative system. In pages 333-353 the organisation of departments were given in deta-il).

ഏറ്റവും ആധുനികമായ സൈന്യം

മൈസൂര്‍ സൈന്യം അന്ന് ഇന്ത്യയിലെ ഏറ്റവും ശക്തവും ആധുനികവുമായിരുന്നു. യൂറോപ്പിലെയും അമേരിക്കയിലെയും യുദ്ധരംഗങ്ങള്‍ പലതും കണ്ട കോണ്‍വാലീസിന്റെയും ഡ്യൂക് ഓഫ് വെല്ലിംഗടണിന്റെയും അഭിപ്രായത്തില്‍ മൈസൂറിന്റെ കുതിരപ്പട്ടാളം അന്നു ലോകത്തേക്ക് ഏറ്റവും മികച്ചതായിരുന്നു എന്നായിരുന്നു.
(* മാക്കന്‍സിയുടെ ഈ അഭിപ്രായം ശ്രദ്ധേയമാണ്. ”He envigorated the whole system by principles of great Government and economic management of material resources to which the neighbouring powers bore no comparison. Quoted by M. H. K Page 331
പ്രസിദ്ധ ‘മാക്കന്‍സി മാനുസ്‌ക്രിപ്റ്റക’ളുടെ സമ്പാദകനായ ഇദ്ദേഹം സമകാലിക മലബാറിന്റെ സ്ഥിതികള്‍ അറിയുന്ന അപൂര്‍വ്വം ചിത്രകാരന്മാരില്‍ ഒരുവനാണ്.’)

മികച്ച ഭരണം

കേരളചരിത്രത്തില്‍ ഏറ്റവും നിര്‍ണ്ണായകമായ സ്വാധീനത ഉളവാക്കിയ ഭരണം മൈസൂര്‍ ഭരണമാണ്. ഹൈദര്‍ മലബാര്‍ പിടിച്ചടക്കുമ്പോള്‍ നിലവിലിരുന്ന ഭൂവ്യവസ്ഥ എല്ലാവര്‍ക്കും അറിയാവുന്നതാണ്. മൈസൂറിന്റെ മാതൃകയില്‍ ഭൂവ്യവസ്ഥ ഏര്‍പ്പെടുത്താനുള്ള നടപടി തുടക്കത്തിലെ ആരംഭിച്ചിരുന്നു. അതിനായി മാദണ്ണ എന്ന ഒരു റവന്യു ഉദ്യോഗസ്ഥനെ റവന്യു ഭരണം സംഘടിപ്പിക്കുവാന്‍ ഹൈദര്‍ നിയോഗിച്ചു.3 അധികം താമസിയാതെ ഏകദേശ രൂപം സംഘടിതമായി.

1773-ല്‍ ഭരണം നേരിട്ടു കൈയേല്‍ക്കുകയും ശ്രീനിവാസറാവു ഗവര്‍ണ്ണറായി ചാര്‍ജ്ജെടുക്കുകയും ചെയ്തതിന് ശേഷം സൂക്ഷ്മവും വ്യാപകവുമായ ഒരു ഭരണകൂടം മലബാറില്‍ രൂപീകൃതമായി. അത് മൈസൂര്‍ മറ്റു പ്രവിശ്യകളോട് സമാനമായിരുന്നു.

(1. നൈസാമിന്റെ 10,000 കുതിരപ്പട്ടാളം ടിപ്പുവിന്റെ 500-നോട് നേരിടുമായിരുന്നില്ല. കോണ്‍വീലീസിന്റെയും വെല്ലിംഗടണ്‍ പ്രഭുവിന്റെയും അഭിപ്രായം നോക്കുക.
2.സര്‍ദാര്‍ പണിക്കരുടെ ഗ്രന്ഥം ആധാരം. ലോഗന്‍ കുറച്ച് വ്യത്യാസമുണ്ട്.
3. പരിചയമുള്ള റവന്യു ഉദ്യോഗസ്ഥനാണ് ‘മാദണ്ണ’ എന്ന വില്‍ക്‌സിന്റെ അഭിപ്രായം പണിക്കര്‍ ഉദ്ധരിക്കുന്നുണ്ട്. പേജ് 366)

ആധുനിക റവന്യു സെറ്റില്‍മെന്റും ആദ്യത്തെ ഭൂസര്‍വ്വെയും

അന്നത്തെ റവന്യു സെറ്റില്‍മെന്റ് വിവരങ്ങള്‍ ഇന്ന് ലഭ്യമാണ്. മലബാറില്‍ ആദ്യമായി അന്നാണ് ‘ഭൂസര്‍വ്വെ’ നടക്കുന്നത്. ഭൂമി അളക്കുന്ന പതിവ് തുടങ്ങുന്നത് തന്നെ അന്ന് ആദ്യമായിരുന്നു. അതിന് ശേഷം സമഗ്രമായ ഒരു ലാന്‍ഡ് സെറ്റില്‍ മെന്റ് ശ്രീനിവാസറാവു ഏര്‍പ്പെടുത്തി. കേരളത്തിലെ ഓരോ വര്‍ഗ്ഗങ്ങളുടെയും പ്രത്യേക പരിസ്ഥിതികള്‍ അതില്‍ പരിഗണിക്കപ്പെട്ടിരുന്നു. സഥാര്‍ത്ഥ കര്‍ഷകന്റെ താല്‍പ്പര്യം സംരക്ഷിക്കുകയും അവനെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് സുല്‍ത്താന്മാരുടെ നയത്തിന്റെ അടിസ്ഥാനം.

ഭൂമിമുഴുവനും ജന്മം സ്വത്തായിരുന്ന നാട്ടില്‍ ജന്മികള്‍ മുഴുവനും സവര്‍ണ്ണരായ നമ്പൂതിരിമാരും നായന്മാരുമായിരുന്ന നാട്ടില്‍ ജന്മം ഭൂമിക്ക് രാജഭോഗം എന്ന നികുതി പോലും ഇല്ലായിരുന്നു. പ്രായോഗികമായി അന്നത്തെ സവര്‍ണ്ണഭരണത്തില്‍ സവര്‍ണ്ണരല്ലാത്ത അവര്‍ണ്ണരും മറ്റും അടിമകളായിരുന്നു. ഭൂമി സര്‍വ്വെ ചെയ്ത് കൈവശം വച്ച് കൃഷി ചെയ്തിരുന്ന കാണക്കാരുമായി ഒരു സെറ്റില്‍മെന്റ് ചെയ്‌തെന്ന് വച്ചാല്‍ അത് സൃഷ്ടിച്ച സാമൂഹ്യപ്രത്യാഘാതങ്ങള്‍ കാണാതിരിക്കാന്‍ കഴിയില്ല.

ലോഗന്‍ വിവരിക്കുന്നു. ‘കാണാപ്പാട്ടക്കാരുമായി നേരിട്ടാണ് മൈസൂര്‍കാര്‍ സെറ്റില്‍ മെന്റ് നടത്തിയത്. ഹൈദരലിയുടെയും ടിപ്പുസുല്‍ത്താന്റെയും ഭരണത്തോടുള്ള ഭയം മൂലം നമ്പൂതിരി ബ്രാഹ്മണരും നായര്‍ നാടുവാഴികളും മാത്രമായിരുന്ന ജന്മിവര്‍ഗ്ഗം മൂഴുവനും തിരുവിതാംകൂറിലേക്കോടിയിരുന്നുവെന്നതാണ് കാരണം.’ ലോഗന്‍ തുടരുന്നു, ‘ജന്മികളുമായിട്ടല്ല, കൃഷിക്കാരുമായിട്ടാണ് ലാന്റ് സെറ്റില്‍മെന്റ് നടത്തിയത്.’ ഭൂമിയും കൃഷിയും സംബന്ധിച്ച വിവരങ്ങള്‍ അവര്‍ക്കല്ലാതെ മറ്റാര്‍ക്കും നിശ്ചയമില്ലായിരുന്നു. അതുകൊണ്ടാണിങ്ങനെ വേണ്ടി വന്നതെന്നും വിവരിക്കുന്നു.2

വളരെ അകലെ നിന്ന് മാത്രം ജന്മിഭോഗം അളക്കുന്നത് കണ്ടിട്ടുള്ള ജന്മിപ്രഭുക്കള്‍ ഈ വക കാര്യങ്ങളെ കുറിച്ചുള്ള സൂക്ഷ്മജ്ഞാനം അപമാനമായി കരുതിയിരുന്നു! ‘പാടങ്ങള്‍ മാത്രമാണ് കൃഷിയോഗ്യമായ ഭൂമിയായി ഈ പുതിയ സെറ്റില്‍മെന്റിന് വിധേയമാക്കിയത്.3’ (പറമ്പുകള്‍ കൂടി ഈ നികുതിയില്‍ പെടുത്തിയാല്‍ നമ്പൂതിരിമാരുടെ സ്വത്തുക്കള്‍ മുഴുവനും തീര്‍ന്നുപോകുമായിരുന്നു.) അവര്‍ക്കുള്ള താരതമ്യേനയുള്ള വരുമാനക്കുറവിനേക്കാളും അവര്‍ക്ക് ദുസ്സഹമായത് ഈ സെറ്റില്‍മെന്റ് പ്രകാരം സ്വതന്ത്രരായ മറ്റ് ജാതിക്കാരുടെ തന്റേടമായിരുന്നു.

(1.Logan I Page 610
2. Ibid Page 623.
3.Buchanan 2 Page 367
4. Buchanan 2 Page 366
5.Ibi-d)

1784 മുതലാണ് ടിപ്പുവിന്റെ ഭരണം തുടങ്ങുന്നത്. ടിപ്പുവിന്റെ ഉദ്യോഗസ്ഥനായ അര്‍ഷദ് ബെഗ്ഗിന്റെ സെറ്റില്‍മെന്റ് രീതി വൃക്ഷങ്ങളുള്ള സ്ഥലമാണെങ്കില്‍ ശരാശരി വരുമാനം കണക്കാക്കി സര്‍ക്കാറിനുള്ള വിഹിതം കണക്കാക്കി അടപ്പിക്കലായിരുന്നു. പരാതിയുണ്ടെങ്കില്‍ പറയാം. ഇതില്‍ ധാരാളം അഴിമതി കടന്നുകൂടി. ‘ഈ സ്ഥിതിയെ കുറിച്ച് ധാരാളം പരാതികള്‍ കേട്ടിരുന്നത് കൊണ്ട് രാമലിംഗം പിള്ളയെന്ന ആളുടെ നേതൃത്വത്തില്‍ ഒരു പുതിയ ലാന്റ് സര്‍വ്വെക്ക് ശേഷം എല്ലാവര്‍ക്കും നികുതി തുല്യമാക്കാന്‍ ശ്രമിച്ചു. ഇത് സ്ഥതിഗതിയെ കൂടുതല്‍ വഷളാക്കി.4’ എന്നാല്‍ 1788-ല്‍ തന്റെ രാജ്യമാസകലം സമ്പൂര്‍ണ്ണമായൊരു സര്‍വ്വെ ടിപ്പു നടത്തിക്കുകയുണ്ടായി.4 അതനുസരിച്ച് അദ്ദേഹം പല നടപടികളും സ്വീകരിക്കുകയുണ്ടായി. അനധികൃതമായ സൗജന്യങ്ങള്‍ എടുത്തുകളഞ്ഞു. സ്ഥാപനങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കി. ഗവണ്‍മ്മെന്റിന് വരുമാനം കൂടി. കൃഷിക്കാര്‍ക്ക് പല ഗുണങ്ങളും ചെയ്തു.
(1.M.H.K. Kirpatricks (Volume of letters Page 454)Page 331. ബൗറിങ്ങ് മറ്റൊരു കത്തും ഉദ്ധരിക്കുന്നുണ്ട്. കൊലയേക്കാള്‍ കഠിനമാണ് ശ്രീരംഗപട്ടണത്തില്‍ തടങ്കല്‍ തൊഴില്‍ക്കാരാക്കി അയയ്ക്കുന്നത്.
1R Bowring Page 219
2.Buchanan 2 Page 446
3.Ibid.
4.രാമലിംഗംപിള്ള എന്ന ഉദ്യോഗസ്ഥനാണ് മലബാറില്‍ ഈ സര്‍വ്വെ നടത്തിയത് നാല് താലൂക്കുകളായി (തുക്രികള്‍) നാല് തുക്രിദാരന്മാരുടെ കീഴിലായിരുന്നു മലബാര്‍ ഭരണം. ഇവര്‍ എല്ലാ കൊല്ലവും കീഴിലുള്ള സ്ഥലങ്ങള്‍ സഞ്ചരിച്ച് സ്ഥിതി വിവരങ്ങളും പൊതു അഭിപ്രായങ്ങളും കൃത്യമായി എഴുതി അയയ്‌ക്കേണ്ടിയിരുന്നു. അതുകൂടാതെയാണ് കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഈ സര്‍വ്വെ.

സൈനികവും സിവിലും വ്യത്യസ്തം

സൈനികവും സിവിലുമായ ചുമതലകള്‍ വേര്‍പെടുത്തിയത് ഒരു പരിഷ്‌കാരമായിരുന്നു. അതനുസരിച്ച് ‘മിര്‍ ഇബ്രാഹിം’ എന്ന ഒരു സൈനിക ഗവര്‍ണ്ണറെ കൂടി പുതിയതായി നിയമിച്ചു. താഴ്ന്ന നിലവാരത്തില്‍ നിന്ന് ഉയര്‍ന്നു വന്ന ഹൈദര്‍ക്ക് ജന്മിപദവികളെ കുറിച്ച് പുച്ഛമായിരുന്നു. ഇടപ്രഭുക്കളോട് അദ്ദേഹത്തിന് അവജ്ഞയായിരുന്നു. ടിപ്പുവിനും ഒന്നും ചെയ്യാതെ സുഖലോലുപരായി കഴിയുന്നവരെ ഇഷ്ടമായിരുന്നില്ല.

(സര്‍ദാര്‍ പണിക്കര്‍, പേജ് 187 ‘ G. T Gwymn`sIt wastimated at the end of the 18th century the South Indian Poligars alone maintained 1,00,000armed retainers who were employed in resisting the central power in making war upon one another and in plundering the peaceable cultivators. G. T. Gwymn`s report quaoted in Cambridge History V Page 480
മിക്കവാറും ഭാഗങ്ങളില്‍ ഇവക്ക് അറുതി വരുത്തിയത് മൈസൂര്‍ ഭരണമാണ്. ബ്രിട്ടീഷുകാരാകട്ടെ അവര്‍ക്ക് ഭരണം കിട്ടിയ പല സ്ഥലങ്ങളിലും പ്രഭുത്വം പുനഃസ്ഥാപിക്കയാണുണ്ടായത്.)

കേരളത്തിലെ ഏഴ് റോഡുകള്‍

‘കേരളത്തിലെ ആദ്യത്തെ റോഡ് നിര്‍മ്മാതാവ് മാത്രമല്ല ടിപ്പു, മലബാറിലെ അവസാനത്തെ റോഡ് നിര്‍മ്മാതാവും ടിപ്പു തന്നെയാണെന്ന് തോന്നുന്നു. ലോഗന്‍ ആ റോഡിന്റെ വിവരങ്ങള്‍ വിവരിച്ചിട്ടുണ്ട്. ചേക്കൂര്‍ നിന്ന് കോഴിക്കോട്ടേക്ക് ഒന്ന്, മലപ്പുറത്തു നിന്ന് താമരശ്ശേരിക്ക്, പെരുനിലത്ത് നിന്ന് ഫറോക്ക് വഴി കോഴിക്കോട്ടേക്ക്, ഫറോക്കില്‍ നിന്നും ഏറനാട് താലൂക്ക് വഴി കല്ലൂപ്പാറ, മങ്കട, പട്ടാമ്പി എന്നിവിടങ്ങളിലൂടെ കോയമ്പത്തൂര്‍ക്ക് മറ്റൊന്ന്, പാലക്കാട്ടു നിന്നും ദിണ്ഡിക്കലേക്കൊന്ന്, വെങ്കടക്കോട്ട നിന്നും അങ്ങാടിപ്പുറം വഴി കോയമ്പത്തൂര്‍ക്ക് വേറൊന്ന് ഇങ്ങനെ ഏഴ് റോഡുകള്‍ തെക്കെ മലബാര്‍ വിഭാഗത്തില്‍ തന്നെ എടുത്തു പറയുന്നു.’ ‘വടക്കെ വിഭാഗവും ഇതുപോല തന്നെ റോഡുകള്‍ കൊണ്ട് നിബിഡമാണ്. ഇതിന്റെ വിശദവിവരങ്ങള്‍ എളുപ്പം ലഭിക്കാവുന്നതേയുള്ളൂ.

1796-ല്‍ കേണല്‍ ഡോവ്‌സണ്‍ റോഡുകളെ പറ്റി തയ്യാറാക്കിയ മിനിറ്റ്‌സില്‍ നിന്നാണ് ലോഗന്റെ വിവരങ്ങള്‍. ആ രേഖയില്‍ റോഡുകളെ പറ്റി പൊതുവെ ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നു. ‘അദ്ദേഹത്തിന്റെ റോഡുകള്‍ വളരെ സമര്‍ത്ഥമായി പ്ലാന്‍ ചെയ്യപ്പെട്ടതും പ്രവിശ്യയുടെ എല്ലാ ഭാഗത്തും സ്പര്‍ശിക്കുന്നവയുമാണ്. ആ രാജകുമാരന്റെ ശ്രദ്ധയില്‍ പെടാതെ പോയിട്ടുള്ള റോഡുകള്‍ കമ്പനി ഏറ്റെടുത്ത് തുടരേണ്ടതാണ്.’ ഈ റോഡുകളുടെ ഉറപ്പിലും ഗതാഗതയോഗ്യതയിലും ടിപ്പു ശ്രദ്ധാലുവായിരുന്നു. ഡോവ്‌സണ്‍ പറയുന്നു. ‘കമ്പനിയേറ്റെടുത്തതിന് ശേഷം ഈ റോഡുകള്‍ ആളുകള്‍ കൈയേറിത്തുടങ്ങിയിട്ടുണ്ട്. പല സ്ഥലത്തും നാട്ടുകാര്‍ അവ നിശ്ശേഷം അടച്ചുകെട്ടിക്കളഞ്ഞിരിക്കുന്നു.’

മലബാര്‍ തന്റെ രാജ്യത്തിന്റെ ഭാഗമാണെന്നും അവിടത്തെ ഭരണവും അതിന്റെ സംരക്ഷണയും തന്റെ ചുമതലയാമെന്നും ടിപ്പു കണക്കാക്കിയിരുന്നില്ലെങ്കില്‍ ഒരു റോഡും മുമ്പില്ലാത്ത ഈ രാജ്യത്ത് ഇത്ര ധനവും അധ്വാനവും ഇങ്ങനെ ചെലവഴിക്കുകയില്ലായിരുന്നു. മലബാറിന്റെ ഭരണം വളരെ കാര്യക്ഷമവും പൊതുവെ ആളുകള്‍ക്ക് തൃപ്തികരമായും നടത്തിയിരുന്നുവെന്ന് ഇതു കാണിക്കുന്നു.3 ചരിത്രകാരനായ സര്‍ദാര്‍ പണിക്കരും മറ്റും ഊഹിക്കുന്നത് പോലെ മൈസൂര്‍ ഭരണം നായന്മാരുമായുള്ള ഒരു നിരന്തര യുദ്ധമായിരുന്നുവെങ്കില്‍ ഒരിഞ്ച് റോഡ് പോലും ഇവിടെ ഉണ്ടാകാന്‍ ന്യായമില്ല. സമാധാനവും സമൃദ്ധിയും ഉള്ളപ്പോള്‍ മാത്രമാണ് ഈ നൂറ്റാണ്ടില്‍ പോലും ഭരണകൂടങ്ങള്‍ പൊതുമരാമത്ത് പണികള്‍ ആരംഭിക്കുന്നത്.

ടിപ്പുവിന്റെ മലബാര്‍ ഭരണത്തില്‍ നാട്ടില്‍ ഐശര്യവും സമൃദ്ധിയും ഇല്ലായിരുന്നെങ്കില്‍ അതിന് തക്ക വരുമാനം ഇല്ലായിരുന്നെങ്കില്‍, പുറമെ ആ ഏകാധിപതി പരമയോഗ്യനും അല്ലായിരുന്നില്ലെങ്കില്‍ ഇന്നും കേരള ഗവര്‍മ്മെണ്ടിന് മുതല്‍ മുടക്കാന്‍ കഴിയാത്തത്ര വിപുലമായ ഈ പൊതുമരാമത്തു പണി കേവലം ആറുകൊല്ലം കൊണ്ട് എപ്രകാരം നടക്കുമായിരുന്നു? മലബാറിന്റെ ചരിത്രത്തില്‍ ഏറ്റവും ഐശര്യപൂര്‍ണ്ണമായ കാലമായിരുന്നു ടിപ്പുവിന്റെ ഭരണമെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. കൃഷിക്കാരെ സംബന്ധിച്ചേടത്തോളം ഭൂമിയിലെ അവകാശം ഭദ്രമായി. കൃഷിക്കാവശ്യമുള്ള രാഷ്ട്രസഹായവും കിട്ടി. ഇടപ്രഭുക്കളുടെ വാള്‍ ചുഴറ്റലും ഭീഷണിയും ഇല്ലാതായി. എല്ലാംകൊണ്ട് കൃഷിക്ക് അഭിവൃദ്ധികാലമായിരുന്നു അത്.

(*ഈ ഭരണവുമായി സമ്പര്‍ക്കഫലമായി ശക്തന്‍ തമ്പുരാന്‍ വെട്ടിയ റോഡിനെ കുറിച്ച് ബുക്കാനന്‍ In fact the road has been made for ostentation alone, and not for any rational view facilitating commerce or social intercourse
1.Quoted by Logan1 Page 62
2. Ibid Page 63

ഈ റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്നതിനും രാജ്യത്തിന്റെ വിദൂരഭാഗങ്ങളിലുള്ളവര്‍ക്ക് നീണ്ട യാത്രകള്‍ അവയിലൂടെ സാദ്ധ്യമാക്കുന്നതിനും ടിപ്പു പ്രത്യേകം ശ്രദ്ധിച്ചു. തൃത്താലി എന്ന സ്ഥലത്തു നിന്ന് യാത്രക്കാര്‍ക്ക് ‘ഹോട്ടല്‍’ സൗകര്യങ്ങള്‍ ചെയ്യുന്നതിന്, പുറമെ നിന്നും ഹിന്ദുക്കളുടെ ഒരു കോളനി ടിപ്പു സ്ഥാപിച്ചു. സ്ഥലത്തെ ഹിന്ദുക്കള്‍ക്ക് ഈ കൃത്യം അപമാനമായിരുന്നതുകൊണ്ടാണ് പുറത്തുനിന്ന് ഹിന്ദുക്കളെ വരുത്തിയത് എന്നും ബുക്കാനന്‍ വിവരിക്കുന്നു.

2.Buchanan 2 Page 427
3. (പാലക്കാട്ടുനിന്നും പൊന്നാനി ഭാഗത്തേക്കുള്ള റോഡിലാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയത്
4. എട്ടുകൊല്ലത്തെ ടിപ്പുവിന്റെ ഭരണകാലത്തത്രയും റോഡുകള്‍ 150 കൊല്ലത്തെ ബ്രിട്ടീഷ് ഭരണം കൊണ്ടുണ്ടായില്ല. 10 കൊല്ലത്തെ ദേശീയ ഭരണത്തില്‍ ഈ കാര്യത്തില്‍ നേട്ടം പൂജ്യമാണ്.)

വാണിജ്യ വിള വികസനത്തിലൂടെ കൃഷി കച്ചവടാടിസ്ഥാനത്തില്‍

കൃഷിയെ കച്ചവടാടിസ്ഥാനത്തില്‍ വളര്‍ത്താനുള്ള ശ്രമങ്ങള്‍ ടിപ്പുവിന് പ്രിയപ്പെട്ടതായിരുന്നു. കവുങ്ങ്, വെറ്റില, തുടങ്ങി ‘ക്യാഷ്’ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതിയിളവും മറ്റും കല്‍പ്പിച്ചിരുന്ന വസ്തുത ഇവിടെ പ്രത്യേകം ഓര്‍ക്കണം. ചന്ദനം, കുരുമുളക് തുടങ്ങിയ വിഭവങ്ങള്‍ക്ക് ടിപ്പു രാഷ്ട്രക്കുത്തക ഏര്‍പ്പെടുത്തി. എന്നാല്‍ ഉല്‍പാദകര്‍ക്ക് ഏറ്റവും ഗുണകരമായ തോതിലാണ് കുത്തകവില നിശ്ചയിച്ചിരുന്നത്. അതേ കാലത്ത് കമ്പനിക്കാര്‍ക്ക് വേണ്ടി തിരുവിതാംകൂര്‍ രാജാവ് കുരുമുളക് കുത്തക ഏര്‍പ്പെടുത്തിയിരുന്നു.

ധര്‍മ്മരാജാവെന്ന ആ വിഖ്യാത മഹാരാജാവ് രാജാ കേശവദാസ് ദിവാന്റെ കീഴില്‍ ഒരു കണ്ടി കുരുമുളകിന് 25ക. യാണ് വില നിശ്ചയിച്ചിരുന്നത്. എന്നാല്‍ കണ്ടിക്ക് 60ക. ആയി കുത്തക നിജപ്പെടുത്തിയാല്‍ കൃഷിക്ക് രക്ഷയും കമ്പനിക്ക് വലിയ വലിയ ലാഭവുമായിരിക്കുമെന്ന് 1800-ല്‍ ബൂക്കാനന്‍നിര്‍ദ്ദേശിക്കുന്നുണ്ട്. ടിപ്പുവിന്റെ കുരുമുളക് കുത്തകവില കണ്ടിക്ക് 100 ക. ആയിരുന്നു* ഈ അന്തരം കര്‍ഷകന് എത്രയോ മെച്ചമാണെന്നും ആരാണ് യഥാര്‍ത്ഥ ചൂഷകരെന്നും നമുക്ക് മനസ്സിലാക്കാം.

ചന്ദനത്തിനു ഇതുപോലെ നല്ലവില നിശ്ചയിച്ചിരിക്കണം. നാട്ടിന്‍പുറത്തെ ഇതുകൊണ്ടുള്ള മെച്ചം വമ്പിച്ചതാണ്. മലബാറിലെ കൃഷിക്കാര്‍ കിട്ടിയ വിലക്ക് ഉല്‍പ്പന്നങ്ങള്‍ വിറ്റുകളയുന്ന മനഃസ്ഥിതി തന്നെ അല്‍ഭുതപ്പെടുത്തിയെന്നും ‘വുണം’ (ഓണം) എന്ന ഒരുത്സവം ആഘോഷിക്കാന്‍ സ്വന്തമായുള്ള പണം മുഴുവനും പിന്നെ കിട്ടാവുന്നത്ര കടവും ചെലവാക്കണമെന്ന ആചാരമാണ് അതിന്റെ അടിയിലെന്ന് മനസ്സിലായെന്നും ബുക്കാനന്‍ പ്രസ്താവിച്ചിട്ടുണ്ട്.1 എപ്പോള്‍ ഏത് പരിതസ്ഥിതിയില്‍ വിറ്റാലും ഈ നല്ല കുത്തക നിരക്കില്‍ വില കിട്ടുമായിരുന്നതുകൊണ്ട് അനുഭവപ്പെട്ടിരുന്ന സമൃദ്ധി വമ്പിച്ചതാണ്.

മലബാര്‍ തീരത്ത് മുത്ത് വ്യവസായം വളര്‍ത്താന്‍

മലബാര്‍ കടല്‍ തീരത്ത് മുത്ത് വ്യവസായത്തിന് സാദ്ധ്യതയുണ്ടോ എന്ന് പരീക്ഷിക്കാനും ‘പേള്‍ ഡൈവിങ്ങ്’ ഇവിടെയുള്ളവരെ പരിശീലിപ്പിക്കാനും ‘മസ്‌കാത്തില്‍’ നിന്നും ഏതാനും മുങ്ങല്‍ വിദഗ്ദ്ധരെ ടിപ്പു വരുത്തിയെന്നും പക്ഷേ ആപരീക്ഷണത്തിന് മുമ്പ് 3-ാം മൈസൂര്‍ യുദ്ധവും പുറകെ മലബാറിന്റെ നഷ്ടവും സംഭവിച്ചതുകൊണ്ട് അത് നടന്നില്ലെന്നും കാണുന്നു.

ദേശസ്‌നേഹിയായിരുന്ന ടിപ്പുവിനെ താറടിക്കുന്ന തല്‍പരകക്ഷികള്‍

മലബാറിലെ മൈസൂര്‍ഭരണം സമൂലമായ സാമൂഹ്യപരിവര്‍ത്തനത്തിനായിരുന്നു എന്ന് ചരിത്രകാരന്മാര്‍ക്ക് കാണാന്‍ കഴിഞ്ഞില്ല.* സാമ്പത്തികം, സാംസ്‌കാരികം, രാഷ്ട്രീയം എന്നീ സമസ്ത മേഖലകളിലും ആഴത്തിലിറങ്ങിയ സമഗ്രവിപ്ലവമായിരുന്നു അത്. ടിപ്പു ബോധപൂര്‍വ്വം സാമൂഹ്യവിപ്ലവം വരുത്തി എന്ന് ഇവിടെ അവകാശവാദം ഉന്നയിക്കുന്നില്ല. ടിപ്പുവിന്റെ തന്നിഷ്ടം നടത്തിയപ്പോള്‍ അത് സ്‌ഫോടകാത്മകമാം വിധം പരിവര്‍ത്താനാത്മകമായി.

പുതിയ സെറ്റില്‍മെന്റ് പ്രകാരം പരമ്പരാഗത ജന്മിമാര്‍ എന്ന വിഭാഗം ഇല്ലാതായി. ഈ ജന്മിമാര്‍ രാജാധികാരത്തിന് പോലും പിടികൊടുക്കാത്ത സ്വതന്ത്രരായ നായര്‍-നമ്പൂതിരി ഭൂവുടമകളായിരുന്നു. അടിമകളായ അവര്‍ണ്ണരുടെ പ്രയത്‌നം കൊണ്ട് വിളയിക്കുന്നത് മിക്കതും ഇടത്തട്ടുകാരുടെ തട്ട് കഴിച്ച് ബാക്കിയെല്ലാം അയിത്തം പാലിച്ചകലെ നിന്ന് അളന്നു വാങ്ങല്‍ മാത്രമാണ് ഇവര്‍ ചെയ്തിരുന്നത്. സമൂഹ മത വിശ്വാസത്തിലും രാഷ്ട്രീയത്തിലും ഇവര്‍ക്ക് പരിപൂര്‍ണ്ണനിയന്ത്രണമുണ്ടായിരുന്നു. സമൂഹപൊതുബോധത്തിന്റെ പരമാധികളായിരുന്നു ഇവര്‍. എല്ലാ രംഗത്തും ദൈവത്തേക്കാള്‍ ഇവര്‍ പരമാധികളായിരുന്നു.

ഇത്തരത്തിലുള്ള ഗ്രാമീണസാമൂഹിക വ്യവസ്ഥിതിയുടെ അടിത്തറ അവരായിരുന്നു. പ്രത്യേക തൊഴിലൊന്നുമില്ലാതെ അനിയന്ത്രിതാസക്തിയിലും ദുരധികാരപ്രമത്തതയിലും മദിച്ചിരുന്ന പ്രതാപികളായിരുന്ന അവരുടെ അനിയന്ത്രിതമായ അധികാരത്തിന്മേലാണ് മൈസൂര്‍ ഭരണം കൈ വച്ചത്. റവന്യൂ ഭരണം കേന്ദ്രീകൃത രാഷ്ട്രീയാടിസ്ഥാനത്തില്‍ കൃഷിക്കാരനുമായി നേരിട്ടു സംഘടിതമായപ്പോള്‍ അതിന്റെ ആദ്യത്തെ ഫലം ഉല്‍പ്പാദകരല്ലാത്ത നായരും നമ്പൂതിരിയും സാമ്പത്തികമായി തകര്‍ന്നു എന്നതാണ്. ബ്രാഹ്മണര്‍ മിക്കവരും കൊച്ചിയിലേക്കും തിരുവിതാംകൂറിലേക്കും കടന്നുകളഞ്ഞതുകൊണ്ട് അവര്‍ ഈ ഭൂസുരന്മാരെ ഭക്ത്യാദരപൂര്‍വ്വം ഇവരെ പുലര്‍ത്തിയതുകൊണ്ട് ഇവര്‍ യാതനകള്‍ കാര്യമായി അറിഞ്ഞില്ല.

ബ്രാഹ്മണരുടെ വാക്കുകള്‍ക്കുണ്ടായിരുന്ന ദൈവിക വിശ്വാസ്യത, ടിപ്പുവിനെയും മൈസൂറിനെയും ശപിക്കുന്നതിനും തെറി പറയുന്നതിനും ഈ നമ്പൂതിരിമാര്‍ ഉപയോഗിച്ചു. അവര്‍ക്കുണ്ടായിരുന്ന ആഘാതങ്ങള്‍ ഈ വിദ്യയുടെ അധീശന്മാര്‍ നാടുനീളെ സഞ്ചരിച്ചുകൊണ്ട് പരത്തി നടന്നിരുന്നു. അവയെല്ലാം സമൂഹം പരമസത്യമായി വിശ്വസിക്കുകയും ചെയ്തു. അത് പിന്നീട് ചരിത്രമായി മാറി. ടിപ്പുവിനെ കുറിച്ചുള്ള ഭയവും വെറുപ്പും ഒരു വിശ്വാസം പോലെ സമൂഹത്തിലുറയ്ക്കുകയും ചെയ്തു. നമ്പൂതിരിമാരുടെയും നാടുവാഴികളുടെയും നായന്മാരുടെയും പാലായയനവും ജന്മം സ്വത്തിന്റെ നാശവും അവര്‍ക്ക് വരുത്തിയ കെടുതികള്‍ കഠിനമായിരുന്നു. നമ്പൂതിരിയില്‍നിന്നും നാടുവാഴിയില്‍ കൂടിയുമല്ലാതെ ഒരു വരുമാനവും നായര്‍ക്കുണ്ടായിരുന്നില്ല. അവരുടെ ജാതി ധര്‍മ്മമനുസരിച്ച് അവര്‍ണ്ണരെ അടിച്ചമര്‍ത്തലും യുദ്ധം ചെയ്യലും നാടുവാഴി കല്‍പ്പിക്കുന്നതും കൊടുക്കുന്നതുമായ ഭോഗങ്ങള്‍ അവരെ ഏല്‍പ്പിക്കുന്ന ഭൂമിയിലെ വരുമാനങ്ങള്‍ എന്നിവ മാത്രമായിരുന്നു വരുമാനം. ശക്തമായ മൈസൂര്‍ സൈന്യത്തിന്റെ വരവോടെ നായന്മാരുടെ കായികാഭ്യാസത്തിന് ഒരു പ്രയോജനവുമില്ലായിരുന്നു. കുതിരപ്പട്ടാളം അവര്‍ കണ്ടിട്ടില്ലായിരുന്നു.

കര്‍ക്കശക്കാരനായ സന്മാര്‍ഗ്ഗക്കാരന്‍

ടിപ്പുവാകട്ടെ കര്‍ക്കശക്കാരനായ സന്മാര്‍ഗ്ഗക്കാരനായിരുന്നു. ലൈംഗികകാര്യത്തില്‍ മാത്രമല്ല, എല്ലാ രംഗത്തും അത് പ്രതിഫലിച്ചിരുന്നു. പെണ്‍മക്കളെ വിവാഹം കഴിക്കാന്‍ കാശില്ലാത്ത രക്ഷാകര്‍ത്താക്കളെ സ്റ്റേറ്റില്‍ നിന്നും സംഭാവന കൊടുത്ത് സഹായിക്കുമെന്ന് വിളംബരപ്പെടുത്തുകയും അങ്ങനെ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം കൊടുക്കുകയും ചെയ്തിരുന്നു.

(ഈ കല്‍പ്പനയുടെ പകര്‍പ്പ് മാക്കന്‍സി മാനുസ്‌ക്രിപ്റ്റുകള്‍ നം. 46 പേജ് 142 -ല്‍ ഉണ്ടെന്ന് എം. എച്. കെ. പേജ് 37) നിയമാനുസൃതമല്ലാത്ത ലൈംഗികബന്ധങ്ങളെ ടിപ്പുവിന് വളരെ വിരോധമായിരുന്നു. മദ്യപാനവും അദ്ദേഹം വെറുത്തിരുന്നു. തന്റെ രാജ്യത്ത് ഒരു തരത്തിലുമുള്ള മദ്യമുണ്ടാക്കാനും വില്‍ക്കാനും പാടില്ലെന്ന് നിയമം നടപ്പാക്കിയിരുന്നു. സൈന്യത്തിലുള്ള ഫ്രഞ്ചുകാര്‍ക്ക് അതിന് അനുവാദം കൊടുത്തതൊഴിച്ചാല്‍ പ്രശംസാര്‍ഹവും ഫലപ്രദവുമായ ഏക നടപടി ഇതെന്നായിരുന്നു ‘ബൗറിങ്ങ്’ എടുത്ത് പ്രസ്താവിക്കുന്നു. ഓരോ സാമൂഹ്യപരിഷ്‌കാര നടപടികളും തന്റെ രാജ്യഭാഗമായ മലബാറിലും അദ്ദേഹം പ്രയോഗിച്ചുകാണണം. ഇതോരോന്നും കൂടുതല്‍ ബാധിച്ചത് നായന്മാരെയെന്ന് കാണാം.

ടിപ്പുവിന്റെ മതഭ്രാന്ത് തെളിയിക്കുന്ന വിളംബരം നോക്കിയാല്‍ കാര്യം വ്യക്തമാകും. ‘മലയാളരാജ്യം അടക്കിയെടുത്തിട്ടിന്നുവരെ 24 കൊല്ലമായി. നിങ്ങള്‍ ശഠന്മാരും അനുസരണയില്ലാത്തവരുമായി കാണുന്നു. അത് അങ്ങനെയാവട്ടെ. കഴിഞ്ഞതെല്ലാം കഴിഞ്ഞു. ഇനി നിങ്ങളുടെ നടപടിയൊന്നു മാറ്റണം. സ്വസ്ഥമായി വസിച്ച് ന്യായമായി അടയ്ക്കാനുള്ള നികുതി മുതലായവ അടച്ചുപോരണം.’ ഇപ്രകാരം ആ വിളംബരം തുടങ്ങുന്നു. ഇതിലെ സ്വരം വ്യക്തമാണ്. രാജ്യത്തിലെ നിയമമനുസരിച്ച് ജീവിക്കണം എന്ന് നിര്‍ദ്ദേശിക്കുന്നതില്‍ തെറ്റില്ല. ഒരു രക്ഷാകര്‍ത്താവിന്റെ ശാസനയാണ് ഇതിലുള്ളത്. വിളംബരം തുടരുന്നു.2

‘നിങ്ങളുടെയിടയില്‍ ഒരു സ്ത്രീ പത്തു പുരുഷന്മാരോടുകൂടി സംസര്‍ഗം ചെയ്യുന്നതും നിങ്ങളുടെ അമ്മപെങ്ങന്മാരെ ഈ വിധം ധൂര്‍ത്തായി നടക്കാന്‍ നിങ്ങള്‍ സമ്മതിക്കുന്നതും പൂര്‍വ്വാചാരമായിരിക്കുന്ന സ്ഥിതിക്ക് നിങ്ങളെല്ലാവരും വ്യഭിചാരത്തില്‍ ജനിച്ചവരും സ്ത്രീപുരുഷന്മാരുടെ സംസര്‍ഗവിഷയത്തില്‍ പാടത്തു മേഞ്ഞു നടക്കുന്ന കന്നുകാലികളേക്കാള്‍ നിര്‍ലജ്ജന്മാരുമാകുന്നു. ഇപ്രകാരമുള്ള പാപകരമായ ദുരാചാരങ്ങളെ ത്യജിച്ച് സാധാരണ മനുഷ്യരെ പോലെ നടക്കാന്‍ നാം ഇതിനാല്‍ നിങ്ങളോടാജ്ഞാപിക്കുന്നു.’ ഇതിലും മതഭ്രാന്ത് ആരോപിക്കാനാവില്ല. ഇനി വിളംബരത്തിലെ അവസാന വാചകമാണ്. ‘ഈ ആജ്ഞയെ അനുസരിക്കാതിരുന്നു എങ്കില്‍ നിങ്ങള്‍ എല്ലാവരെയും ഇസ്ലാം എന്ന മാന്യവ്യവസ്ഥയില്‍ ചേര്‍ക്കുന്നതാണെന്നും പ്രമാണികളെല്ലാവരെയും തലസ്ഥാനത്തേക്കയക്കുന്നതാണെന്നും നാം പലവുരു സത്യം ചെയ്തിട്ടുണ്ട്.’ ഇത്രയുമാണ് ഇതിലുള്ള മതം മാറ്റം. അല്ലാതെ കൊല്ലലും തിന്നലുമില്ല. സാധാരണ മനുഷ്യരെ പോലെ ധാര്‍മ്മികമായി ജീവിക്കാതിരിക്കുന്ന അനുസരണക്കേടിന് മതം മാറ്റമാണ് ടിപ്പുവിന്റെ ശിക്ഷ.

അക്ഷരാഭ്യാസമുണ്ടായിരുന്നവര്‍ പറയുന്ന ചരിത്രം

അന്ന് അക്ഷരാഭ്യാസമുണ്ടായിരുന്നത് നായര്‍ക്കും നമ്പൂതിരിക്കും മാത്രമായിരുന്നു. അതുകൊണ്ട് അവിടെ മറ്റാരുടെയും എഴുതപ്പെട്ട രേഖകളുണ്ടായിരുന്നില്ല. ഈ രണ്ട് ജാതികളും ഈ ഭരണാധികാരികളോട് അവരുടെ പല കുത്തകകളും ഈ ഭരണങ്ങളില്‍ നഷ്ടപ്പെട്ടതില്‍ ഈര്‍ഷ്യ ഉണ്ടായത് സ്വാഭാവികമാണ്. അവരുടെ അഭിപ്രായങ്ങളില്‍ വസ്തുതകള്‍ കുറവും കോപജന്യമായ വാക്കുകള്‍ കൂടുതലുമാണ്. ക്ഷേത്രധ്വംസനവും മതധ്വംസനവും നടത്തിയെന്ന് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ടെങ്കിലും കേരളത്തിലെ ഏതെങ്കിലും ഒരു പ്രത്യേക ക്ഷേത്രം പോലും പേരെടുത്ത് പറഞ്ഞ് നശിപ്പിച്ചതായി തെളിവുകള്‍ കാണിക്കുന്നില്ല.

പറയുന്നത് ക്ഷേത്രങ്ങള്‍ മുഴുവനായി നശിപ്പിച്ചു എന്നാണ്. ഈ സുല്‍ത്താന്മാരുടെ പടയോട്ട വഴിയിലെ ഒറ്റയൊറ്റ ക്ഷേത്രങ്ങളെല്ലാം അതിന് ശേഷം ഒരു കേടും പറ്റാതെ നില നിന്നിരുന്നു. തൃപ്രയാര്‍, തൃശ്ശൂര്‍ വടക്കുന്നാഥന്‍ എന്നീ ക്ഷേത്രങ്ങളുടെ കാര്യമെടുക്കുക. സര്‍ദാര്‍ ഘാന്റെ നേതൃത്വത്തില്‍ ഹൈദരലിയുടെ സൈന്യവും സ്വന്തം നേതൃത്വത്തില്‍ ടിപ്പുവിന്റെ സൈന്യവും വടക്കുനാഥന്‍ മൈതാനത്ത് തമ്പടിച്ചിട്ടുണ്ട്. അവിടെ ഒഴിവായ സ്ഥലമുണ്ടായതാണ് കാരണം. ഹൈദരലിയുടെ സൈന്യത്തിന്റെ പടയോട്ടത്തെ വിവരിക്കുന്ന ദേവസ്വം ഗ്രന്ഥവരി പത്മനാഭമേനോന്‍ ഉദ്ധരിക്കുന്നുണ്ട്.

ഗ്രാമങ്ങള്‍ കൊള്ളയടിച്ചും ഹിന്ദുക്കളെ കൊന്നും ക്ഷേത്രങ്ങള്‍ കത്തിച്ചും വിഗ്രഹങ്ങളുടെ മേല്‍ പശുക്കളെ വെട്ടിയും മുഹമ്മദീയപ്പട നാടാകെ വിഹരിക്കുന്ന വിവരണം അതിലുണ്ട്. അവസാനം ഒരു സത്യം അദ്ദേഹമറിയാതെ പറയുന്നു. ’27-ാം തീയതി കാലത്ത് എല്ലാവരും കൂടി തൃശ്ശിവപേരൂര്‍ക്ക് വന്ന് വടക്കെ നട തുറന്ന് നോക്കുമ്പോള്‍ ക്ഷേത്രം വകയായുള്ള പാത്രങ്ങളും പുറമെ കടത്തിവച്ചിട്ടുള്ളത് ഒന്നും എടുത്തുകൊണ്ട് പോയിട്ടില്ല. ശ്രീകോവിലിലെ ഒന്നും തുറന്നിട്ടുമില്ല. 27, 28, 29-ാം തീയതിയുമായിട്ട് അശുദ്ധികള്‍ ഒക്കെയും നീക്കി 30-ാം തീയതി പശുദാനം പുണ്യാഹം കഴിച്ച്…പൂജയും അടിയന്തരങ്ങളും തുടങ്ങുകയും ചെയ്തു.

മതില്‍ക്കകത്ത് അശുദ്ധിയും ഒരു ഏറ്റക്കുറവും വരുത്തിയിട്ടും ഇല്ല.’ ഇതായിരുന്നു സ്വന്തം അനുഭവം. ആരും അകത്ത് കടന്നിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് പുണ്യാഹവും മറ്റ് ശുദ്ധി കര്‍മ്മങ്ങളും? സ്വന്തം മനസ്സിലെ അശുദ്ധി കളയാനായിട്ടായിരിക്കും. ദുഷ്ടതയും മ്ലേച്ഛതയും ചെയ്തിരിക്കണമെന്ന വിശ്വാസം അത്രക്ക് രൂഢമൂലമായിരുന്നു. ‘കരുവനൂര്‍ പുഴയ്ക്ക് വടക്കോട്ടും മുളങ്കുന്നത്തുകാവിന് തെക്കോട്ടുമുള്ള ദേവാലയങ്ങളില്‍ കടന്ന് ബിംബഹാനിയും വരുത്തി ചെമ്പുപലക പൊളിച്ചുകൊണ്ട് പോവുകയും ചെയ്തു.’

ക്രിസ്ത്യന്‍ പാതിരി

ക്രിസ്ത്യന്‍ പാതിരിയായ ബര്‍ത്തലോമ്യു എന്ന യൂറോപ്യന്‍ മിഷണറി ടിപ്പുവിന്റെ അതിക്രമങ്ങളെ കുറിച്ച് പറയുന്നതും ഇതുപോലെയാണ്. അന്ന് കേട്ടിരുന്ന അഭ്യൂഹങ്ങള്‍ ഹിന്ദുക്കളോടും ക്രിസ്ത്യാനികളോടും അതിക്രമങ്ങള്‍ കാട്ടിയിരുന്നു എന്നാണ്. യൂറോപ്യന്‍ കമ്പനികളോട് ക്രിസ്ത്യാനികള്‍ക്കുള്ള അടുപ്പം ടിപ്പുവിന് അവരോട് വിരോധമുണ്ടാക്കിയിരിക്കാം. കര്‍ണ്ണാടകത്തില്‍ 3000 ക്രിസ്ത്യാനികളെ ഇസ്ലാമില്‍ ചേര്‍ത്തു എന്നും മറ്റും രോഷത്തോടെ ഇവരും പ്രചരിപ്പിച്ചിട്ടുണ്ട്. ആ നിലക്ക് ബര്‍ത്തലോമ്യു സായിപ്പിന്റെ രോഷം തികച്ചും സ്വാഭാവികം മാത്രം. എന്നാല്‍ വിവരണം ഇപ്രകാരമാണ്. ‘…അന്നേക്ക് ഞാന്‍ മലയാളക്കര വിട്ടുപോന്നിരുന്നെങ്കിലും ടിപ്പുസുല്‍ത്താന്‍ നെടുങ്കോട്ടയെ ലംഘിച്ച് വരാപ്പുഴവരെയെത്തിയെന്നും മുന്‍കാലങ്ങളില്‍ നടത്തിയ ക്രൂരകൃത്യങ്ങള്‍ ഒരു കുറവും കൂടാതെ നടത്തിയെന്നും അവിടത്തെ ബിഷപ്പും വികാരിയും എനിക്കെഴുതിയിരിക്കുന്നു… കൊള്ളക്കാരായ കാവല്‍ ഭടന്മാര്‍ പള്ളിയിലും വിദ്യാലയങ്ങളിലും സന്യാസിമഠത്തിലും പ്രവേശിച്ചു അവര്‍ കൈയിലെത്തിയത് കൊള്ളയിട്ടു നശിപ്പിക്കുന്നുവെന്നും ദൈവാനുകൂല്യം കൊണ്ടും പള്ളിയോഗത്തിന്റെ രക്ഷകനായ ‘ഔസേഫ് പുണ്യവാളന്റെ’ കൃപ കൊണ്ടും സുല്‍ത്താന്റെ ഭടന്മാരുടെ കഠിനക്രൗര്യത്തിന് നമ്മുടെ പള്ളിയും സന്യാസി മഠവും പാത്രമായി അഗ്‌നിക്കിരയായില്ല എന്നും എഴുതിയിരിക്കുന്നു.’ ഈ എഴുതിയത് വാരാപ്പുഴയിലെ ബിഷപ്പും വികാരിയുമാണ്. ആരുടെ കൃപ കൊണ്ടായാലും അതിന് ഒരു കേടുപാടും വരുത്തിയില്ല എന്ന് അവര്‍ പറയുന്നു.

(മലയാള ചരിത്രകാരന്മാര്‍ ഇംഗ്ലീഷുകാരുടെ തന്ത്രം സ്വീകരിച്ചത് ബുദ്ധിപരമെങ്കിലും അത്ഭുതാവഹമാണ്. ഇന്നുള്ള അച്ചടിച്ച എല്ലാ പുസ്തകങ്ങളും ഹൈദറെ മിക്കവാറും പ്രശംസിക്കുന്നു. ബുക്കാനന്റെ കുറിപ്പ് പക്ഷേ വളരെ ശ്രദ്ധേയമാണ്. See Buchanan 2 Page 444)

200 ബ്രാഹ്മണരെയും 2000 നായന്മാരെയും മതം മാറ്റി ഗോമാംസം തീറ്റിയെന്ന് തലശ്ശേരിയില്‍ നിന്ന് പ്രചരണമുണ്ടായിരുന്നു. അതിന് തെളിവുകളോ സാക്ഷികളോ ഇല്ലായിരുന്നു. മലബാറിലെ ടിപ്പുവിന്റെ ഹിന്ദുമതദ്രോഹം എന്ന പ്രചരണം പൂര്‍ണ്ണമായും തെറ്റിദ്ധാരണയാണ്. അന്നത്തെ സാമൂഹ്യരാഷ്ട്രീയ നിലപാടില്‍ തങ്ങളെ ദ്രോഹിക്കുകയാണെന്ന് സ്വാഭാവികമായും സവര്‍ണ്ണര്‍ക്ക് തോന്നിയിരിക്കാം.

(1.Logan 1 Page 448.
2. ടിപ്പുവിന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലെ ഹിന്ദുക്കളെ മാത്രം ബാധിക്കുന്നവയായിരുന്നില്ല. മുസ്ലീം സമുദായസംഘടനകളിലും ടിപ്പു തനിക്ക് തോന്നിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഒരു പക്ഷേ മുസ്ലീങ്ങളുടെ ഇടയിലെ ലഹളകളുടെ കാരണം ഇതായിരിക്കാം. ബുക്കാനന്‍ പറയുന്നു.
”The law Sulthan…but appointed another head for the priests of his faith in Malabar. This person called ‘Arabi Thangal residesat Ponnani”
പൊന്നാനി തങ്ങളെ മാറ്റി പകരം നിയമിച്ച ഈ തങ്ങള്‍ ഇപ്പോള്‍ അനുയായികളില്ലാത്ത രീതിയിലാണെന്നും പറയുന്നുണ്ട്. ഇത് മൈസൂറിനോട് കൂറുണ്ടാകുന്നതിനോ മതപരിഷ്‌കരണത്തിനോ എന്തിനാണെന്ന് വ്യക്തമല്ല.’)

ടിപ്പുവിനെതിരെ മുസ്ലീം ലഹള

ടിപ്പുവിന്റെ ഭരണത്തില്‍ മഞ്ചേരി ഗുരിക്കളുടെ നേതൃത്വത്തില്‍ ലഹളയുണ്ടായിട്ടുണ്ട്. മുമ്പില്ലാത്ത സ്വാതന്ത്ര്യവും വരുമാനവും ഉണ്ടായെങ്കിലും കൃത്യമായി നികുതി കൊടുക്കുവാന്‍ അവര്‍ക്ക് പ്രയാസം തോന്നിയിരിക്കണം. അനധികൃതമായ ഇനാമുകളും ജന്മങ്ങളും നിര്‍ത്തലാക്കിയത് നായര്‍ പ്രഭുക്കളെയും മുസ്ലീം പ്രഭുക്കളെയും ഒരു പോലെ ക്ഷോഭിപ്പിച്ചിരിക്കണം. ‘മൈസൂറുമായുള്ള നായര്‍ സ്വാതന്ത്ര്യസമരത്തിന്റെ നേതാവായ രവിവര്‍മ്മ ഏറാള്‍പാടിന്റെ നേതൃത്വത്തില്‍ നായന്മാരെയും കൂട്ടിയാണ് മൈസൂര്‍ ഗവര്‍ണ്ണര്‍ ഈ മൂസ്ലീം ലഹള അമര്‍ത്തിയതെന്നത് വിസ്മയകരമാണ്.1’

ചേലക്കരയുടെ ചരിത്രം

ചേലക്കരയെന്നാല്‍ ചേലകള്‍ വിതരണം ചെയ്യുന്ന സ്ഥലം അപ്രകരമായിരുന്നു ആ പേര് വന്നത്. മതം മാറിയ കീഴാളര്‍ക്ക് ടിപ്പു സാരിയും ഷര്‍ട്ടും മുണ്ടും തൊപ്പിയുമെല്ലാം വിതരണം ചെയ്തു. അവര്‍ക്ക് അപ്രകാരം റോഡിലൂടെ നടക്കുന്നതിന് സ്വാതന്ത്ര്യവും കിട്ടി. ടിപ്പുവിന്റെ പടയോട്ടം നടന്ന വഴിയിലെ ക്ഷേത്രങ്ങളായ തൃപ്രബോര്‍, വടക്കും നാഥന്‍ എന്നിവയൊന്നും ഒരു തകരാറും ടിപ്പു വരുത്തിയില്ല. മാത്രമല്ല ശങ്കരാചാര്യര്‍ക്ക് മറാത്ത ആക്രമണത്തില്‍ നിന്ന് സംരക്ഷണം, വര്‍ഷം തോറും സഹായധനം എന്നിവയും കൊടുത്തിരുന്നു. ടിപ്പുവിന്റെ പാലക്കാട് കോട്ടയില്‍ തന്നെ ഹിന്ദു ആരാധനാലയമുണ്ട്. ഖുറാന്‍ പഠിക്കുന്നത് പോലെ ഭഗവദ്ഗീതയും ടിപ്പു പഠിച്ചിരുന്നു. പേര്‍ഷ്യന്‍ അറബിക് സംസ്‌കൃതം കര്‍ണ്ണാടകം ഫ്രഞ്ച് എന്നിവയില്‍ പണ്ഡിതനായിരുന്നു. ജനകീയമായ സത്യം സമത്വം സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം മുഴക്കിയ ഫ്രഞ്ച് വിപ്ലവത്തില്‍ ആകൃഷ്ടനായ ടിപ്പു താന്‍ ജനകീയനായ ഒരു പൗരനാണ് എന്ന് പ്രഖ്യാപിച്ച് ആ പൗരത്വസ്മാരകം ബങ്കളൂരില്‍ നിര്‍മ്മിക്കുകയും ചെയ്തു. സാധാരണ രാജാക്കന്മാരെ പോലെ ആഡംബര കൊട്ടാരമോ കിരീടമോ ഒന്നും ടിപ്പു തനിക്ക് വേണ്ടി നടത്തിയിരുന്നില്ല. ഇതെല്ലാം ഇന്നും മൈസൂര്‍ പോകുവര്‍ക്ക് കാണാവുതാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: All about Tippu Sultan – Dr. P.K. Sukumaran writes

ഡോ. പി.കെ. സുകുമാരന്‍

We use cookies to give you the best possible experience. Learn more