| Tuesday, 13th October 2020, 9:22 pm

മലയാളി അറിയാതെ പോയ വേറിട്ട വഴികളിലെ കനി

രോഷ്‌നി രാജന്‍.എ

2019 ലെ മികച്ച നടിയ്ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം ബിരിയാണി എന്ന സിനിമയിലൂടെ കനി കുസൃതിയില്‍ എത്തിയിരിക്കുന്നു. ചലച്ചിത്രമേഖലകളിലെ സ്ഥിരം വാര്‍പ്പുമാതൃകകളെ ഭേദിച്ചുകൊണ്ടും താരപദവികള്‍ക്കപ്പുറത്തു നിന്നും കനി കുസൃതി എന്ന അഭിനേത്രി മികച്ച നടി എന്ന പുരസ്‌കാരത്തിനര്‍ഹയാകുമ്പോള്‍ അതൊരു രാഷ്ട്രീയം കൂടി പറഞ്ഞുവയ്ക്കുകയാണ്. അഭിനയശേഷിക്കപ്പുറം നിറത്തിലും ആകാരവടിവിലും അച്ചടക്കത്തിലും നായികമാരെ സൃഷ്ടിച്ച സിനിമാലോകത്തിന് പുതിയ തിരുത്തായിരിക്കുന്നു കനി കുസൃതി.

അഭിനയകലയില്‍ കനി പുതിയ ആളല്ല. നാടകങ്ങളിലൂടെയും നിരവധി ചെറുസിനിമകളിലൂടെയും തന്റെ കഴിവ് തെളിയിച്ച നടിയാണ് അവര്‍. ‘ലാഗോണ്‍സ് ഇന്റര്‍നാഷണല്‍ ഡി റ്റെറ്റേ ജാക്വസ് ലെക്കോകി’ല്‍നിന്ന് നാടക പഠനം പൂര്‍ത്തിയാക്കുകയും ശ്രദ്ധേയമായ നിരവധി നാടകാവതരണങ്ങളുടെ ഭാഗമാവുകയും ചെയ്ത കനി ചെറുപ്പം മുതലേ അഭിനയ രംഗത്തുണ്ട്.

ചെറിയ കഥാപാത്രങ്ങളിലൂടെയാണ് ഒട്ടുമിക്ക സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ളതെങ്കിലും ചെയ്ത കഥാപാത്രങ്ങളിലെല്ലാം തന്റെ അഭിനയമികവ് തെളിയിക്കാന്‍ കനിയ്ക്കായി. ഉറുമി, ഹോട്ടല്‍ കാലിഫോര്‍ണിയ, നത്തോലി ഒരു ചെറിയ മീനല്ല, നോര്‍ത്ത് 24 കാതം, ഒരു ഇന്ത്യന്‍ പ്രണയ കഥ എന്നീ സിനിമകളിലെല്ലാം അഭിനയിച്ച കനിയെ പ്രേക്ഷകര്‍ കൂടുതലായി ശ്രദ്ധിച്ചത് കോക്ക്‌ടെയില്‍ എന്ന സിനിമയില്‍ ഒരു ലൈംഗികതൊഴിലാളിയുടെ കഥാപാത്രം അവതരിപ്പിച്ചതിലൂടെയാണ്.

സിനിമയിലും മോഡലിങ്ങിലും സജീവമാകുമ്പോഴും നാടകവുമായുള്ള ബന്ധം കനി ഉപേക്ഷിച്ചിരുന്നില്ല. ഭാരതരംഗ മഹോത്സവം, കേരളത്തിലെ അന്താരാഷ്ട്ര തിയേറ്റര്‍ ഉത്സവം എന്നിവ ഉള്‍പ്പെടെയുള്ള നാടക വേദികളില്‍ നിരവധി കഥാപാത്രങ്ങളെ മികച്ച രീതിയില്‍ അരങ്ങിലെത്തിച്ച നടിയായാണ് കനി അറിയപ്പെടുന്നത്.

സാമൂഹ്യപ്രവര്‍ത്തകരായ ഡോ.എ.കെ ജയശ്രീയുടെയും മൈത്രേയന്റെയും മകളായി തിരുവനന്തപുരത്ത് ജനിച്ച കനിയുടെ കുട്ടിക്കാലം തന്നെ സമൂഹത്തിലെ പൊതുധാരണാ നടത്തിപ്പുരീതികളെ മറികടന്നുകൊണ്ടുള്ളതായിരുന്നു. മകള്‍ക്ക് അവളുടേതായ വ്യക്തിത്വമുണ്ടെന്നും ഇഷ്ടപ്പെട്ട രീതിയില്‍ ജീവിക്കാനുള്ള അവകാശമുണ്ടെന്നും ജയശ്രീയും മൈത്രേയനും തന്റെ മകളുടെ ജീവിതത്തിലൂടെ സമൂഹത്തിന് കാണിച്ചുകൊടുക്കാന്‍ ശ്രമിച്ചു.

സമൂഹത്തിന്റെ സദാചാര കാഴ്ചപ്പാടുകളിലും ചട്ടക്കൂടുകളിലും കുടുങ്ങാതെ ജീവിക്കാനുള്ള പ്രേരണ മകള്‍ക്ക് നല്‍കുകയായിരുന്നു ജയശ്രീയും മൈത്രേയനും ചെയ്തത്. കനിയുടെ പതിനെട്ടാം വയസ്സില്‍ മകളുടെ അവകാശങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ട് മൈത്രേയന്‍ കനിയ്‌ക്കെഴുതിയ കത്തുകള്‍ ഇന്നും കേരള സമൂഹം ചര്‍ച്ചചെയ്തുപോരുന്ന ഒന്നാണ്.

വീടു വിട്ടു പോകാനും മാറി താമസിക്കാനും ഇഷ്ടപ്പെടുന്ന വ്യക്തിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാനും ഗര്‍ഭം ധരിക്കാനും പുരുഷന്റെ സംരക്ഷണത്തില്‍ മാത്രം പരിമിതപ്പെടാതിരിക്കാനും ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാനും ഇഷ്ടമുള്ള പ്രവൃത്തി ചെയ്തു ജീവിക്കാനും ഒരു വ്യക്തിയെന്ന നിലയില്‍ അവകാശങ്ങളുണ്ടെന്ന് മൈത്രേയന്‍ കത്തുകളിലൂടെ കനിയോട് പറയുകയായിരുന്നു. പുരുഷ കേന്ദ്രീകൃതമായ സമൂഹത്തില്‍ വേലിക്കെട്ടുകള്‍ക്കുള്ളില്‍ ജീവിച്ചുപോരുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ആ കത്തുകള്‍ സമര്‍പ്പിക്കാനും മൈത്രേയന്‍ മറന്നില്ല. അച്ഛനെയും അമ്മയെയും പേരെടുത്ത് വിളിച്ച് ശീലിച്ച കനി മൈത്രേയനും ജയശ്രീയ്ക്കുമിടയില്‍ മറ്റൊരു വ്യക്തിത്വമായിത്തന്നെ വളര്‍ന്നു വന്നു.

പുരുഷ കേന്ദ്രീകൃതമായ മലയാള സിനിമാ മേഖലയിലെ പരമ്പരാഗത ശൈലികളോടും കാഴ്ചപ്പാടുകളോടും യുദ്ധം ചെയ്താണ് കനി തന്റെ അഭിനയ ജീവിതത്തില്‍ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചതെന്ന് സിനിമാ നിരൂപകര്‍ പോലും എഴുതിവെച്ചിട്ടുള്ളതാണ്.
സിനിമാ നിര്‍മ്മാതാക്കളുടെ ലൈംഗികമായ ഇടപെടലുകളെ തുടര്‍ന്ന് അഭിനയത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് 2019ല്‍ കനി പറഞ്ഞതും അവരുടെ നിലപാടുകളെ കൂടുതല്‍ ശക്തമാക്കുകയായിരുന്നു.

അഭിനയമേഖലയിലെ മോധാവിത്വത്തെ ഊട്ടിയുറപ്പിക്കുന്ന ഒരു വിട്ടുവീഴ്ചകള്‍ക്കും തയ്യാറാകാതെ സ്വന്തം താല്‍പര്യങ്ങള്‍ക്കിണങ്ങുന്ന രീതിയില്‍ത്തന്നെയായിരുന്നു കനി പിന്നീടും അഭിനയമേഖലയില്‍ തിരിച്ചു വന്നത്.

ബിരിയാണി എന്ന സിനിമയിലെ കഥാപാത്രത്തിന് അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിക്കൊണ്ടിരുന്ന സാഹചര്യത്തിലാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡും കനിയെത്തേടിയെത്തിയിരിക്കുന്നത്.

രണ്ട് മുസ്‌ലിം സ്ത്രീകളുടെ ജീവിതവും അവര്‍ക്ക് ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും സംസാരിക്കുന്ന ചിത്രമാണ് ‘ബിരിയാണി’. സജിന്‍ ബാബുവിന്റെ സംവിധാനത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഖദീജ എന്ന കഥാപാത്രത്തെയാണ് കനി അവതരിപ്പിച്ചിരിക്കുന്നത്.

കേരളം മറന്ന മലയാളത്തിന്റെ ആദ്യ നായിക പി.കെ റോസിയ്ക്ക് തനിക്ക് കിട്ടിയ അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്നാണ് കനി പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം പറഞ്ഞത്. പതിനഞ്ചാം വയസ്സില്‍ പത്താം ക്ലാസ് പരീക്ഷയുടെ അപേക്ഷയില്‍ കനി എന്നതിനൊപ്പം കുസൃതി എന്ന് സ്വയം പേരുചേര്‍ത്ത കനി കുസൃതി സ്വന്തമായ നിലപാടുകളും ഇഷ്ടങ്ങളും തിരുത്തലുകളുമായി നാടകത്തിലും സിനിമയിലും മോഡലിങ്ങിലും യാത്ര തുടര്‍ന്നുകൊണ്ടിരിക്കുന്നു.

Content Highlight: all about state film award winner kani kusruthi

രോഷ്‌നി രാജന്‍.എ

മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.

We use cookies to give you the best possible experience. Learn more