| Wednesday, 12th August 2020, 6:10 pm

ശ്രീലങ്കയിലും ഒരു മോദിയുണ്ടോ?, രാജപക്സേ രാഷ്ട്രീയം കാണിച്ചുതരുന്നത്

രോഷ്‌നി രാജന്‍.എ

ഇന്ത്യയുടെ അയല്‍ രാജ്യമായ ശ്രീലങ്കയില്‍ പ്രധാനമന്ത്രിയായി മഹിന്ദാ രാജ്പക്സെ കഴിഞ്ഞ ദിവസം അധികാരത്തിലേറിയിരിക്കുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 225 ല്‍ 145 സീറ്റുകളും നേടിയ ശ്രീലങ്ക പീപ്പിള്‍സ് ഫ്രണ്ട് എന്ന പാര്‍ട്ടിയുടെ തലപ്പത്ത് നിന്നാണ് മഹിന്ദ രാജ്പക്സെ നാലാം തവണയും ശ്രീലങ്കയുടെ പ്രധാനമന്ത്രിയായിരിക്കുന്നത്. മുന്‍ഭരണകാലങ്ങളില്‍ അതിദേശീയതയിലും തീവ്രവലതുപക്ഷവാദത്തിലും ഉറച്ചുനിന്ന രാജ്പക്‌സെ വീണ്ടും അധികാരത്തിലെത്തിയതോടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി രാജ്പക്‌സെയെ താരതമ്യപ്പെടുത്തിക്കൊണ്ടുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നുവരുന്നത്. ആരാണ് മദിന്ദ രാജപക്സെ. എന്താണ് അദ്ദേഹത്തിന്റെ രാഷ്ട്രീയം. ഡൂള്‍ എക്‌സ്‌പ്ലൈനര്‍ പരിശോധിക്കുന്നു.

കൊളംബോയിലെ പ്രമുഖ ബുദ്ധക്ഷേത്ര അങ്കണത്തില്‍ വെച്ചാണ് മഹിന്ദ രാജപക്സെ ഇക്കുറി സത്യപ്രതിജ്ഞ ചെയ്തത്. തന്റെ ഇളയ സഹോദരനും പ്രസിഡണ്ടുമായ ഗോദബയ രാജപക്സേക്ക് മുന്നിലായിരുന്നു സത്യപ്രതിജ്ഞ. ഇത്തവണ രാജ്പക്സേ കുടുംബത്തില്‍ നിന്ന് അഞ്ച് പേരാണ് പാര്‍ലമെന്റില്‍ എത്തിയിരിക്കുന്നത്. ശ്രീലങ്കന്‍ രാഷ്ട്രീയത്തില്‍ കുടുംബവാഴ്ചയുടെ അലയൊലികള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ നേരത്തേയും കണ്ടറിഞ്ഞ രാജ്യം ഒരിക്കല്‍ കൂടി അതേ പടുകുഴിയില്‍ തന്നെ വീണിരിക്കുന്നുവെന്നാണ് ഇപ്പോഴുയരുന്ന പ്രധാന വിമര്‍ശനങ്ങള്‍.

കോവിഡ് മഹാമാരിക്കിടെ നടത്തിയ തിരഞ്ഞെടുപ്പില്‍ രാജപക്സെമാര്‍ വിജയിച്ചു കയറിയപ്പോള്‍ പ്രതിപക്ഷം ദുര്‍ബലമായി കൂപ്പുകുത്തിയത് ഇന്ത്യയിലെ പ്രതിപക്ഷത്തെ ഓര്‍മിപ്പിക്കുന്നുവെന്നാണ് സമൂഹമാധ്യമങ്ങളിലെ ചില കമന്റുകള്‍. ശ്രീലങ്ക പൊതുജന പെരുമുന അഥവാ ശ്രീലങ്ക പീപ്പിള്‍സ് ഫ്രണ്ട് എന്ന രാജപക്സെമാരുടെ പാര്‍ട്ടി തുടര്‍ച്ചയായി ശ്രീലങ്കയില്‍ സേച്ഛാധിപത്യ ഭരണം കാഴ്ചവെച്ചിട്ടും അതിനെ ചെറുക്കാന്‍ പ്രതിപക്ഷം മുന്നോട്ട് വെച്ച രാഷ്ട്രീയവും, വിമര്‍ശനങ്ങളും ദുര്‍ബലമായിരുന്നുവെന്നാണ് പൊതുവേയുള്ള വിലയിരുത്തലുകള്‍.

നിലവില്‍ 54 സീറ്റുകള്‍ നേടിയ എസ്.ജെ.ബിയാണ് (സമാജി ജന ബലവേഗയ) മുഖ്യ പ്രതിപക്ഷമായി മാറിയിരിക്കുന്നത്. തമിഴ് ന്യൂനപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിക്ക് 10 സീറ്റുകള്‍ ലഭിച്ചപ്പോള്‍ മുസ്ലിം പാര്‍ട്ടികള്‍ അടക്കം തിരഞ്ഞെടുപ്പില്‍ മത്സരിച്ച 12 കക്ഷികള്‍ക്കുമായി 16 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. കൂടാതെ രണ്ടാമത്തെ കക്ഷിയാവുമെന്ന് ഉറപ്പിച്ചിരുന്ന മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ പാര്‍ട്ടി ഒരു സീറ്റില്‍ മാത്രം ഒതുങ്ങുകയായിരുന്നു.

നിലവില്‍ ശ്രീലങ്കന്‍ പ്രസിഡണ്ടും തന്റെ അനുജനുമായ ഗോതാബായ രാജപക്സെയുടെ പിന്തുണയോടെ ഭരണഘടനയിലുള്‍പ്പെടെ മാറ്റം വരുത്താന്‍ അധികാരമുള്ള പ്രധാനമന്ത്രിയായാണ് മഹിന്ദയുടെ സ്ഥാനാരോഹണം. ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലേക്ക് അഞ്ച് സീറ്റുകളുടെ കുറവ് മാത്രമേ ഭരണകക്ഷിക്കുള്ളൂ. ഏതെങ്കിലും ഒരു ചെറുപാര്‍ട്ടിയുടെ പിന്തുണയുണ്ടെങ്കില്‍ ഈ കുറവ് ശ്രീലങ്ക പീപ്പിള്‍സ് ഫ്രണ്ട് പാര്‍ട്ടിക്ക് എളുപ്പത്തില്‍ നികത്താനുമാവും. മഹിന്ദ രാജ്പക്സെ രണ്ടാം വട്ടം ശ്രീലങ്കയുടെ പ്രസിഡണ്ടായി സ്ഥാനമേറിയ കാലത്ത് നടത്തിയ ഭരണഘടനാഭേദഗതി ശ്രീലങ്കന്‍ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ മറക്കാനാവാത്ത അധ്യായമായാണ് ഇന്നും നിലനില്‍ക്കുന്നത്. എല്‍.ടി.ടി.ഇയെ തകര്‍ത്ത് രണ്ടാമതും പ്രസിഡണ്ടായ രാജപക്സെ അന്ന് ഭരണഘടന ഭേദഗതി ചെയ്ത് തന്റെ അധികാരം കൂട്ടുകയാണുണ്ടായത്.

ഭരണഘടനയില്‍ വരുത്തിയ 18ാം ഭേദഗതി പ്രസിഡണ്ട് പദവിയില്‍ ഒരാള്‍ക്ക് രണ്ടു വട്ടമേ ഇരിക്കാനാവൂ എന്ന വ്യവസ്ഥയെ ഇല്ലാതാക്കുകയായിരുന്നു. ഇതുമാത്രമല്ല തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോലുള്ള സ്വതന്ത്രസ്ഥാപനങ്ങളുടെ മേധാവി, ഉന്നത കോടതിയിലെ ജഡ്ജിമാര്‍ എന്നിവരെ നിയമിക്കുന്നതിന് പ്രസിഡണ്ട് ഭരണഘടനാസമിതിയുടെ അനുമതി തേടണമെന്ന വ്യവസ്ഥയും എടുത്തു കളയുകയായിരുന്നു രാജപക്സെ ഭരണകൂടം. മഹിന്ദയെ തോല്‍പ്പിച്ച് അധികാരത്തില്‍ വന്ന യു.എന്‍.പി അഥവാ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി സര്‍ക്കാര്‍, ഭരണഘടനയുടെ 19ാം ഭേദഗതിയിലൂടെ പ്രസിഡണ്ടിന്റെ അധികാരങ്ങള്‍ വെട്ടിക്കുറച്ചിരുന്നു.

ഇത് രാജപക്സെമാര്‍ക്ക് അധികാരം പ്രയോഗിക്കാന്‍ തടസ്സമായി നില്‍ക്കുകയായിരുന്നുവെന്നും വലിയ ഭൂരിപക്ഷത്തില്‍ ജയിച്ചതിനാല്‍ ഭരണത്തില്‍ കേറുന്നതോടെ പുതിയ ഭേദഗതികള്‍ കൊണ്ടുവരാന്‍ രാജപക്സെ സര്‍ക്കാര്‍ ശ്രമിക്കുമെന്നതും ശ്രീലങ്കന്‍ ന്യൂനപക്ഷങ്ങളുടെ ഭീതിയായി തുടരുകയാണ്. പ്രസിഡണ്ടിന് കൂടുതല്‍ അധികാരം നല്‍കുന്നത് രാഷ്ട്രഭരണം കൂടുതല്‍ കരുത്തുറ്റതാക്കുമെന്നാണ് രാജ്പക്സെമാര്‍ തിരഞ്ഞെടുപ്പു പ്രചരണവേളയില്‍ പറഞ്ഞുകൊണ്ടിരുന്നത്.

2004 ലാണ് മഹിന്ദ രാജപക്സെ ആദ്യമായി ശ്രീലങ്കയുടെ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. 2015 വരെ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്ത് തുടര്‍ന്നു. 2018 ലും 2019 ലും ഹ്രസ്വകാല പ്രധാനമന്ത്രിയായും ഭരണത്തിലിരുന്നു. പിന്നീട് ഇപ്പോഴാണ് നാലാം വട്ടവും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് മഹിന്ദ രാജപക്സെയുടെ സഹോദരന്‍ ഗോതാബായ രാജപക്സെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. അക്രമോത്സുക ദേശീയതയുടെ വക്താവ്, സൈനിക താല്‍പര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നയാള്‍, ശ്രീലങ്കയിലെ ഭൂരിപക്ഷ വിഭാഗമായ സിംഹളരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് തീരുമാനമെടുക്കുന്ന പ്രധാനമന്ത്രി എന്നീ തരത്തിലാണ് മഹിന്ദ രാജപക്സെയുടെ ഇക്കാലവുമുള്ള രാഷ്ട്രീയപ്രവര്‍ത്തനം വിലയിരുത്തപ്പെടുന്നത്.

തമിഴ് പുലികള്‍ക്കെതിരായ സൈനിക ദൗത്യത്തിന് രാജപക്സെ നല്‍കിയ പിന്തുണ സിംഹളവിഭാഗത്തിന്റെ വര്‍ഗീയതക്ക് കൂട്ടു നില്‍ക്കുന്ന പ്രധാനമന്ത്രി എന്ന സ്ഥാനവും രാജപക്സെക്ക് നേടിക്കൊടുത്തു. വേലുപിള്ള പ്രഭാകരനെയും എല്‍.ടി.ടി ഇയെയും തകര്‍ക്കുകയെന്ന ലക്ഷ്യം വെച്ച് മഹിന്ദ രാജപക്സെ സൈന്യം നടത്തിയ കൂട്ടച്ചൊരിച്ചിലില്‍ നിരപരാധികളായ നിരവധി മനുഷ്യരെയും സൈന്യം കൊന്നുതള്ളിയിരുന്നു. തമിഴ് വേട്ടക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ മഹിന്ദ രാജപക്സെ പരാജയപ്പെട്ടെങ്കിലും ശ്രീലങ്കയില്‍ സിംഹളവിഭാഗത്തിന്റെ അധികാരങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കുമേല്‍ പ്രയോഗിക്കുന്നത് വര്‍ധിക്കുകയാണുണ്ടായത്. തുടരെ തുടരെ തമിഴ്, മുസ്ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ ശ്രീലങ്കയില്‍ കൂടുതലായി വേട്ടയാടപ്പെടുന്നതിനും ഇത് സാഹചര്യമൊരുക്കി.

ഹിന്ദുത്വ ശക്തികള്‍ ഇന്ത്യയില്‍ രാമന്റെ പേരില്‍ വോട്ടുപിടിക്കുമ്പോള്‍ ശ്രീലങ്കയില്‍ സിംഹളവിഭാഗം രാവണനെ വെച്ച് വോട്ട് പിടിച്ച് വിജയം കൊയ്തുവെന്നും, ഇവിടെ ചിഹ്നം താമരയാണെങ്കില്‍ അവിടെ താമര മൊട്ടാണ് ചിഹ്നമെന്നതുമെല്ലാം രാജപേെക്സെയയും മോദിയെയും പരസ്പര പൂരകങ്ങളാക്കുന്ന വിമര്‍ശനങ്ങളില്‍പ്പെടുന്നതാണ്. ദേശീയതയെ പുണരുന്ന മോദിക്ക് സമാനമായിത്തന്നെ രാജപക്സെയും ദേശഭക്തിവാദിയാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ശ്രീലങ്കയില്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ നേരിട്ടുപോരുന്ന അക്രമങ്ങളും ഇന്ത്യയിലേതിന് സമാനമായ രാഷ്ട്രീയം തന്നെയാണ് കാണിച്ചു തരുന്നതെന്നും വിലയിരുത്തലുകളുണ്ട്. 2019 ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ഇസ്ലാമിക തീവ്രവാദികളാല്‍ ചര്‍ച്ചുകള്‍ക്ക് നേരെ ആക്രമണമുണ്ടായപ്പോള്‍ അന്ന് അതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും മുസ്ലിം വിഭാഗങ്ങള്‍ക്ക് മേല്‍ കെട്ടിവക്കുകയായിരുന്നു സിംഹളരാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്തത്.

മാത്രമല്ല രാജ്യത്തെ മുസ്ലിം ജനതയെ ഒറ്റപ്പെടുത്തുകയും മുസ്ലിം വ്യാപാര സ്ഥാപനങ്ങള്‍ അക്രമിക്കപ്പെടുകയും തൊഴില്‍ മേഖലയില്‍ നിന്ന് മുസ്ലിം യുവാക്കളെ പിരിച്ചു വിടുകയും ചെയ്തതടക്കമുള്ള നടപടികളും ഈ സമയത്തുണ്ടായിരുന്നു. കൂടാതെ അന്ന് പ്രധാനമന്ത്രിയായിരുന്ന റെനില്‍ വിക്രമസിംഗയെ താഴെയിറക്കാനുള്ള ശ്രമം കൂടിയാണ് മുസ്ലിങ്ങളെ അക്രമിക്കുന്നതിലൂടെ സിംഹളവിഭാഗം നടപ്പിലാക്കിയതെന്ന വിമര്‍ശനങ്ങളും രാജ്യത്ത് നിലനിന്നിരുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ശ്രീലങ്കയില്‍ അക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ തന്നെയാണ് ഇപ്പോള്‍ മഹിന്ദ രാജപക്സെ ശ്രീലങ്കയുടെ പ്രധാനമന്ത്രി പദവിയിലേക്ക് എത്തിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രോഷ്‌നി രാജന്‍.എ

മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.

We use cookies to give you the best possible experience. Learn more