| Tuesday, 22nd December 2020, 1:20 pm

കള്ളനാണെങ്കിലും താന്‍ പറയുന്നത് സത്യമെന്ന് കോടതിയില്‍ വിളിച്ചുപറഞ്ഞ രാജു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഏറെ വിവാദമായിരുന്ന സിസ്റ്റര്‍ അഭയ കൊലക്കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് തിരുവനന്തപുരം സിബി.ഐ പ്രത്യേക കോടതി കണ്ടെത്തി. കേസിന്റെ ആദ്യ കാലം മുതല്‍ അഭയയുടെ മാതാപിതാക്കള്‍ക്കൊപ്പവും അവരുടെ മരണശേഷം തനിച്ചും പോരാടിയ സാമൂഹ്യപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ പറഞ്ഞത് ‘അഭയ കൊല്ലപ്പെടുമ്പോള്‍ ദൈവം കള്ളന്റെ രൂപത്തില്‍ വന്നു’ എന്നാണ്.

അഭയ കേസ്സില്‍ എല്ലാ തെളിവുകളും സാഹചര്യങ്ങളും പ്രതികള്‍ക്ക്‌ രക്ഷപ്പെടാന്‍ വഴിയൊരുക്കിയപ്പോള്‍ ദൈവം ഒരു കള്ളന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടുക തന്നെയായിരുന്നു. കേസ്സിലെ മുഖ്യ സാക്ഷിയായി പിന്നീട് മാറിയ കള്ളന്‍ രാജുവാണ് എല്ലാവരെയും അത്ഭുതപ്പെടുത്തി ധീരതയോടെ കോടതിയില്‍ സത്യം പറഞ്ഞത്.

അഭയ കൊലക്കേസില്‍ പ്രതികളെ സംരക്ഷിക്കുന്നതിനായി ആദ്യ ഘട്ടം മുതല്‍ നിരവധി ഉന്നതതല ഇടപെടലുകളാണ് നടന്നിട്ടുള്ളത്. അഭയ ആത്മഹത്യ ചെയ്തതാണെന്ന ക്രൈം ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്, സാക്ഷികളുടെ കൂറുമാറ്റം, തെളിവുകള്‍ നശിപ്പിക്കപ്പെട്ടത്, മൊഴികളും അന്വേഷണ റിപ്പോര്‍ട്ടുകളും തിരുത്തപ്പെട്ടത് തുടങ്ങി എല്ലാ സാഹചര്യങ്ങളും സിസ്റ്റര്‍ അഭയ കേസിലെ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കിയപ്പോഴാണ് കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി സംഭവം നടന്ന ദിവസം അഭയ കൊല്ലപ്പെട്ട കോണ്‍വെന്റില്‍ മോഷണത്തിനായെത്തിയ മോഷ്ടാവ് രാജു രംഗത്ത് വന്നത്.

കോട്ടയം ക്നാനായ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള പയസ് ടെന്‍ത് കോണ്‍വെന്റിലാണ് 1992 മാര്‍ച്ച് 27 ന് സിസ്റ്റര്‍ അഭയ എന്ന രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയെ കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേന്ന് രാത്രി രാജു മോഷണത്തിന് കയറുമ്പോള്‍ കോണ്‍വെന്റിന്റെ ഗോവണയില്‍ രണ്ട് പുരുഷന്‍മാരെ കണ്ടുവെന്നും അതില്‍ ഒന്ന് ഇപ്പോള്‍ കുറ്റക്കാരനായി കണ്ടെത്തിയ ഫാ. തോമസ് കോട്ടൂര്‍ ആയിരുന്നു എന്നുമാണ് മൊഴി നല്‍കിയത്. അന്ന് മോഷണം നടത്താതെ തിരിച്ചുപോയെന്നും പിറ്റേന്നു രാവിലെ മഠത്തിനു പുറത്ത് പൊലീസിനെയും ഫയര്‍ഫോഴ്സിനെയും കണ്ടപ്പോഴാണ് മരണം അറിഞ്ഞതെന്നും രാജു മൊഴി നല്‍കിയിരുന്നു. അങ്ങനെയാണ് അഭയയുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് വ്യക്തമാകുന്നത്.

കേസില്‍ ആദ്യ ഘട്ടത്തില്‍ അന്വേഷണം നടത്തിയ പൊലീസും ക്രൈംബ്രാഞ്ചും പിന്നീട് സി.ബി.ഐയുമെല്ലാം പലഘട്ടത്തില്‍ ആരോപണ വിധേയരായിട്ടുണ്ട്. പ്രധാനപ്പെട്ട പല സാക്ഷികളും കൂറ് മാറിയിട്ടുണ്ട്. പക്ഷേ രാജു കേസ്സില്‍ ആദ്യാവസാനം തന്റെ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

സത്യം തുറന്നുപറഞ്ഞതിന്റെ പേരില്‍ രാജു അനുഭവിച്ച ദുരിതങ്ങള്‍ ഏറെയാണ്. പൊലീസ് കസ്റ്റഡിയിലെടുത്ത രാജുവിന് 65 ദിവസത്തോളം ക്രൂരമായ ശാരീരിക പീഡനം ഏറ്റുവാങ്ങേണ്ടി വന്നു. എസ്.പി. മൈക്കിളിന്റെ നേതൃത്വത്തില്‍ തന്നെ മൂന്നാംമുറയടക്കമുള്ള മര്‍ദനങ്ങളിലൂടെ ക്രൂരമായി പീഡിപ്പിച്ചുവെന്നും കുറ്റം ഏറ്റാല്‍ വീടും ഭാര്യയ്ക്ക് ജോലിയും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തുവെന്നുമാണ് രാജു പിന്നീട് വെളിപ്പെടുത്തിയത്.

ഒരു കളളന്റെ മൊഴിയെ വിശ്വാസത്തിലെടുക്കാന്‍ കഴിയില്ല എന്ന് കേസില്‍ പ്രതിഭാഗം വാദിച്ചപ്പോള്‍ ‘കള്ളനാണെങ്കിലും താന്‍ പറയുന്നത് സത്യമാണെന്നായിരുന്നു’ രാജു കോടതിയില്‍ വിളിച്ചു പറഞ്ഞത്.

2008 നവംബര്‍ 18, 19 തീയതികളിലാണ് കേസ്സില്‍ നിലവില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരെയും തെളിവില്ലാത്തതിനാല്‍ കോടതി നേരത്തെ വിട്ടയച്ച ഫാ. ജോസ് പൂതൃക്കയിലിനെയും സി.ബി.ഐ പ്രത്യേക സംഘം അറസ്റ്റു ചെയ്യുന്നത്. പ്രതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് അഭയ കാണാനിടയായതിനെ തുടര്‍ന്ന് അഭയയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു സി.ബി.ഐ കുറ്റപത്രം.

സംഭവം നടന്ന് കാല്‍ നൂറ്റാണ്ടിന് ശേഷം 2019 ഓഗസ്റ്റ് 26നാണ് കേസ്സില്‍ വിചാരണ തുടങ്ങിയത്. ആകെ 177 സാക്ഷികള്‍ ഉണ്ടായിരുന്നെങ്കിലും 49 സാക്ഷികളെയാണ് വിസ്തരിച്ചത്. പയസ് ടെണ്‍ത് കോണ്‍വെന്റിന് സമീപം താമസിക്കുന്ന സഞ്ജു പി മാത്യു, അഭയയുടെ മുറിയില്‍ താമസിച്ചിരുന്ന സിസ്റ്റര്‍ അനുപമ എന്നിവരുള്‍പ്പെടെയുള്ള മുഖ്യ സാക്ഷികളുടെ കൂറുമാറ്റം സി.ബി.ഐക്ക് തിരിച്ചടിയായെങ്കിലും സംഭവ ദിവസം ഒന്നാം പ്രതി തോമസ് കോട്ടൂരിനെ കോണ്‍വെന്റില്‍ ദുരൂഹസാഹചര്യത്തില്‍ കണ്ടെന്ന മോഷ്ടാവ് രാജുവിന്റെ മൊഴി സാക്ഷി വിസ്താരത്തില്‍ നിര്‍ണ്ണായകമാവുകയായിരുന്നു.

കേസിലെ പ്രതികള്‍ കുറ്റക്കാരാണെന്ന് വിധി വന്നതിന് ശേഷം രാജു മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
കോടികളാണ് തനിക്ക് ആളുകള്‍ ഓഫര്‍ ചെയ്തത്. താന്‍ ആരുടെയും കയ്യില്‍ നിന്നും ഒന്നും വാങ്ങിയിട്ടില്ല ഇപ്പോഴും കോളനിയിലാണ് താമസിക്കുന്നത് അപ്പനായിട്ട് പറയുകയാണ്. എന്റെ കുഞ്ഞിന് നീതി കിട്ടി. എനിക്ക് ഭയങ്കര സന്തോഷമുണ്ട്, എന്നാണ് വിധി വന്ന ശേഷം രാജു പറഞ്ഞത്.

കോട്ടയം ജില്ലയിലെ അരീക്കരയില്‍ ഐക്കരക്കുന്നേല്‍ വീട്ടില്‍ എം. തോമസിന്റെ മകളായിരുന്ന അഭയ മരിക്കുന്ന സമയത്ത് കോട്ടയം ബി.സി.എം കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: All About thief Raju in sister abhaya case

We use cookies to give you the best possible experience. Learn more