കൊവിഡും ലോക്ക്ഡൗണും മൂലം വിവിധ രാജ്യങ്ങളായി കുടുങ്ങി കിടക്കുന്ന പ്രവാസികള്‍ നാട്ടിലേക്ക് തിരിച്ചെത്തുന്ന ഈ സമയത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്നത് ഇന്ത്യന്‍ എംബസികളുടെ കീഴില്‍ പ്രവാസികള്‍ക്കായുള്ള ക്ഷേമനിധി ഫണ്ടും ആ ഫണ്ട് സാമ്പത്തികമായി ദുരിതത്തിലായവര്‍ക്ക് വിമാന ടിക്കറ്റെടുത്ത് നല്‍കാന്‍ പോലും ഇത് വിനിയോഗിക്കാത്തതിനെക്കുറിച്ചുമാണ്. എന്താണ് ഈ ക്ഷേമനിധി ഫണ്ട് ? ഈ ഫണ്ട് വിനിയോഗിക്കാത്തത് നിയമലംഘനം വരെയാകുന്നത് എന്തുകൊണ്ടാണ്?
2009ല്‍ വയലാര്‍ രവി പ്രവാസകാര്യ മന്ത്രിയായിരുന്നപ്പോഴാണ് ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട് എന്ന് പേരില്‍ പ്രവാസികളുടെ ക്ഷേമത്തിന് മാത്രമായി വിപുലമായി രീതിയില്‍ ഓരോ രാജ്യത്തെയും ഇന്ത്യന്‍ എംബസികളുടെ കീഴില്‍ പ്രത്യേക ഫണ്ട രൂപീകരിക്കുന്നത്. അതിന് മുന്‍പ് ചെറിയ രീതിയിലുള്ള ഫണ്ടുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഏതു കോണ്‍സുലര്‍ ആവശ്യങ്ങള്‍ക്കായി എത്തുന്ന പ്രവാസികളില്‍ നിന്നും വാങ്ങുന്ന സര്‍വീസ് ചാര്‍ജില്‍ നിന്നും ഒരു നിശ്ചിത തുക ക്ഷേമനിധിയിലേക്ക് മാറ്റിവെച്ചുകൊണ്ടാണ് ഈ ഫണ്ടിനുള്ള തുക കണ്ടെത്തുന്നത്. ആരംഭിക്കുന്ന സമയത്ത് 100 രൂപ എന്ന രീതിയിലായിരുന്നു ഈ തുക സര്‍വീസ് ചാര്‍ജില്‍ നിന്നും ഈടാക്കിയിരുന്നത്. ഇപ്പോള്‍ ഇത് 8 റിയാല്‍, 8 ദിര്‍ഹം അതായത് ഏകദേശം 160 രൂപയോളമാണ് ഓരോ സര്‍വീസില്‍ നിന്നും ഈടാക്കുന്നത്.
ക്ഷേമനിധി ആരംഭിച്ച സമയത്ത് ഈ ഫണ്ടിലേക്ക് ബഡ്ജറ്റില്‍ നിന്നും തുക വിലയിരുത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും, കേന്ദ്ര സര്‍ക്കാരുകളില്‍ നിന്നും ഇതുവരെയും അത്തരത്തിലുള്ള സഹായം ഉണ്ടായിട്ടില്ല എന്നുതന്നെയാണ് റിപ്പോര്‍ട്ടുകള്‍.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് അവശ്യസന്ദര്‍ഭങ്ങളിലും അടിയന്തരഘട്ടങ്ങളിലും ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുക എന്നതാണ് ഈ ഫണ്ടിന്റെ ഏക ഉദ്ദേശ്യമായിരുന്നത്. മെഡിക്കല്‍ ആവശ്യങ്ങള്‍, നിയമസഹായങ്ങള്‍, നാട്ടിലേക്ക് തിരിച്ചെത്തിക്കല്‍, താമസ ഭക്ഷണ സൗകര്യങ്ങള്‍ തുടങ്ങുന്ന വിഷയങ്ങള്‍ക്കാണ് ഈ ഫണ്ട് വകയിരുത്തിയിരുന്നത്.
ഈ ഫണ്ട് വിനിയോഗിക്കാനുള്ള എല്ലാ അധികാരവും പൂര്‍ണ്ണമായും കോണ്‍സുലേറ്റ് ജനറല്‍മാര്‍ക്കും അംബാസിഡര്‍മാര്‍ക്കും മാത്രമാണ്. പ്രവാസികളില്‍ നിന്നും പണം കണ്ടെത്തി പ്രവാസികള്‍ക്കായി തന്നെ വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെയും നിയമവശങ്ങളോടെയുമാണ് ഈ ഫണ്ട് രൂപീകരിച്ചിരിക്കുന്നത് തന്നെ.
പക്ഷെ വൈകാതെ തന്നെ ഈ ഫണ്ട് എംബസികളുടെ മറ്റു പല ആവശ്യങ്ങള്‍ക്കുമായും ഉപയോഗിക്കാന്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉദ്യോഗസ്ഥരുടെ പാര്‍ട്ടികള്‍, വിദേശ അതിഥികളുടെ ചെലവുകള്‍, യാത്ര ചെലവുകള്‍ ഇവക്കായി ഈ ഫണ്ടില്‍ നിന്നും തുക മാറ്റുകയായിരുന്നു. ഇതേക്കുറിച്ച് സി.എ.ജി റിപ്പോര്‍ട്ടില്‍ നിശിത വിമര്‍ശനമുയര്‍ന്നിരുന്നെങ്കിലും കാര്യങ്ങളില്‍ വലിയ മാറ്റമുണ്ടായില്ല. മാത്രമല്ല, തുടങ്ങിയ ഉദ്ദേശ്യത്തില്‍ നിന്നും വഴി മാറ്റുന്ന തരത്തില്‍ 2017ല്‍ ഫണ്ടിന്റെ നിയമവശങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്തു. എന്നിരുന്നാലും അടിസ്ഥാനപരമായി ഈ ഫണ്ട് പ്രവാസികള്‍ക്കായി മാത്രം ചെലവഴിക്കുക എന്ന രീതിയില്‍ തന്നെയാണ് നിലനില്‍ക്കുന്നത്.
2017ല്‍ വരുത്തിയ മാറ്റങ്ങളില്‍ പോലും പ്രധാനമായി എടുത്തു പറയുന്ന വസ്തുത, നാട്ടില്‍ പോകേണ്ട ആവശ്യം വരുന്ന് പ്രവാസികള്‍ക്ക് വിമാന ടിക്കറ്റും എടുക്കാനുള്ള പണമില്ലെങ്കില്‍ എംബസികള്‍ ഇത് ഈ ക്ഷേമനിധി ഫണ്ടില്‍ നിന്നും നല്‍കണം എന്നുതന്നെയാണ്. ഇതിനായുള്ള നടപടി ക്രമങ്ങളും ഏറെ സുതാര്യവും ലളിതവുമാണ്. നാട്ടിലേക്ക് പോകാനുള്ള വിമാന ടിക്കറ്റ് എടുക്കാനുള്ള പണമില്ലാത്തവര്‍ എംബിസിയിലെ വെല്‍ഫെയര്‍ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷ നല്‍കണം. ഈ ഉദ്യോഗസ്ഥന്‍ അപേക്ഷയില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണോയെന്നും അപേക്ഷകന്റെ സാമ്പത്തികസ്ഥിതിയും പരിശോധിച്ച ശേഷം അര്‍ഹനാണെങ്കില്‍ ഇയാള്‍ക്ക് ക്ഷേമനിധിയില്‍ നിന്നും വിമാന ടിക്കറ്റിനുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കണം.
ഇപ്പോള്‍ ഈ നടപടിക്ക് ഇന്ത്യന്‍ എംബസികള്‍ തയ്യാറാകാത്തതും ലോക്ക്ഡൗണ്‍ മൂലം ഏറെ ദുരിതത്തിലായ പ്രവാസികള്‍ക്കായി ഈ ഫണ്ടില്‍ നിന്ന് ഒരു രൂപ പോലും ചെലവഴിക്കാന്‍ തയ്യാറാകാത്തതുമാണ് കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പ്രവാസികള്‍ ഉള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു തന്നെയാണ് ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങളുമുയരുന്നത്.
മറ്റേത് ലോകരാഷ്ട്രങ്ങളെയും പോലെ സാമ്പത്തികമായി ഏറെ തകര്‍ച്ചയിലാണ് ഗള്‍ഫ് രാഷ്ട്രങ്ങളും. ഇതിന്റെ ഏറ്റവും വലിയ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വന്നത് ആ രാജ്യങ്ങളിലെ പ്രവാസികളും. ഗള്‍ഫ് രാജ്യങ്ങളിലെ വലിയൊരു വിഭാഗം പ്രവാസികളും ജോലിയില്‍ നിന്ന് പിരിച്ചുവിടലും ശമ്പളം വെട്ടിച്ചുരുക്കലും നേരിട്ടുക്കൊണ്ടിരിക്കുകയാണെന്നും ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുകയാണെന്നും ദിനംപ്രതി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ് . ഇത്തരത്തില്‍ വലിയ സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുന്ന പ്രവാസികളോടാണ് നാട്ടിലേക്ക് തിരിച്ചെത്താനുള്ള എല്ലാ ചെലവുകളും സ്വയം തന്നെ വഹിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. അതും പ്രവാസികളില്‍ നിന്നും പണം പിരിച്ച് പ്രവാസികള്‍ക്കായി മാത്രം ആരംഭിച്ച ഒരു ക്ഷേമനിധിയില്‍ കോടികണക്കിന് രൂപയുള്ളപ്പോള്‍.
എല്ലാ രാജ്യങ്ങളിലും ഇത്തരത്തിലുള്ള ക്ഷേമനിധി ഉണ്ടെങ്കിലും ജി.സി.സി അഥവാ ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സിലിന് കീഴില്‍ വരുന്ന ആറ് രാജ്യങ്ങളിലാണ് ഈ ഫണ്ട് ഏറ്റവും കൂടുതല്‍ ഇപ്പോഴുള്ളത്. പ്രവാസിക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന നിയമവിദഗ്ധനായ അഡ്വ.മുരളീധരന്‍ ആര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2019 വരെ റിയാദിലെ ക്ഷേമനിധിയില്‍ മാത്രം 22 കോടിയുണ്ട്. മറ്റു രാജ്യങ്ങളിലും ചെറിയ ഏറ്റക്കുറച്ചിലുകളുണ്ടാകുമെങ്കിലും കോടി കണക്കിന് രൂപ തന്നെയുണ്ടാകുമെന്ന് ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ഇത്രയും തുക ഉള്ളപ്പോഴാണ് അംബസിഡര്‍മാര്‍ സന്നദ്ധ സംഘടനകള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികള്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കണം എന്ന് പറഞ്ഞത്. മാത്രമല്ല ലേബര്‍ ക്യാംപുകളില്‍ ആവശ്യമായ രീതിയില്‍ മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കാനോ കാര്യക്ഷമമായ രീതിയില്‍ കൊവിഡ് 19 ഹെല്‍പ് ലൈനുകള്‍ പ്രവര്‍ത്തിപ്പിക്കാനോ പല എംബസികളും തയ്യാറായില്ലെന്നും അഡ്വ. മുരളീധര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇപ്പോള്‍ തിരിച്ചെത്തുന്ന പ്രവാസികളില്‍ ഒട്ടേറെ പേര്‍ക്ക് വിമാന ടിക്കറ്റ് എടുക്കാന്‍ പോലുമുള്ള സാമ്പത്തികസ്ഥിതിയില്ലെന്നും അതിനാല്‍ ക്ഷേമനിധിയില്‍ നിന്നും ഇതിന് പണം ഉപയോഗിക്കണമെന്നുമുള്ള ആവശ്യമുയര്‍ന്നപ്പോള്‍ അതിന് സാധിക്കില്ലെന്നാണ് എംബസികള്‍ വ്യക്തമാക്കിയത്. ഈ ഫണ്ട് വിനിയോഗിക്കാന്‍ കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണെന്നാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടെന്ന ഈ ക്ഷേമനിധി പരിപൂര്‍ണ്ണമായും എംബസികള്‍ക്ക് കീഴില്‍ വരുന്നതാണെന്നും അംബാസിഡര്‍ക്ക് ഇതിനുള്ള എല്ലാ അധികാരവും ഉണ്ടെന്നും നിയമവശങ്ങള്‍ വ്യക്തമാക്കുന്നു.
മാത്രമല്ല, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഈ ഫണ്ട് എംബസികള്‍ക്ക് കീഴിലാണ് വരുന്നതെന്നും എല്ലാം അംബാസിഡര്‍ക്ക് തീരുമാനിക്കാമെന്നുമാണ് വിഷയത്തോട് പ്രതികരിച്ചത്. ഇത്തരത്തില്‍ കേന്ദ്രവും എംബസികളും ഈ ഫണ്ടിന്റെ ഉത്തരവാദിത്തം പരസ്പരം മാറിമാറി നല്‍കിക്കൊണ്ട് പ്രവാസികളുടെ യാഥാര്‍ത്ഥ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാതിരിക്കുകയാണെന്ന് വ്യാപകമായി ഇപ്പോള്‍ വിമര്‍ശനമുയരുന്നത്.
പ്രവാസികള്‍ക്കായി ഈ ഫണ്ട് ഉപയോഗിക്കാന്‍ കേന്ദ്രവും എംബസികളും തയ്യാറാകണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് പ്രവാസി സംഘടനകള്‍. ചില ഗള്‍ഫ് രാജ്യങ്ങളിലെ എംബസികളുടെ കീഴിലെ ഈ ഫണ്ടില്‍ കുറവുണ്ടാകുമെന്നത് കൊണ്ട് ഈ പ്രത്യേക സാഹചര്യം മുന്‍നിര്‍ത്തി എല്ലാ രാജ്യങ്ങളിലെയും എംബസികളിലെ ക്ഷേമനിധി ഫണ്ടുകള്‍ ഒന്നിച്ചു ചേര്‍ത്തുക്കൊണ്ട് ദുരിതത്തിലൂടെ കടന്നുപോകുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ തയ്യാറാകണമെന്ന നിര്‍ദേശവും ഇവര്‍ മുന്നോട്ടുവെക്കുന്നുണ്ട്.
വായനക്കാര്‍ക്ക് ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.