| Wednesday, 8th August 2018, 5:03 pm

ആരാണ് കെപ്പ?; ലോകത്തിലെ ഏറ്റവും വിലകൂടിയ 23കാരന്‍ ഗോള്‍കീപ്പറെക്കുറിച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ആരാധകര്‍ക്ക് അധികം ഒന്നും പരിചയമില്ലാത്ത പേരായിരിക്കും കെപ അരിസാബലാഗ. ഇപ്പോള്‍ 80 മില്യണ്‍ യൂറോ കൊടുത്ത് ചെല്‍സി താരത്തെ അത്‌ലെറ്റികോ ബില്‍ബാവോയില്‍ നിന്ന് പാളയത്തിലെത്തിക്കാന്‍ തയ്യാറായതോടെ ലോകത്തിലെ ഏറ്റവും വിലകൂടിയ ഗോള്‍കീപ്പറായി മാറാന്‍ പോവുകയാണ് താരം. ഈ സീസണില്‍ റോമയില്‍ നിന്ന് ലിവര്‍പൂളില്‍ എത്തിയ ബ്രസീലിയന്‍ ഗോളി ആലിസണിന്റെ റെക്കോര്‍ഡാണ് കെപ തകര്‍ക്കുക.

ചെല്‍സിയുടെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പറും, ലോകകപ്പില്‍ ഗോള്‍ഡന്‍ ഗ്ലോവിന് ഉടമയുമായ തിബോ കുര്‍ട്ടോ റയല്‍ മാഡ്രിഡിലേക്ക് പോവാന്‍ തയ്യാറെടുക്കുന്നതിനെ തുടര്‍ന്നാണ് താരത്തിനായി ചെല്‍സി രംഗത്തെത്തിയത്. കുര്‍ട്ടോയുമായി മാഡ്രിഡ് കരാറിലെത്തുകയാണെങ്കില്‍, ചെല്‍സി കെപ്പയെ റെക്കോര്‍ഡ് തുക നല്‍കി ടീമിലെത്തിക്കും.


ALSO READ: ഈജിപ്ത് ഇതിഹാസ ഗോള്‍കീപ്പര്‍ എസ്സാം അല്‍ ഹദാരി വിരമിച്ചു


അത്‌ലെറ്റിക്കോയുടെ യൂത്ത് അക്കാദമിയിലൂടെ വളര്‍ന്ന താരം ക്ലബിന് വേണ്ടി 54 കളികള്‍ കളിച്ചു. സ്‌പെയിനിന് വേണ്ടി ഒരു തവണ ജേഴ്‌സി അണിയാനും താരത്തിന് അവസരം ലഭിച്ചു.

2012ല്‍ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പ് നേടിയ സ്‌പെയിന്‍ അണ്ടര്‍ 19 ടീമിലെ അവിഭാജ്യഘടകമായിരുന്നു കെപ്പ. സെമി ഫൈനലില്‍ രണ്ട് പെനാല്‍റ്റികള്‍ രക്ഷപ്പെടുത്തി താരം ശ്രദ്ധ നേടിയിരുന്നു.



താരത്തിനായി മുമ്പ് റയല്‍ മാഡ്രിഡ് രംഗത്തുണ്ടായിരുന്നെങ്കിലും പല കാരണങ്ങളാല്‍ ട്രാന്‍സ്ഫര്‍ സാധ്യമായിരുന്നില്ല.



അന്ന് അത്‌ലെറ്റിക്കോയില്‍ തുടരാന്‍ ആണ് താല്പര്യം എന്ന് പ്രഖ്യാപിച്ച താരം 80മില്ല്യണ്‍ യൂറോയുടെ റിലീസ് ക്ലോസ് ഉള്ള കരാറില്‍ ഒപ്പിടുകയായിരുന്നു.

കുര്‍ട്ടോ പോയാല്‍ അരങ്ങൊരുങ്ങുക ഒരു പുത്തന്‍ താരോദയത്തിനായിരിക്കും. ഡേവിഡ് ഡി ഗിയക്ക് ശേഷം ആരെന്ന സ്‌പെയിനിന്റെ ചോദ്യങ്ങള്‍ക്കും താരം ഉത്തരം നല്‍കും.

We use cookies to give you the best possible experience. Learn more