തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. തീപിടിത്തമുണ്ടായത് ഫയലുകള്‍ നശിപ്പിക്കാനുള്ള ആസൂത്രിത നീക്കങ്ങളുടെ ഭാഗമായാണെന്നും സംഭവത്തില്‍ ദൂരൂഹതകളുണ്ടെന്നും ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധസമരങ്ങളും അരങ്ങേറി. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പിയും രംഗത്തുണ്ട്. എന്നാല്‍ പ്രതിപക്ഷം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നാണ് സര്‍ക്കാരിന്റെ മറുപടി.
ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലെ മൂന്ന് സെക്ഷനുകളിലായി തീപിടിത്തമുണ്ടായത്. കമ്പ്യൂട്ടറുകളില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പടരാന്‍ കാരണമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും അടച്ചിട്ട മുറിയിലെ ഫാന്‍ ഉരുകി വീണതാണ് അപകടത്തിന് കാരണമെന്ന് പിന്നീട് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
പ്രോട്ടോക്കോള്‍ വിഭാഗത്തിലെ പൊളിറ്റിക്കല്‍ 2എ, 2ബി, 5 എന്നീ മൂന്ന് സെക്ഷനുകളിലായാണ് തീപിടിത്തമുണ്ടായത്. വി.ഐ.പി സന്ദര്‍ശനങ്ങള്‍, മന്ത്രിമാരുടെ വിദേശയാത്രകള്‍, വി.ഐ.പി അല്ലാത്ത മറ്റു പ്രധാനപ്പെട്ട ആളുകളുടെ സന്ദര്‍ശനങ്ങള്‍, ദര്‍ബാര്‍ ഹാളില്‍ നടന്ന പരിപാടികള്‍, രാജ്ഭവനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങളിലുള്ള ഫയലുകളാണ് ഈ സെക്ഷനുകളിലുണ്ടായിരുന്നത്.
ഇത്തരം ഫയലുകള്‍ സൂക്ഷിച്ചിരുന്ന അലമാരക്ക് സമീപമാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഏതെല്ലാം ഫയലുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നുള്ളതും എത്രമാത്രം കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നുമുള്ളതിന്റെ കൃത്യമായ വിവരങ്ങള്‍ അന്വേഷണത്തിന് ശേഷമേ വ്യക്തമാവുകയുള്ളു എന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷെ കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ സമീപകാലത്ത് കേരളം കണ്ട വന്‍ രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്കും കൊവിഡ് പ്രോട്ടോക്കോളടക്കം ലംഘിച്ചുക്കൊണ്ടുള്ള സമരപരിപാടികള്‍ക്കുമാണ് ഈ തീപിടിത്തം വഴിയൊരുക്കിയത്.
സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നടക്കുന്നതിനിടെ പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഫയലുകള്‍ സൂക്ഷിച്ചിരുന്നിടത്ത് തന്നെ തീപിടിത്തമുണ്ടായത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. എന്‍.ഐ.ഐ അന്വേഷണം നടക്കാനിരുന്നിടത്ത് തന്നെ അപകടമുണ്ടായതില്‍ ദുരൂഹതയുണ്ടെന്നും ഈ സെക്ഷനുകളില്‍ ഇ-ഫയിലിംഗ് പൂര്‍ണ്ണമായിട്ടില്ലെന്നും റവന്യു സെക്രട്ടറിയും ഹോം സെക്രട്ടറിയുമടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് തങ്ങളോട് വെളിപ്പെടുത്തിയതെന്നും തൃത്താല എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ വി.ടി ബല്‍റാം ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.
‘ഈ സെക്ഷനുകളില്‍ തന്നെ തീപിടിത്തമുണ്ടായതാണ് സംഭവത്തില്‍ ദുരൂഹതയുണ്ടാക്കുന്നത്. വേറെ ഏതെങ്കിലും സെക്ഷനിലോ വകുപ്പിലോ ആയിരുന്നു ഈ തീപിടിത്തമുണ്ടായതെങ്കില്‍ നമുക്ക് ഈ വിഷയത്തെ അങ്ങനെ കാണാതിരിക്കാം. പക്ഷെ പൊളിറ്റിക്കല്‍ ജി.എ.ഡിയുടെ ഈ സെക്ഷനുകളെല്ലാം നിലവില്‍ തന്നെ വിവാദത്തിലായിരിക്കുകയാണല്ലോ.’ വി.ടി ബല്‍റാം പറഞ്ഞു.
ഈ സെക്ഷനുകളിലാണ് എന്‍.ഐ.എയുടെ അന്വേഷണം വരാനിരിക്കുന്നത്. ഇപ്പറഞ്ഞ ഉദ്യോഗസ്ഥനെ എന്‍.ഐ.എ ചോദ്യം ചെയ്തിട്ടുള്ളതാണ്. ഈ സെക്ഷന്റെ ചുമതലക്കാരനായ ഉദ്യോഗസ്ഥനെയടക്കം എന്‍.ഐ.എ ചോദ്യം ചെയ്യാനിരിക്കുകയുമാണ്. ഇക്കാരണങ്ങള്‍ കൊണ്ടാണ് ഈ തീപിടിത്തം സംശയങ്ങളുണ്ടാക്കുന്നതെന്നും വി.ടി ബല്‍റാം ചൂണ്ടിക്കാട്ടി.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം നിഷേധിച്ചുക്കൊണ്ട് സര്‍ക്കാരും രംഗത്തെത്തി. എന്‍.ഐ.എ ആവശ്യപ്പെട്ട ഫയലുകളെല്ലാം മുന്‍പേ തന്നെ നല്‍കിയിട്ടുള്ളതാണെന്നും ആവശ്യപ്പെടുന്ന ഏത് ഫയലുകളും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മുന്‍ എം.പിയും സി.പി.ഐ.എം നേതാവുമായ എം.ബി രാജേഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘എന്‍.ഐ.എ ആവശ്യപ്പെട്ട ഫയലുകളെല്ലാം നേരത്തെ തന്നെ കൊടുത്തുക്കഴിഞ്ഞതാണ്. ഇതും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2019-2020ലെ ബാഗേജ് ക്ലിയറന്‍സുമായി ബന്ധപ്പെട്ട് നികുതി ഇളവ് കൊടുക്കുന്ന വിഷയത്തിലെ ഫയലുകളാണ് എന്‍.ഐ.എ ആദ്യം ആവശ്യപ്പെട്ടിരുന്നത്. നികുതി ഇളവ് കൊടുത്തിട്ടില്ലെന്നുള്ള വിവരം എന്‍.ഐ.എക്ക് കൈമാറി കഴിഞ്ഞതാണ്.’ എം.ബി രാജേഷ് ചൂണ്ടിക്കാട്ടി.
ഇതിനുശേഷം 2016 മുതലുള്ള ഫയലുകളും എന്‍.ഐ.എ ആവശ്യപ്പെട്ടിരുന്നു. അത് ചീഫ് പ്രോട്ടോക്കോള്‍ ഓഫീസര്‍ നേരിട്ടുപോയി കൊടുത്തതാണ്. ഇതിനെല്ലാം ശേഷവും പ്രതിപക്ഷം ഈ കോലാഹലം നടത്തുന്നത് അവരുടെ പിരിമുറുക്കമാണ് കാണിക്കുന്നത്. നിയമസഭയില്‍ മുഖം നഷ്ടപ്പെട്ടതിനുള്ള പരിഹാരക്രിയയാണ് ഇവര്‍ ഈ ചെയ്യുന്നതെന്നും എം.ബി രാജേഷ് പ്രതികരിച്ചു.
പ്രതിപക്ഷ ആരോപണങ്ങളെല്ലാം രാഷ്ട്രീയക്കളി മാത്രമാണെന്നാണ് വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ പ്രശാന്ത് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്. ‘എന്‍.ഐ.എ ഏതൊക്കെ ഫയലുകളാണ് ആവശ്യപ്പെട്ടത് എന്നത് സംബന്ധിച്ച് പ്രതിപക്ഷത്തിലെ ആരുടെയെങ്കിലും കൈയ്യില്‍ എന്തെങ്കിലും വിവരമുണ്ടോ, ഇല്ലല്ലോ. എന്‍.ഐ.എയോ മറ്റേതെങ്കിലും അന്വേഷണ ഏജന്‍സിയോ ആവശ്യപ്പെട്ട വിവരം കിട്ടാതാവുകയാണെങ്കില്‍ നമുക്ക് പരിശോധിക്കാം. പക്ഷെ അതല്ലാതെ പ്രവചനം നടത്തി രേഖകളെല്ലാം കത്തിയിരിക്കുന്നു എന്നുപറയുന്നതിന്റെ അടിസ്ഥാനമെന്താണ്.’ വി.കെ പ്രശാന്ത് ചോദിക്കുന്നു.
എന്‍.ഐ.എയോ മറ്റ് ഏജന്‍സികളോ ഏതെങ്കിലും ഫയല്‍ ആവശ്യപ്പെട്ടാല്‍ അത് കൊടുക്കാന്‍ കേരള സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. അത് കൊടുക്കുകയും ചെയ്യും. നേരത്തെ ഇടിമിന്നലുണ്ടായി ഏതോ സി.സി.ടി.വി ക്യാമറക്ക് നാശം സംഭവിച്ചതുകൊണ്ട് ദൃശ്യങ്ങള്‍ മുഴുവന്‍ ഇല്ലാതായി എന്നായിരുന്നു പ്രചരണം. അത് കൊടുക്കാമെന്ന് സര്‍ക്കാര്‍ പലകുറി പറഞ്ഞിട്ടുപോലും പലരും ഈ ഒരേ കാര്യം ആവര്‍ത്തിച്ചുക്കൊണ്ടിരിക്കുകയാണെന്നും വി.കെ പ്രശാന്ത് ചൂണ്ടിക്കാട്ടി.
തീപിടിത്തതില്‍ സെക്രട്ടറിയേറ്റിലെ ഫയലുകള്‍ കത്തിനശിച്ചു എന്നും ഇതില്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട രേഖകളുമുണ്ടായിരുന്നു എന്നുമുള്ള പ്രതിപക്ഷ ആരോപണത്തിന് മറുപടിയായി സര്‍ക്കാര്‍ പ്രധാനമായും ഉന്നയിച്ചിരുന്ന വാദം സെക്രട്ടറിയേറ്റില്‍ ഏകദേശം പൂര്‍ണമായും ഇ-ഫയലിംഗ് സംവിധാനം നടത്തിയിട്ടുണ്ട് എന്നതായിരുന്നു. അതിനാല്‍ പേപ്പര്‍ ഫയലുകള്‍ കത്തി നശിച്ചാല്‍ പോലും രേഖകള്‍ നഷ്ടപ്പെടുന്നതിനുള്ള യാതൊരു സാധ്യതയില്ലെന്നും മന്ത്രിമാരടക്കമുള്ളവര്‍ വിശദീകരിച്ചിരുന്നു. പക്ഷെ സര്‍ക്കാര്‍ വസ്തുതാവിരുദ്ധമായാണ് സംസാരിക്കുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
95 ശതമാനം ഇ-ഫയലിംഗ് നടന്നുകഴിഞ്ഞിട്ടുണ്ടെന്നുള്ളതെല്ലാം ഊഹാപോഹങ്ങളാണെന്നും അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ എല്ലാം ഭദ്രമാണെന്ന സി.പി.ഐ.എം പ്രചാരണം തന്നെ ദുരൂഹമാണെന്നും വി.ടി ബല്‍റാം ഡൂള്‍ന്യൂസിനോട് പറഞ്ഞു.
’95 ശതമാനമൊക്കെ ഇ-ഫയലിംഗ് നടത്തിക്കഴിഞ്ഞു എന്നുള്ളതൊക്കെ ഒരു കമ്മച്ചം വെച്ച് പറയുകയാണ്. പ്രധാനപ്പെട്ട പല ഫയലുകളും നമ്മള്‍ കണ്ടിട്ടുള്ളത് പേപ്പര്‍ ഫയലുകളായി തന്നെയാണ്. വിവരാവകാശ നിയമപ്രകാരം ചോദിക്കുമ്പോള്‍ പോലും, ഫയലുകള്‍ കാണുന്നില്ല അല്ലെങ്കില്‍ നിയമസഭയില്‍ ഉത്തരം നല്‍കാനായി ആ ഫയല്‍ കൊണ്ടുപോയിരിക്കുകയാണ് അതിനാല്‍ ഇവിടെ അതിന്റെ വിവരങ്ങളൊന്നും ലഭ്യമാക്കാന്‍ പറ്റില്ല എന്നല്ലെമാണ് പലപ്പോഴും മറുപടി ലഭിക്കാറുള്ളത്.
ഇ-ഫയലിംഗ് ആണെങ്കില്‍ ഇങ്ങനെ മറുപടി തരേണ്ട കാര്യമില്ലല്ലോ, ഏത് വിവരാവകാശ അപേക്ഷയ്ക്കും കൃത്യമായി മറുപടി കൊടുക്കാമല്ലോ. അപ്പോള്‍ എല്ലാ ഫയലുകളും ഇ-ഫയല്‍ ആയിട്ടില്ല, ചിലതെല്ലാം പേപ്പര്‍ ഫയലുകളായി തന്നെയാണ് തുടരുന്നത് എന്നത് ഇതില്‍ നിന്നും വ്യക്തമല്ലേ.’ വി.ടി ബല്‍റാം പറയുന്നു.
സെക്രട്ടറിയേറ്റിലെ 99.9 ശതമാനം ഫയലുകളും ഇ-ഫയല്‍ സംവിധാനത്തിലാണ് സൂക്ഷിച്ചിട്ടുള്ളതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസും ബി.ജെ.പിയും ഒന്നിച്ചു ചേര്‍ന്ന് സര്‍ക്കാരിനെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നാണ് എം.ബി രാജേഷ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്. സെക്രട്ടറിയേറ്റില്‍ ഇ-ഫയലിംഗില്‍ ഉള്‍പ്പെടാത്ത 0.1 ശതമാനം ഫയലുകള്‍ മാത്രമാണുള്ളതെന്നും ഇവ പോലും സ്‌കാന്‍ ചെയ്ത് സൂക്ഷിക്കാനുള്ള സംവിധാനം വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും എം.ബി രാജേഷ് പറഞ്ഞു.
‘ഇ-ഫയലിംഗുമായി ബന്ധപ്പെട്ട് ബല്‍റാം നടത്തിയ വാദങ്ങള്‍ക്കുള്ള മറുപടി ഇതാണ്. ‘ ഇ-ഫയല്‍ സമ്പ്രദായം നിലവില്‍ വരാത്ത വകുപ്പുകളില്‍ നിന്നും നിലവില്‍ വന്ന വകുപ്പുകളിലേക്ക് ഫയല്‍ അയക്കുന്ന പ്രക്രിയ സുഗമമാക്കുന്നതിനായി, ഫിസിക്കല്‍ ഫയലുകള്‍ സ്‌കാന്‍ ചെയ്ത് ഇലക്ട്രോണിക് ഫയലുകളായി അയക്കുന്നതിനുള്ള സി.ആര്‍.യു(സെന്‍ട്രല്‍ രജിസ്റ്റര്‍ യൂണിറ്റ്) എല്ലാ വകുപ്പുകളിലും രൂപീകരിച്ചിട്ടുണ്ട്. അതായത് എല്ലാ ഫയലും സ്‌കാന്‍ ചെയ്ത് ഇലക്ട്രോണിക് ഫയലായി സൂക്ഷിക്കുന്നു എന്നാണ് ഇതിന്റെ അര്‍ത്ഥം.’ ഇത് എന്റെ മറുപടിയല്ല ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ നല്‍കിയ മറുപടിയാണ്. 13/7/2015ന് ചോദ്യനമ്പര്‍ 2818 ന് നല്‍കിയ മറുപടി. 13ാം കേരളനിയമസഭയിലെ 14ാം സമ്മേളനത്തില്‍ ബല്‍റാമിന്റെ നേതാവായ ഉമ്മന്‍ ചാണ്ടി നല്‍കിയ മറുപടി.’ എം.ബി രാജേഷ് പറഞ്ഞു.
ഇ-ഫയലിംഗുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ രൂക്ഷമാകുന്നതിനിടെ, വ്യാഴാഴ്ച സെക്രട്ടറിയേറ്റിലെ മുഴുവന്‍ ഫയലുകള്‍ ഇ-ഫയലിംഗ് നടത്തണമെന്ന് പൊതുഭരണവകുപ്പ് അഡീഷണല്‍ സെക്രട്ടറി എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത് സെക്രട്ടറിയേറ്റിലെ എല്ലാ ഫയലുകളും ഇ-ഫയലിംഗ് ആണെന്ന സര്‍ക്കാരിന്റെ വാദങ്ങള്‍ പൊളിക്കുകയാണെന്നാണ് പ്രതിപക്ഷം ഇപ്പോള്‍ ചൂണ്ടിക്കാണിക്കുന്നത്.
സെക്രട്ടറിയേറ്റില്‍ ഉണ്ടായ വളരെ സാധാരണമായ ഒരു തീപിടിത്തത്തെ കേരളം മുഴുവന്‍ ആളിക്കത്തിച്ചതില്‍ പല മാധ്യമങ്ങളും വലിയ പങ്കുവഹിച്ചു എന്നാണ് ധനമന്ത്രി തോമസ് ഐസക് അടക്കമുള്ളവര്‍ ആരോപിക്കുന്നത്.
‘സ്ഥിരം വായനക്കാരനായതുകൊണ്ട് മാതൃഭൂമിയോട് ഒരു ചോദ്യമുണ്ട്. നല്ല എഡിറ്റോറിയല്‍ ആയിരുന്നുകേട്ടോ. പക്ഷെ, നിങ്ങളുടെ ഒന്നാംപേജില്‍ ആ സാരോപദേശമൊക്കെ മറന്നുകൊണ്ടുള്ള പണിയല്ലേ എടുത്തത്. തലസ്ഥാനത്തെ കത്തിക്കാനുള്ള ആഹ്വാനമല്ലേ അത്. ഇങ്ങനെയൊന്നും തീ കത്തിക്കാന്‍ ഇറങ്ങരുത്. ഈ കേരളത്തില്‍ ഇതൊന്നും വിലപ്പോവില്ല.’ തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി പേര്‍ സമാനമായ വിമര്‍ശനം പങ്കുവെച്ചിരുന്നു. ‘ഇത് കണ്ട് രോഷാകുലരാകുന്ന ഇടത് പക്ഷക്കാര്‍ ഈ വാര്‍ത്ത അച്ചടിക്കുന്നതിന് 24 മണിക്കൂര്‍ മുന്നേ രാജ്യസഭ എം.പിയായി തിരഞ്ഞെടുക്കപ്പെട്ട നേതാവു കൂടിയായ ഈ പത്രത്തിന്റെ മാനേജിങ് ഡയറക്ടര്‍ കം ചെയര്‍മാന് അഭിവാദ്യം അര്‍പ്പിച്ചാല്‍ മതി. അല്ലെങ്കില്‍ സഹോദര സ്ഥാപനത്തിലെ അന്തി ചര്‍ച്ചയ്ക്ക് മുന്നേയുള്ള എഡിറ്റോറിയല്‍ വിധി പ്രസ്താവം ഒന്നു കൂടി കേട്ടാല്‍ മതി. രജ്ഞിപണിക്കരെ കൊണ്ട് പ്രത്യേകം തയ്യാറാക്കിച്ചതാണ്. സെക്രട്ടറിയേറ്റ് കത്തിയിട്ടില്ലെങ്കില്‍ തലസ്ഥാനം കത്തിച്ച് പടം കൊടുക്കും. വിമോചന സമരം കമ്മികള്‍ക്ക് ഓര്‍മ്മയുണ്ടേല്‍ നല്ലത്.’ മാധ്യമപ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചൊവ്വാഴ്ച വൈകീട്ട് തന്നെ ടെലിവിഷന്‍ ചാനലുകള്‍ വലിയ തീപിടിത്തമാണ് നടന്നതെന്ന നിലക്കാണ് കാര്യങ്ങള്‍ ബ്രേക്കിംഗ് ന്യൂസായും ലൈവ് വാര്‍ത്തകളായും നല്‍കിയതെന്നും ജനങ്ങളെ ഭയപ്പെടുത്തുകയും തെറ്റിധരിപ്പിക്കുകയും ചെയ്യുന്ന രീതിയിലായിരുന്നു പല റിപ്പോര്‍ട്ടുകളെന്നും സമൂഹമാധ്യമങ്ങളിലൂടെ പലരും ചൂണ്ടിക്കാട്ടി.
അതേസമയം സംഭവത്തെക്കുറിച്ചും തീപിടിത്തത്തെ തുടര്‍ന്ന് ഭരണ-പ്രതിപക്ഷത്ത് നിന്നുണ്ടായ ആരോപണ പ്രത്യാരോപണങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് പല മാധ്യമപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നത്.
സെക്രട്ടറിയേറ്റ് തീപിടിത്തം കേരളരാഷ്ട്രീയത്തില്‍ ആളിപ്പടരുകയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ രൂക്ഷമായ രാഷ്ട്രീയപോരിനായിരിക്കാം ഈ സംഭവം വഴിവെക്കുക എന്നാണ് പുറത്തുവരുന്ന നിരീക്ഷണങ്ങള്‍.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
content highlight: Fire at secretariat and the controversies followed