ഹവാന: കൊവിഡ് 19 പിടിച്ചുകെട്ടാന്‍ ചൈന ഏറ്റവും കൂടുതല്‍ ആശ്രയിച്ചത് ക്യൂബയില്‍ നിന്നുള്ള ആന്റി വൈറല്‍ മരുന്നായ ഇന്റര്‍ഫെറോണ്‍ ആല്‍ഫ 2ബി. ക്യൂബയും ചൈനയും സംയുക്തമായി 2003 മുതല്‍ ചൈനയില്‍ തന്നെ നിര്‍മിച്ചിരുന്ന ഈ മരുന്ന് ചൈനീസ് ദേശീയ ആരോഗ്യ കമ്മിഷന്‍ കൊവിഡ് ചികില്‍സക്കായി തിരഞ്ഞെടുത്ത 30 മരുന്നുകളില്‍ ഒന്നാണെന്ന് ദി വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
അത്ഭുത മരുന്നെന്ന് ആളുകള്‍ വിളിക്കുന്ന ഇന്റര്‍ഫെറോണ്‍ ആല്‍ഫാ 2ബി കൊറോണ വൈറസിന്റെ സ്വഭാവ സവിശേഷതകളുമായി സാമ്യമുള്ള വൈറസുകളെ ചെറുക്കാന്‍ ഫലപ്രദമാണെന്ന് മുമ്പ് കണ്ടെത്തിയിരുന്നു. രോഗികളില്‍ വൈറസ് ബാധ ഗുരുതരമാകാതിരിക്കാനും മരണപ്പെടാതിരിക്കാനും ഈ മരുന്ന് ഉപയോഗിക്കാനാവും. ഡെങ്കു വൈറസിനെ പ്രതിരോധിക്കാന്‍ 1981-ലാണ് ക്യൂബ ആദ്യമായി ഈ മരുന്ന് വികസിപ്പിക്കുന്നത്.
എച്ച്.ഐ.വി, ഹ്യുമണ്‍ പാപിലോമ, ഹെപ്പറ്റൈറ്റിസ് ബി,സി ചികിത്സകള്‍ക്കും ഈ മരുന്ന് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അയര്‍ലണ്ട് ഈ മരുന്ന് വാങ്ങുന്നതിനുള്ള ആലോചനയിലാണെന്നും ദ വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇത് കൊവിഡ് 19 ചികിത്സയ്ക്ക് എത്രത്തോളം ഫലപ്രദമാണെന്ന് അന്താരാഷ്ട്രതലത്തില്‍ പരിശോധിക്കപ്പെട്ടിട്ടില്ല.
എലികളിലെ ട്യൂമറിനെ ചെറുക്കുന്ന ലിംഫോസൈറ്റുകളെ (ശരീരത്തിനു പ്രതിരോധ ശേഷി നല്‍കുന്ന ശ്വേത രക്താണുക്കള്‍) ഉത്തേജിപ്പിക്കാന്‍ ഇന്റര്‍ഫെറോണിന് സാധിക്കുമെന്ന് ഇയോണ്‍ ഗ്രെസര്‍ എന്ന യുഎസ് ഗവേഷകന്‍ 1960ല്‍ കണ്ടെത്തി. ഒരു ദശാബ്ദത്തിനപ്പുറം, 1970ല്‍ ഇയോണിന്റെ ഗവേഷണത്തുടര്‍ച്ച യുഎസ് കാന്‍സര്‍ വിദഗ്ധനായ റാന്‍ഡോള്‍ഫ് ക്ലാര്‍ക്ക് ലീ ഏറ്റെടുത്തു.
ആയിടയ്ക്കാണ് ക്യൂബയുമായുള്ള ബന്ധം യുഎസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ ശക്തമാക്കിയത്. ക്യൂബയിലെത്തി ഇന്റര്‍ഫെറോണെന്ന മരുന്നിനെക്കുറിച്ച് കാസ്ട്രോയെ വിശദമായി ധരിപ്പിച്ചത് റാന്‍ഡോള്‍ഫായിരുന്നു.
1981 മാര്‍ച്ചില്‍ ആറ് ക്യൂബന്‍ ഗവേഷകര്‍ 12 ദിവസം ഫിന്‍ലന്‍ഡിലെ ഡോക്ടറായ കേരി കാന്റെലിനോടൊപ്പം വിദഗ്ധ പഠനത്തിനു പോയി. കേരിയാണ് 1970ല്‍ ആദ്യമായി മനുഷ്യ കോശങ്ങളില്‍ നിന്ന് ഇന്റര്‍ഫെറോണ്‍ വേര്‍തിരിച്ചെടുത്തത്. ഇതിന് അദ്ദേഹം പേറ്റന്റെടുത്തതുമില്ല. ലോകം മുഴുവന്‍ ഇന്റര്‍ഫെറോണിന്റെ ഉല്‍പാദനത്തിനു പലതരം ഗവേഷണങ്ങള്‍ ശക്തമായതും അതിനാലാണ്.
ക്യൂബന്‍ ഗവേഷകര്‍ ക്യൂബയില്‍ തിരിച്ചെത്തി 45 ദിവസത്തിനകം പ്രാദേശിക സാങ്കേതികതയില്‍ വേര്‍തിരിച്ചെടുത്ത ആദ്യ ബാച്ച് ഇന്റര്‍ഫെറോണ്‍ ഗവേഷകര്‍ പുറത്തെത്തിച്ചു. ഫിന്‍ലന്‍ഡില്‍ ലാബ് പരിശോധനയിലൂടെ അതിന്റെ ഗുണമേന്മ ഉറപ്പുവരുത്തുകയും ചെയ്തു.
ആ സമയത്താണ് ക്യൂബയില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. ചരിത്രത്തിലാദ്യമായിട്ടായിരുന്നു കൊതുകുകള്‍ വഴി പരക്കുന്ന ഈ രോഗം ക്യൂബയില്‍ പ്രത്യക്ഷപ്പെടുന്നത്. 3.4 ലക്ഷത്തോളം ക്യൂബക്കാരെ വൈറസ് ബാധിച്ചു. ദിവസവും 11,000ത്തിലേറെ പുതിയ കേസുകള്‍. 108 പേര്‍ മരിച്ചു, അതില്‍ 101 പേരും കുട്ടികള്‍.
ക്യൂബന്‍ ആരോഗ്യ വകുപ്പ് ഈ മരുന്ന് അംഗീകരിച്ചു, ജനങ്ങളില്‍ പ്രയോഗിച്ചു, ദിവസങ്ങള്‍ക്കകം മരണനിരക്ക് കുത്തനെ കുറഞ്ഞു. ലോകത്ത് ഇന്റര്‍ഫെറോണ്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച സംഭവം എന്നാണ് ഇതിനെ ക്യൂബ വിശേഷിപ്പിച്ചത്.
ആരോഗ്യമെന്നത് സാമ്പത്തികമായ മൂലധനമല്ല, അടിസ്ഥാന അവകാശമാണെന്ന് ലോകം തിരിച്ചറിയാന്‍ അവസരമുണ്ടാക്കി എന്നാണ് കൊവിഡ് 19 കാലത്തെക്കുറിച്ച് ഇന്റര്‍ഫെറോണ്‍ പ്രയോഗിച്ച ഡോക്ടര്‍ ലൂയിസ് ഹെരേര ടെലിസര്‍ടിവി. നെറ്റ് എന്ന മാധ്യമത്തോട് പറഞ്ഞത്.
മെര്‍സ് കൊറോണയുടെ കാലത്തും ഈ മരുന്ന് ഉപയോഗിച്ചതാണ് മരണനിരക്ക് കുറയ്ക്കാന്‍ സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വുഹാനില്‍ വൈറസ് ബാധ സ്ഥിരീകരിച്ച് ആഴ്ചകള്‍ക്കുള്ളില്‍ ഇത് രോഗികളില്‍ പരീക്ഷിച്ചതോടെയാണ് കൂടുതല്‍ നഷ്ടങ്ങള്‍ രാജ്യത്തുണ്ടാവാതിരുന്നത്.
ലൂയിസ് ഹെരേരയുടെ അഭിമുഖം പൂര്‍ണ്ണരൂപം കാണാം
കൊവിഡ് 19 മൂലമുണ്ടാകുന്ന മറ്റ് ബുദ്ധിമുട്ടുകള്‍ തടയാമെന്നതാണ് ഈ മരുന്നുകൊണ്ടുണ്ടാകുന്ന ഗുണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
WATCH THIS VIDEO: