| Tuesday, 25th May 2021, 3:01 pm

മലാശയ ക്യാന്‍സര്‍: കാരണങ്ങള്‍, ലക്ഷണങ്ങള്‍, പ്രതിവിധികള്‍

ഡോ. ധന്യ കെ.എസ്

മലാശയ ക്യാന്‍സര്‍

ഉദരാശയ ക്യാന്‍സറില്‍ ഇന്ന് ഏറ്റവും കൂടുതലായി കാണപ്പെടുന്ന ക്യാന്‍സര്‍ ആണ് മലാശയ ക്യാന്‍സര്‍.

പ്രധാനപ്പെട്ട കാരണങ്ങള്‍: ജീവിതശൈലിയുമായി ബന്ധപ്പെട്ടതാണ് മലാശയ ക്യാന്‍സര്‍
1. ചുവന്ന മാംസത്തിന്റെ അമിതമായ ഉപയോഗം
2.കൊഴുപ്പടങ്ങിയതും, പുക ഏല്പിച്ചതുമായ ( തന്തൂരി, അല്‍ ഫാം പോലുള്ള) ഭക്ഷണത്തിന്റെ അമിത ഉപയോഗം മലാശയ ക്യാന്‍സറിന് കാരണമാകാം.
3. പുകയില, മദ്യപാനം, വ്യായാമക്കുറവ് എന്നിവ മലാശയ ക്യാന്‍സറിനുള്ള മറ്റു കാരണങ്ങള്‍ ആണ്. പാരമ്പര്യമായും മലാശയ ക്യാന്‍സര്‍ കാണാറുണ്ട്.

50 വയസ്സിനു മുകളിലുള്ള ആളുകളിലാണ് സാധാരണയായി ഈ ക്യാന്‍സര്‍ കണ്ടു വരുന്നത്.

ഇതിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം

1. മലം പോകുമ്പോള്‍ രക്തം കാണുക.
2. മലത്തില്‍ കഫം കാണുക.
3. മലം എത്ര പോയാലും മുഴുവനായി പോയിട്ടില്ല എന്ന തോന്നലുണ്ടാവുക(Tenesmus).
ഇതൊക്കെ മലാശയ ക്യാന്‍സറിന്റെ തുടക്കത്തില്‍ കാണുന്ന ലക്ഷണങ്ങളാണ്.

ഇനി ക്യാന്‍സര്‍ കൂടുതലായി അവയവത്തിലേയ്ക്ക് വളരുന്നതോടു കൂടി മലാശയം പൂര്‍ണ്ണമായി അടയുകയും മലം പോവുന്നത് പൂര്‍ണ്ണമായി നില്‍ക്കുകയും രോഗിക്ക് വയറുവേദനയും, ഛര്‍ദ്ദിയും അനുഭവപ്പെടുകയും ചെയ്യുന്നു.

അസുഖം മറ്റു അവയവങ്ങളിലേയ്ക്ക് പടരാന്‍ തുടങ്ങുന്നതോടെ ഏതവയവത്തെയാണ് ഈ ക്യാന്‍സര്‍ ബാധിക്കുന്നത് ആ അവയവുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ കൂടി രോഗിക്ക് അനുഭവിക്കേണ്ടി വരുന്നു.

ഉദാഹരണം: മലാശയ ക്യാന്‍സര്‍ ശ്വാസകോശങ്ങളെ ബാധിച്ചാല്‍ രോഗിക്ക് ചിലപ്പോള്‍ ചുമയും ശ്വാസം മുട്ടലും അനുഭവപ്പെടാം.

ഈ അസുഖം തുടക്കത്തില്‍ കണ്ടെത്താന്‍ എന്തു ചെയ്യാന്‍ സാധിക്കും.

Colonoscopy test ചെയ്യുമ്പോള്‍ മലാശയം കൃത്യമായ രീതിയില്‍ കാണുവാനും, തടിപ്പോ മുഴയോ കാണുകയാണെങ്കില്‍ അവിടെ നിന്ന് Biopsy എടുത്ത് പരിശോധിക്കുവാനും കഴിയും. ഈ പരിശോധനയിലൂടെ ഈ അസുഖം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്.

അസുഖം ക്യാന്‍സര്‍ ആണെന്ന് മനസ്സിലായാല്‍ പിന്നെ സ്റ്റേജിങ് ആണ് ചെയ്യേണ്ടത്. സ്റ്റേജിങ്ങിന്റെ ഉദ്ദേശം ക്യാന്‍സര്‍ എത്രത്തോളം ശരീരത്തെ ബാധിച്ചിരിക്കുന്നു എന്നത് മനസ്സിലാക്കുകയാണ്. എം.ആര്‍.ഐ സ്‌കാന്‍ ഉപയോഗിച്ച് മലാശയ ക്യാന്‍സറിന്റെ അടുത്ത ഭാഗങ്ങളിലേക്കുള്ള പടരല്‍ എത്രത്തോളമെന്ന് മനസ്സിലാക്കാന്‍ സാധിക്കും. PET സ്‌കാന്‍ എന്ന നൂതനമായ ടെക്‌നോളജി വഴി ക്യാന്‍സര്‍ ശരീരത്തിന്റെ ഏതൊക്കെ ഭാഗത്തേയ്ക്ക് പടര്‍ന്നിട്ടുണ്ടെന്ന് ഒറ്റ സ്‌കാനിലൂടെ പറഞ്ഞു തരുന്നു.

മലാശയ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ മൂലക്കുരുവിന്റെ ലക്ഷണങ്ങളോട് സാമ്യമുള്ളതിനാല്‍ പല രോഗികളും പല ചികിത്സകള്‍ തിരഞ്ഞെടുക്കുന്നു. അസുഖം സുഖം പ്രാപിക്കാതെയാവുമ്പോളാണ് കൃത്യമായ ടെസ്റ്റുകള്‍ ചെയ്യാന്‍ ശ്രമിക്കുന്നത്. അതു കൊണ്ടു തന്നെ പലപ്പോഴും മലാശയ ക്യാന്‍സര്‍ പല രോഗികളിലും മൂന്നും നാലും സ്റ്റേജില്‍ ആണ് കണ്ടു പിടിക്കുന്നത്.

ചികിത്സാരീതികള്‍

സര്‍ജറി, കീമോതെറാപ്പി, റേഡിയേഷന്‍ എന്നീ മൂന്നു ചികിത്സാ രീതികളാണ് പ്രധാനമായും മലാശയ ക്യാന്‍സറിന്റെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. ഒന്നാം സ്റ്റേജില്‍ സര്‍ജറി കൊണ്ട് മാത്രം അസുഖം പൂര്‍ണ്ണമായും സുഖപ്പെടുത്തിയെടുക്കാന്‍ സാധിക്കും.

നല്ല രീതിയിലുള്ള സര്‍ജറി മലാശയ ക്യാന്‍സര്‍ പൂര്‍ണ്ണമായും മാറ്റിയെടുക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. total mesorectal excision എന്ന നൂതനമായ സര്‍ജറിയാണ് (മലാശയവും അതിനു ചുറ്റും അസുഖം വരാന്‍ സാധ്യതയുള്ള mesorectum എടുത്തു മാറ്റുക). ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. സര്‍ജറി കഴിഞ്ഞുള്ള ചികിത്സ തീരുമാനിക്കുന്നത് പാത്തോളജി അനുസരിച്ചാണ്. അസുഖം പിന്നെയും വരാനുള്ള സാധ്യതയ്ക്കു കാരണമായ ഘടകങ്ങളാണ് ഈ പാത്തോളജിയില്‍ നോക്കുന്നത്. പിന്നീടുള്ള ചികിത്സ (കീമോതെറാപ്പി, റേഡിയേഷന്‍, ഇമ്യൂണോതെറാപ്പി) നിശ്ചയിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്.

ഇനി മലാശയ ക്യാന്‍സര്‍ സര്‍ജറി ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ് എത്തുന്നതെങ്കില്‍ റേഡിയേഷന്‍ ചികിത്സയുടെയും, കീമോതെറാപ്പിയുടെയും സഹായത്തോടെ ക്യാന്‍സറിന്റെ വളര്‍ച്ച ചുരുക്കി പൂര്‍ണ്ണമായി സര്‍ജ്ജറി ചെയ്യുക വഴി അസുഖം സുഖപ്പെടുത്തിയെടുക്കാന്‍ സാധിക്കും.

നാലാമത്തെ സ്റ്റേജിന്റെ തുടക്കത്തിലാണെങ്കില്‍ പോലും ഇതു പോലെ മൂന്നു ചികിത്സാരീതികളുടെ സഹായത്തോടെ അസുഖം മാറ്റിയെടുക്കാന്‍ സാധിക്കും. വളരെ നേരത്തെ കണ്ടു പിടിച്ചാല്‍ പൂര്‍ണ്ണമായി മാറ്റിയെടുക്കാന്‍ സാധിക്കുന്നതും എന്നാല്‍ അസുഖം വളരെ വൈകിയ വേളയില്‍ കണ്ടെത്തിയാല്‍ രോഗിയുടെ ജീവന്‍ തന്നെ അപഹരിക്കുന്നതുമായ ഒരു ക്യാന്‍സര്‍ ആണ് മലാശയ ക്യാന്‍സര്‍.

(അമേരിക്കന്‍ ഓങ്കോളജിയിലെ കണ്‍സള്‍ട്ടന്റ് റേഡിയേഷന്‍ ഓങ്കോളജിസ്റ്റാണ് ലേഖിക- https://americanoncology.com/)

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlight: All about Colorectal cancer

ഡോ. ധന്യ കെ.എസ്

അമേരിക്കന്‍ ഓങ്കോളജിയിലെ കണ്‍സള്‍ട്ടന്റ് റേഡിയേഷന്‍ ഓങ്കോളജിസ്റ്റാണ്

We use cookies to give you the best possible experience. Learn more