മലാശയ ക്യാന്‍സര്‍
ഉദരാശയ ക്യാന്‍സറില്‍ ഇന്ന് ഏറ്റവും കൂടുതലായി കാണപ്പെടുന്ന ക്യാന്‍സര്‍ ആണ് മലാശയ ക്യാന്‍സര്‍.
പ്രധാനപ്പെട്ട കാരണങ്ങള്‍: ജീവിതശൈലിയുമായി ബന്ധപ്പെട്ടതാണ് മലാശയ ക്യാന്‍സര്‍
1. ചുവന്ന മാംസത്തിന്റെ അമിതമായ ഉപയോഗം
2.കൊഴുപ്പടങ്ങിയതും, പുക ഏല്പിച്ചതുമായ ( തന്തൂരി, അല്‍ ഫാം പോലുള്ള) ഭക്ഷണത്തിന്റെ അമിത ഉപയോഗം മലാശയ ക്യാന്‍സറിന് കാരണമാകാം.
3. പുകയില, മദ്യപാനം, വ്യായാമക്കുറവ് എന്നിവ മലാശയ ക്യാന്‍സറിനുള്ള മറ്റു കാരണങ്ങള്‍ ആണ്. പാരമ്പര്യമായും മലാശയ ക്യാന്‍സര്‍ കാണാറുണ്ട്.
50 വയസ്സിനു മുകളിലുള്ള ആളുകളിലാണ് സാധാരണയായി ഈ ക്യാന്‍സര്‍ കണ്ടു വരുന്നത്.
ഇതിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം
1. മലം പോകുമ്പോള്‍ രക്തം കാണുക.
2. മലത്തില്‍ കഫം കാണുക.
3. മലം എത്ര പോയാലും മുഴുവനായി പോയിട്ടില്ല എന്ന തോന്നലുണ്ടാവുക(Tenesmus).
ഇതൊക്കെ മലാശയ ക്യാന്‍സറിന്റെ തുടക്കത്തില്‍ കാണുന്ന ലക്ഷണങ്ങളാണ്.
ഇനി ക്യാന്‍സര്‍ കൂടുതലായി അവയവത്തിലേയ്ക്ക് വളരുന്നതോടു കൂടി മലാശയം പൂര്‍ണ്ണമായി അടയുകയും മലം പോവുന്നത് പൂര്‍ണ്ണമായി നില്‍ക്കുകയും രോഗിക്ക് വയറുവേദനയും, ഛര്‍ദ്ദിയും അനുഭവപ്പെടുകയും ചെയ്യുന്നു.
അസുഖം മറ്റു അവയവങ്ങളിലേയ്ക്ക് പടരാന്‍ തുടങ്ങുന്നതോടെ ഏതവയവത്തെയാണ് ഈ ക്യാന്‍സര്‍ ബാധിക്കുന്നത് ആ അവയവുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ കൂടി രോഗിക്ക് അനുഭവിക്കേണ്ടി വരുന്നു.
ഉദാഹരണം: മലാശയ ക്യാന്‍സര്‍ ശ്വാസകോശങ്ങളെ ബാധിച്ചാല്‍ രോഗിക്ക് ചിലപ്പോള്‍ ചുമയും ശ്വാസം മുട്ടലും അനുഭവപ്പെടാം.
ഈ അസുഖം തുടക്കത്തില്‍ കണ്ടെത്താന്‍ എന്തു ചെയ്യാന്‍ സാധിക്കും.
Colonoscopy test ചെയ്യുമ്പോള്‍ മലാശയം കൃത്യമായ രീതിയില്‍ കാണുവാനും, തടിപ്പോ മുഴയോ കാണുകയാണെങ്കില്‍ അവിടെ നിന്ന് Biopsy എടുത്ത് പരിശോധിക്കുവാനും കഴിയും. ഈ പരിശോധനയിലൂടെ ഈ അസുഖം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്.
അസുഖം ക്യാന്‍സര്‍ ആണെന്ന് മനസ്സിലായാല്‍ പിന്നെ സ്റ്റേജിങ് ആണ് ചെയ്യേണ്ടത്. സ്റ്റേജിങ്ങിന്റെ ഉദ്ദേശം ക്യാന്‍സര്‍ എത്രത്തോളം ശരീരത്തെ ബാധിച്ചിരിക്കുന്നു എന്നത് മനസ്സിലാക്കുകയാണ്. എം.ആര്‍.ഐ സ്‌കാന്‍ ഉപയോഗിച്ച് മലാശയ ക്യാന്‍സറിന്റെ അടുത്ത ഭാഗങ്ങളിലേക്കുള്ള പടരല്‍ എത്രത്തോളമെന്ന് മനസ്സിലാക്കാന്‍ സാധിക്കും. PET സ്‌കാന്‍ എന്ന നൂതനമായ ടെക്‌നോളജി വഴി ക്യാന്‍സര്‍ ശരീരത്തിന്റെ ഏതൊക്കെ ഭാഗത്തേയ്ക്ക് പടര്‍ന്നിട്ടുണ്ടെന്ന് ഒറ്റ സ്‌കാനിലൂടെ പറഞ്ഞു തരുന്നു.
മലാശയ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ മൂലക്കുരുവിന്റെ ലക്ഷണങ്ങളോട് സാമ്യമുള്ളതിനാല്‍ പല രോഗികളും പല ചികിത്സകള്‍ തിരഞ്ഞെടുക്കുന്നു. അസുഖം സുഖം പ്രാപിക്കാതെയാവുമ്പോളാണ് കൃത്യമായ ടെസ്റ്റുകള്‍ ചെയ്യാന്‍ ശ്രമിക്കുന്നത്. അതു കൊണ്ടു തന്നെ പലപ്പോഴും മലാശയ ക്യാന്‍സര്‍ പല രോഗികളിലും മൂന്നും നാലും സ്റ്റേജില്‍ ആണ് കണ്ടു പിടിക്കുന്നത്.