ചെല്ലാനത്തുകാരുടെ ദുരിതങ്ങള്‍ക്ക് ഇനിയെന്താണ് പരിഹാരം
Details
ചെല്ലാനത്തുകാരുടെ ദുരിതങ്ങള്‍ക്ക് ഇനിയെന്താണ് പരിഹാരം
ഷഫീഖ് താമരശ്ശേരി
Friday, 31st July 2020, 10:59 pm

വളരെ ചെറിയ ഒരു പ്രദേശത്ത് ഇരുനൂറ്റിയമ്പതിലധികം കൊവിഡ് കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എറണാകുളം ജില്ലയിലെ ചെല്ലാനം എന്ന പ്രദേശം കേരളത്തിലെ കൊവിഡ് ക്ലസ്റ്ററുകളില്‍ ഏറ്റവും ഗുരുതരമായ പ്രദേശങ്ങളിലൊന്നായിരുന്നു. അനിയന്ത്രിതമായ രീതിയില്‍ കൊവിഡ് പടര്‍ന്നുപിടിക്കുമ്പോഴും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനോ സാമൂഹിക അകലം പാലിക്കുന്നതിനോ പൊതുസമ്പര്‍ക്കങ്ങളില്ലാതെ വീടുകളില്‍ കഴിയുന്നതിനോ ചെല്ലാനത്തുകാര്‍ക്ക് സാധിച്ചിരുന്നില്ല. കൊവിഡ് പടരുമ്പോഴും ആളുകള്‍ക്ക് വീടുകളില്‍ കഴിയാന്‍ സാധിക്കാതെ പോയ കേരളത്തിലെ ഏക പ്രദേശവും ചെല്ലാനമായിരിക്കും.

ചെല്ലാനം പഞ്ചായത്തില്‍ ഗുരുതരമായ രീതിയില്‍ കൊവിഡ് പടര്‍ന്നുപിടിച്ചുകൊണ്ടിരുന്ന അതേ ദിവസങ്ങളില്‍ തന്നെയായിരുന്നു തീരങ്ങളിലെ വീടുകള്‍ ശക്തമായ കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് വെള്ളത്തിനടയിലായത്. വീടുകള്‍ക്കകത്തേക്ക് ആര്‍ത്തിരമ്പിവരുന്ന കടല്‍വെള്ളം ഒരു ഭാഗത്ത്. മനുഷ്യജീവനെ തന്നെ അപകടത്തിലാക്കുന്ന കൊവിഡ് വൈറസിന്റെ വ്യാപനം മറുഭാഗത്ത്. ഇതിനിടയില്‍ ജീവന്‍ രക്ഷക്കായി എന്തുചെയ്യണമെന്നറിയാതെ നെട്ടോട്ടമോടുമ്പോഴും ചെല്ലാനം ജനത അവരുടെ സമരങ്ങളിലായിരുന്നു. ജനിച്ചു വളര്‍ന്ന മണ്ണില്‍, സ്വന്തം വീടുകളില്‍ ഭയരഹിതമായി ഉറങ്ങാന്‍ വേണ്ടി ചെല്ലാനം ജനത നടത്തിവരുന്ന അതിജീവന സമരം.

കഴിഞ കുറേ കാലങ്ങളായി എല്ലാ വര്‍ഷവും പല തവണ ആവര്‍ത്തിച്ചുവരുന്ന വേലിയേറ്റങ്ങളില്‍ കടലിനോട് മല്ലിടുകയാണ് ഈ ജനത. കാലങ്ങളുടെ അധ്വാനം കൊണ്ടും ബാങ്കുകളില്‍ നിന്നും മറ്റും വായ്‌പെയുടത്തും അവര്‍ പണിതുയര്‍ത്തിയ കൂരകളെയെല്ലാം ഭാഗികമായും പൂര്‍ണമായും കടല്‍ തകര്‍ത്തുകളഞ്ഞിരിക്കുന്നു. കാരണവന്‍മാരില്‍ നിന്നും കൈമാറി ലഭിച്ച അവരുടെ പുരയിടം നില്‍ക്കുന്ന സ്ഥലങ്ങളെ എപ്പോള്‍ വേണമെങ്കില്‍ കടല്‍ സ്വന്തമാക്കാം. ഓരോ കടല്‍ ക്ഷോഭക്കാലത്തും ദുരിതാശ്വാസ ക്യാമ്പുകളിലെ അഭയാര്‍ത്ഥികളായി മാറുന്നവര്‍. അടുത്ത വേലിയേറ്റത്തിന് മുമ്പെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം എന്ന അധികാരികളുടെ പൊള്ളയായ വാക്കുകള്‍ കേട്ട് തിരികെ വരേണ്ടി വരുന്നവര്‍. ചെല്ലാനത്തുകാരുടെ പ്രതീക്ഷകളുടെ ആയുസ്സ് ഒരു വേലിയേറ്റകാലത്ത് നിന്നും അടുത്ത വേലിയേറ്റ കാലം വരെ മാത്രമാണ്.

കടല്‍കയറ്റ പ്രശ്‌നത്തിന് പരിഹാരം ആവശ്യപ്പെട്ട് ചെല്ലാനം ജനകീയവേദിയുടെ ആഭിമുഖ്യത്തില്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 28 ന് ആരംഭിച്ച അനിശ്ചിതകാല റിലേ നിരാഹാര സമരം കൊവിഡ് പശ്ചാത്തലത്തിലും നിയന്ത്രണങ്ങളോടെ തുടരുകയാണ്. ചെല്ലാനത്തുകാരെ സംബന്ധിച്ച്
കൊവിഡിനേക്കാള്‍ വലിയ ഭീഷണി കാലങ്ങളായി അവര്‍ അനുഭവിച്ചുവരുന്ന കടല്‍കയറ്റമാണ്.

2017 ലെ ഓഖി ദുരന്തത്തോടെയാണ് ചെല്ലാനത്തെ കടല്‍കയറ്റ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണമെന്ന ആവശ്യവുമായി പ്രദേശത്തുകാര്‍ ശക്തമായ സമരങ്ങളിലേക്ക് കടന്നത്. ഇതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്നോണം ജിയോ സിന്തറ്റിക് ട്യൂബ് ഉപയോഗിച്ചുള്ള കടല്‍ഭിത്തി നിര്‍മ്മിച്ചു തരാമെന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കിയത്.

കടല്‍ഭിത്തി തകര്‍ന്നയിടങ്ങളില്‍ ജിയോ സിന്തറ്റിക് ട്യൂബ് ഉപയോഗിച്ച് 2018 ഏപ്രില്‍ 30 നുള്ളില്‍ കടല്‍ഭിത്തിയും ഒപ്പം രണ്ട് പുലിമുട്ടുകളും നിര്‍മ്മിച്ചു നല്‍കാമെന്നാണ് ചെല്ലാനത്തുകാര്‍ക്ക് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ 2019 അവസാനിക്കാറായിട്ടും സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്തതിനെത്തുടര്‍ന്നാണ് ചെല്ലാനം ജനത വീണ്ടും സമരരംഗത്തേക്കിറങ്ങിയത്.

ചെല്ലാനത്തിന്റെയും കടല്‍കയറ്റത്തിന്റെയും ചരിത്രം

പടിഞ്ഞാറ് ഭാഗത്ത് കടല്‍, കിഴക്ക് കായല്‍. രണ്ടിനുമിടയിലായി വീതികുറഞ്ഞ് നീളത്തില്‍ കിടക്കുന്ന ഒരു ഭൂപ്രദേശമാണ് എറണാകുളം ജില്ലയിലെ ചെല്ലാനം. പതിനഞ്ച് കിലോമീറ്റര്‍ നീളത്തിലും 50 മീറ്റര്‍ മുതല്‍ 500 മീറ്റര്‍ വരെ വീതിയിലുമായി കടലിന് സമാന്തരമായി സ്ഥിതി ചെയ്യുന്ന ഈ സ്ഥലം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ അധിവസിക്കുന്ന മേഖലയാണ്. ചെല്ലാനം തീരത്തെ ജനവാസ സ്ഥലങ്ങളില്‍ നിന്നും കടലിലേക്ക് മുന്‍കാലങ്ങളില്‍ വലിയ ദൂരമുണ്ടായിരുന്നു. എന്നാല്‍ കാലക്രമേണെ കടല്‍ കരയിലേക്ക് കയറിവന്നു. ഇപ്പോള്‍ കടലിനടിയിലായിരിക്കുന്ന സ്ഥലങ്ങളിലെല്ലാം മുമ്പ് വീടുകളും പള്ളികളും കടകളുമെല്ലാം ഉണ്ടായിരുന്നതിന്റെ ഓര്‍മകളുണ്ട് ചെല്ലാനത്തെ മുതിര്‍ന്ന തലമുറയ്ക്ക്.

ചെല്ലാനം പണ്ട് മുതലേ ചെറിയ തോതില്‍ കടല്‍ക്ഷോഭം നേരിടുന്ന പ്രദേശമായിരുന്നുവെങ്കിലും കൊച്ചി തുറമുഖത്തിന്റെ നിര്‍മാണത്തിന് ശേഷമാണ് രൂക്ഷമായ രീതിയിലുള്ള കടലാക്രമണം ചെല്ലാനം പ്രദേശത്തെ ബാധിക്കാനാരംഭിച്ചത് എന്നാണ് പ്രദേശത്തെ മുതിര്‍ന്നവര്‍ പറയുന്നത്.
ഇന്ന് ചെല്ലാനത്തെ തീരം (കൊച്ചി കപ്പല്‍ ചാലിനും തെക്കു അന്ധകാരനഴിക്കും ഇടക്കുള്ള പ്രദേശം) കേരളത്തില്‍ തന്നെ ഏറ്റവും രൂക്ഷമായ തോതില്‍ കടല്‍കയറ്റവും തീരശോഷണവും നേരിടുന്ന പ്രദേശമാണ്.

ആവര്‍ത്തിച്ചാവര്‍ത്തിച്ചുവരുന്ന ഈ കടല്‍ക്ഷോഭം ഇന്ന് ചെല്ലാനം ജനതയുടെ ജീവിതം വലിയ രീതിയില്‍ ദുസ്സഹമാക്കിയിരിക്കുകയാണ്. ബഹുഭൂരിപക്ഷവും ലത്തീന്‍ കൃസ്ത്യാനികളും പറയ -പുലയ തുടങ്ങിയ ദളിത് വിഭാഗങ്ങളുമാണ് ചെല്ലാനത്തുള്ളത്. കടലിനെ ആശ്രയിച്ച് ജീവിക്കുന്ന ഇവരുടെ ജീവിതം നിരന്തരമായ കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് ഏറെക്കുറെ താറുമാറായിരിക്കുകയാണ്.

ജീവനും സ്വത്തിനും സംരക്ഷണം തേടി ചെല്ലാനം ജനത അലയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. നലവില്‍ അവരുടെ മുന്നില്‍ സമരങ്ങളല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. ഏതാണ്ട് കഴിഞ്ഞ 20 വര്‍ഷത്തോളമായി ചെല്ലാനത്ത് കടല്‍കയറ്റ പ്രശ്‌നങ്ങളുണ്ട്. മുമ്പ് തീരമായിരുന്ന വലിയൊരു ശതമാനം ഭാഗവും ഇന്ന് കടലിനടിയിലാണ്. ഒരുകാലത്ത് കണ്ടക്കടവ് ഭാഗത്ത് സ്ഥിതിചെയ്തിരുന്ന രണ്ട് പള്ളികള്‍ ഇന്ന് കടലിനടിയിലാണെന്നും പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചെല്ലാനം തീരം വലിയ തോതില്‍ കടല്‍ക്ഷോഭത്തിരയാകുന്നുണ്ടെങ്കിലും ഇതുവരെ കടല്‍ഭിത്തിയുടെ പുനരുദ്ധാരണം എന്നത് നടന്നിട്ടില്ല. എല്ലാ തവണയും കടല് കയറുമ്പോള്‍ പ്രദേശം മുഴുവന്‍ വെള്ളത്തിനടിയിലാകും. കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റും. ഓരോ തവണയും കടല് കയറുമ്പോള്‍ അത് നിലവിലുള്ള കടല്‍ഭിത്തികളെ കൂടി തകരാറിലാക്കുന്നത് കാരണം വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും കടലാക്രമണത്തിന്റെ തോത് കൂടി വരികയാണന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

ചെല്ലാനം ഫിഷിങ് ഹാര്‍ബറിന്റെ നിര്‍മാണവും നിലവിലുണ്ടായിരുന്ന ആഘാതങ്ങളുടെ ആക്കം വര്‍ദ്ധിപ്പിച്ചിട്ടുണ്ട് എന്നും ചെല്ലാനത്തുകാര്‍ പറയുന്നുണ്ട്. ‘നിലവില്‍ ഒരു കിലോമീറ്ററിലധികം പലസ്ഥലങ്ങളിലായി കടല്‍ഭിത്തി നശിച്ചിരിക്കുകയാണ്. ചെല്ലാനം തീരത്ത് കമ്പനിപ്പടി, ബസാര്‍, വേളാങ്കണ്ണി, മറുവക്കാട്, ചെറിയകടവ് എന്നിങ്ങനെ അഞ്ച് സ്ഥലങ്ങളിലായാണ് കടല്‍ഭിത്തി വലിയ രീതിയില്‍ നശിച്ചിരിക്കുന്നത്. ഇത് പുനര്‍ നിര്‍മ്മിക്കാതെ ചെല്ലാനത്തുകാരുടെ പ്രശ്‌നങ്ങള്‍ക്ക് യാതൊരു പരിഹാരവും കാണാന്‍ സാധിക്കില്ല. ഇക്കാര്യം ഇവിടുത്തെ അധികാരികള്‍ക്കുമറിയാം. എന്നിട്ടും വിഷയത്തിന് പരിഹാരം കാണുന്നതിനായി അധികാരികളുടെ ഭാഗത്ത് നിന്ന് ഒരു ശ്രമവും കാണുന്നില്ല.’ ചെല്ലാനത്തെ ക
ടല്‍കയറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ സമരങ്ങള്‍ നടത്തിവരുന്ന ചെല്ലാനം ജനകീയ വേദിയുടെ പ്രവര്‍ത്തകര്‍ പറയുന്നു.

‘കൊച്ചി തുറമുഖ നിര്‍മാണത്തിന് ശേഷം പലവിധങ്ങളായ നിരവധി പ്രത്യാഘാതങ്ങള്‍ നേരിടുന്ന പ്രദേശമാണിതെന്നത് പഠനങ്ങള്‍ വന്നിട്ടുള്ളതാണ്. അതിനാല്‍ പിന്നീട് പ്രദേശത്ത് ഏതെങ്കിലും തരത്തിലുള്ള വികസന പദ്ധതികള്‍ നടപ്പിലാക്കുകയാണെങ്കില്‍ തീര്‍ച്ചായയും പ്രദേശം സംബന്ധിച്ച പാരിസ്ഥിതിക ആഘാത പഠനങ്ങള്‍ സര്‍ക്കാര്‍ നടത്തേണ്ടിയിരുന്നു. അത്തരത്തിലുള്ള യാതൊരു പഠനവും നടത്താതെയാണ് 2010 ല്‍ ചെല്ലാനത്ത് വീണ്ടുമൊരു ഹാര്‍ബര്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഇത് ചെല്ലാനത്തിന്റെ പ്രത്യാഘാതങ്ങളെ വര്‍ധിപ്പിക്കുകയാണുണ്ടായത്.’ അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ തുഷാര്‍ നിര്‍മല്‍ സാരഥി പറഞ്ഞു.

ഓരോ കടല്‍കയറ്റത്തോട് കൂടിയും ഇവിടുത്തെ വീടുകള്‍ക്ക് തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഭൂരിഭാഗം വീടുകളും അടിത്തറക്ക് ഇളക്കം തട്ടി ചരിഞ്ഞുപോയിരിക്കുന്നു. നിലത്ത് ചവിട്ടിയാല്‍ തറ താഴ്ന്നുപോകുന്ന അവസ്ഥയാണ് പല വീടുകളുടേതും. മിക്ക വീടുകളിലും മണല്‍ കൂമ്പാരം വീടിന്റെ തറയേക്കാള്‍ ഉയരത്തിലാണ്. ഓരോ വര്‍ഷവും കടല്‍കയറ്റം കഴിഞ്ഞ് ക്യാമ്പുകളില്‍നിന്ന് തിരിച്ചെത്തുന്നവര്‍ പലരില്‍ നിന്നും കടം വാങ്ങി വീട് പുനരുദ്ധാരണം നടത്തും. എന്നാലും അടുത്ത വര്‍ഷവും ആ ദുരന്തത്തെ നേരിടുകയല്ലാതെ ഇവിടത്തുകാര്‍ക്ക് നിര്‍വാഹമില്ല.

അഴിമതിയില്‍ കുളിച്ച ജിയോ ട്യൂബ് പദ്ധതി

ചെല്ലാനം ജനതയുടെ നിരന്തരമായ സമരങ്ങളെത്തുടര്‍ന്നാണ് കടല്‍ക്ഷോഭം തടയുന്നതിനായുള്ള ജിയോ സിന്തറ്റിക് ട്യൂബ് ചെല്ലാനത്ത് സ്ഥാപിക്കനായി സര്‍ക്കാര്‍ തീരുമാനിക്കുന്നത്. 2017 ല്‍ ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പദ്ധതി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പശ്ചിമഘട്ടപ്രദേശങ്ങളിലെ കരിങ്കല്‍ ഖനനം പാരിസ്ഥിതികമായി നിരവധി പ്രത്യാഘാതങ്ങള്‍ അവിടങ്ങളില്‍ ഉണ്ടാക്കുമെന്നതിനാലാണ് കരിങ്കല്ല് കൊണ്ടുള്ള കടല്‍ഭിത്തി എന്നതിന് പകരമായി ബദല്‍ സാധ്യതകളെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചുതുടങ്ങിയത്. 20 അടി നീളവും അഞ്ചടി വീതിയുമുള്ള ട്യൂബുകള്‍ കടലിലെ കല്‍ഭിത്തിക്ക് പകരം സ്ഥാപിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. കടല്‍ഭിത്തിക്ക് പകരം സ്ഥാപിക്കുന്ന ഈ ജിയോട്യൂബുകള്‍ക്ക് തിരമാലയുടെ ശക്തി ദുര്‍ബലപ്പെടുത്താന്‍ സാധിക്കും.

കോഴിക്കോട് സ്വദേശിയായ ഒരു വ്യക്തിയുടെ കമ്പനിയായിരുന്നു ടെന്‍ഡര്‍ പ്രകാരം സര്‍ക്കാറില്‍ നിന്നും ജിയോ ട്യൂബിന്റെ നിര്‍മാണം ഏറ്റെടുത്തത്. അവര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കടലില്‍നിന്ന് മണ്ണ് ഡ്രഡ്ജ് ചെയ്ത് ജിയോ ട്യൂബ് നിറക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ ഇത്തരമൊരു പദ്ധതി പൂര്‍ത്തീകരിക്കാന്‍ വേണ്ട സാങ്കേതിക സംവിധാനങ്ങളോ മാനവവിഭവ ശേഷിയോ കമ്പനിക്ക് ഉണ്ടായിരുന്നില്ല എന്നാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പ്രദേശവാസികള്‍ പറയുന്നത്. കടലില്‍നിന്ന് മണ്ണെടുക്കാനുള്ള സാങ്കേതിക സംവിധാനങ്ങള്‍ കരാറുകാരന് ഉണ്ടായിരുന്നില്ല. ശക്തികുറഞ്ഞ മോട്ടോര്‍ ഉപയോഗിച്ച് മണ്ണെടുക്കാന്‍ ശ്രമിച്ചപ്പോള്‍ തിരമാലയില്‍പെട്ട് അത് തകര്‍ന്നു. 20 ട്യൂബുകള്‍ നിറക്കേണ്ടിയിരുന്ന സ്ഥാനത്ത് കരാറുകാരന് ആകെ കഴിഞ്ഞത് എട്ട് ട്യൂബുകള്‍ നിറക്കാന്‍ മാത്രം. ജിയോ ട്യൂബ് നിര്‍മാണത്തിന്റെ പേരില്‍ നടക്കുന്നത് പൊതുഖജനാവിന്റെ കൊള്ള മാത്രമാണന്ന് മനസ്സിലാക്കിയ ജനങ്ങള്‍ ഇതോടെ പ്രതിഷേധവുമായി രംഗത്ത് വന്നു.

വിഷയങ്ങള്‍ വലിയ രീതിയില്‍ വിവാദമായതോടെ കരാര്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും തനിക്ക് നഷ്ടമുണ്ടെന്ന് കാണിച്ച് കരാറുകാരന്‍ കോടതിയില്‍ പോയി. പിന്നീട് കോടതി അനുവദിച്ച സമയത്തിനുള്ളിലും കരാറുകാരന് പണി പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പോയതിനാലാണ് കഴിഞ്ഞ ഡിസംബറില്‍ സര്‍ക്കാര്‍ കരാര്‍ റദ്ദാക്കിയത്. എന്നാല്‍ നിര്‍മാണത്തിന് പുതിയ ടെന്‍ഡര്‍ വിളിച്ചപ്പോള്‍ ഏറ്റെടുക്കാന്‍ ആരുമുണ്ടായിട്ടില്ല.

പുനരധിവാസമോ അതോ കുടിയൊഴിപ്പിക്കലോ

ചെല്ലാനമടങ്ങുന്ന തീരപ്രദേശങ്ങളിലെ കടല്‍കയറ്റ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് പ്രദേശവാസികള്‍ നിരന്തരം ആവശ്യപ്പെടുമ്പോഴും
പ്രദേശം അപകടമേഖലയാണെന്ന വാദമുന്നയിച്ച് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ഒഴിഞ്ഞുപോകുന്നവര്‍ക്ക് സ്ഥലം വാങ്ങാന്‍ ആറ് ലക്ഷവും വീട് വെക്കാന്‍ നാല് ലക്ഷവും നല്‍കാമെന്നാണ് അധികൃതരുടെ വാഗ്ദാനം. എന്നാല്‍ 10 ലക്ഷം രൂപ എന്നത് എറണാകുളം നിവാസികളെ സംബന്ധിച്ച് ജില്ലയില്‍ എവിടെയും ആളുകള്‍ക്ക് സ്ഥലം വാങ്ങി വീടുവെയ്ക്കാന്‍ പര്യാപ്തമല്ല എന്നാണ് സമരസമിതി പ്രവര്‍ത്തകനായ വി.ടി സെബാസ്റ്റ്യന്‍ പറയുന്നത്. ഇനി സര്‍ക്കാര്‍ കൂടുതല്‍ തുക നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചാല്‍ തന്നെയും പ്രദേശംവിട്ടുപോകാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു.

വി.ടി സെബാസ്റ്റ്യന്‍

‘ഞങ്ങള്‍ ചെല്ലാനത്തുകാര്‍ തലമുറകളായി ഇവിടെ ജീവിക്കുന്നവരാണ്. കടലാണ് ഞങ്ങളുടെ ഉപജീവനമാര്‍ഗം. ഈ പ്രദേശത്തിന്റെ തീരദേശ പരിസ്ഥിതിയിലും ഇവിടുത്തെ സംസ്‌കാരത്തിലും അലിഞ്ഞ് ജീവിക്കുന്നവരാണ് ഞങ്ങള്‍. കടല്‍ക്കയറ്റം എന്നത് സമീപകാലത്ത് കടന്നുവന്ന ഒരു പ്രയാസമാണ്. അതിന്റെ ഉത്തരവാദികള്‍ ഞങ്ങളല്ല. സര്‍ക്കാറിന്റെ അശാസ്ത്രീയമായ വികസന പദ്ധതികളുടെ ഇരകളാണ് ഞങ്ങള്‍. അതുകൊണ്ട് തന്നെ ശാസ്ത്രീയമായ പരിഹാര മാര്‍ഗങ്ങളിലൂടെ ഞങ്ങളുടെ ദുരിതങ്ങള്‍ക്ക് പ്രതിവിധി കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. അല്ലാതെ ഞങ്ങളെ ഇറക്കിവിടാനല്ല. ഇനി ഞങ്ങളെ കുടിയൊഴിപ്പിച്ചേ തീരൂ എന്ന് സര്‍ക്കാര്‍ വാശി പിടിച്ചാലും അത് സാധ്യമാകാന്‍ പോകുന്നില്ല.” വി.ടി സെബാസ്റ്റിയന്‍ കൂട്ടിച്ചേര്‍ത്തു.

ഇത്രയധികം വര്‍ഷങ്ങളായി ചെല്ലാനത്തെ കടലാക്രമണവും നാശനഷ്ടങ്ങളും തുടര്‍ച്ചയായി വാര്‍ത്തകളിടം പിടിച്ചിട്ടും സുരക്ഷാ ഭിത്തികളുടെ നിര്‍മാണത്തിലൂടെയോ മറ്റേതെങ്കിലും പദ്ധതികളിലൂടെയോ ശാശ്വതമായ ഒരു പരിഹാരം വിഷയത്തില്‍ അധികൃതര്‍ കൈക്കൊള്ളാത്തതിനെ അത്ര നിഷ്‌കളങ്കമായി കാണാന്‍ സാധിക്കില്ല എന്നും തീരദേശ ജനതയെ കുടിയൊഴിപ്പിച്ച് ആ പ്രദേശം വിജനമാക്കുന്നതിലൂടെ തങ്ങളുടെ വികസന നിക്ഷേപ താത്പര്യങ്ങളാണ് സര്‍ക്കാര്‍ ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നുമാണ് അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ തുഷാര്‍ നിര്‍മല്‍ സാരഥി പറയുന്നത്.

‘തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ രണ്ട് വശവും സൈക്കിള്‍ ട്രാക്കോടുകൂടിയ തീരദേശ ഹൈവേ പദ്ധതി സര്‍ക്കാറിനുണ്ട്. തുറമുഖങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ട് ഹൈവേ നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ ‘സാഗര്‍മാല’ എന്ന പദ്ധതിയും. ചരക്ക് നീക്കം സുഗമമാക്കുക, മേഖലയിലേക്ക് കൂടുതല്‍ മൂലധന നിക്ഷേപം സാധ്യമാക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളോടെയാണ് ഇവ തയാറാക്കപ്പെട്ടിരിക്കുന്നത്. ഇതിന്റെയൊക്കെ ഭാഗമാണ് തീരവാസികളെ കുടിയൊഴിപ്പിക്കാനുള്ള ശ്രമം’ തുഷാര്‍ നിര്‍മല്‍ സാരഥി വിശദീകരിക്കുന്നു.

തുഷാര്‍ നിര്‍മല്‍ സാരഥി

‘കടല്‍കയറ്റ പ്രശ്‌നത്തിന് പരിഹാരം ആവശ്യപ്പെട്ട് ജനങ്ങള്‍ ശക്തമായി സമരം ചെയ്യുമ്പോഴും അതിനോടെല്ലാം പുറംതിരിഞ്ഞു നില്‍ക്കുന്ന സര്‍ക്കാര്‍ സമീപനത്തിന് പിന്നില്‍ കേവലം അനാസ്ഥയല്ല, മറിച്ച് ബോധപൂര്‍വ്വമായ ചില കണക്കുകൂട്ടലുകള്‍ തന്നെയാണ്. ദേശീയ തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന സാഗര്‍മാല പദ്ധതി, സംസ്ഥാന സര്‍ക്കാരിന്റെ തീരദേശ ഹൈവേ, ബ്ലൂ എക്കോണമി തുടങ്ങിയ പദ്ധതികളുടെ സുഗമമായ നടത്തിപ്പിന് നിലവിലെ തടസ്സം മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പടെയുള്ള തീരദേശവാസികളാണ്. ഇവരെ ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കുക എന്നത് എളുപ്പമല്ലാത്തതിനാല്‍ കേരളത്തിന്റെ തീരം സുരക്ഷിതമല്ലെന്ന വാദമുയര്‍ത്തി വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്റര്‍ പരിധിയില്‍ താമസിക്കുന്ന തീരദേശവാസികളെ പുനരധിവസിപ്പിക്കുന്ന പുനര്‍ഗേഹം പദ്ധതിക്ക് കേരള സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച തുടക്കമിട്ട് കഴിഞ്ഞു. 18685 കുടുംബങ്ങളെയാണ് തീരം സുരക്ഷിതമല്ല എന്ന ന്യായം പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ ഇപ്രകാരം മാറ്റിപ്പാര്‍പ്പിക്കാനൊരുങ്ങുന്നത്. കേരളത്തിന്റെ തീരം വന്‍കിട മൂലധന ശക്തികള്‍ക്ക് തീറെഴുതാനുള്ള ഈ നീക്കമാണ് വാസ്തവത്തില്‍ കടല്‍കയറ്റ പ്രശ്‌നം നിലവില്‍ പരിഹരിക്കാതെ നീട്ടിക്കൊണ്ടുപോകുന്നതിന്റെ യഥാര്‍ത്ഥ കാരണം. കടല്‍കയറ്റം രൂക്ഷമാകുമ്പോള്‍ പുനര്‍ഗേഹം പദ്ധതിയില്‍ വാഗ്ദാനം ചെയ്യുന്ന 10 ലക്ഷം രൂപ സ്വീകരിച്ച് സ്വയം കുടിയൊഴിഞ്ഞു പോകാന്‍ തീരദേശവാസികളെ നിര്‍ബന്ധിതരാക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.’ തുഷാര്‍ നിര്‍മല്‍ സാരഥി കൂട്ടിച്ചേര്‍ത്തു.

പരിഹാരമാണ് ആവശ്യം

കടല്‍കയറ്റം ഇന്ന് മുന്‍കാലങ്ങളിലേതിനെക്കാള്‍ വ്യാപകമാണ്. കടല്‍കയറ്റം നിയന്ത്രിക്കാന്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ജിയോ ട്യൂബ് ഒരു താല്‍ക്കാലിക സംവിധാനം മാത്രമാണ് എന്നും കൊച്ചിയുടെ തീരമേഖലകളെ സംരക്ഷിക്കുന്നതിനായുള്ള വിവിധങ്ങളായ കര്‍മപദ്ധതികളാണ് സര്‍ക്കാറുകള്‍ ആവിഷ്‌കരിക്കേണ്ടത്് എന്നുമാണ് ചെല്ലാനം ജനകീയ വേദിയുടെ പ്രവര്‍ത്തകര്‍ പറയുന്നത്.

‘കടലോര ജനവിഭാഗങ്ങളോട് തീരത്ത് നിന്നും മാറി താമസിക്കാന്‍ ആവശ്യപ്പെടുന്നത് അവരെ വംശീയ ഉന്മൂലനത്തിന് വിധേയമാക്കുന്നതിന് തുല്യമാണ്. കടലിനെക്കുറിച്ചുള്ള അവരുടെ പരമ്പരാഗത അറിവുകള്‍ ഏറെ പ്രിയപ്പെട്ടതാണ്.’ തുഷാര്‍ നിര്‍മല്‍ സാരഥി പറയുന്നു.

കഴുത്തറ്റം വെള്ളത്തില്‍ നില്‍ക്കുമ്പോഴും കൊറോണ ഭീതിയില്‍ നാടുമുഴുവന്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോഴും ചെല്ലാനം ജനതയുടെ പോരാട്ട വീര്യം കാണുമ്പോള്‍ നമുക്ക് ബോധ്യമാകുന്ന ചില വസ്തുതകള്‍ ഉണ്ട്. തോറ്റു പിന്മാറാന്‍ ചെല്ലാനം നിവാസികള്‍ തയ്യാറല്ല. പിറന്ന മണ്ണില്‍ സ്വസ്ഥമായി ജീവിക്കാന്‍ വിജയം കാണും വരെ പോരാടുമെന്ന് അവര്‍ പറയുന്നു. കുടിയൊഴിപ്പിക്കലും പുനഃരധിവാസവുമല്ല തീരസുരക്ഷയാണ് തങ്ങള്‍ക്ക് വേണ്ടതെന്ന ഉറച്ച തീരുമാനത്തിലാണ് ചെല്ലാനം നിവാസികള്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഷഫീഖ് താമരശ്ശേരി
മാധ്യമപ്രവര്‍ത്തകന്‍