| Sunday, 7th July 2024, 12:04 pm

829 ഇരകളും തികച്ചുണ്ട്; ലോകത്തില്‍ മൂന്നാമന്‍, ഏഷ്യയില്‍ ഒന്നാമന്‍, ഇതിഹാസത്തിന്റെ ചരിത്രനേട്ടം ഒറ്റ നോട്ടത്തില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ എം.എസ്. ധോണിയുടെ 42ാം പിറന്നാളാണ് ഇന്ന്. ഇന്ത്യയെ മൂന്ന് ഐ.സി.സി കിരീടം ചൂടിച്ച നായകന്റെ പിറന്നാള്‍ ആരാധകര്‍ ആഘോഷമാക്കുകയാണ്. നൂറ് അടിയുള്ള താരത്തിന്റെ കട്ടൗട്ട് ഉയര്‍ത്തിയാണ് തമിഴ്മക്കള്‍ തങ്ങളുടെ തലയോടുള്ള സ്‌നേഹം വ്യക്തമാക്കിയത്.

താരത്തിന്റെ പിറന്നാളില്‍ ആശംസകള്‍ നേരുന്നതിനൊപ്പം ധോണി അന്താരാഷ്ട്ര കരിയറില്‍ സ്വന്തമാക്കിയ നേട്ടങ്ങളുടെ റെക്കോഡുകളും സോഷ്യല്‍ മീഡിയയില്‍ പ്രധാന ചര്‍ച്ചാ വിഷയമാണ്.

അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവുമധികം ഡിസ്മിസ്സലുകള്‍ നടത്തിയ വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് എം.എസ്. ധോണിയുടെ സ്ഥാനം. ഏഷ്യന്‍ വിക്കറ്റ് കീപ്പര്‍മാര്‍ക്കിടയില്‍ ഒന്നാമനും. ടെസ്റ്റ്, ഏകദിനം, ടി-20 എന്നീ മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നുമായി 829തവണയാണ് ധോണി എതിരാളികളെ പവലിയനിലേക്ക് മടക്കിയയച്ചത്.

ഇതിഹാസ വിക്കറ്റ് കീപ്പര്‍മാരായ മാര്‍ക് ബൗച്ചറിനും ആദം ഗില്‍ക്രിസ്റ്റിനും ശേഷമാണ് ധോണി ഈ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ബൗച്ചര്‍ 998 തവണ എതിരാളികലെ മടക്കിയപ്പോള്‍ 905 തവണയാണ് ഗില്ലി ബാറ്റര്‍മാരുടെ അന്തകനായത്.

2004 മുതല്‍ 2019വരെയുള്ള 15 വര്‍ഷക്കാലമാണ് ധോണി 22 യാര്‍ഡ് പിച്ചിലും വിക്കറ്റിന് പിന്നിലും ചെലവഴിച്ചത് (അന്താരാഷ്ട്ര തലത്തില്‍). 538 മത്സരത്തിലെ 608 ഇന്നിങ്‌സില്‍ നിന്നുമായാണ് ധോണിയുടെ 829ഡിസ്മിസ്സലുകള്‍ പിറവിയെടുത്തത്. ഇതില്‍ 634 പേരെ ക്യാച്ചെടുത്ത് മടക്കിയപ്പോള്‍ 195 പേരെ സ്റ്റംപിങ്ങിലൂടെയാണ് ധോണി പുറത്താക്കിയത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്റ്റംപിങ്ങലിലൂടെ ഏറ്റവുമധികം താരങ്ങളെ പുറത്താക്കിയതിന്റെ റെക്കോഡ് ഇപ്പോഴും ധോണിയുടെ പേരില്‍ തന്നെയാണ്.

അജിത് അഗാര്‍ക്കറിന്റെ പന്തില്‍ ബംഗ്ലാദേശ് താരം നഫീസ് ഇഖ്ബാലിനെ മടക്കിയാണ് ധോണി തന്റെ ഐതിഹാസിക റെക്കോഡിന് തുടക്കം കുറിച്ചത്. രണ്ടാം ഡിസ്മിസ്സലായി നഫീസ് ഇഖ്ബാലിനെ തന്നെയാണ് ധോണി മടക്കിയത്, പന്തെറിഞ്ഞതാകട്ടെ അതേ അജിത് അഗാര്‍ക്കറും.

ധോണിക്ക് മൂന്നാം ഡിസ്മിസസ്സല്‍ സമ്മാനിച്ചതും അഗാര്‍ക്കര്‍ തന്നെയാണ്. ഹബിദുള്‍ ബാഷറായിരുന്നു മൂന്നാം ഇര.

ധോണിയുടെ,

50ാം ഡിസ്മിസ്സല്‍ – യൂനിസ് ഖാന്‍
100ാം ഡിസ്മിസ്സല്‍ – കോറി കോളിമോര്‍
150ാം ഡിസ്മിസ്സല്‍ – മൈക്കല്‍ വോണ്‍
200ാം ഡിസ്മിസ്സല്‍ – ബ്രാഡ് ഹാഡ്ഡിന്‍
250ാം ഡിസ്മിസ്സല്‍ – മെക്കല്‍ ക്ലാര്‍ക്ക്
300ാം ഡിസ്മിസ്സല്‍ – മഹേല ജയവര്‍ധനെ
350ാം ഡിസ്മിസ്സല്‍ – മുഹമ്മദ് നബി
400ാം ഡിസ്മിസ്സല്‍ – ഗ്രെയം സ്മിത്
450ാം ഡിസ്മിസ്സല്‍ – ഒയിന്‍ മോര്‍ഗന്‍
500ാം ഡിസ്മിസ്സല്‍ – തിലകരത്‌നെ ദില്‍ഷന്‍
550ാം ഡിസ്മിസ്സല്‍ – മാത്യു വേഡ്
600ാം ഡിസ്മിസ്സല്‍ – നാസിര്‍ ഹൊസൈന്‍
650ാം ഡിസ്മിസ്സല്‍ – ഡ്വെയ്ന്‍ സ്മിത്
700ാം ഡിസ്മിസ്സല്‍ – സ്റ്റീവ് സ്മിത്
750ാം ഡിസ്മിസ്സല്‍ – ഗ്ലെന്‍ മാക്‌സ്‌വെല്‍
800ാം ഡിസ്മിസ്സല്‍ – മഷ്‌റഫെ മൊര്‍താസ

ന്യൂസിലാന്‍ഡ് താരം കോളിന്‍ ഡി ഗ്രാന്‍ഡ് ഹോമിനെയാണ് തന്റെ അന്താരാഷ്ട്ര കരിയറില്‍ അവസാനമായി ധോണി പുറത്താക്കിയത്.

ധോണിയുടെ 829ഡിസ്മിസ്സലുകള്‍ ഒറ്റനോട്ടത്തില്‍;

Also Read: നീലാകാശത്തിന് കീഴില്‍ പാറിപ്പറക്കാന്‍ കാനറികളില്ല; വിനിയില്ലാത്ത ബ്രസീലിന് തോല്‍വി, സെമി കാണാതെ മടക്കം

Also Read: ഇന്ത്യയ്‌ക്കെതിരെ ചരിത്രം സൃഷ്ടിച്ച് സിംബാബ്‌വേ; ടി-20യില്‍ മറ്റാര്‍ക്കും സാധിക്കാത്തത് നേടിയത് രണ്ടാം തവണ!

Also Read: പരാജയപ്പെട്ടെങ്കിലും സിംബാബ്‌വേക്കെതിരെ തകര്‍പ്പന്‍ നേട്ടമാണ് ഇവന്‍ സ്വന്തമാക്കിയത്!

Content highlight: All 829 dismissals by MS Dhoni in international cricket

We use cookies to give you the best possible experience. Learn more