ന്യൂദല്‍ഹി: പശ്ചിമ ബംഗാളിലെ നിയുക്ത ബി.ജെ.പി എം.എല്‍.എമാര്‍ക്ക് കേന്ദ്ര സേനയുടെ സുരക്ഷ ഏര്‍പ്പെടുത്തുന്നുവെന്ന് റിപ്പോര്‍ട്ട്. പുതുതായി തെരഞ്ഞെടുത്ത 77 ബി.ജെ.പി എം.എല്‍.എമാരുടെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുരക്ഷ ഏര്‍പ്പെടുത്തുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
സായുധ സേനകളായ സി.ഐ.എസ്.എഫും സി.ആര്‍.പി.എഫുമാണ് ബി.ജെ.പി എം.എല്‍.എമാര്‍ക്ക് സുരക്ഷയൊരുക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബംഗാളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടക്കുന്നുണ്ടെന്ന് കേന്ദ്ര സുരക്ഷാ ഏജന്‍സികളും ഉന്നത ഉദ്യോഗസ്ഥ സംഘവും തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുരക്ഷയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്.
61 എം എല്‍.എമാര്‍ക്ക് എക്‌സ് കാറ്റഗറി സുരക്ഷയായിരിക്കും നല്‍കുക. സി.ഐ.എസ്.എഫ് ആയിരിക്കും സുരക്ഷ നല്‍കുകയെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
ബാക്കിയുള്ളവര്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്ന വൈ കാറ്റഗറി സുരക്ഷയായിരിക്കും ഏര്‍പ്പെടുത്തുക. പ്രതിപക്ഷ നേതാവ് സുവേന്തു അധികാരിക്ക് ഇസഡ് കാറ്റഗറി സുരക്ഷയും നല്‍കും.
തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളില്‍ വലിയ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഇരുപതോളം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. പുറത്തുവരുന്ന റിപ്പോര്‍ട്ടുകളിലെല്ലാം തൃണമൂല്‍ പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടല്‍ നടന്നതെന്നാണ് വ്യക്തമാക്കുന്നത്.
എന്നാല്‍ ബംഗാളിലെ ഹിന്ദുക്കളയെല്ലാം തൃണമൂലും തൃണമൂലിലെ മുസ്‌ലിം പ്രവര്‍ത്തകരും ആക്രമിക്കുകയാണെന്ന രീതിയിലാണ് ബി.ജെ.പി നേതാക്കളെല്ലാം പ്രചാരണം നടത്തുന്നത്. ഇതിന്റെ ഭാഗമായി ബി.ജെ.പി പുറത്തുവിടുന്ന പല ചിത്രങ്ങളും വ്യാജമാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നു കഴിഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: All 77 BJP MLAs In Bengal To Have Central Security Cover