സര്‍ക്കാര്‍ രൂപീകരണത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരവേ മഹാരാഷ്ട്രയില്‍ നിന്നൊരു പുതിയ വാര്‍ത്തയുണ്ട്. രാജസ്ഥാനിലെ റിസോര്‍ട്ടില്‍ താമസിക്കുന്ന 44 കോണ്‍ഗ്രസ് എം.എല്‍.എമാരും ശിവസേനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. റിസോര്‍ട്ടിനകത്ത് നടന്ന ചര്‍ച്ചയിലാണ് എം.എല്‍.എമാര്‍ നിലപാട് വ്യക്തമാക്കിയത്. എന്ത് വിലകൊടുത്തും ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്ന സംസ്ഥാന കോണ്‍ഗ്രസ് നിലപാടിന്റെ ആത്മവിശ്വാസത്തിലാണ് എം.എല്‍.എമാരുടെ പിന്തുണ.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ ഇന്ന് രാജസ്ഥാനിലെത്തി എം.എല്‍.എമാരെ കാണുകയും സംസ്ഥാനത്തെ രാഷ്ട്രീയ സംഭവ വികാസങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്തു. പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട് എം.എല്‍.എമാരെ ഖാര്‍ഗെ ബോധ്യപ്പെടുത്തിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാണിക് റാവു താക്കറെ പി.ടി.ഐയോട് പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ശിവസേനയ്ക്ക് പിന്തുണ കൊടുക്കുന്നതിനെ കുറിച്ച് ഒരു എം.എല്‍.എയും എതിരഭിപ്രായം പറഞ്ഞില്ല. സംസ്ഥാന അദ്ധ്യക്ഷന്‍ ബാലാസാഹേബ് തോറാട്ട്, മുതിര്‍ന്ന് നേതാവ് അശോക് ചവാന്‍ ഉള്‍പ്പെടെയുള്ളവര്‍ റിസോര്‍ട്ടിലുണ്ട്.
സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം ഇല്ലാത്തതാണ് ബി.ജെ.പിക്കു തലവേദന. ശിവസേന ഒപ്പമുണ്ടായാല്‍ അതു സാധ്യമാകുമെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അവരുടെ കടുംപിടിത്തം തര്‍ക്കങ്ങള്‍ അവസാനിക്കില്ലെന്ന സൂചനയാണു നല്‍കുന്നത്.
ഈ സാഹചര്യത്തിലാണ് ബി.ജെ.പിയെ പുറത്താക്കി അധികാരത്തില്‍ പങ്കാളിയാകാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തുന്നത്.
കോണ്‍ഗ്രസിനെക്കൂടാതെ എന്‍.സി.പിയും സേനയെ പിന്തുണയ്ക്കാമെന്ന നിലപാടിലാണ് ഏറെക്കുറേ നില്‍ക്കുന്നത്. 23 എം.എല്‍.എമാരുടെ പിന്തുണയാണ് ഇനി ബി.ജെ.പിക്കു വേണ്ടത്.
സ്വാഭാവികമായും മറ്റ് പാര്‍ട്ടികളുടെ എം.എല്‍.എമാര്‍ പിന്തുണച്ചെങ്കില്‍ മാത്രമേ ബി.ജെ.പിക്ക് സംസ്ഥാനത്ത് ഭരണം നിലനിര്‍ത്താന്‍ കഴിയൂ. ബി.ജെ.പി ഇതിന് വേണ്ടി കുതിരക്കച്ചവടത്തിന് വേണ്ടി ശ്രമിക്കുകയാണെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ വീണ്ടും കാണും. ചൊവ്വാഴ്ചയാണ് എന്‍.സി.പി നിയമസഭാ കക്ഷി യോഗം നടക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ