| Saturday, 22nd December 2018, 8:53 am

രാജീവ് ഗാന്ധിക്ക് നല്‍കിയ ഭാരത രത്ന തിരിച്ചെടുക്കണമെന്ന പ്രമേയത്തെ എതിര്‍ത്ത എം.എല്‍.എയോട് രാജിവെക്കാന്‍ ആം ആദ്മി പാര്‍ട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് മരണാനന്തരം നല്‍കിയ ഭാരത രത്ന ബഹുമതി തിരിച്ചെടുക്കണമെന്ന പാര്‍ട്ടി പ്രമേയത്തെ എതിര്‍ത്ത എം.എല്‍.എയോട് രാജിവെക്കാന്‍ ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. ചാന്ദ്‌നി ചൗക്കിലെ എം.എല്‍.എയായ അല്‍ക്ക ലാംബയോടാണ് ആം ആദ്മി രാജിവെക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സിഖ് വിരുദ്ധ കലാപം തടയുന്നതില്‍ പരാജയപ്പെട്ടതിനാല്‍ രാജീവ് ഗാന്ധിക്ക് നല്‍കിയ ഭാരത രത്ന തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെടുന്ന എ.എ.പിയുടെ പ്രമേയത്തെ പിന്തുണക്കാന്‍ അല്‍ക്ക തയ്യാറായിരുന്നില്ല. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ രാജി ചോദിച്ചതായി സ്ഥിരീകരിച്ച അല്‍ക്ക ഉടന്‍ രാജിക്കത്ത് നല്‍കുമെന്നും അറിയിച്ചു.


വെള്ളിയാഴ്ചയാണ് പ്രമേയം ദല്‍ഹി നിയസഭ പാസാക്കിയത്. എ.എ.പി എം.എല്‍.എ ജെര്‍ണയില്‍ സിങ് അവതരിപ്പിച്ച പ്രമേയം ശബ്ദ വോട്ടോടെയാണ് സഭ പാസാക്കിയത്. പ്രമേയത്തെ പിന്തുണക്കാന്‍ കനത്ത സമ്മര്‍ദ്ദമുണ്ടെന്ന് അല്‍ക്ക ലാംബ നേരത്തെ പറഞ്ഞിരുന്നു.

പ്രമേയം പാസാക്കിയ യോഗത്തില്‍ നിന്ന് അല്‍ക്ക ലാംബ പ്രതിഷേധിച്ച് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ എന്ത് പ്രത്യാഘാതം വന്നാലും നേരിടാന്‍ തയ്യാറാണെന്ന് അല്‍ക്ക ലാംബ പ്രതികരിച്ചതിന് പിന്നാലെയാണ് അല്‍ക്കയോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അല്‍ക്ക 2014ലിലാണ് കോണ്‍ഗ്രസ് വിട്ട് എ.എ.പിയില്‍ ചേര്‍ന്നത്.

സിഖ് വിരുദ്ധ കലാപത്തെ ന്യായീകരിച്ചു എന്നാരോപിച്ച് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാരത് രത്ന പുരസ്‌കാരം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചതു എം.എല്‍.എ ജര്‍നൈല്‍ സിങ്ങാണ്.

രാജ്യം കണ്ട ഏറ്റവും ക്രൂരമായ വംശഹത്യയ്ക്ക് ഇരയായവര്‍ക്ക് നീതി ലഭിക്കുന്നില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ഇതില്‍ ശക്തമായി ഇടപെടാന്‍ ആവശ്യപ്പെടണമെന്നും പ്രമേയത്തില്‍ പറഞ്ഞിരുന്നു.


സമാന ആവശ്യവുമായി നേരത്തെ ബി.ജെ.പിയും രംഗത്തെത്തിയിരുന്നു. ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടിതിനു ശേഷമുള്ള രാജീവ് ഗാന്ധിയുടെ പ്രസ്താവനകള്‍ കലാപത്തെ ഉത്തേജിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ എച്ച്.എസ് ഫൂല്‍കയും രാജീവ് ഗാന്ധിയുടെ ഭാരത രത്ന തിരിച്ചെടുക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. “അദ്ദേഹം 1984ലെ കലാപത്തെ ന്യായീകരിച്ചു, അത്തരമൊരു പ്രധാനമന്ത്രി ഭാരത രത്നയ്ക്ക് അര്‍ഹനല്ല” എന്നായിരുന്നു ഫൂല്‍ക പറഞ്ഞത്.

We use cookies to give you the best possible experience. Learn more