| Thursday, 15th July 2021, 9:55 pm

ഫഹദ് ഫാസിലിനെ പുകഴ്ത്തി അല്‍ജസീറ ലേഖനം; 'മലയാള സിനിമയില്‍ വീശുന്ന നവതരംഗത്തിന്റെ നായകന്‍'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക് റിലീസായതിന് പിന്നാലെ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ചിത്രത്തിലെ ഫഹദിന്റെ പ്രകടനത്തെ അഭിനന്ദിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് അന്താരാഷ്ട്ര മാധ്യമമായ അല്‍ജസീറ.

20 വര്‍ഷത്തെ ഫഹദ് ഫാസിലിന്റെ സിനിമാ ജീവിതത്തില്‍ ഒരു സുപ്രധാന വഴിത്തിരിവാണ് മാലിക് ഉണ്ടാക്കിയിരിക്കുന്നത്. പുത്തന്‍ മാറ്റങ്ങള്‍ നടക്കുന്ന മലയാള സിനിമയുടെ നായകന്‍ എന്ന് കരുതപ്പെടുന്ന ഫഹദിന് വലിയൊരു മാറ്റം തന്നെ ചിത്രത്തിലൂടെ ഉണ്ടാകും. ഫഹദ് ചെയ്തിട്ടുള്ള എല്ലാ കഥാപാത്രങ്ങളും കയ്യടി അര്‍ഹിക്കുന്നതാണെന്നും അല്‍ജസീറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കയ്യെത്തും ദൂരത്ത് അഭിനയിച്ചതുമുതലുള്ള ഫഹദിന്റെ സിനിമാ ജീവിതത്തെയും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്.

അല്‍ജസീറയുമായി ഫഹദ് ഫാസിലും മഹേഷ് നാരായണനും നടത്തിയ അഭിമുഖത്തില്‍ ഇരുവരും പറഞ്ഞ കാര്യങ്ങളും മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തന്നെ സംബന്ധിച്ചിടത്തോളം കഥാപാത്രമല്ല, കഥയും ആ കഥ പറയുന്ന ആഖ്യാനശൈലിയും സാങ്കേതികയുമൊക്കെയാണ് എപ്പോഴും പ്രധാനമായി തോന്നിയിട്ടുള്ളതെന്ന് ഫഹദ് അല്‍ജസീറയോട് പറഞ്ഞു.

കഥയുമായി പ്രേക്ഷകര്‍ക്ക് ഒരു ബന്ധം തോന്നണം. അവര്‍ക്ക് അത് റിലേറ്റ് ചെയ്യണം. ഒരു ജാലകത്തിലൂടെ പുറത്തേക്ക് നോക്കുമ്പോള്‍ കാണുന്നത് പോലെ യാഥാര്‍ത്ഥ്യമുള്ളതായിരിക്കണം സിനിമ. നമുക്ക് ഉണ്ടാവുന്ന അനുഭവം പോലെ തന്നെ സിനിമയും യാഥാര്‍ത്ഥ്യമുള്ളതായിരിക്കണമെന്നും ഫഹദ് അല്‍ജസീറയോട് പറഞ്ഞു.

ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം വലിയ നിരൂപക ശ്രദ്ധയാണ് നേടുന്നത്. ചിത്രം റിലീസായതോടെ ബീമാപ്പള്ളി വെടിവെയ്പ്പ് അടക്കമുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും തുടക്കമായിട്ടുണ്ട്.

സുലൈമാന്‍ അലിയെന്ന കേന്ദ്ര കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. റോസ്‌ലിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നിമിഷ സജയനും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ജലജ തുടങ്ങി നിരവധി കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് നടത്തിയത്.

ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായതിന് പിന്നാലെ വിശദീകരണവുമായി സംവിധായകന്‍ മഹേഷ് നാരായണന്‍ തന്നെ രംഗത്തെത്തിയിരുന്നു. മാലിക് ഒരു ഫിക്ഷണല്‍ കഥ മാത്രമാണെന്നാണ് അദ്ദേഹം പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Aljazeera report about Malik movie and Fahadh Faasil

We use cookies to give you the best possible experience. Learn more