എന്താണ് പറ്റിയത്, കുഴപ്പം വല്ലതുമുണ്ടോ എന്നാണ് മുരളി അവസാനമായി ചോദിച്ചത്, ഐ.സി.യുവിലേക്ക് കയറും മുമ്പ് ബോധം പോയി, പിന്നെ ഒരിക്കലും വന്നില്ല: അലിയാര്‍
Malayalam Cinema
എന്താണ് പറ്റിയത്, കുഴപ്പം വല്ലതുമുണ്ടോ എന്നാണ് മുരളി അവസാനമായി ചോദിച്ചത്, ഐ.സി.യുവിലേക്ക് കയറും മുമ്പ് ബോധം പോയി, പിന്നെ ഒരിക്കലും വന്നില്ല: അലിയാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 16th June 2023, 9:09 am

നടന്‍ മുരളിയുടെ അവസാന നിമിഷങ്ങളെ കുറിച്ച് പറയുകയാണ് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും ഡബ്ബിങ് ആര്‍ടിസ്റ്റുമായ അലിയാര്‍. നെഞ്ചെരിച്ചില്‍ വന്നതിനെ തുടര്‍ന്ന് മുരളിയുടെ ബോധം പോയെന്നും തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അലിയാര്‍ പറഞ്ഞു. ഐ.സി.യുവിലേക്ക് കയറും മുമ്പ് മുരളിയുടെ ബോധം പോയെന്നും പിന്നെ ഒരിക്കലും വന്നില്ലെന്നും സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ അലിയാര്‍ പറഞ്ഞു.

‘ആശുപത്രിയിലയതിന്റെ തലേന്ന് രാത്രി മുരളിക്ക് നെഞ്ചുവേദന വന്നിരുന്നു. മുരളി വിചാരിച്ചത് നെഞ്ചരിച്ചില്‍ ആണെന്നാണ്. ഡയബറ്റിക് രോഗിയായ മുരളിക്ക് വേദനയുടെ തീവ്രത അനുഭവപ്പെട്ടില്ലായിരിക്കും. നെഞ്ചരിച്ചില്‍ ആണെന്ന് പറഞ്ഞ് ജെലൂസില്‍ കഴിക്കുന്നു, കട്ടന്‍ചായ കുടിക്കുന്നു, ഏതാണ്ട് ഒമ്പത് മണി മുതല്‍ രണ്ട് മണിവരെ ഇങ്ങനെ സമയം പോയി.

രാത്രി രണ്ട് മണിയായപ്പോഴേക്കും വേദന സഹിക്കാനാവാതെ മുരളി തകര്‍ന്നുതരിപ്പണമായി വീണു. എന്നിട്ടാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പിറ്റേന്ന് രാവിലെ ആയപ്പോള്‍ സ്ഥിതി അല്‍പം ഗുരുതരമായി.

മുരളിയെ ഐ.സി.യുവിലേക്ക് കൊണ്ട് പോയി. എനിക്കെന്താണ് പറ്റിയത്, കുഴപ്പം വല്ലതുമുണ്ടോ എന്നാണ് എന്നോട് അവസാനമായി ചോദിച്ചത്. ഒന്നുമില്ലെന്ന് ഞാന്‍ പറഞ്ഞു. ഐ.സി.യുവിലേക്ക് കയറും മുമ്പ് ബോധം പോയി. പിന്നെ ഒരിക്കലും ബോധം വന്നില്ല.

പിറ്റേന്ന് വൈകുന്നേരം അഞ്ച് മണിയോടെ പള്‍സ് റേറ്റ് കൂടിയിട്ടുണ്ട്, വളരെ പോസിറ്റീവ് ആണിതെന്ന് ഡോക്ടര്‍ വിളിച്ചുപറഞ്ഞു. ഞങ്ങള്‍ക്ക് സന്തോഷം തോന്നി. ഞങ്ങള്‍ ദോശ കഴിക്കാന്‍ പോയി. തിരിച്ച് വന്ന് റിസപ്ഷനിലും പുറത്തുമൊക്കെയായി നിന്നു.

രാത്രി ഏഴരയായിക്കാണും. ഞാന്‍ ഫോണ്‍ ചെയ്യവെ തിരിഞ്ഞ് നോക്കി. കഴിഞ്ഞെന്ന് ബാബു ജോണ്‍ കൈ കൊണ്ട് കാണിക്കുന്നു. പിന്നെ ഞാന്‍ കാണുന്നത് ചാനലുകാരുടെ തള്ളിക്കയറ്റമാണ്. അവര് ഇത് എങ്ങനെ അറിഞ്ഞെന്ന് മനസിലായില്ല. ചിലപ്പോള്‍ പുറത്ത് നോക്കി നിന്നതാവാം. പിന്നെ ഞങ്ങള്‍ മുരളിയുടെ ഭൗതിക ശരീരം വീട്ടിലേക്ക് കൊണ്ട് പോയി,’ അലിയാര്‍ പറഞ്ഞു.

Content Highlight: aliyar talks about last moment of murali