| Tuesday, 21st February 2023, 6:51 pm

ഭക്ഷണം കഴിക്കാതെ നോമ്പിന്റെ ക്ഷീണത്തോടെ മമ്മൂട്ടി ആ ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റി ചെയ്തു, അതായിരുന്നു രാജമാണിക്യം: അലിയാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഥാപാത്രങ്ങള്‍ക്ക് പൂര്‍ണത ലഭിക്കുന്നത് ഡബ്ബിങ്ങിലൂടെയാണെന്ന് നടനും, ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ പ്രൊഫസര്‍ അലിയാര്‍. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പലപ്പോഴും ഡബ്ബിങ് ചെയ്ത് കഴിഞ്ഞ് വീണ്ടും റീഡബ്ബ് ചെയ്യേണ്ട അവസ്ഥയുണ്ടാകാറുണ്ടെന്നും, അത് ഒരു കലാകാരന്റെ മേന്മയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനുദാഹരണമായി ബസ് കണ്ടക്ടര്‍ സിനിമയുടെ ഷൂട്ടിങ് സമയത്ത് നടന്‍ മമ്മൂട്ടിയുമായുണ്ടായ ഇന്‍സിഡന്റും അദ്ദേഹം പങ്കുവെച്ചു.

‘കഥാപാത്രങ്ങള്‍ക്ക് പൂര്‍ണത കിട്ടുന്നത് ഡബ്ബിങ്ങിന്റെ സമയത്താണ്. എന്തെങ്കിലും ചെറിയ തെറ്റുകളൊക്കെ വന്നാലും അത് തിരുത്താനുള്ള അവസരമാണല്ലോ ഡബ്ബിങ്. അത് കൊണ്ട് നമ്മുടെ കഴിവിന്റെ പരമാവധി ആ സമയത്ത് കൊടുക്കും. മലയാളത്തിലെ നല്ലൊരു ശതമാനം ആര്‍ട്ടിസ്റ്റുകളും ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്താറുണ്ട്.

ഒരു ചെറിയ ഉദാഹരണം വേണേല്‍ പറയാം. ഒറ്റപ്പാലത്ത് ബസ് കണ്ടക്ടറിന്റെ ഷൂട്ടിങ് നടന്നത് നോമ്പ് സമയത്തായിരുന്നു. ഒരു ദിവസം ഞാന്‍ നോമ്പൊക്കെ തുറന്ന് ആഹാരം കഴിച്ചിരിക്കുന്ന സമയത്ത് മമ്മൂട്ടി എന്റടുക്കലേക്ക് ഓടി വന്നു. എന്നിട്ട് പറഞ്ഞു അദ്ദേഹം എറണാകുളം വരെ പോവുകയാണ് പിറ്റേന്ന് രാവിലെ എത്തിക്കോളാമെന്ന്.

എന്താണിപ്പോ പെട്ടെന്ന് നോമ്പ് തുറന്ന് ക്ഷീണമൊക്കെയല്ലേ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ഒരു പടത്തിന്റെ ക്ലൈമാക്‌സ് മാറ്റി ഡബ്ബ് ചെയ്യാനുണ്ടെന്നും, ഞാന്‍ പിന്നെ ആലോചിച്ച് നോക്കിയപ്പോള്‍ അത് പോരാന്ന് തോന്നിയെന്നും പറഞ്ഞു. അന്ന് രാത്രി തന്നെ നോമ്പ് പിടിച്ച് ക്ഷീണിച്ച മമ്മൂട്ടി എറണാകുളം വരെ പോയി ക്ലൈമാക്‌സ് മാറ്റി ഡബ്ബ് ചെയ്ത് തിരിച്ചു വന്നു. രാജമാണിക്യത്തിന്റെ ക്ലൈമാക്‌സായിരുന്നു അത്.

ചില സമയത്ത് അങ്ങനെയാണ്. നമ്മള്‍ ചെയ്ത ഒരു വര്‍ക്ക് വീണ്ടും ആലോചിക്കുന്ന സമയത്ത് നമുക്കത് പോരാന്ന് തോന്നും. അത് ആസ്വദിച്ച് ചെയ്യുന്നത് കൊണ്ട് സംഭവിക്കുന്നതാണ്. മോഹന്‍ലാലോ, സുരേഷ് ഗോപിയോ ആയാലും ഇങ്ങനെ തന്നെയാണ്. അത് അവരുടെ സിനിമയോടുള്ള ഡെഡിക്കേഷനാണ്,’ അലിയാര്‍ പറഞ്ഞു.

Content Highlight:  Aliyar sharing dubbing experience with Mammootty

We use cookies to give you the best possible experience. Learn more